ഫീച്ചറിലും മൈലേജിലും കിടുവാണ് പുതിയ ആക്ടിവ H സ്മാര്‍ട്ട്; ഡെലിവറി ആരംഭിച്ചു
ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ ഇന്‍ഡസ്ട്രിക്ക് പരിചയപെടുത്തല്‍ ആവശ്യമില്ലാത്ത പേരാണ് ഹോണ്ട ആക്ടിവ. ഇന്ത്യയില്‍ സ്‌കൂട്ടര്‍ എന്നതിന്റെ പര്യായമായി ആക്ടിവ മാറിയിട്ട് ആറാം തലമുറയില്‍ എത്തി നില്‍ക്കുകയാണ്. ഏപ്രിലില്‍ പ്രാബല്യത്തില്‍ വരാന്‍ പോകുന്ന ബിഎസ്6 രണ്ടാം ഘട്ട മലിനീകരണ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി ഹോണ്ട ആക്ടിവയും അപ്‌ഡേറ്റ് ചെയ്തിട്ടാണ് വരുന്നത്.
സ്മാര്‍ട് കീ സംവിധാനത്തോടെയും ക്ലാസ് ലീഡിംഗ് സെഗ്‌മെന്റ് ഫസ്റ്റ് ഫീച്ചറുകളുമായാണ് ഇന്ത്യയിലെ ബെസ്റ്റ് സെല്ലര്‍ എത്തിയത്. ആക്ടിവ H സ്മാര്‍ട്ടിന്റെ ഡെലിവറി ആരംഭിച്ചിരിക്കുകയാണ് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ. പുതിയ പേള്‍ സൈറന്‍ ബ്ലൂ, ഡീസെന്റ് ബ്ലൂ മെറ്റാലിക്, റിബല്‍ റെഡ് മെറ്റാലിക്, ബ്ലാക്ക്, പേള്‍ പ്രെഷ്യസ് വൈറ്റ്, മാറ്റ് ആക്സിസ് ഗ്രേ മെറ്റാലിക് എന്നിങ്ങനെ 6 കളര്‍ ഓപ്ഷനുകളിലാണ് പുതിയ ആക്ടിവ H സ്മാര്‍ട്ട് വാങ്ങാനാകുക.

2023 ഏപ്രില്‍ മുതല്‍ റിയല്‍ടൈം ഡ്രൈവിംഗ് എമിഷന്‍ അളവ് നിരീക്ഷിക്കാന്‍ വാഹനങ്ങള്‍ക്ക് ഓണ്‍-ബോര്‍ഡ് ഡയഗ്‌നോസ്റ്റിക് ഉപകരണം (OBD) ഉണ്ടായിരിക്കണമെന്നാണ് അധികൃതരുടെ നിര്‍ദേശം. കാറ്റലറ്റിക് കണ്‍വെര്‍ട്ടര്‍, ഓക്‌സിജന്‍ സെന്‍സറുകള്‍ തുടങ്ങിയ ഭാഗങ്ങള്‍ ഇത് നിരീക്ഷിക്കും. ഈ ഭാഗങ്ങള്‍ പുതിയ എമിഷന്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് OBD ഉള്‍ക്കൊള്ളിക്കുന്നത്. വാഹനം സര്‍വ്വീസിന് എത്തിക്കുമ്പോള്‍ വാര്‍ണിംഗ് ലൈറ്റുകള്‍ വഴി ഉപകരണം കാര്യങ്ങളെ കുറിച്ച് സൂചന നല്‍കും.
സ്മാര്‍ട്ട് ആക്ടിവ
ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പുറത്തിറക്കുന്ന ആദ്യ ഓണ്‍-ബോര്‍ഡ് ഡയഗ്‌നോസ്റ്റിക്‌സ്2 കംപ്ലയിന്റ് ടൂവീലറാണ് ഹോണ്ട ആക്ടിവ H സ്മാര്‍ട്ട്. സ്മാര്‍ട്ട് അണ്‍ലോക്ക്, സ്മാര്‍ട്ട് സ്റ്റാര്‍ട്ട്, സ്മാര്‍ട്ട് ഫൈന്‍ഡ്, സ്മാര്‍ട്ട് സേഫ് എന്നിവയ്ക്കൊപ്പം പുതിയ പേറ്റന്റ് ആപ്ലിക്കേഷനുകള്‍ക്കൊപ്പം നിരവധി സ്മാര്‍ട്ട് ഫീച്ചറുകളും ഹോണ്ട ഇതിന് നല്‍കിയിരിക്കുന്നു. സ്മാര്‍ട്ട് ഫൈന്‍ഡ് ഫീച്ചര്‍ സ്‌കൂട്ടര്‍ കണ്ടെത്താന്‍ നിങ്ങളെ സഹായിക്കും. നാല് ബ്ലിങ്കറുകളും രണ്ടുതവണ മിന്നിയാല്‍ ആന്‍സര്‍ ബാക്ക് ബട്ടണോട് കൂടിയ ഈ ആപ്ലിക്കേഷന്‍ വഴി സ്‌കൂട്ടര്‍ എളുപ്പത്തില്‍ കണ്ടെത്താം.

