കുറഞ്ഞ വിലയില്‍ കൂടുതല്‍ ഓപ്ഷനുകള്‍; S1 ഇലക്ട്രിക് സ്‌കൂട്ടറിന് പുതിയ വേരിയന്റുമായി ഓല
ഇന്ത്യയില്‍ ഇലക്ട്രിക് ഇരുചക്ര വാഹന രംഗത്തെ ഒന്നാം സ്ഥാനക്കാരാണ് ഓല ഇലക്ട്രിക്. ഓലയില്‍ നിന്നുള്ള ഓരോ അപ്‌ഡേറ്റുകളും വാഹനപ്രേമികള്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കാറുളളത്. ദിവസങ്ങള്‍ക്ക് മുമ്പ് ഓല സിഇഒ ഭവിഷ് അഗര്‍വാള്‍ ഫെബ്രുവരി 9-ന് പുതിയ പ്രഖ്യാപനം നടത്തുമെന്ന് ട്വിറ്ററില്‍ പോസ്റ്റിട്ടതോടെ ആരാധകര്‍ ത്രില്ലിലായിരുന്നു.
ഇപ്പോള്‍ സര്‍പ്രൈസ് അടങ്ങിയ പൊതി അഴിച്ചിരിക്കുകയാണ് ഓല. S1 ഇലക്ട്രിക് സ്‌കൂട്ടര്‍ ശ്രേണിയിലെ വേരിയന്റ് ലൈനപ്പ് പുനഃക്രമീകരിച്ചിരിക്കുകയാണ് ഓലയിപ്പോള്‍. മോഡലിന് ഇപ്പോള്‍ കുറഞ്ഞ റേഞ്ചുള്ള 2 kWh ബാറ്ററി പായ്ക്ക് ഓപ്ഷന്‍ ലഭിക്കുന്നുവെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. 2.5 kWh ബാറ്ററി പായ്ക്കിന്റെ പകരക്കാരനായാണ് ചെറിയ ബാറ്ററി പായ്ക്ക് എത്തുന്നത്. 84,999 രൂപയില്‍ വരുന്ന ഓല S1 എയറില്‍ ഇത് ഉപയോഗിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

അതേസമയം ഓല S1-ന്റെ 2 kWh വേരിയന്റിന്റെ വില 99,999 രൂപയാണ് (എക്‌സ്-ഷോറൂം). വീട്ടിലെ സാഹചര്യത്തില്‍ ബാറ്ററി മുഴുവനായി ചാര്‍ജ് ചെയ്യാന്‍ 4 മണിക്കൂര്‍ എടുക്കും. ചെറിയ ബാറ്ററി പായ്ക്ക് ആയതിനാലാണ് ചാര്‍ജിംഗിന് കൂടുതല്‍ സമയമെടുക്കുന്നത്. ഗെരുവ, മാറ്റ് ബ്ലാക്ക്, കോറല്‍ ഗ്ലാം, മില്ലേനിയല്‍ പിങ്ക്, പോര്‍സലൈന്‍ വൈറ്റ്, മിഡ്നൈറ്റ് ബ്ലൂ, ജെറ്റ് ബ്ലാക്ക്, മാര്‍ഷ്‌മെല്ലോ, ആന്ത്രാസൈറ്റ് ഗ്രേ, ലിക്വിഡ് സില്‍വര്‍, നിയോ മിന്റ് എന്നീ 11 കളര്‍ ഓപ്ഷനുകളില്‍ പുതിയ S1 വേരിയന്റ് ലഭ്യമാകും.
S1 പ്രോ, S1 3kWh എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 115 കിലോഗ്രാം ഭാരമുള്ള S1 പോര്‍ട്ട്ഫോളിയോയിലെ ഏറ്റവും ഭാരം കുറഞ്ഞതാണ് ഈ സ്‌കൂട്ടര്‍. ഇന്ത്യന്‍ ഡ്രൈവിംഗ് സാഹചര്യത്തില്‍ 2 kWh ബാറ്ററി പായ്ക്ക് ഓല S1-ല്‍ ഒറ്റ ചാര്‍ജില്‍ 91 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. 11.3 bhp പവര്‍ ഉത്പാദിപ്പിക്കുന്ന അതേ മിഡ്-ഡ്രൈവ് മോട്ടോര്‍ ആണ് ഇവിക്ക് കരുത്ത് പകരുന്നു.

