ഒഡീസിയുടെ 'ഫയല്‍വാന്‍'; 99,999 രൂപക്ക് പുതിയ ട്രോട്ട് ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍
കോവിഡ് 19 മഹാമാരി പൊട്ടിപ്പുറപ്പെട്ടത് രാജ്യത്ത് ഇ-കൊമേഴ്സിന്റെയും ലാസ്റ്റ് മൈല്‍ ഡെലിവറി സേവനങ്ങളുടെയും വളര്‍ച്ചയുടെ വേഗം കൂട്ടിയിരുന്നു. ഇതിനൊപ്പം ഡെലിവറി വിഭാഗത്തിലെ ബിസിനസിന്റെ നവീകരണത്തിനും പ്രവര്‍ത്തനച്ചെലവ് കുറയ്ക്കാനും കാര്യക്ഷമത വര്‍ധിപ്പിക്കാനും ഈ രംഗത്തുള്ളവര്‍ മുന്‍ഗണന നല്‍കി വരുന്നു. ഇതിനാലാണ് പരിസ്ഥിതി സൗഹൃദവും പ്രവര്‍ത്തനച്ചെലവ് കുറഞ്ഞതുമായ ഇലക്ട്രിക് വാഹനങ്ങളിലേക്ക് ഡെലിവറി പരിപാടികള്‍ മാറിയത്.
ഇതോടെ നിരവധി ഇലക്ട്രിക് വാഹന നിര്‍മാതാക്കള്‍ ഡെലിവറി ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ ഇവികള്‍ വിപണിയില്‍ ഇറക്കാന്‍ തുടങ്ങിയിരുന്നു. ഇന്ത്യയിലെ ഏറ്റവും വേഗത്തില്‍ വളര്‍ന്ന് കൊണ്ടിരിക്കുന്ന ഇലക്ട്രിക് വാഹന നിര്‍മാതാക്കളില്‍ ഒരാളായ ഒഡീസി ഇലക്ട്രിക് വെഹിക്കിള്‍ അവരുടെ പുതിയ B2B (ബിസിനസ് ടു ബിസിനസ്) ഇലക്ട്രിക് ടൂവീലര്‍ പുറത്തിറക്കി. 99,999 രൂപ എക്‌സ്‌ഷോറൂം വിലയിലാണ് ട്രോട്ട് ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍ എത്തിച്ചത്.

ലാസ്റ്റ് മൈല്‍ ലോജിസ്റ്റിക്‌സ് ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ രീതിയിലാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നാണ് കമ്പനി പറയുന്നത്. 250 കിലോഗ്രാം വരെയാണ് ഇതിന്റെ ലോഡിംഗ് കപ്പാസിറ്റി. യെല്ലോ, ബ്ലാക്ക്, റെഡ്, മെറൂണ്‍ എന്നീ നാല് കളര്‍ ഓപ്ഷനുകളില്‍ ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങാന്‍ സാധിക്കും. റൈഡര്‍ക്ക് പരമാവധി സൗകര്യം ഉറപ്പാക്കാന്‍, സ്മാര്‍ട്ട് ബിഎംഎസ്, ഐഒടി ട്രാക്കിംഗ് ഉപകരണം, എല്‍ഇഡി ഓഡോമീറ്റര്‍ തുടങ്ങിയ സവിശേഷതകളുമായാണ് TROT വരുന്നത്.
ട്രാക്കിംഗ്, ജിയോ-ഫെന്‍സിംഗ്, ഇമ്മൊബിലൈസേഷന്‍ എന്നിവ പ്രാപ്തമാക്കുന്ന IOT ബന്ധിതമാണ് ഇലക്ട്രിക് സ്‌കൂട്ടര്‍.250 വാട്ട് ഇലക്ട്രിക് മോട്ടോറാണ് ഒഡീസി ട്രോട്ട് ഇലക്ട്രിക് സ്‌കൂട്ടറിന് കരുത്തേകുന്നത്. മണിക്കൂറില്‍ 25 കിലോമീറ്ററാണ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഉയര്‍ന്ന വേഗത. 60V 32Ah വാട്ടര്‍പ്രൂഫ് ബാറ്ററിയാണ് ഇതില്‍ സജ്ജീകരിച്ചിരിക്കുന്നത്. IP67 റേറ്റിംഗുള്ള ഈ ബാറ്ററി ദീര്‍ഘകാലം ഈടുനില്‍ക്കുമെന്നും B2B ഉപയോഗത്തിന് വളരെ വിശ്വസിനീയമാണെന്നുമാണ് പറയപ്പെടുന്നത്.

