കുറച്ച് 'പ്രീമിയം' ആയാലേ ആളുകള്‍ ശ്രദ്ധിക്കൂ... ജാവ, യെസ്ഡി ബൈക്കുകളുടെ പുത്തന്‍ വേരിയന്റുകള്‍ പുറത്തിറങ്ങി
ഇന്ത്യയില്‍ ഉത്സവ സീസണ്‍ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കേ വാഹന നിര്‍മാതാക്കളെല്ലാം തങ്ങളുടെ ഉല്‍പന്ന നിര വിപുലീകരിക്കുന്ന തിരക്കിലാണ്. അതിന്റെ ഭാഗമായി മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ഇരുചക്ര വാഹന നിര്‍മാതാക്കളായ ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍സ് ജാവ 42, യെസ്ഡി റോഡ്സ്റ്റര്‍ എന്നിവയുടെ പുതിയ വേരിയന്റ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു.
ഈ രണ്ട് മോട്ടോര്‍സൈക്കിളുകളും നാല് പുതിയ കളര്‍ ഓപ്ഷനുകളിലാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. നിരവധി സൗന്ദര്യവര്‍ദ്ധക മാറ്റങ്ങള്‍ വരുത്തിയാണ് വാഹന നിര്‍മാതാവ് പുതിയ മോട്ടോര്‍ സൈക്കിളുകള്‍ കൊണ്ടുവന്നിരിക്കുന്നത്. എന്നിരുന്നാലും മെക്കാനിക്കലായി മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. ഏറ്റവും പുതിയ ഓഫറുകളായ ജാവ 42 ഡ്യുവല്‍ ടോണും യെസ്ഡി റോഡ്സ്റ്ററും ഈ മോട്ടോര്‍സൈക്കിളുകളുടെ പ്രീമിയം പതിപ്പുകളാണ്.

ജാവ 42 ഡ്യുവല്‍ ടോണിന്റെ വില 1,98,142 രൂപയിലും യെസ്ഡി റോഡ്സ്റ്ററിന്റെ വില 2,08,829 രൂപയിലും ആരംഭിക്കുന്നു. അതേസമയം നിലവിലുള്ള ജാവ 42 ശ്രേണി 1,89,142 രൂപയിലും യെസ്ഡി റോഡ്സ്റ്റര്‍ ശ്രേണി 2,06,142 രൂപയിലുമാണ് ആരംഭിക്കുന്നു. വിലകള്‍ എക്‌സ്‌ഷോറൂം ആണ്.ഈ രണ്ട് മോട്ടോര്‍സൈക്കിളുകളും മോഡേണ്‍ റെട്രോ അനുഭവത്തിനായി ക്ലാസിക് ഡിസൈനും ആധുനിക എഞ്ചിനീയറിംഗും സമന്വയിപ്പിച്ചാണ് വാഗ്ദാനം ചെയ്യുന്നത്.
ആദ്യം നമുക്ക് ജാവ 42 ഡ്യുവല്‍ ടോണിനെ പറ്റി നോക്കാം. ജാവ 42 ഡ്യുവല്‍ ടോണ്‍ വേരിയന്റ് ക്ലാസിക് ജാവ 42 ഡിസൈനിന് സമകാലിക സ്പര്‍ശം നല്‍കുന്നു. ഇന്‍ഫിനിറ്റി ബ്ലാക്ക്, സ്റ്റാര്‍ഷിപ്പ് ബ്ലൂ, സെലസ്റ്റിയല്‍ കോപ്പര്‍, കോസ്മിക് റോക്ക് എന്നിങ്ങനെ നാല് നിറങ്ങളില്‍ പുതിയ ജാവ 42 പതിപ്പ് സ്വന്തമാക്കാം.

