പഴയ പെട്രോള്‍ സ്‌കൂട്ടര്‍ ഉണ്ടോ? ഓലയുമായി എക്‌സ്‌ചേഞ്ച് ചെയ്താല്‍ കിട്ടുന്നത് 45,000 രൂപ!
ഇന്ത്യയില്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഇന്ന് കൂടുതല്‍ ജനകീയമായി മാറിയിരിക്കുകയാണ്. ഓല ഇലക്ട്രിക്കിനെ പോലുള്ള കമ്പനികളോടാണ് അതിന് നന്ദി പറയേണ്ടത്. കാലങ്ങളായി ഇന്ത്യയിലെ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയില്‍ ഒന്നാം സ്ഥാനം കൈയ്യടക്കി വെച്ചിരുന്ന ഹീറോ ഇലക്ട്രിക്കിനെ ചുരുങ്ങിയ കാലത്തിനുള്ളിലാണ് ഓല താഴെ ഇറക്കിയത്.
ഇന്ന് ഓല ഇലക്ട്രിക് ഇന്ത്യയിലെ ഒന്നാം നമ്പര്‍ ഇലക്ട്രിക് ഇരുചക്രവാഹന നിര്‍മാതാക്കളാണ്. ബെംഗളൂരു ആസ്ഥാനമായുള്ള കമ്പനി 2023 ഫെബ്രുവരിയില്‍ 17,000 യൂണിറ്റുകളാണ് വിറ്റഴിച്ചത്. ഇപ്പോള്‍ വില്‍പ്പനയും വിപണി വിഹിതവും വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഹോളി ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ഇലക്ട്രിക് വാഹന സ്റ്റാര്‍ട്ടപ്പ്. ഓല ഇലക്ട്രിക്കിന്റെ ഓഫര്‍ അപ്ഡേറ്റുകളുടെ ഭാഗമായി ഓലയുടെ ജനപ്രിയ ഇലക്ട്രിക് സ്‌കൂട്ടറുകളായ ഓല S1, ഓല S1 പ്രോ എന്നിവ ഇപ്പോള്‍ കൂടുതല്‍ താങ്ങാവുന്ന വിലയില്‍ സ്വന്തമാക്കാനാകും.

കൂടാതെ, വിപുലീകൃത വാറന്റികള്‍, വില്‍പ്പനാനന്തര സബ്‌സ്‌ക്രിപ്ഷനുകള്‍ എന്നിവയടക്കം മറ്റ് സേവനങ്ങളും ഓഫറുകളില്‍ ഉള്‍പ്പെടുന്നുണ്ട്. ഇനി നമുക്ക് ഓല ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് ഹോളി ആഘോഷങ്ങളുടെ ഭാഗമായി വാഗ്ദാനം ചെയ്യുന്ന ഓഫറിന്റെ വിശദാംശങ്ങള്‍ നോക്കാം. ഹോളി ഓഫറിന്റെ ഭാഗമായി ഓല S1 ഇലക്ട്രിക് സ്‌കൂട്ടറിന് (3kWh ബാറ്ററി പായ്ക്ക്) 2,000 രൂപയാണ് ഡിസ്‌കൗണ്ട് ലഭിക്കുക. ഇതോടെ മോഡലിന്റെ വില 1.08 ലക്ഷം രൂപയായി കുറയും (എക്‌സ്‌ഷോറും).
ടോപ്പ്-സ്പെക്ക് ഓല S1 പ്രോ ഇലക്ട്രിക് സ്‌കൂട്ടര്‍ 4,000 രൂപ ഡിസ്‌കൗണ്ടില്‍ ലഭ്യമാകും. 1.26 ലക്ഷം രൂപയായിരിക്കും (എക്‌സ്‌ഷോറൂം) ഓല S1 പ്രോ ഇവി സ്വന്തമാക്കാന്‍ മുടക്കേണ്ടത്. കൂടാതെ, പഴയ പെട്രോള്‍ സ്‌കൂട്ടറുകള്‍ക്ക് 45,000 രൂപയുടെ എക്‌സ്‌ചേഞ്ച് ഓഫറുമുണ്ട്. ഈ ആകര്‍ഷകമായ ഓഫറുകള്‍ക്ക് പുറമെ, രാജ്യത്തുടനീളമുള്ള ഓലയുടെ എക്‌സ്പീരിയന്‍സ് സെന്ററുകള്‍ വഴി 6,999 രൂപ വരെ വിലയുള്ള എക്‌സ്‌ക്ലൂസീവ് ഓഫറുകളും ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും.

