മാര്‍ച്ചില്‍ വിറ്റത് 27000 ഇലക്ട്രിക് സ്‌കൂട്ടറുകള്‍! തൊടാന്‍ പറ്റാത്ത ഉയരത്തിലേക്ക് ഓല
സമീപകാലത്ത് ഇന്ത്യന്‍ ഇലക്ട്രിക് വാഹന സ്‌പെയ്‌സില്‍ ഇന്ദ്രജാലം തീര്‍ത്ത കമ്പനി ഏതെന്ന് ചോദിച്ചാല്‍ ഓല ഇലക്ട്രിക് എന്നാകും ഉത്തരം. ഓരോ മാസവും വില്‍പ്പന കണക്കുകള്‍ കൊണ്ട് മായാജാലം തീര്‍ക്കുകയാണ് ഇവി സ്റ്റാര്‍ട്ടപ്പ് കമ്പനി. സാമ്പത്തിക വര്‍ഷത്തിലെ അവസാന മാസം റെക്കോഡ് വില്‍പ്പന നേടിയാണ് ഓല ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്.
2023 മാര്‍ച്ചിലെ വില്‍പ്പന കണക്കുകളാണ് ഓല ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ മാസം ഓല 27,000 യൂണിറ്റ് വില്‍പ്പനയാണ് നേടിയിരിക്കുന്നത്. ഓലയുടെ ഏറ്റവും വലിയ പ്രതിമാസ വില്‍പ്പന കണക്കാണിത്. ഇതോടെ ഓലയുടെ വിപണി വിഹിതം 30 ശതമാനത്തിലേറെയായതായി കമ്പനി അറിയിച്ചു. ഒപ്പം തന്നെ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ശ്രദ്ധേയമായ വില്‍പ്പനയാണ് ഓലക്ക് നേടാനായത്.

രണ്ട് ലക്ഷത്തിലധികം വാഹനങ്ങള്‍ ചില്ലറ വില്‍പ്പന നടത്തി കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന് ഗംഭീരമായി അവസാനം കുറിക്കാനും ബെംഗളൂരു ആസ്ഥാനമായുള്ള കമ്പനിക്ക് സാധിച്ചു. ഇന്ത്യന്‍ ഇലക്ട്രിക് വാഹന വിപണിയില്‍ കലെടുത്ത് വെച്ചയുടന്‍ ക്ലച്ച് പിടിക്കാന്‍ ഓല ഇത്തിരി പ്രയാസപ്പെട്ടു. എന്നാല്‍ അതിവേഗം ട്രാക്കില്‍ കയറിയ ഓല വിപണിയില്‍ അന്നുവരെ ഉണ്ടായിരുന്ന അതികായന്‍മാരെയെല്ലാം താഴെ ഇറക്കി സിംഹാസനം സ്വന്തമാക്കുകയായിരുന്നു.
കഴിഞ്ഞ ഏഴ് മാസം തുടര്‍ച്ചയായി ഇലക്ട്രിക് ഇരുചക്ര വാഹന വില്‍പ്പനയില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കിയത് മറ്റാരുമല്ല ഒല ഇലക്ട്രിക്കാണ്. രാജ്യത്ത് കൂടുതല്‍ എക്‌സ്പീരിയന്‍സ് സെന്ററുകള്‍ സ്ഥാപിച്ചത് ഓലയുടെ വളര്‍ച്ചക്ക് ഗുണകരമായിട്ടുണ്ടെന്ന് വേണം കരുതാന്‍. രാജ്യത്തെ ഓല എക്‌സ്പീരിയന്‍സ് സെന്റര്‍ ശൃംഖല അതിവേഗമാണ് കമ്പനി വിപുലീകരിക്കുന്നത്.

