ഒരു രൂപ പോലും മുടക്കേണ്ട! ഓല ഇലക്ട്രിക് സ്‌കൂട്ടര്‍ സ്വന്തമാക്കാന്‍ പറ്റിയ ബെസ്റ്റ് സമയം
ഇന്നത്തെ കാലത്ത് ഒരു വാഹനം എടുക്കണമെന്ന് വെച്ചാല്‍ വലിയ ബുദ്ധിമുട്ടുകള്‍ ഒന്നുമില്ല. കാര്‍ ആയാലും ബൈക്ക് ആയാലും വിവിധ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വായ്പാ സൗകര്യം ഒരുക്കുന്നതിനാല്‍ അത് എളുപ്പമാണ്. ഇപ്പോള്‍ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ കാലമാണല്ലോ. അപ്പോള്‍ ഇവി വാങ്ങാനും മികച്ച വായ്പാ സൗകര്യം ലഭ്യമാണെന്ന കാര്യം പലര്‍ക്കും അറിവില്ല.
അടുത്തിടെ ഇന്ത്യയിലെ മുന്‍നിര ഇലക്ട്രിക് ടൂവീലര്‍ നിര്‍മാതാക്കളായ ഏഥര്‍ എനര്‍ജി 60 മാസത്തെ വായ്പ പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ ഏതാനും ദിവസങ്ങള്‍ക്കകം ഏഥറിനെ പിന്തുടര്‍ന്നിരിക്കുകയാണ് ഇന്ത്യയിലെ നമ്പര്‍ വണ്‍ ഇലക്ട്രിക് ടൂവീലര്‍ നിര്‍മാതാക്കളായ ഓല ഇലക്ട്രിക്. ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, എല്‍ ആന്‍ഡ് ടി ഫിനാന്‍ഷ്യല്‍ സര്‍വീസസ് എന്നിവയുമായി കൈകോര്‍ത്താണ് ഓല തങ്ങളുടെ S1 ഇലക്ട്രിക് സ്‌കൂട്ടര്‍ റേഞ്ചിന് വായ്പ ലഭ്യമാക്കുന്നത്.

60 മാസത്തേക്ക് (5 വര്‍ഷം) ഏറ്റവും കുറഞ്ഞ പലിശ നിരക്ക് 6.99 ശതമാനത്തിലാണ് വായ്പ നല്‍കുക. ഏറ്റവും കുറഞ്ഞ മാസ തവണയില്‍ ഇവികള്‍ ഓഫര്‍ ചെയ്യാനാണ് ഓലയുടെ ശ്രമം. ഒരു രൂപ പോലും ഡൗണ്‍പെയ്മന്റ് നല്‍കാതെ ഇനി ഓല ഇവി സ്വന്തമാക്കാം. പരമ്പരാഗതമായി 36 മുതല്‍ 48 മാസം വരെയായിരുന്നു ബാങ്കുകളും മറ്റ് ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളും വഴി ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ലോണുകള്‍ വാഗ്ദാനം ചെയ്തിരുന്നത്.
ഓല ഇലക്ട്രിക്കിന്റെ രാജ്യത്തുടനീളമുള്ള ഏത് എക്സ്പീരിയന്‍സ് സെന്ററും സന്ദര്‍ശിച്ച് 5 വര്‍ഷത്തേക്ക് കുറഞ്ഞ പലിശ നിരക്കില്‍ വായ്പ നേടാം. വാഹനം വാങ്ങുന്നത് അന്തിമമാക്കുന്നതിന് മുമ്പ് എക്‌സ്പീരിയന്‍സ് സെന്ററുകള്‍ ഓല ആപ്പ് മുഖേന ഫിനാന്‍സിംഗ് ഓപ്ഷനുകളെ കുറിച്ച് ഉപഭോക്താക്കള്‍ക്ക് വിശദീകരണം നല്‍കും. ഇവി സ്റ്റാര്‍ട്ടപ്പ് കമ്പനിക്ക് ഇന്ത്യയിലുടനീളം 700-ലധികം എക്‌സ്പീരിയന്‍സ് സെന്ററുകളുണ്ട്. ഈ വര്‍ഷം ഓഗസ്റ്റില്‍ എക്‌സ്പീരിയന്‍സ് സെന്ററുകളുടെ എണ്ണം ആയിരമാക്കാനുള്ള ശ്രമത്തിലാണ് ഓല.