മണിക്കൂറില്‍ 90 കിലോമീറ്റര്‍ ആണ് ഉയര്‍ന്ന വേഗത. 141 കിലോമീറ്റര്‍ (IDC) റേഞ്ച് വാഗ്ദാനം ചെയ്യുന്ന 3 kWh ബാറ്ററി പായ്ക്ക് ഓപ്ഷനും ഓല S1 ഇലക്ട്രിക് സ്‌കൂട്ടറില്‍ ലഭ്യമാണ്. മണിക്കൂറില്‍ 95 കിലോമീറ്റര്‍ ആണ് ടോപ് സ്പീഡ്. 6 bhp പവര്‍ ഉത്്പാദിപ്പിക്കുന്ന മോട്ടോര്‍ ആണ് ഓല S1 എയറിന്റെ കരുത്ത്. ഇത് ഫുള്‍ചാര്‍ജില്‍ 85 കിലോമീറ്റര്‍ (IDC) റേഞ്ച് നല്‍കുമെന്ന് പറയപ്പെടുന്നു. പരമാവധി വേഗത മണിക്കൂറില്‍ 85 കിലോമീറ്ററാണ്.
2.5 kWh ബാറ്ററി പാക്ക് ഓപ്ഷനില്‍ ഓല S1 എയര്‍ ബുക്ക് ചെയ്തിരുന്ന ഉപഭോക്താക്കള്‍ ഒരിക്കലും നിരാശപ്പെടേണ്ട. നിങ്ങള്‍ ഇപ്പോള്‍ 3 kWh ബാറ്ററി പായ്ക്കിലേക്ക് ഓട്ടോമറ്റിക്കായി അപ്ഗ്രേഡ് ചെയ്യപ്പെടും. ഈ ഇവി മുഴുവന്‍ ചാര്‍ജില്‍ 125 കിലോമീറ്റര്‍ സഞ്ചരിക്കുമെന്നാണ് ഓല അവകാശപ്പെടുന്നത്. 165 കിലോമീറ്റര്‍ IDC റേഞ്ച് വാഗ്ദാനം ചെയ്യുന്ന ടോപ്പ്-സ്‌പെക്ക് ഓല S1 എയറിന് 4 kWh ബാറ്ററി പായ്ക്കാണ് നല്‍കുന്നത്.
ടോപ്പ്-സ്‌പെക്ക് ഓല S1 പ്രോ അതേ 8.5 kW മോട്ടോറുമായി ജോടിയാക്കിയ 4 kWh ബാറ്ററി പായ്ക്ക് മാത്രമായി ലഭ്യമാകും. ഫുള്‍ ചാര്‍ജില്‍ 185 കി.മീ (IDC) റേഞ്ച് ഈ സ്‌പെക്കില്‍ ഓല വാഗ്ദാനം ചെയ്യുന്നുണ്ട്. മണിക്കൂറില്‍ 116 കിലോമീറ്റര്‍ ആണ് പരമാവധി വേഗത. 2 kWh ബാറ്ററി പായ്ക്കുമായി എത്തുന്ന ഓല S1 എയറിന്റെ പര്‍ച്ചേസ് വിന്‍ഡോ ഇന്ന് തുറക്കും.
ഓല S1 എയര്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഇപ്പോള്‍ ബുക്ക് ചെയ്യാമെങ്കിലും ഡെലിവറി ഈ വര്‍ഷം മധ്യത്തോടെ മാത്രമേ ഉണ്ടാകൂ എന്നാണ് വിവരം. 2023 ജൂലൈയില്‍ ഇവി ഉപഭോക്താക്കളിലേക്കെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വേരിയന്റുകള്‍ പുതുക്കിയത് കാരണമാണ് ഡെലിവറി മൂന്ന് മാസം വൈകുന്നതെന്നാണ് ഓല വ്യക്തമാക്കുന്നത്. ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് പരമ്പരാഗത ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ക്ക് ലോകോത്തര ബദലുകള്‍ ലഭ്യമാക്കിയതോടെ ഇവികളുടെ കുതിപ്പ് വേഗത്തിലായതായി ഓല സ്ഥാപകനും സിഇഒയുമായ ഭവിഷ് അഗര്‍വാള്‍ പറഞ്ഞു.
പ്രീമിയം സ്‌കൂട്ടര്‍ വിഭാഗത്തില്‍ ഓല S1, ഓല S1 പ്രോ എന്നിവയുടെ ആധിപത്യത്തോടെ, ഇന്ത്യ ഇതിനകം തന്നെ ലോകത്തിലെ ഏറ്റവും വലിയ ഇവി വിപണികളില്‍ ഒന്നാണ്. ഹിറ്റായ S1 പോര്‍ട്ട്ഫോളിയോയും 3 വേരിയന്റുകളിലും ഒന്നിലധികം പ്രൈസ് റെയ്ഞ്ചിലുമായി S1 എയറിന്റെ വിപുലീകരണവും കൂടുതല്‍ ഉപഭോക്താക്കളെ ഇവികളിലേക്ക് സ്ഥിരമായി ചുവട്മാറാന്‍ പ്രോത്സാഹിപ്പിക്കും. 2022 ഐസിഇ യുഗത്തിന്റെ അന്ത്യത്തിന് തുടക്കം കുറിച്ചെങ്കില്‍ 2023 ഇന്ത്യയിലെ ഇരുചക്ര വാഹന വ്യവസായത്തിന്റെ ഗതി മാറ്റുമെന്ന് ഭവിഷ് കൂട്ടിച്ചേര്‍ത്തു.


Click it and Unblock the Notifications