ചാര്‍ജ് ചെയ്യാനുള്ള സൗകര്യത്തിനായി വേര്‍പെടുത്താവുന്ന ബാറ്ററിയാണ് ഇതില്‍ ഉപയോഗിക്കുന്നത്. ഒറ്റ ചാര്‍ജില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ 75 കിലോമീറ്റര്‍ സഞ്ചരിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 2 മണിക്കൂറിനുള്ളില്‍ 0-60 ശതമാനം ചാര്‍ജ് ചെയ്യാം. 4 മണിക്കൂറിനുള്ളില്‍ ബാറ്ററി ഫുള്‍ചാര്‍ജുമാകും. ഇതിന് മുന്‍വശത്ത് ഡ്രംബ്രേക്കും പിന്‍വശത്ത് ഡിസ്‌ക് ബ്രേക്കുമാണ് ബ്രേക്കിംഗ് ഡ്യൂട്ടികള്‍ നിര്‍വഹിക്കുന്നത്. ഡെലിവറി മേഖലയിലെ വിവിധ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി കൂടുതല്‍ കസ്റ്റമൈസ് ചെയ്യാന്‍ കഴിയുന്ന അത്യാധുനിക സാങ്കേതികവിദ്യയും സവിശേഷതകളും കൊണ്ട് നിറഞ്ഞിരിക്കുന്നുണ്ട് ഒഡീസി ട്രോട്ട്.
ഡെലിവറി ആവശ്യകതകള്‍ നിറവേറ്റുന്നതിനായി രൂപകല്‍പ്പന ചെയ്ത വാഹനമാണ് ഇത്. ഗ്യാസ് സിലിണ്ടറുകള്‍, ഹെവി ഹാര്‍ഡ്വെയര്‍ ഉപകരണങ്ങള്‍, വാട്ടര്‍ ക്യാനുകള്‍, പലചരക്ക് സാധനങ്ങള്‍, മരുന്നുകള്‍ തുടങ്ങി ദൈനംദിന ആവശ്യങ്ങള്‍ക്കുള്ള സാധനങ്ങള്‍ വഹിക്കാന്‍ ഒഡീസി ട്രോട്ട് ഇലക്ട്രിക് സ്‌കൂട്ടര്‍ എക്‌സ്ട്ര കസ്റ്റമൈസ്ഡ് ആക്സസറികള്‍ വാഗ്ദാനം ചെയ്യുന്നുവെന്നും കമ്പനി ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.
'ഞങ്ങളുടെ പുതിയ ഇലക്ട്രിക് ടുവീലറായ ഒഡീസി ട്രോട്ടിലൂടെ, ഇന്ത്യയിലെ ലാസ്റ്റ് മൈല്‍ ഡെലിവറി ബിസിനസ് വൈദ്യുതീകരിക്കാനാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്. B2B ഇവി സെഗ്മെന്റിലേക്കുള്ള ഞങ്ങളുടെ പ്രവേശനം ഇത് അടയാളപ്പെടുത്തുന്നു. ട്രോട്ട് പോലുള്ള ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവന്ന് സെഗ്മെന്റില്‍ പുതിയ മാനദണ്ഡങ്ങള്‍ സ്ഥാപിച്ചുകൊണ്ട് ഈ വളര്‍ച്ച പരമാവധി പ്രയോജനപ്പെടുത്താന്‍ ഞങ്ങള്‍ എല്ലാവരും തയ്യാറാണ്' ഒഡീസി ഇലക്ട്രിക് വെഹിക്കിള്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സിഇഒ നെമിന്‍ വോറ പറഞ്ഞു.
ഒഡീസി ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററിക്ക് കമ്പനി 3 വര്‍ഷത്തെ വാറന്റി വാഗ്ദാനം ചെയ്യുന്നു. ഒപ്പം തന്നെ പവര്‍ട്രെയിനിന് 1 വര്‍ഷത്തെ വാറന്റിയും കിട്ടും. രാജ്യത്തെ ഒഡീസി ഡീലര്‍ഷിപ്പുകളില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് ട്രോട്ട് ഇ-സ്‌കൂട്ടര്‍ വാങ്ങാം.


Click it and Unblock the Notifications








