കാറുകളില്‍ പോലും കാണില്ല ഈ ഫീച്ചറുകള്‍! ഓല ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വേറെ ലെവല്‍ മച്ചാ...
പണ്ട് ബൈക്ക് യാത്ര ചെയ്യുമ്പോള്‍ യൂത്തന്‍മാര്‍ പാട്ട് കേള്‍ക്കാന്‍ ഹെഡ്‌സെറ്റിനെയായിരുന്നു ആശ്രയിച്ചിരുന്നത്. എന്നാല്‍ ഇന്ന് നിരത്തിലേക്ക് നോക്കിയാല്‍ പാര്‍ട്ടി മേഡില്‍ പാട്ടും വെച്ച് ആസ്വദിച്ച് പോകുന്ന ഫ്രീക്കന്‍മാരെ നമുക്ക് നിരത്തുകളില്‍ കാണാം. ഓല ഇലക്ട്രിക്കിന്റെ ഫീച്ചറുകളുടെ വരവാണ് ഇതിന് വഴിവെച്ചത്. യുവാക്കള്‍ക്കിടയില്‍ തരംഗമായ ഫീച്ചറുകള്‍ക്ക് പിന്നാലെ ഓല ഇലക്ട്രിക് തങ്ങളുടെ അതിന്റെ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കായി MoveOS 4 പ്രഖ്യാപിച്ചു.
ഇന്ത്യയിലെ നമ്പര്‍ വണ്‍ ഇലക്ട്രിക് ടൂവീലര്‍ നിര്‍മാതാക്കളുടെ ഏറ്റവും പുതിയ സോഫ്റ്റ്വെയര്‍ അപ്ഡേറ്റില്‍ ഫീച്ചറുകളുടെ ആറാട്ടാണ്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പുതിയ പതിപ്പ് നിലവിലുള്ള സവിശേഷതകള്‍ മെച്ചപ്പെടുത്തിയതിനൊപ്പം പുതിയ ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിക്കുകയും ചെയ്തിട്ടുണ്ട്. MoveOS 4-ന്റെ ബീറ്റ പതിപ്പ് സെപ്റ്റംബര്‍ 15-ന് പ്രവര്‍ത്തനക്ഷമമാകുമെന്ന് ഇലക്ട്രിക് വാഹന സ്റ്റാര്‍ട്ടപ്പ് അറിയിച്ചു.

പെതുവായി ഇത് ഒക്ടോബര്‍ അവസാനത്തോടെ മാത്രമായിരിക്കും ലഭ്യമാകുക. രാജ്യത്തെ പുതിയ ഉപഭോക്താക്കള്‍ക്കും നിലവിലുള്ള ഉപഭോക്താക്കള്‍ക്കും ഈ സോഫ്റ്റ്വെയര്‍ ലഭ്യമാകും. റീജന്‍, ഹില്‍ ഹോള്‍ഡ്, ചാര്‍ജിംഗ് ടൈം പ്രഡിക്ഷന്‍, ചാര്‍ജിംഗ്, റൈഡിംഗ് റേഞ്ച് തുടങ്ങിയ ഫീച്ചറുകള്‍ തങ്ങള്‍ മെച്ചപ്പെടുത്തിയതായാണ് ഓല ഇലക്ട്രിക് അവകാശപ്പെടുന്നത്. ഹൈപ്പര്‍ചാര്‍ജിംഗ് ഇപ്പോള്‍ വേഗത കൂടിയിട്ടുണ്ട്. ഡോക്യുമെന്റ് സമന്വയിപ്പിക്കല്‍, കോണ്‍ടാക്റ്റ് സമന്വയിപ്പിക്കല്‍, പെയറിംഗ്, ടച്ച് റെസ്‌പോണ്‍സ് എന്നിവയുടെ വേഗതയും വര്‍ധിച്ചിട്ടുണ്ട്.
