സ്കൂട്ടറിന്റെ പാതിയിൽ കൂടുതൽ വില ബാറ്ററിയ്ക്ക്; പുത്തൻ ഓല സെല്ലുകൾക്ക് ചെലവ് ഇങ്ങനെ
മുമ്പെങ്ങുമില്ലാത്തവിധം ഇവി വിപ്ലവത്തിന് ഇന്ത്യ ഒരു വേദിയാവുകയാണ്. ഇത് വിൽപ്പന കണക്കുകളിലൂടെ തന്നെ വളരെ വ്യക്തമാണ്. ടു വീലർ ഇവി സെഗ്‌മെന്റിൽ ഈ വളർച്ചയ്ക്ക് നേതൃത്വം നൽകുന്ന നിർമ്മാതാക്കളിൽ ഒന്നാണ് ഓല ഇലക്ട്രിക്. അടുത്തിടെ തങ്ങളുടെ മോഡൽ നിരയും ബ്രാൻഡ് വിപുലീകരിച്ചിരുന്നു.
അതിന് പിന്നാലെ S1 ശ്രേണിയിലെ സ്കൂട്ടറുകൾക്കായി കമ്പനി വിവിധ ബാറ്ററി ഓപ്ഷനുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. കൂടാതെ, ഓലയുടെ അഞ്ച് ഭാവി മോട്ടോർസൈക്കിളുകളുടെ ഒരു ടീസറും കമ്പനി പങ്കുവെച്ചു. ഓലയുടെ S1 എയർ & S1 മോഡലുകൾക്കായി 2 kWh, 3 kWh ഓപ്ഷനുകളും, S1 എയർ & S1 പ്രോ മോഡലുകൾക്കായി 4 kWh ബാറ്ററി പാക്കുകളുമാണ് അവതരിപ്പിച്ചിരിക്കുന്നത്.

ഇവയുടെ വിലകൾ മന്നു ഭരദ്വാജ് എന്ന വ്യക്തിയാണ് ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. ഓല S1, S1 എയർ എന്നിവയ്‌ക്കുള്ള 3 kWh ബാറ്ററി പാക്കിന്റെ വില 66,549 രൂപയും, S1 എയറിനും S1 പ്രോയ്ക്കും 4 kWh ബാറ്ററി പായ്ക്കിന് 87,298 രൂപയുമാണ്. സ്കൂട്ടറുകളുടെ വില യഥാക്രമം കണക്കിലെടുക്കുമ്പോൾ, ബാറ്ററിക്ക് മാത്രം മുഴുവൻ വാഹനത്തിന്റെയും പകുതിയിലധികം ചെലവാകും എന്നതാണ് ശ്രദ്ധേയം. ശരിക്കും ഇവി ബാറ്ററികൾക്ക് ഇത്ര വില വരും എന്നത് ഞെട്ടിപ്പിക്കുന്നതാണ്.
ഉദാഹരണത്തിന്, ടാറ്റ നെക്സോൺ ഇവിയുടെ ബാറ്ററി പാക്കിനും ഇലക്ട്രിക് മോട്ടോറിനും 11 ലക്ഷം രൂപയാണ് വില. ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുമ്പോൾ ബാറ്ററിയുടെ വിലയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ഓലയുടെ ബനാന ഷേപ്പ്ഡ് ബാറ്ററികൾ ബ്രാൻഡ് സ്വന്തമായി തന്നെ നിർമ്മിക്കുകയും തദ്ദേശീയമായി രൂപകൽപ്പന ചെയ്തവയുമാണ്.

ഇന്ത്യയിൽ ബാറ്ററികൾ നിർമ്മിക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന കമ്പനിയാണ് ഓല ഇലക്ട്രിക് എങ്കിലും, വില താരതമ്യേന കൂടുതലാണ്. ചൈന പോലെയുള്ള രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി, ബാറ്ററി ഉൽപ്പാദനത്തിന്റെ കാര്യത്തിൽ ഇന്ത്യ ഇപ്പോഴും സ്റ്റാർട്ടിംഗ് സ്റ്റേജുകളിൽ തന്നെയാണ്. മാസ് പ്രൊഡക്ഷനുമായി ബന്ധപ്പെട്ട ചൈനയുടെ ഉൽപ്പാദനക്ഷമതയും ഒരു നിർണായക ഘടകമാണ്. കൂടാതെ ലോകത്തിലെ ഏറ്റവും വലിയ ലിഥിയം ശേഖരം ചൈനയിലാണെന്ന കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ.
ഇന്ത്യൻ ബാറ്ററി വിലകൾക്ക് ചൈനീസ് കംപോണന്റ് വിലകളുമായി മത്സരിക്കാനാവില്ല. വിവിധ കാരണങ്ങളാൽ ഇന്ത്യയിൽ ബാറ്ററികളുടെ വില താരതമ്യേന കൂടുതലാണ്, അതിനാൽ തന്നെ ഇലക്ട്രിക് വാഹനങ്ങളുടെ വിലകളിൽ ബാറ്ററികൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഇതിനുപുറമെ, ഓലയുടെ ബാറ്ററികൾ സ്ലോ-സ്പീഡ് ഇലക്ട്രിക് സ്കൂട്ടറുകളിൽ നിന്ന് വ്യത്യസ്തമായി ഹൈ വോൾട്ടേജ് ഇവി ആർക്കിടെക്ചറിന്റെ ഭാഗമാണ്. ഓലയുടെ മോട്ടോറുകൾ 4.5 kW (S1 എയർ) മുതൽ 8.5 kW (S1 & S1 പ്രോ) വരെ ഉയർന്ന കപ്പാസിറ്റിയുമായി വരുന്നു.
ബാറ്ററി ഡെവലപ്മെന്റ് ചെലവുകളും ബാറ്ററി ഒപ്റ്റിമൈസേഷൻ ചെലവുകളും മൊത്തത്തിലുള്ള വില വർധിപ്പിക്കുന്ന മറ്റൊരു ഘടകമാണ്. സിംഗിൾ ചാർജിൽ 181 കിലോമീറ്റർ റൈഡിംഗ് റേഞ്ച് കൈവരിക്കാൻ ഓല തങ്ങളുടെ സ്‌കൂട്ടർ ലൈനപ്പ് രൂപകൽപ്പന ചെയ്തിട്ടുണ്ട്. മറ്റ് അനുബന്ധ വാർത്തകളിൽ തമിഴ്‌നാട്ടിൽ ഇന്റഗ്രേറ്റഡ് ടു വീലർ, കാർ, ലിഥിയം സെൽ ഗിഗാഫാക്‌ടറികളുള്ള ലോകത്തിലെ ഏറ്റവും വലിയ ഇവി ഹബ്ബ് ഓല സജ്ജീകരിക്കും എന്ന് ഓല സിഇഒ പ്രഖ്യാപിച്ചു . തമിഴ്‌നാട് സർക്കാരുമായി കമ്പനി ധാരണാപത്രവും ഒപ്പുവച്ചു. ഭാവിയിൽ ബാറ്ററിയുടെ വില കുറയ്ക്കാൻ ഈ പുതിയ ഫാക്ടറികൾ സഹായിക്കും എന്നാണ് പ്രതീക്ഷ.


Click it and Unblock the Notifications








