എഞ്ചിനിൽ ശുദ്ധികലശവുമായി സുസുക്കിയും; പുതിയ ആക്‌സസ്, അവെനിസ്, ബർഗ്മാൻ സ്‌കൂട്ടറുകൾ വിപണിയിൽ
കാറുകളിലായാലും ഇരുചക്ര വാഹനങ്ങളിലായാലും ഈ മാസം ഒരുപാട് ലോഞ്ചുകള്‍ക്ക് നാം സാക്ഷ്യം വഹിക്കും. കാരണമെന്തെന്നാല്‍ ഏപ്രില്‍ ഒന്ന് മുതല്‍ ബിഎസ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങളുടെ രണ്ടാം ഘട്ടം പ്രാബല്യത്തില്‍ വരാന്‍ പോകുകയാണ്. അതിന് അനുസൃതമായി വാഹനങ്ങളുടെ എഞ്ചിനുകള്‍ പുതുക്കി വാഹനങ്ങള്‍ വിപണിയില്‍ എത്തിക്കുകയാണ് വാഹന നിര്‍മാതാക്കള്‍.
ഇതിന്റെ അടിസ്ഥാനത്തില്‍ പോയ മാസവും നാം നിരവധി ലോഞ്ചുകള്‍ കണ്ടു. സുസുക്കി മോട്ടോര്‍സൈക്കിള്‍ ഇന്ത്യയും OBD2-A, E20 എന്നിവക്ക് അനുസൃതമായി സ്‌കൂട്ടര്‍ നിര പുതുക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രീമിയം സ്‌കൂട്ടര്‍ ശ്രേണിയിലെ ആക്സസ് 125, അവെനിസ്, ബര്‍ഗ്മാന്‍ സ്ട്രീറ്റ് മോഡലുകള്‍ പരിഷ്‌കരിച്ച് വിപണിയില്‍ ഇറക്കിയിരിക്കുകയാണ് കമ്പനി. ഈ ഇരുചക്രവാഹനങ്ങള്‍ക്ക് 20% വരെ എഥനോള്‍ മിശ്രിതത്തില്‍ ഓടാന്‍ കഴിയുമെന്ന് കമ്പനി അറിയിച്ചു.

2023 സുസുക്കി ആക്സസ് 125-ന്റെ വില 79,400 രൂപ മുതലാണ് ആരംഭിക്കുന്നത്. ആക്‌സസ് 125 സ്‌കൂട്ടറിന്റെ റൈഡ് കണക്ട് എഡിഷന്‍ സ്വന്തമാക്കാന്‍ 89,500 രൂപ (എക്‌സ്‌ഷോറൂം) മുടക്കണം. അതേസമയം, സുസുക്കി അവെനിസ് 125-ന്റെ വില 92,000 രൂപയില്‍ (എക്‌സ്‌ഷോറൂം) തുടങ്ങുന്നു. ടോപ് സ്‌പെക് റേസ് പതിപ്പിന് 92,300 രൂപ (എകസ്‌ഷോറൂം) വരെ വില ഉയരുന്നു.
സുസുക്കിയില്‍ നിന്നുള്ള മാക്‌സി സ്‌കൂട്ടറായ ബര്‍ഗ്മാന്‍ സ്ട്രീറ്റ് 125-ന്റെ പുതുക്കിയെത്തുന്ന പതിപ്പിന്റെ വില 93,000 രൂപയില്‍ (എക്‌സ്‌ഷോറൂം) നിന്നാണ് ആരംഭിക്കുന്നത്. റൈഡ് കണക്ട് പതിപ്പിന്റെ വില 97,000 രൂപയാണ് (എക്‌സ്‌ഷോറൂം). ഇതിനൊപ്പം സുസുക്കി അവെനിസിന് പുതിയ മെറ്റാലിക് സോണിക് സില്‍വര്‍ അല്ലെങ്കില്‍ മെറ്റാലിക് ട്രൈറ്റണ്‍ ബ്ലൂ നിറങ്ങളും ലഭിക്കുന്നു. അതേസമയം ബര്‍ഗ്മാന്‍ സ്ട്രീറ്റ് ഇപ്പോള്‍ പേള്‍ മാറ്റ് ഷാഡോ ഗ്രീന്‍ കളര്‍ ഓപ്ഷനില്‍ ലഭ്യമാണ്.

