സബ്‌സിഡി കിട്ടാന്‍ കൃത്രിമമെന്ന്; ഓല, ഏഥര്‍, ടിവിഎസ്, ഹീറോ കമ്പനികള്‍ക്ക് എട്ടിന്റെ പണി വരുന്നു
ഇന്ത്യയില്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് നാം ഇന്ന് കാണുന്ന പ്രചാരം ലഭിക്കാന്‍ കേന്ദ്ര സര്‍ക്കാരും വിവിധ സംസ്ഥാന സര്‍ക്കാറുകളും നല്‍കി വരുന്ന സബ്‌സിഡികള്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. എന്നാല്‍ പല ഇവി നിര്‍മാതാക്കളും ഈ സൗകര്യം ദുരുപയോഗം ചെയ്യുന്നതായി അടുത്ത കാലത്തായി വാര്‍ത്തകള്‍ വന്നിരുന്നു.
ഒരുകാലത്ത് ഇലക്ട്രിക് സ്‌കൂട്ടര്‍ രംഗം അടക്കി ഭരിച്ചിരുന്ന ഹീറോ ഇലക്ട്രിക്ക് സബ്‌സിഡി ദുരുപയോഗം ചെയ്തുവെന്ന ആരോപണത്തെ തുടര്‍ന്ന് അന്വേഷണം നേരിട്ടിരുന്നു. ഇപ്പോള്‍ രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രിക് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഓല ഇലക്ട്രിക്, ഏഥര്‍ എനര്‍ജി, ടിവിഎസ് മോട്ടോര്‍, ഹീറോ വിഡ എന്നീ കമ്പനികളാണ് സര്‍ക്കാര്‍ അന്വേഷണത്തിന്റെ റഡാറിന് കീഴില്‍ വന്നിരിക്കുന്നത്. സബ്സിഡി പ്രയോജനപ്പെടുത്താനായി തങ്ങളുടെ ഉല്‍പന്നങ്ങളുടെ വിലയില്‍ കൃത്രിമം കാണിച്ചു എന്ന ആരോപണത്തെ തുടര്‍ന്നാണ് ഈ കമ്പനികളെ കേന്ദ്ര സര്‍ക്കാര്‍ അന്വേഷണത്തിന് കീഴില്‍ ആയത്.

ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ചറിംഗ് ഓഫ് ഇലക്ട്രിക് വെഹിക്കിള്‍സ് (FAME) പ്രോഗ്രാമിന് കീഴിലുള്ള സബ്സിഡികള്‍ക്ക് യോഗ്യത നേടുന്നതിനായി പ്രമുഖ ഇവി നിര്‍മ്മാതാക്കള്‍ തങ്ങളുടെ ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ക്ക് വിലകുറച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് അന്വേഷണം നേരിടുകയാണെന്ന് ഉയര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. ഇവി നിര്‍മ്മാതാക്കള്‍ കുറഞ്ഞത് 300 കോടി രൂപയുടെ സബ്‌സിഡി തെറ്റായി രീതിയില്‍ കൈപ്പറ്റിയിട്ടിട്ടുണ്ടാകാമെന്നാണ് അവര്‍ പറയുന്നത്.
ഇരുചക്രവാഹനങ്ങളില്‍ നിന്ന് പ്രത്യേകമായി ചാര്‍ജര്‍, പ്രൊപ്രൈറ്ററി സോഫ്റ്റ്വെയര്‍ തുടങ്ങിയ അവശ്യ ഘടകങ്ങള്‍ ഇന്‍വോയ്സ് ചെയ്ത് ഈ നാല് കമ്പനികളും കുറഞ്ഞത് 300 കോടി രൂപയുടെ സബ്സിഡി തട്ടിയെടുത്തെന്ന വിസില്‍ബ്ലോവര്‍ പരാതിയെ തുടര്‍ന്നാണ് ഹെവി ഇന്‍ഡസ്ട്രീസ് മന്ത്രാലയം അന്വേഷണം ആരംഭിച്ചത്. പരാതിയെ കുറിച്ച് അന്വേഷിക്കാന്‍ മന്ത്രാലയം ഇവി നിര്‍മാതാക്കളുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഇവി വാഹന നിര്‍മ്മാതാക്കള്‍ ഉള്‍പ്പെട്ട ഈ കേസില്‍ അന്വേഷണം നടത്താന്‍ ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യയെയാണ് ഹെവി ഇന്‍ഡസ്ട്രീസ് മന്ത്രാലയം ചുമതലപ്പെടുത്തിയിരിക്കുന്നത്.

