ഇരുട്ടടിയുമായി ഓലയും; ഇലക്ട്രിക് സ്‌കൂട്ടർ വാങ്ങുന്നത് ഇനി അത്ര എളുപ്പമാവില്ല
രാജ്യത്ത് ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതിയാണ് ഫെയിം (FAME). ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ചറിംഗ് ഓഫ് ഇലക്ട്രിക് ഹൈബ്രിഡ് വെഹിക്കിള്‍സ് ഇന്‍ ഇന്ത്യ എന്നതാണ് ഇതിന്റെ പൂര്‍ണരൂപം. ഫെയിം II പദ്ധതി പ്രകാരം നല്‍കി വന്നിരുന്ന സബ്‌സിഡി കേന്ദ്രം അടുത്തിടെയാണ് വെട്ടിക്കുറച്ചത്.
ഇത് പ്രാബല്യത്തില്‍ വരാന്‍ ഇനി മണിക്കൂറുകള്‍ മാത്രമേ ബാക്കിയുള്ളൂ. ഇതിന്റെ ഭാഗമായി ഇലക്ട്രിക് വാഹന നിര്‍മാതാക്കള്‍ പതിയെ വില വര്‍ധനവ് പ്രഖ്യാപിച്ചിരിക്കുകയാണ്. രാജ്യത്തെ പ്രമുഖ ഇലക്ട്രിക് വാഹന സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ഏഥര്‍ എനര്‍ജി നേരത്തെ വിലവര്‍ധനവ് പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ ഇന്ത്യയിലെ നമ്പര്‍ വണ്‍ ഇലക്ട്രിക് ടൂവീലര്‍ നിര്‍മാതാക്കളായ ഓലയും വില കൂട്ടിയിരിക്കുകയാണ്.

S1, S1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വിലയാണ് ഓല പുനര്‍നിര്‍ണയിച്ചത്. എന്നാല്‍ എന്‍ട്രി ലെവല്‍ ഇവിയായ ഓല S1 എയറിനെ വില വര്‍ധനവ് ബാധിക്കില്ല. 15,000 രൂപ വരെയാണ് വില വര്‍ധന. പരിസ്ഥിതി സൗഹൃദ വാഹനങ്ങളുടെ ഉല്‍പ്പാദനവും വില്‍പനയും പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ 2015-ലാണ് ഫെയിം പദ്ധതി അവതരിപ്പിച്ചത്. 2019 ഏപ്രില്‍ ഒന്നിന് ആരംഭിച്ച ഫെയിമിന്റെ രണ്ടാം ഘട്ടം 2024 മാര്‍ച്ച് 31 ന് അവസാനിക്കാനിരിക്കുകയാണ്.
അതിനിടെയാണ് ഫെയിം II പദ്ധതി പ്രകാരം ഇലക്ട്രിക് ടൂവീലറുകള്‍ക്ക് നല്‍കിവരുന്ന സബ്‌സിഡി നിലവിലുള്ള kWh-ന് 15,000 രൂപയില്‍ നിന്ന് 10,000 രൂപയായി കുറക്കാന്‍ പോകുകയാണെന്ന് കേന്ദ്രം പ്രഖ്യാപിച്ചത്. സബ്‌സിഡിയുടെ പരമാവധി പരിധി 40 ശതമാനത്തില്‍ നിന്ന് 15 ശതമാനമായി പരിമിതപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഓലയിലേക്ക് തിരിച്ചു വന്നാല്‍ മിഡ്-സ്‌പെക്ക് S1 സ്‌കൂട്ടറിന് 2kWh ബാറ്ററിയും 3kWh യൂണിറ്റുമുള്ള രണ്ട് വേരിയന്റുകളാണുള്ളത്.

