ഒന്നും രണ്ടുമല്ല ഒരുപാടുണ്ടാകും! ഓഗസ്റ്റില്‍ ഓല കാത്തുവെച്ചിരിക്കുന്നത് വന്‍ സംഭവമോ?
സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ക്കെല്ലാം ഒരു പാഠപുസ്തകമാക്കി എടുക്കാവുന്നതാണ് ഓല ഇലക്ട്രിക്കിന്റെ (Ola Electric) വളര്‍ച്ച. 2021 ആഗസ്റ്റ് 15-നാണ് കമ്പനി തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കിയത്. തങ്ങളുടെ ആസ്ഥാനമായ ബെംഗളൂരുവില്‍ വെച്ചായിരുന്നു അവതരണം. എന്നാല്‍ ഹീറോ ഇലക്ട്രിക് അടക്കം വമ്പന്‍മാര്‍ അരങ്ങുവാഴുന്ന കളത്തിലേക്ക് ഇറങ്ങിയ മോഡലിന് സമ്മിശ്ര പ്രതികരണമാണ് തുടക്കത്തില്‍ നേടാനായത്.
നെഗറ്റീവ് പ്രതികരണങ്ങള്‍ക്കൊപ്പം ഡെലിവറി ഡെഡ്ലൈനുകള്‍ പാലിക്കാന്‍ സാധിക്കാത്തതും കല്ലുകടിയായി. എന്നാല്‍ ചുരുങ്ങിയ നാള്‍ കൊണ്ട് സെഗ്‌മെന്റ് ലീഡറായി മാറിയ ഓല വിമര്‍ശകരെ പോലും ആരാധകരാക്കി മാറ്റി. ഇന്ന് ഇലക്ട്രിക് ഇലക്ട്രിക് ഇരുചക്രവാഹന മേഖലയില്‍ 40 ശതമാനം വിപണി വിഹിതം കൈയ്യടക്കി വെച്ചിരിക്കുന്നത് ഓലയാണെന്ന് അറിയുമ്പോള്‍ മനസ്സിലാക്കാവുന്നതേയുള്ളൂ അവരുടെ റേഞ്ച്. ചുരുങ്ങിയ സമയത്തിനുള്ളില്‍ ഓല നമ്മുടെ രാജ്യത്ത് 2.36 ലക്ഷം ഇലക്ട്രിക് സ്‌കൂട്ടറുകളാണ് നിരത്തിലിറക്കിയത്.

കഴിഞ്ഞ ഏതാനും മാസങ്ങളായി 20,000 യൂണിറ്റില്‍ കൂടുതലാണ് ശരാശരി വില്‍പ്പന. ഓല ഇലക്ട്രിക് ഈ മാസം തങ്ങളുടെ എന്‍ട്രി ലെവല്‍ ഇലക്ട്രിക് സ്‌കൂട്ടറായ ഓല S1 എയറിന്റെ ഡെലിവറി ആരംഭിക്കാന്‍ പോകുകയാണ്. ഒപ്പം ആഗസ്റ്റ് 15-ന് ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കള്‍ ഒരുപിടിലോഞ്ചുകളും പ്ലാന്‍ ചെയ്തിട്ടുണ്ട്. ഈ വര്‍ഷം തങ്ങളുടെ ഇവി പോര്‍ട്‌ഫോളിയോ വിപുലീകരിക്കുന്നതോടെ നിര്‍മാണ പ്ലാന്റ് അതിന്റെ മുഴുവന്‍ ശേഷിയും ഉപയോഗപ്പെടുത്താന്‍ തുടങ്ങുമെന്നാണ് വിവരം.
2024 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി ഇതിനകം തന്നെ അതിന്റെ ഉല്‍പ്പാദന ശേഷി 0.5 ദശലക്ഷം യൂണിറ്റില്‍ നിന്ന് 2 ദശലക്ഷം യൂണിറ്റായി വിപുലീകരിക്കുകയാണെന്നും പ്രാരംഭ ലക്ഷ്യമായ പ്രതിവര്‍ഷം 10 ദശലക്ഷം യൂണിറ്റിലേക്ക് വിപുലീകരിക്കുമെന്നും ഓല ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ അന്‍ഷുല്‍ ഖണ്ഡേല്‍വാള്‍ ഒരു ദേശീയ മാധ്യമത്തോട് വ്യക്തമാക്കിയിട്ടുണ്ട്.