സ്മാര്‍ട്ട് അണ്‍ലോക്ക് ഫീച്ചര്‍ ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് ഫിസിക്കല്‍ കീ ഇല്ലാതെ വാഹനം അണ്‍ലോക്ക് ചെയ്യാന്‍ കഴിയും. ആക്ടിവേഷന്‍ കഴിഞ്ഞ് 20 മിനിറ്റ് നേരത്തേക്ക് ഒരു പ്രവര്‍ത്തനവും സിസ്റ്റത്തിന്റെ ശ്രദ്ധയില്‍ പെട്ടില്ലെങ്കില്‍ സ്‌കൂട്ടര്‍ ഡി-ആക്ടിവേറ്റഡാകും. സ്മാര്‍ട്ട് സ്റ്റാര്‍ട്ട് ലഭിക്കുന്നുവെന്നതാണ് 2023 ഹോണ്ട ആക്ടിവയുടെ മറ്റെരു പ്രത്യേകത. മാനുവലായി കീ ഇടാതെ തന്നെ സ്‌കൂട്ടര്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ ഈ ഫീച്ചര്‍ വഴി സാധിക്കും. ഇതിന് സ്മാര്‍ട്ട് കീ വാഹനത്തിന്റെ 2 മീറ്ററിനുള്ളില്‍ ആവണമെന്ന് മാത്രം.
ലോക്ക് മോഡിലെ നോബ് ഇഗ്‌നിഷന്‍ സ്ഥാനത്തേക്ക് തിരിക്കുകയും സ്റ്റാര്‍ട്ട് ബട്ടണ്‍ അമര്‍ത്തുകയും ചെയ്തുകൊണ്ട് റൈഡര്‍ക്ക് സ്‌കൂട്ടര്‍ സ്റ്റാര്‍ട്ട് ചെയ്യാം. ഇതിനൊപ്പം പുതിയ ആക്ടിവ് H സ്്മാര്‍ട്ടിന് അധിക സുരക്ഷ വാഗ്ദാനം ചെയ്യുന്ന ഒരു ഫീച്ചറാണ് സ്മാര്‍ട്ട് സേഫ്. മോഷണം തടയാനായി ഇസിയുവും സ്മാര്‍ട്ട് കീയും തമ്മില്‍ ഇലക്ട്രോണിക്കലി ബന്ധിപ്പിക്കുന്ന സ്മാര്‍ട്ട് ഇസിയു ഇതിന് ലഭിക്കുന്നു. രജിസ്റ്റര്‍ ചെയ്ത ഉപയോക്താവിനെ മാത്രം വാഹനം പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കുന്ന ഒരു ഇമോബിലൈസറുമായാണ് ഈ സ്മാര്‍ട്ട് കീ വരുന്നത്.

പുതിയ ആക്ടിവ H സ്മാര്‍ട്ടിന് പുതിയ ഡിസൈനും ടെക്‌നോളജിയും നല്‍കിയാണ് ഹോണ്ട വിപണിയിലേക്ക് എത്തിയത്. പുതിയ അലോയ് വീലുകള്‍, 3D എംബ്ലം, നിരവധി ക്രോം ഘടകങ്ങള്‍, പുനര്‍രൂപകല്‍പ്പന ചെയ്ത എല്‍ഇഡി ഹെഡ്ലാമ്പ്, സില്‍വര്‍ ഗ്രാബ് റെയില്‍, പുതിയ റിയര്‍ ടെയില്‍ ലാമ്പ്, സൈഡ് ബ്ലിങ്കറുകള്‍ എന്നീ പരിഷ്‌കരിച്ച ഫീച്ചറുകള്‍ ഇതില്‍ കാണാം. ഒരൊറ്റ സ്വിച്ചില്‍ നിന്ന് ഹൈ ബീം/ലോ ബീം, പാസ്സിംഗ് സിഗ്‌നല്‍ എന്നിവയില്‍ നിയന്ത്രിക്കാന്‍ പറ്റുന്ന പാസിംഗ് സ്വിച്ച് ഇതിന് ലഭിക്കുന്നു.