ചെറിയ ബാറ്ററി പായ്ക്കുമായി വരുന്ന വേരിയന്റ് കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇപ്പോള്‍ ലിസ്റ്റ് ചെയ്തിട്ടില്ല. ഫെയിം സബ്‌സിഡി ഉള്‍പ്പെടെ 2kWh ബാറ്ററി പായ്ക്കുമായി വരുന്ന ഓല S1 ഇലക്ട്രിക് സ്‌കൂട്ടറിന് 99,999 രൂപയായിരുന്നു എക്‌സ്‌ഷോറൂം വില വന്നിരുന്നത്. നേരത്തെ 1.15 ലക്ഷം രൂപയായിരുന്നു 3kWh ബാറ്ററി പായ്ക്ക് സജ്ജീകരിച്ചെത്തുന്ന ഓല S1 ഇലക്ട്രിക് സ്‌കൂട്ടറിന്റെ വില.
എന്നാല്‍ ഇപ്പോള്‍ ഇവിയുടെ വില 15,000 രൂപ വര്‍ധിച്ച് 1.30 ലക്ഷം രൂപയായി. ഓലയുടെ ടോപ് സ്‌പെക് ഇലക്ട്രിക് സ്‌കൂട്ടറായ S1 പ്രോക്കും 15,000 രൂപയാണ് കൂടുന്നത്. ഫലത്തില്‍ 1.40 ലക്ഷം രൂപയായി ഓല S1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറിന്റെ വില. എന്‍ട്രി ലെവല്‍ മോഡലായ ഓല S1 എയര്‍ 2kWh, 3kWh, 4kWh ബാറ്ററി പായ്ക്കുകളുമായാണ് എത്തുന്നത്.

84999, 99999, 1.10 ലക്ഷം രൂപ എന്നിങ്ങനെയാണ് ഈ വേരിയന്റുകളുടെ വില വരുന്നത്. ഇവയുടെ വിലയില്‍ മാറ്റമില്ല. ചെറിയ ബാറ്റി പായ്ക്കുമായി എത്തുന്ന ഓല S1 എയര്‍ 85 കിലോമീറ്റര്‍ റേഞ്ചാണ് വാഗ്ദാനം ചെയ്യുന്നത്. 3kWh ബാറ്ററി പായ്ക്ക് 125 കിലോമീറ്ററും വലിയ ബാറ്ററി പായ്ക്ക് 165 കിലോമീറ്ററും റേഞ്ച് വാഗ്ദാനം ചെയ്യുന്നു. ജൂലൈയില്‍ S1 എയറിന്റെ ഡെലിവറി ആരംഭിക്കും.
ഓലയും ഏഥറുമടക്കം മുന്‍നിര ഇവി നിര്‍മാതാക്കള്‍ വില വര്‍ധനവ് പ്രഖ്യാപിച്ചപ്പോള്‍ അതില്‍ നിന്ന് വ്യത്യസ്തമായ നിലപാട് സ്വീകരിച്ചിരിക്കുകയാണ് ഹീറോ ഇലക്ട്രിക്. സബ്സിഡി കുറച്ചാലും തങ്ങള്‍ ഇവികള്‍ക്ക് വില കൂട്ടില്ലെന്നാണ് ഹീറോ ഇലക്ട്രിക്കിന്റെ നിലപാട്. ഇതിലൂടെ ഉപഭോക്താക്കളോടുള്ള തങ്ങളുടെ പ്രതിബദ്ധത ഒരിക്കല്‍ കൂടി തെളിയിക്കുയാണ് ഹീറോ ഇലക്ട്രിക്.
ഫെയിം II സബ്‌സിഡി വെട്ടിക്കുറച്ച സാഹചര്യത്തിലും ഇലക്ട്രിക് ടൂവീലറുകള്‍ ജനകീയമാക്കുന്നതിനും അവയുടെ ഉടമസ്ഥാവകാശ ചെലവുകള്‍ സംബന്ധിച്ച തെറ്റിദ്ധാരണകള്‍ ഇല്ലാതാക്കുന്നതിനുമുള്ള ദൗത്യത്തില്‍ കമ്പനി ഉറച്ചുനില്‍ക്കുകയാണെന്ന് അവര്‍ പ്രഖ്യാപിച്ചു. ഇലക്ട്രിക് വാഹനങ്ങളുടെ സ്വീകാര്യത ത്വരിതപ്പെടുത്തുന്നതില്‍ അവയുടെ വില ഒരു പ്രധാന പങ്ക് വഹിക്കുന്നുവെന്നും വില സ്ഥിരത നിലനിര്‍ത്തുന്നത് ഈ ലക്ഷ്യം കൈവരിക്കുന്നതിനുള്ള നിര്‍ണായക ചുവടുവെപ്പാണെന്ന് തങ്ങള്‍ വിശ്വസിക്കുന്നതായും ഹീറോ ഇലക്ട്രിക് വ്യക്തമാക്കി.


Click it and Unblock the Notifications