ക്ലിയര്‍ ലെന്‍സ് ഇന്‍ഡിക്കേറ്റര്‍, ചെറിയ ഫെന്‍ഡറുകള്‍, വ്യതിരിക്തമായ ഡിംപിള്‍ഡ് ഫ്യുവല്‍ ടാങ്ക്, ഡയമണ്ട് കട്ട് അലോയി വീലുകള്‍, എഞ്ചിനിലും എക്‌സ്‌ഹേവസ്റ്റിലുമുള്ള റേവന്‍ ടെക്സ്ചര്‍ ഫിനിഷ്, പുനര്‍രൂപകല്‍പ്പന ചെയ്ത സീറ്റ് എന്നിവയാണ് മോട്ടോര്‍സൈക്കിളില്‍ വരുത്തിയിരിക്കുന്ന പ്രധാന കോസ്‌മെറ്റിക് പരിഷ്‌കാരങ്ങള്‍. പരിഷ്‌കരിച്ച ബാഷ് പ്ലേറ്റ്, പുതിയ ഹാന്‍ഡില്‍ ബാര്‍ മൗണ്ടഡ് മിററുകള്‍, പുതിയ ഹാന്‍ഡില്‍ ബാര്‍ ഗ്രിപ്പുകള്‍ എന്നിവയാണ് ജാവ 42 ഡ്യുവല്‍ ടോണ്‍ പതിപ്പില്‍ കൊണ്ടുവന്ന മറ്റ് മാറ്റങ്ങള്‍.
അതേ 294.7 സിസി ലിക്വിഡ് കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ജാവ 42 ഡ്യുവല്‍ ടോണിന് തുടിപ്പേകുന്നത്. 26.92 bhp പവറും 26.8 Nm ടോര്‍ക്കും വികസിപ്പിക്കാന്‍ ശേഷിയുള്ള ഈ എഞ്ചലന്‍ 6 സ്പീഡ് ഗിയര്‍ബോക്‌സുമായി ജോടിയാക്കുന്നു. ഡ്യുവല്‍-ചാനല്‍ എബിഎസിന്റെ സേഫ്റ്റിയും ഈ ബൈക്കിന് ലഭിക്കുന്നു.
യെസ്ഡി റോഡ്‌സ്റ്ററിലേക്ക് നീങ്ങുമ്പോള്‍ ഷാഡോ ഗ്രേ, ഫോറസ്റ്റ് ഗ്രീന്‍, റഷ് അവര്‍ റെഡ്, ലൂണാര്‍ വൈറ്റ് എന്നിങ്ങനെ നാല് കളര്‍ ഓപ്ഷനുകളിലാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. ഈ മോട്ടോര്‍സൈക്കിള്‍ കൂടുതല്‍ ടൂറിങ്ങ്-സൗഹൃദമാക്കാന്‍ എര്‍ഗണോമിക് അപ്ഡേറ്റുകള്‍ നല്‍കിയിട്ടുണ്ട്. 155 mm മുന്നോട്ട് നീങ്ങിയ ഫോര്‍വേഡ്-സെറ്റ് റൈഡര്‍ ഫൂട്ട് പെഗുകളും റൈഡിംഗ് പൊസിഷനില്‍ കൂടുതല്‍ വ്യതിയാനം വരുത്തുന്നതിനായി നല്‍കിയ ഉയരമുള്ള ഹാന്‍ഡില്‍ബാറുമാണ് പ്രധാന മാറ്റങ്ങള്‍.
സ്പോര്‍ട്ടിയര്‍ നീ റീസെസ്, ഡയമണ്ട് കട്ട് അലോയി വീലുകള്‍, പുതിയ ഹാന്‍ഡില്‍ ബാര്‍ ഗ്രിപ്പുകള്‍, ഹാന്‍ഡില്‍ ബാര്‍ മൗണ്ടഡ് മിററുകള്‍, എഞ്ചിനിലും എക്സ്ഹോസ്റ്റിലുമുള്ള റാവന്‍ ടെക്സ്ചര്‍ ഫിനിഷ് എന്നിവയാണ് യെസ്ഡി റോഡ്‌സ്റ്ററില്‍ കാണാനാകുന്ന പ്രധാന ഡിസൈന്‍ പരിഷ്‌കാരങ്ങള്‍. കര്‍വ്ഡ് എക്‌സ്‌ഹോസ്റ്റ് നല്‍കിയ കാരണം സ്‌പോര്‍ട്ടിയര്‍ എക്‌സ്‌ഹോസ്റ്റ് നോട്ട് ബൈക്കിന് കൈവരുന്നുവെന്നതാണ് ആകര്‍ഷണം. മോട്ടോര്‍സൈക്കിളിന്റെ ഈ പതിപ്പിന് അധിക സൗകര്യത്തിനായി 1440 എംഎം നീളമുള്ള വീല്‍ബേസും ഉണ്ട്.
29.09 bhp പവറും 28.9 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 334 സിസി ലിക്വിഡ് കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് പുതിയ യെസ്ഡി റോഡ്സ്റ്ററിന് കരുത്തേകുന്നത്. പുതിയ മോട്ടോര്‍സൈക്കിളുകളുടെ വരവ് ഈ ഉത്സവ സീസണില്‍ കമ്പനിയുടെ വില്‍പ്പന ഉയര്‍ത്തുമെന്ന് പ്രതീക്ഷിക്കാം. ടൂറിങ് സൗഹൃദമാക്കാനായി യെസ്ഡി റോഡ്‌സ്റ്ററില്‍ വരുത്തിയ പരിഷ്‌കാരങ്ങള്‍ ഗുണം ചെയ്യുമെന്നും കൂടുതല്‍ ഉപഭോക്താക്കള്‍ ഷോറൂമുകളിലേക്കെത്തുമെന്നാണ് കമ്പനി ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുന്നത്.


Click it and Unblock the Notifications