ഇപ്പോള്‍ ഇന്ത്യന്‍ ജനത ഇപ്പോള്‍ ഇവികളോട് കൂടുതല്‍ അടുപ്പം കാണിച്ച് തുടങ്ങിയിട്ടുണ്ട്. ഡൗണ്‍ പെയ്‌മെന്റില്ലാതെ കുറഞ്ഞ പലിശ നിരക്കില്‍ ഇവികള്‍ കിട്ടുന്നതോടെ കൂടുതല്‍ ആളുകള്‍ പെട്രോള്‍ സ്‌കൂട്ടറുകള്‍ ഉപേക്ഷിച്ച് ഇവികളിലേക്ക് മാറുമെന്നാണ് പ്രതീക്ഷ. S1 എയര്‍, S1, S1 പ്രോ എന്നിങ്ങനെ മൂന്ന് മോഡലുകളാണ് നിലവില്‍ ഓല വിപണിയില്‍ എത്തിക്കുന്നത്.
ഇതില്‍ എന്‍ട്രി ലെവല്‍ മോഡലായ ഓല S1 എയറിന്റെ വിതരണം അടുത്ത മാസം മുതലാണ് ആരംഭിക്കുക. S1 എയറിന്റെ ഡെലിവറി ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഓല ഇവി ബുക്ക് ചെയ്ത ചില ഉപഭോക്താക്കളെ നിരാശരാക്കിയിരുന്നു. അടുത്തിടെ S1, S1 എയര്‍ ഇലക്ട്രിക് സ്‌കൂട്ടറുകളിലെ ചില ബാറ്ററി ഓപ്ഷനുകള്‍ നിര്‍ത്തലാക്കുക വഴിയായിരുന്നു ഇത്.

2022 ഒക്ടോബറില്‍ ഓല S1 എയര്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ പ്രഖ്യാപിക്കുമ്പോള്‍ 2.5 kWh ബാറ്ററിയായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ 2023 ഫെബ്രുവരിയില്‍ S1 എയറിന് മൂന്ന് ബാറ്ററി ഓപ്ഷനുകള്‍ നല്‍കി വേരിയന്റുകളുടെ എണ്ണം മൂന്നാക്കി ഓല ഉയര്‍ത്തുകയുണ്ടായി. അതിലെ 2kWh, 4kWh ബാറ്ററി പായ്ക്കുകളാണ് ഓല ഇപ്പോള്‍ നിര്‍ത്തലാക്കിയത്.
ഇനി മുതല്‍ 3 kWh ബാറ്ററി പായ്ക്ക് ഓപ്ഷനില്‍ മാത്രമേ ഓല S1 എയര്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങാന്‍ സാധിക്കുകയുള്ളൂവെന്ന് സാരം. 1.10 ലക്ഷം രൂപയാണ് ഇതിന്റെ എക്സ്ഷോറൂം വില. 3kWh വേരിയന്റിനാണ് നല്ല ഡിമാന്‍ഡ് ഉള്ളതെന്നും മറ്റ് രണ്ട് ബാറ്റി ഓപ്ഷനുകള്‍ക്ക് കാര്യമായ ആവശ്യക്കാരില്ലാത്തതിനാലാണ് പിന്‍വലിച്ചതെന്നുമാണ് സൂചന. S1 എയറിനെ പോലെ S1 ഇലക്ട്രിക് സ്‌കൂട്ടറും ഇനി 3kWh ബാറ്ററിയുള്ള ഒരൊറ്റ വേരിയന്റില്‍ മാത്രമേ സ്വന്തമാക്കാന്‍ സാധിക്കൂ.
ഇപ്പോള്‍ നിര്‍ത്തലാക്കിയ 2kWh അല്ലെങ്കില്‍ 4kWh വേരിയന്റുകള്‍ ബുക്ക് ബുക്ക് ചെയ്തവര്‍ നിരാശപ്പെടേണ്ടതില്ല. അവരുടെ സ്‌കൂട്ടറുകള്‍ 3kWh ട്രിമ്മിലേക്ക് ഒരു പ്രാരംഭ വിലയില്‍ മാറ്റും. ഇവി വാങ്ങുന്ന സമയത്ത് ബാക്കി തുക അടച്ചാല്‍ മതിയാകും. ആവശ്യമെങ്കില്‍ ബുക്കിംഗ് റദ്ദാക്കാനും ഉപഭോക്താക്കള്‍ക്ക് അവസരമുണ്ട്. അങ്ങനെയാണെങ്കില്‍ മുഴുവന്‍ തുകയും ഓല തിരികെ നല്‍കും.


Click it and Unblock the Notifications