ഫെയിം സബ്‌സിഡി സര്‍ക്കാര്‍ വെട്ടിക്കുറച്ചതിന് പിന്നാലെ ഓലയടക്കമുള്ള കമ്പനികള്‍ വില കൂട്ടിയിരുന്നു. അതിന്റെ പ്രതിഫലനമെന്നോണം കഴിഞ്ഞ മാസം മൊത്തത്തില്‍ ഇലക്ട്രിക് ടൂവീലറുകളുടെ വില്‍പ്പന ഇടിഞ്ഞു. എന്നാല്‍ ഇത് ഒരു താത്കാലിക തകര്‍ച്ച മാത്രമാണെന്നും മാസങ്ങള്‍ക്കുള്ളില്‍ വില്‍പ്പനയില്‍ ഉണര്‍വുണ്ടാകുമെന്നുമാണ് അന്‍ശുല്‍ ഖണ്ഡേല്‍വാള്‍ പറയുന്നത്. തങ്ങള്‍ ഈ മാസം ഓല S1 എയര്‍ ഇവി അവതരിപ്പിക്കാന്‍ പോകുകയാണെന്നും ഇത് ഇവിയുടെ പ്രഖ്യാപിത ലക്ഷ്യമായ ഇവിയുടെ ജനാധിപത്യവത്ക്കരണം ത്വരിതപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഓഗസ്റ്റ് 15-ന് ഒന്നിലധികം വിഭാഗങ്ങളിലായി നിരവധി ഉല്‍പ്പന്നങ്ങള്‍ കമ്പനി അവതരിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഓല ഇലക്ട്രിക്കിനെതിരെ ഉയരുന്ന പ്രധാന വിമര്‍ശനങ്ങളില്‍ ഒന്ന് സമയത്ത് ഡെലിവറി ചെയ്യുന്നില്ലെന്നതാണ്. എന്നാല്‍ ഇത്തവണ കമ്പനി പൂര്‍ണമായും സജ്ജമാണെന്നാണ് അവര്‍ പറയുന്നത്. ഓലയുടെ പുതിയ ലോഞ്ചുകളെ കുറിച്ച് ഖണ്ഡേല്‍വാള്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുന്നില്ല. എന്നിരുന്നാലും വിവിധ വില നിലവാരത്തില്‍ പുതിയ ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകളും പുതിയ സ്‌കൂട്ടര്‍ ശ്രേണിയും പ്രദര്‍ശിപ്പിക്കുമെന്നുമാണ് സൂചന.

ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ഓല തങ്ങളുടെ വരാന്‍ പോകുന്ന 5 ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകളുടെ ടീസര്‍ പുറത്തുവിട്ടിരുന്നു. ഓല 1 ലക്ഷം രൂപയില്‍ താഴെ വിലയില്‍ കൂടുതല്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അവതരിപ്പിക്കുമോ എന്ന കാര്യമാണ് ഇവി പ്രേമികള്‍ ഉറ്റുനോക്കുന്നത്. ഓലയുടെ വിലപ്പന ഉയര്‍ത്തുന്നതില്‍ അവരുടെ എക്‌സ്പീരിയന്‍സ് സെന്ററുകള്‍ക്കും പങ്കുണ്ട്. ഓല ഇലക്ട്രിക് തങ്ങളുടെ എക്‌സ്പീരിയന്‍സ് സെന്റര്‍ ശൃംഖല വിപുലീകരിക്കുകയാണ്. ഓഗസ്‌റ്റോടെ രാജ്യത്തുടനീളം 1,000 എക്‌സ്പീരിയന്‍സ് സെന്ററുകള്‍ സ്ഥാപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.


Click it and Unblock the Notifications