12 ഇഞ്ച് ഫ്രണ്ട് വീലിലാണ് സ്‌കൂട്ടര്‍ ഇരിക്കുന്നത്. മികച്ച ഗ്രൗണ്ട് ക്ലിയറന്‍സും കൂടുതല്‍ ഫ്‌ലോര്‍ സ്‌പേസ് ലഭിക്കുന്ന നീളമുള്ള വീല്‍ബേസും ഇതിന്റെ പ്രത്യേകതയാണ്. പുതിയ ആക്ടിവ സ്മാര്‍ട്ടിന് ഒരു ഫുള്‍ മെറ്റല്‍ ബോഡി ലഭിക്കുന്നു. ഇത് കൂടുതല്‍ കാലം ഈട് നില്‍ക്കുകയും ദൃഢത ഉറപ്പാക്കുകയും ചെയ്യുന്നു. ഡബിള്‍ ലിഡ് ഫ്യൂവല്‍ ഓപ്പണിംഗ് സിസ്റ്റം ലഭിക്കുന്നു. ഒപ്പം സീറ്റിനടിയില്‍ 18 ലിറ്റര്‍ സംഭരണശേഷി ഒരുക്കിയിരിക്കുന്നു.
എന്‍ഹാന്‍സ്ഡ് സ്മാര്‍ട്ട് പവര്‍ (eSP) സാങ്കേതികവിദ്യയുള്ള ഒബിഡി കംപ്ലയിന്റ് 110സിസി PGM-FI എഞ്ചിന്‍ സ്‌കൂട്ടറിന്റെ മൊത്തത്തിലുള്ള പെര്‍ഫോമന്‍സ് മെച്ചപ്പെടുത്തുന്നുണ്ട്. ഈ പുതിയ സാങ്കേതികവിദ്യ ഫ്രിക്ഷന്‍ കുറക്കുന്നു. ഒപ്പം തന്നെ സൈലന്റ് സ്റ്റാര്‍ട്ട് സാധ്യമാക്കുന്നു. ACG സ്റ്റാര്‍ട്ടര്‍ ഉള്ളതിനാല്‍ എഞ്ചിന്‍ സ്മൂത്തായി സ്റ്റാര്‍ട്ടാകുന്നതായി കാണാം.
മൈലേജ്
പുതിയ ഹോണ്ട ആക്ടിവയുടെ ഇന്ധനക്ഷമത പരിശോധിച്ചാല്‍ ലിറ്ററിന് 50 കിലോമീറ്ററില്‍ കൂടുതല്‍ മൈലേജ് കിട്ടുമെന്നാണ് പറയപ്പെടുന്നത്. പില്യണ്‍ സീറ്റില്‍ യാത്രക്കാര്‍ ഉണ്ടെങ്കില്‍ അത് ലിറ്ററില്‍ 50 കിലോമീറ്ററില്‍ താഴെ പോകുമെന്നാണ് പരിശോധനകള്‍ പറയുന്നത്. പുതിയ ആക്ടിവ സ്മാര്‍ട്ടിന് ലഭിക്കുന്ന ഇക്വലൈസറോട് കൂടിയ കോംബി-ബ്രേക്ക് സിസ്റ്റം (CBS) ബ്രേക്കിംഗ് ഭാഗം ശക്തമാക്കുന്നു. മുന്‍വശത്ത് ടെലിസ്‌കോപ്പിക് സസ്‌പെന്‍ഷനും പിന്നില്‍ 3-സ്റ്റെപ്പ് അഡ്ജസ്റ്റബ്ള്‍ സസ്പെന്‍ഷനുമാണ് ചുമതലകള്‍ നിര്‍വഹിക്കുന്നത്.
സ്റ്റാന്‍ഡേര്‍ഡ്, ഡീലക്സ്, സ്മാര്‍ട്ട് എന്നിങ്ങനെ മൂന്ന് വേരിയന്റുകളില്‍ യഥാക്രമം 74,536 രൂപ, 77,036 രൂപ, 80,537 രൂപ (എക്സ് ഷോറൂം) എന്നിങ്ങനെയാണ് ഹോണ്ട ആക്ടിവ എച്ച് സ്മാര്‍ട്ടിന്റെ വില.


Click it and Unblock the Notifications