ഇതിനോടകം രാജ്യത്ത് അവര്‍ 400 എക്‌സ്പീരിയന്‍സ് സെന്ററുകള്‍ സ്ഥാപിച്ചിട്ടുണ്ട്. വെറും ആറുമാസത്തിനുള്ളിലാണ് ഈ സംഖ്യയിലേക്ക് എത്തിയതെന്ന് നോക്കണം. ഓഫ്‌ലൈനായുള്ള വില്‍പ്പന കൂട്ടാന്‍ പ്രതിദിനം 50 എക്‌സ്പീരിയന്‍സ് സെന്ററുകള്‍ തുറക്കാന്‍ പദ്ധതിയിടുന്നു. തങ്ങളുടെ 90 ശതമാനം ഉപഭോക്താക്കളും ഒരു എക്‌സ്പീരിയന്‍സ് സെന്ററിന്റെ 20 കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നുണ്ടെന്നാണ് ഓല പറയുന്നത്.
'സാമ്പത്തിക വര്‍ഷം യഥാര്‍ത്ഥത്തില്‍ ഇന്ത്യയിലെ ഇവി രംഗത്തെ സംബന്ധിച്ചിടത്തോളം നിര്‍ണായക വര്‍ഷമാണ്. വേഗത, വിട്ടുവീഴ്ചയില്ലാത്ത ഗുണനിലവാര മാനദണ്ഡങ്ങള്‍ എന്നിവയ്ക്ക് മുന്‍ഗണന നല്‍കുന്നതില്‍ ഉറച്ചുനില്‍ക്കുന്നത് വിപണിക്ക് നേതൃത്വം നല്‍കുന്നത് തുടരാന്‍ ഞങ്ങളെ സഹായിക്കുന്നു. കഴിഞ്ഞ വര്‍ഷം ഇവികളെ മുഖ്യധാരയില്‍ എത്തിക്കുന്നതില്‍ വിജയിച്ചെങ്കിലും, അടുത്ത രണ്ട് വര്‍ഷം ഇവി വിപ്ലവത്തെ മാനുഷിക തലത്തിലേക്ക് കൊണ്ടുപോകും. ഇതിന് നേതൃത്വം നല്‍കാന്‍ ഓല ഈ വിപ്ലവത്തിന്റെ മുന്‍നിരയില്‍ ഉണ്ടായിരിക്കും' ഓല സിഇഒ ഭവിഷ് അഗര്‍വാള്‍ പറഞ്ഞു.
കഴിഞ്ഞ മാസവും ഓല ഇലക്ട്രിക് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഓല തങ്ങളുടെ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് ഒരു ഫ്രീ സസ്‌പെന്‍ഷന്‍ അപഗ്രേഡ് പ്രഖ്യാപിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. ഓല ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ഫ്രണ്ട് സസ്‌പെന്‍ഷനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വലിയ പരാതികള്‍ ഉയര്‍ന്നതിന് പിന്നാലെ കമ്പനിയില്‍ നിന്നുണ്ടായ നീക്കം തിരിച്ചുവിളിക്കല്‍ പോലെ വ്യാഖ്യാനിക്കപ്പെട്ടു. എന്നിരുന്നാലും, തിരിച്ചുവിളിക്കലല്ല പകരം ഉപഭോക്തൃ താല്‍പ്പര്യം മുന്‍നിര്‍ത്തി നടത്തിയ ഒരു പ്രവര്‍ത്തിയായിരുന്നു ഇതെന്നും 'അപ്ഗ്രേഡ്' എന്ന് വിളിക്കണമെന്നും കമ്പനി ആവശ്യപ്പെട്ടു.
പ്രശ്‌നം ബാധിക്കപ്പെട്ട മോഡലുകളുടെ എണ്ണം വളരെ കുറവായതിനാല്‍ തിരിച്ചുവിളിക്കുന്നതിന് അര്‍ഹതയില്ലെന്നാണ് ഓല പറയുന്നത്. കഴിഞ്ഞ വര്‍ഷം ഒരു എന്‍ട്രി ലെവല്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ കൂടി ഓല അവതരിപ്പിച്ചിരുന്നു. ഓല S1 എയര്‍ ഈ വില കുറഞ്ഞ ഇവിയുടെ ഡെലിവറി കൂടി ആരംഭിച്ചാല്‍ ഓലയുടെ വില്‍പ്പന കണക്കുകള്‍ ഇനിയും കൂടാനാണ് സാധ്യത.

അടുത്തിടെ ഓല തങ്ങളുടെ S1 എയര്‍, S1, S1 പ്രോ മോഡലുകളിലുടനീളം 2 kWh, 3 kWh, 4 kWh ബാറ്ററി ഓപ്ഷനുകള്‍ കൊണ്ടുവന്നു. S1, S1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറുകളാണ് നിലവില്‍ നിരത്തിലുള്ളത്. എന്‍ട്രി ലെവല്‍ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബുക്കിംഗ് ആരംഭിച്ചെങ്കിലും ഡെലിവറി ഈ വര്‍ഷം ജൂലൈയില്‍ ആരംഭിക്കുമെന്നാണ് സൂചന. വേരിയന്റ് ലൈനപ്പ് പുന:ക്രമീകരിച്ചതാണ് ഓല S1 എയറിന്റെ ഡെലിവറി വൈകാന്‍ കാരണമെന്നാണ് അറിയാന്‍ കഴിഞ്ഞത്.


Click it and Unblock the Notifications