ഇവി നിര്‍മ്മാതാവ് സ്വയം വികസിപ്പിച്ചെടുത്ത പുതിയ ഓല മാപ്പ്‌സ് ആണ് സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റിലൂടെ ലഭിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സവിശേഷതകളില്‍ ഒന്ന്. ജിയോഫെന്‍സിംഗ്, ടൈംഫെന്‍സിംഗ്, റൈഡ് ജേര്‍ണല്‍, കണ്‍സേര്‍ട്ട് മോഡ് എന്നിവയും പുതിയ അപ്‌ഡേറ്റിലൂടെ കൈവരുന്ന പുത്തന്‍ സവിശേഷതകള്‍ ആണ്. കണ്‍സെര്‍ട്ട് മോഡ് Move OS3-യിലെ പാര്‍ട്ടി മോഡിന്റെ വിപുലീകരണമാണ്.

പാര്‍ട്ടി മോഡില്‍ ഇലക്ട്രിക് സ്‌കൂട്ടറില്‍ പ്ലേ ചെയ്യുന്ന പാട്ടിന് ലൈറ്റ് സിന്‍ക് ഫംഗ്ഷനാണുള്ളത്. എന്നാല്‍ പുതിയ കണ്‍സേര്‍ട്ട് മോഡില്‍, ഒരേ സമയം ഒന്നിലധികം ഓല ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കിടയില്‍ ലൈറ്റുകളും സംഗീതവും സമന്വയിപ്പിക്കാന്‍ കഴിയും. മാത്രമല്ല. സ്‌കൂട്ടറുകളുടെ മോഡുകളും ഓല മെച്ചപ്പെടുത്തിയിട്ടുണ്ട്. മോഡുകള്‍ അടിസ്ഥാനപരമായി വ്യത്യസ്ത കമ്പ്യൂട്ടര്‍ ഡിസ്‌പ്ലേ ഹോം സ്‌ക്രീനുകളാണ്.
റൈഡറുടെ ക്രമീകരണം അനുസരിച്ച് സ്‌കൂട്ടറിന്റെ ആക്‌സിലറേഷന്‍ സൗണ്ട് മാറുന്നു. ലൈറ്റ്, ഡാര്‍ക്ക്, ഓട്ടോ എന്നിങ്ങനെ മൂന്ന് മോഡുകളാണ് നിലവില്‍ ലഭ്യമാകുന്നത്. ഒരു അപ്ലിക്കേഷനിലൂടെ നിരവധി ഇലക്ട്രിക് സ്‌കൂട്ടറുകളെ നിയന്ത്രിക്കാവുന്ന ഗരാജ് മോഡും കൊണ്ടുവന്നിട്ടുണ്ട്. പുതിയ എനര്‍ജി ഇന്‍സൈറ്റ് ഫീച്ചറിനൊപ്പം റൈഡര്‍ എത്ര പണം ലാഭിച്ചു എന്നതും ഇലക്ട്രിക് സ്‌കൂട്ടറില്‍ കാണിക്കും. ഇതിനൊപ്പം പുതിയ ഹില്‍ ഡിസന്റ് കണ്‍ട്രോള്‍ സിസ്റ്റവും വരുന്നു. ഇനി മുതല്‍ ആപ്ലിക്കേഷന്‍ ബയോമെട്രിക് ആപ്പ് ലോക്കിനെ പിന്തുണയ്ക്കും.

