ഓഫ്‌ലൈനായിട്ടും രക്ഷയില്ല; ഓലയുടെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ തുടരുന്നു
ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയില്‍ ചുരുങ്ങിയ നാള്‍ കൊണ്ട് മിന്നല്‍പ്പിണറായ ടീമാണ് ഓല ഇലക്ട്രിക്. ഇന്ത്യന്‍ ജനത ഇരുകൈയ്യും നീട്ടിയാണ് ഓലയുടെ ഉല്‍പ്പന്നങ്ങള്‍ സ്വീകരിച്ചത്. 2021 ഓഗസ്റ്റില്‍ വിപണിയിലെത്തിയ ശേഷം ഓണ്‍ലൈനിലൂടെയായിരുന്നു ഓല ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വില്‍പ്പന. എന്‍ട്രി കഴിഞ്ഞ് ഒരു വര്‍ഷത്തിന് ശേഷമാണ് ഷോറൂമുകള്‍ തുറക്കാനുള്ള തീരുമാനത്തിലേക്ക് ഓല എത്തിയത്.
ഓല ഇവികള്‍ ഓണ്‍ലൈനിലൂടെ വില്‍പ്പന നടക്കുന്ന വേളയില്‍ തട്ടിപ്പുകളും തകൃതിയായിരുന്നു. ഓണ്‍ലൈനില്‍ നിന്ന് ഓഫ്‌ലൈനിലേക്ക് മാറിയിട്ടും ഓല ഇലക്ട്രിക് സ്‌കൂട്ടറിന്റെ പേരില്‍ നടക്കുന്ന തട്ടിപ്പുകള്‍ക്ക് കുറവൊന്നുമില്ലെന്ന് തെളിയിക്കുന്ന സംഭവമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഡല്‍ഹി സ്വദേശിയാണ് ഓല ഇലക്ട്രിക് സ്‌കൂട്ടര്‍ ഓണ്‍ലൈനായി വാങ്ങാന്‍ ശ്രമിക്കുന്നതിനിടെ വഞ്ചിതനായത്.

മഹാരാഷ്ട്ര സ്വദേശിയായ 25 കാരനാണ് ഇയാളില്‍ നിന്ന് 80000 രൂപയിലേറെ തട്ടിയെടുത്തതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. പ്രതി പിന്നീട് പൊലീസ് പിടിയിലായി. ഓല ഇലക്ട്രിക്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയല്ല ഇവി വാങ്ങാന്‍ ശ്രമിച്ചതെന്നതാണ് ഡല്‍ഹി സ്വദേശിക്ക് വിനയായത്. പകരം ഓണ്‍ലൈനില്‍ കണ്ടെത്തിയ ഒരു ഡീലറെ സമീപിക്കുകയായിരുന്നു അദ്ദേഹം. ഡീലറായി ആള്‍മാറാട്ടം നടത്തിയ 25-കാരന്‍ ഇയാളെ വൃത്തിയായി പറ്റിച്ചു.
ഓല ഇലക്ട്രിക് സ്‌കൂട്ടര്‍ ബുക്ക് ചെയ്യാനായി ആദ്യം 499 രൂപ നല്‍കാനാണ് പ്രതി വഞ്ചിക്കപ്പെട്ട ഡല്‍ഹി സ്വദേശിയോട് ആവശ്യപ്പെട്ടത്. പൊതുവെ ഓലയും സമാനമായ തുക ബുക്കിംഗ് ഈടാക്കുന്നതിനാല്‍ അയാള്‍ വിശ്വസിച്ചു. ഉപഭോക്താവിന് ലാഭകരമായ വിലയില്‍ ഇവി നല്‍കാമെന്ന് പ്രതി വിശ്വസിപ്പിച്ചതിനാല്‍ ബുക്കിംഗ് തുക അയക്കാന്‍ ഡല്‍ഹി സ്വദേശി തീരുമാനിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ശേഷം ഇലക്ട്രിക് സ്‌കൂട്ടറിന്റെ മുഴുവന്‍ തുകയും പ്രതി ഇരയില്‍ നിന്ന് വാങ്ങിയെടുത്തു. ഒരാഴ്ചക്കുള്ളില്‍ ഓല ഇലക്ട്രിക് സ്‌കൂട്ടര്‍ ഡെലിവറി ചെയ്തു തരാമെന്ന് വാഗ്ദാനം ചെയ്താണ് പണം വാങ്ങിയത്. 80,999 രൂപയാണ് തട്ടിയത്. ഓലയുടെ എന്‍ട്രി ലെവല്‍ ഇലക്ട്രിക് സ്‌കൂട്ടറായ ഓല S1 എയര്‍ സമാനമായ തുകക്കാണ് വില്‍ക്കുന്നത്. 84,999 രൂപയാണ ഓല S1 എയര്‍ ഇലക്ട്രിക് സ്‌കൂട്ടറിന്റെ വില.
ബെംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇവി സ്റ്റാര്‍ട്ടപ്പിന്റെ മോഡല്‍ നിരയിലുള്ള ഏറ്റവും താങ്ങാനാവുന്ന ഓഫറിംഗാണ് ഓല S1 എയര്‍. ഇതിന് പുറമെ S1, S1 പ്രോ എന്നീ പ്രീമിയം ഇലക്ട്രിക് സ്‌കൂട്ടറുകളും ഓല വിപണിയില്‍ എത്തിക്കുന്നുണ്ട്. ഒരു ലക്ഷം രൂപ മുതലാണ് ഓല S1 ഇലക്ട്രിക് സ്‌കൂട്ടറിന്റെ എക്‌സ് ഷോറൂം വില ആരംഭിക്കുന്നത്. ഓല S1 പ്രോയുടെ എക്‌സ്‌ഷോറൂം വില 1.24 ലക്ഷം രൂപ മുതല്‍ ആരംഭിക്കുന്നു.
ഇവിക്കായി പണമടച്ചതിന്റെ രസീത് നല്‍കാതിരുന്നതോടെയാണ് ഓണ്‍ലൈന്‍ ഡീലറെ കുറിച്ച് ഡല്‍ഹി സ്വദേശിക്ക് സംശയം തോന്നിയത്. ഇതിനൊപ്പം കൂടുതല്‍ പണം ആവശ്യപ്പെട്ടത് സംശയം ഇരട്ടിയാക്കിയതോടെ അദ്ദേഹം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. രാജേന്ദ്ര ശിവ്റാം പാണ്ഡ എന്നയാളുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്കാണ് പണം അയച്ചിരുന്നത്. ഈ ബാങ്ക് അക്കൗണ്ടിന്റെ പിറകില്‍ അന്വേഷിച്ചാണ് ദ്വാരക ഡെപ്യൂട്ടി കമീഷണര്‍ എം ഹര്‍ഷവര്‍ധന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ വലയിലാക്കിയത്.
ബാങ്ക് അക്കൗണ്ടിലെ മേല്‍വിലാസം വെച്ച് മഹാരാഷ്ട്രയിലെ താനെയിലെ ഡോംബിവാലി ഈസ്റ്റില്‍ ശനിയാഴ്ച പൊലീസ് നടത്തിയ തെരച്ചിലില്‍ പ്രതി പിടിയിലാവുകയായിരുന്നു. ഉപഭോക്താക്കളെ കബളിപ്പിച്ച് പണം തട്ടിയെടുക്കാനായി ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വ്യാജ പരസ്യങ്ങള്‍ നിര്‍മിച്ചതായും ചോദ്യം ചെയ്യലില്‍ പ്രതി പൊലീസിനോട് സമ്മതിച്ചു. രാഘവ് വര്‍മ എന്ന പേര് സ്വീകരിച്ചായിരുന്നു ഡീലറെന്ന വ്യാജേന 25-കാരന്റെ തട്ടിപ്പ്.
കമ്പനി പറയുന്നതിലും വേഗത്തില്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഡെലിവറി ചെയ്യാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു ഇയാള്‍ ഇരകളെ വീഴ്ത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഓല ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങാന്‍ പദ്ധതിയുള്ള ആളാണ് നിങ്ങളെങ്കില്‍ കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ എക്‌സ്പീരിയന്‍സ് സെന്ററുകള്‍ വഴിയോ വാഹനം വാങ്ങാന്‍ ശ്രമിക്കുക. ഓലയുടെ വെബ്‌സൈറ്റിന് സമാനമായ വെബ്‌സൈറ്റുകള്‍ ഡിസൈന്‍ ചെയ്ത് വരെ പണം തട്ടുന്നുണ്ട്. അതിനാല്‍ അതീവ ജാഗ്രത പാലിക്കുക.


Click it and Unblock the Notifications