ഓണ്‍-ബോര്‍ഡ് ഡയഗ്‌നോസ്റ്റിക്‌സ് സിസ്റ്റത്തെയാണ് OBD എന്ന് ചുരുക്കി വിളിക്കുന്നത്. അപ്ഡേറ്റിന്റെ ഭാഗമായി സുസുക്കി ആക്‌സസ്, അവെനിസ്, ബര്‍ഗ്മാന്‍ സ്ട്രീറ്റ് 125 എന്നിവയ്ക്ക് തത്സമയം ഉദ്വമനം കണ്ടെത്തുന്ന ഒരു ഓണ്‍ബോര്‍ഡ് ഡയഗ്നോസ്റ്റിക്സ് സിസ്റ്റം ലഭിക്കുന്നു. സിസ്റ്റം തകരാറുകള്‍ കണ്ടെത്താനും വാഹനത്തിന് എന്തെങ്കിലും തകരാര്‍ സംഭവിച്ചാല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിലെ കണ്‍സോള്‍ ലൈറ്റുകള്‍ പ്രകാശിപ്പിക്കാനും യൂണിറ്റ് സഹായിക്കുന്നു.
മൂന്ന് സ്‌കൂട്ടറുകള്‍ക്കും ഒരേ 125 സിസി സിംഗിള്‍ സിലിണ്ടര്‍, ഫ്യുവല്‍-ഇഞ്ചക്റ്റഡ് എഞ്ചിനാണ് തുടിപ്പേകുന്നത്. ഈ എഞ്ചിന്‍ 6,750 rpm-ല്‍ 8.5 bhp പവറും 5,500 rpm-ല്‍ 10 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഈ എഞ്ചിന്‍ ഒരു CVT യൂണിറ്റുമായി ജോടിയാക്കിയിരിക്കുന്നു. പുതിയ സ്‌കൂട്ടറുകളിലും മറ്റ് മെക്കാനിക്കല്‍ മാറ്റങ്ങളൊന്നും സുസുക്കി വരുത്തിയിട്ടില്ല.
'മികച്ച പെര്‍ഫോമന്‍സ് നടത്തുകയും റൈഡര്‍മാരുടെ ഹൃദയത്തില്‍ കുടിയേറുകയും ചെയ്ത സുസുക്കിയുടെ ശക്തമായ 125 സിസി എഞ്ചിന്‍ ഇപ്പോള്‍ E20 (20 ശതമാനം എഥനോള്‍ ഉള്ള പെട്രോള്‍), OBD2-A എന്നിവയ്ക്ക് അനുസൃതമാണ്. ഞങ്ങളുടെ മുഴുവന്‍ ഉല്‍പ്പന്ന പോര്‍ട്ട്ഫോളിയോയും ക്രമേണ E20 ഇന്ധനത്തിന് അനുയോജ്യമാക്കാന്‍ ഞങ്ങള്‍ പദ്ധതിയിടുന്നു. പച്ചപ്പ് നിറഞ്ഞ ഒരു പ്രകൃതിക്കും കാര്‍ബണ്‍ ഫൂട്പ്രിന്റുകള്‍ കുറയ്ക്കുന്നതിനുമുള്ള ഞങ്ങളുടെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമാണിത്' സുസുക്കി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ സെയില്‍സ്, മാര്‍ക്കറ്റിംഗ്, ആഫ്റ്റര്‍ സെയില്‍സ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ദേവാശിഷ് ഹാന്‍ഡ പറഞ്ഞു.
സുസുക്കി ഉടന്‍ തന്നെ പുതിയ മോഡല്‍ ജികസറും ജിക്‌സര്‍ SF എന്നീ മോഡലുകളും ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചേക്കും. എന്നാല്‍ ഇതിന്റെ വിശദാംശങ്ങള്‍ ലഭ്യമല്ല. ഫെ്‌ലക്‌സ് ഫ്യുവലില്‍ പ്രവര്‍ത്തിക്കുന്ന ജിക്‌സര്‍ 250 മോഡലിന്റെ പ്രോട്ടോടൈപ്പ് ജപ്പാനീസ് വാഹന നിര്‍മാതാക്കള്‍ കേന്ദ്ര സര്‍ക്കാര്‍ സംഘടിപ്പിച്ച നിരവധി പരിപാടികളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഒപ്പം തന്നെ ജനുവരിയില്‍ ഗ്രേറ്റര്‍ നോയിഡയില്‍ നടന്ന 2023 ഓട്ടോ എക്‌സ്‌പോയിലും ഈ ബൈക്ക് കാണപ്പെട്ടിരുന്നു.


Click it and Unblock the Notifications