അതിനാല്‍ ആപ്ലിക്കേഷന്‍ ഓപണ്‍ ചെയ്യാനായി റൈഡര്‍ ഇനി അവരുടെ മുഖമോ വിരലോ ഉപയോഗിക്കേണ്ടി വരും. ഇക്കോ റൈഡിംഗ് മോഡില്‍ ആപ്ലിക്കേഷന്‍ വിജറ്റുകളും ക്രൂയിസ് കണ്‍ട്രോളും ഓല വാഗ്ദാനം ചെയ്യും. പേഴ്‌സണലൈസ്ഡ് പ്രോക്‌സിമിറ്റി, ഓട്ടോ ടേണ്‍ ഇന്‍ഡിക്കേറ്റര്‍ കട്ട് ഓഫ്, പുതിയ ട്രിപ്പ് മീറ്ററുകള്‍, മ്യൂസിക്കിനും കോളിനുമുള്ള ഹെഡ്‌ഫോണ്‍ കണ്‍ട്രോള്‍, ടേക്ക്-മീ-ഹോം ലൈറ്റ്‌സ്, ഫേവറൈറ്റ് കോണ്‍ടാക്റ്റ്‌സ് എന്നിവയാണ് MoveOS 4-നൊപ്പം വരുന്ന മറ്റ് പ്രധാന സവിശേഷതകള്‍.
ഇവക്കൊപ്പം ഓല ആപ്ലിക്കേഷനും അപ്‌ഡേറ്റ് ചെയ്യും. ഡാര്‍ക്ക് മോഡ്, ഒടിഎ അപ്ഡേറ്റ്, ഹില്‍ ഹോള്‍ഡ് സെറ്റിംഗ്, റീജന്‍ സെറ്റിംഗ്, കോള്‍ സെറ്റിംഗ്, വെക്കേഷന്‍ മോഡ് തുടങ്ങിയ ഫീച്ചറുകളോടെയാണ് ഇത് വരുന്നത്. സ്‌കൂട്ടര്‍ തകരാറിലാണെന്ന് ഉടമയെയും മറ്റും അറിയിക്കുന്ന ടാംപര്‍ അലെര്‍ട്ടും അപ്‌ഡേറ്റില്‍ വരുന്ന വന്‍ ഫീച്ചറുകളില്‍ ഒന്നാണ്.
സ്വാതന്ത്ര്യ ദിനത്തില്‍ നടന്ന ചടങ്ങില്‍ ഓല പുതിയ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കൊപ്പം വരാന്‍ പോകുന്ന ഇലക്ട്രിക് ബൈക്കുകളുടെ പ്രോട്ടോടൈപ്പും പ്രദര്‍ശിപ്പിച്ചിരുന്നു. S1 പ്രോ, S1 എയര്‍ എന്നിവയുടെ പുതു തലമുറ പതിപ്പുകള്‍ക്കൊപ്പം ഓല കൂടുതല്‍ താങ്ങാവുന്ന വിലയില്‍ S1X റേഞ്ചില്‍ രണ്ട് ഇവികള്‍ പുറത്തിറക്കി. S1X, S1X പ്ലസ് എന്നിങ്ങനെ രണ്ട് വേരിയന്റിലാണ് പുതിയ ബജറ്റ് ഇവികള്‍ വിപണിയില്‍ എത്തിച്ചത്. ഓലയില്‍ നിന്നുള്ള ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് സ്‌കൂട്ടറാണ് S1X.
90,000 രൂപയാണ് പ്രാരംഭ വില. 2kWh, 3 kWh ബാറ്ററി പായ്ക്കുകളില്‍ ഇത് ഓഫര്‍ ചെയ്യുന്നു. ചെറിയ ബാറ്ററിയുള്ള ഓല S1X 91 കിലോമീറ്റര്‍ റേഞ്ച് അവകാശപ്പെടുന്നു, അതേസമയം S1X+ ഒറ്റചാര്‍ജില്‍ 151 കിമീ റേഞ്ച് വരെ വാഗ്ദാനം ചെയ്യുന്നു. 1 ലക്ഷം മുതല്‍ 1.10 ലക്ഷം രൂപ വരെയാണ് S1X-ന്റെ എകസ്‌ഷോറൂം വില. ഡിസംബര്‍ മാസത്തോടെയാകും ഇവയുടെ ഡെലിവറി ആരംഭിക്കുക.


Click it and Unblock the Notifications