ഫെയിം പദ്ധതിക്ക് കീഴിലുള്ള പ്രാദേശികവല്‍ക്കരണ പ്രതിബദ്ധതകള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഒരു ഡസനോളം ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളും സര്‍ക്കാറിന്റെ പ്രത്യേക നിരീക്ഷണത്തിലാണെന്നുള്ള റിപ്പോര്‍ട്ട് നേരത്തെ പുറത്ത് വന്നിരുന്നു.
ഇന്ന് രാജ്യത്ത് ഏറ്റവും കൂടുതല്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ വിറ്റഴിക്കുന്ന ബ്രാന്‍ഡായ ഓല ഇലക്ട്രിക് മാത്രമാണ് പരാതിയില്‍ പ്രതികരിച്ചത്. ആരോപണങ്ങള്‍ നിഷേധിച്ച ഇവി സ്റ്റാര്‍ട്ടപ്പ് കേസുമായി ബന്ധപ്പെട്ട് സര്‍ക്കാറില്‍ നിന്ന് നിലവില്‍ ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കി.
അതേസമയം ആരോപണവിധേയരായ മറ്റ് മൂന്ന് ഇവി നിര്‍മ്മാതാക്കള്‍ ഇതുവരെ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. ചില ഉപഭോക്താക്കള്‍ ഒന്നിലധികം ഇവികള്‍ വാങ്ങാറുണ്ടെന്നും ഓരോന്നിനും വേറെ വേറെ ചാര്‍ജര്‍ ആവശ്യമില്ലെന്നും ഈ ഇവി നിര്‍മ്മാതാക്കളില്‍ ചിലര്‍ വാദിച്ചതായി ചില കേന്ദ്രങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തു. ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനാണ് ചില ആഡ്-ഓണ്‍ സോഫ്റ്റ്വെയര്‍ വാഗ്ദാനം ചെയ്യുന്നതെന്നും അത് വാഹനത്തിന്റെ അവശ്യ ഘടകമല്ലെന്നും അതിനാല്‍ അവയ്ക്ക് പ്രത്യേകം ചാര്‍ജ്ജ് ഈടാക്കുമെന്നും കമ്പനികള്‍ വാദിച്ചതായാണ് അറിയാന്‍ കഴിയുന്നത്.

വാഹന നിര്‍മാതാക്കള്‍ സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗം ചെയ്യുന്നതായി അടുത്തിടെയായി നിരവധി ആരോപണങ്ങള്‍ വരുന്നുണ്ടെന്നും ഒരു സംഘടനയുടെ അടിത്തറ തന്നെ തകര്‍ക്കുന്ന വിധത്തില്‍ ഇത്തരത്തില്‍ താറടിച്ച് കാണിക്കുന്നതിന് മുമ്പ് യഥാര്‍ത്ഥ കേസുകളും കെട്ടിച്ചമച്ചതും വേര്‍തിരിച്ച് മനസ്സിലാക്കണമെന്ന് ഇന്‍ഡസ്ട്രി അസോസിയേഷന്‍ സൊസൈറ്റി ഓഫ് മാനുഫാക്ചറേഴ്സ് ഓഫ് ഇലക്ട്രിക് വെഹിക്കിള്‍സ് അഭിപ്രായപ്പെട്ടു. കസ്റ്റമോഴ്‌സിന് റീട്ടെയില്‍ മൂല്യത്തില്‍ നിന്ന് 40 ശതമാനം വരെ കിഴിവ് നല്‍കി കമ്പനികള്‍ക്ക് സര്‍ക്കാര്‍ സബ്സിഡി ക്ലെയിം ചെയ്യാം.
കമ്പനികള്‍ക്ക് വില കുറച്ചുകൊണ്ട് ഇവി വില്‍പ്പന വര്‍ധിപ്പിക്കാനും അതുവഴി ഇവികളെ പ്രോത്സാഹിപ്പിക്കാനുമാണ് ഇതുകൊണ്ട് ലക്ഷ്യമാക്കുന്നത്. ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മ്മാതാക്കള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനായി ഫെയിം പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് കീഴില്‍ മൊത്തം 2,000 കോടി രൂപയാണ് സര്‍ക്കാര്‍ നീക്കിവെച്ചത്. 2019 ഏപ്രില്‍ 1-ന് ആരംഭിക്കുന്ന ഫെയിം പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്.
മൂന്ന് വര്‍ഷം കാലാവധിയുള്ള സ്‌കീമിന് 10,000 കോടി രൂപയാണ് ബജറ്റ്. രാജ്യത്തെ ഇവി വിപണിയുടെ വളര്‍ച്ച ലക്ഷ്യമിട്ടാണ് മൊത്തം സാമ്പത്തിക സഹായത്തിന്റെ 86 ശതമാനവും ഡിമാന്‍ഡ് ഇന്‍സെന്റീവിനായി നീക്കിവെച്ചത്.


Click it and Unblock the Notifications