എന്നാല്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം എന്തെന്നാല്‍ ഓലയുടെ പുതുക്കിയ ഓഫറുകള്‍ക്ക് മാര്‍ച്ച് 8 മുതല്‍ മാര്‍ച്ച് 12 വരെ മാത്രമേ ലഭ്യമാകുകയുള്ളൂ. ഓഫറുകളുടെ ഭാഗമായി ഓല ഇലക്ട്രിക് വിപുലീകൃത വാറന്റികള്‍ക്കും ഓല കെയര്‍ പ്ലസിനും 50 ശതമാനം ഡിസ്‌കൗണ്ട് വാഗ്ദാനം ചെയ്യുന്നു. കുറഞ്ഞ പലിശ നിരക്കുകള്‍, സീറോ ഡൗണ്‍ പേയ്‌മെന്റ്, ഓല ഹൈപ്പര്‍ചാര്‍ജര്‍ നെറ്റ്വര്‍ക്കിലേക്കുള്ള സൗജന്യ ആക്‌സസ്, ഒരു വര്‍ഷത്തേക്ക് സൗജന്യ സര്‍വീസ് തുടങ്ങിയ വിലപ്പെട്ട ഓഫറുകളും കമ്പനി നേരത്തെ വാഗ്ദാനം ചെയ്തിരുന്നു.
അടുത്തിടെയാണ് ഓല ഇലക്ട്രിക് S1 ഇലക്ട്രിക് സ്‌കൂട്ടര്‍ ലൈനപ്പ് പുതുക്കിയത്. ഓല S1 എയര്‍, S1 ഇലക്ട്രിക് സ്‌കൂട്ടറിന്റെ പുതിയ വേരിയന്റ് പുറത്തിറക്കിയായിരുന്നു അത്. ഓല S1 എയര്‍ ശ്രേണിയിലുള്ള ഇലക്ട്രിക് സ്‌കൂട്ടറുകളുടെ പ്രാരംഭ വില 84,999 രൂപയായി തുടരുന്നു (എക്സ്-ഷോറൂം). 2.5 kWh ബാറ്ററി പായ്ക്കിന്റെ പകരക്കാരനായാണ് ചെറിയ ബാറ്ററി പായ്ക്ക് എത്തുന്നത്. 84,999 രൂപയില്‍ വരുന്ന ഓല S1 എയറില്‍ ഇത് ഉപയോഗിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

2.5 kWh ബാറ്ററി പായ്ക്ക് ഓപ്ഷനില്‍ ഓല S1 എയര്‍ ബുക്ക് ചെയ്തിരുന്നവര്‍ ഇപ്പോള്‍ 3 kWh ബാറ്ററി പായ്ക്കിലേക്ക് ഓട്ടോമറ്റിക്കായി അപ്‌ഗ്രേഡ് ചെയ്യപ്പെടും. അതേസമയം ഓല S1-ന്റെ 2 kWh വേരിയന്റിന്റെ വില 99,999 രൂപയാണ് (എക്സ്-ഷോറൂം). 2 kWh ബാറ്ററി പായ്ക്കുമായി വരുന്ന ഓല S1 മോഡലിന്റെ റേഞ്ച് വെറും 91 കിലോമീറ്ററായി കുറയുന്നു. കൂടാതെ ടോപ് സ്പീഡ് മണിക്കൂറില്‍ 90 കിലോമീറ്ററായി പരിമിതപ്പെടുത്തിയിരിക്കുന്നു.
2 kWh ബാറ്ററി പായ്ക്കുമായി എത്തുന്ന ഓല S1 എയറിന്റെ ബുക്കിംഗ് നേരത്തെ ആരംഭിച്ചിരുന്നു. ഓല S1 എയര്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഇപ്പോള്‍ ബുക്ക് ചെയ്യാമെങ്കിലും ഡെലിവറി ഈ വര്‍ഷം മധ്യത്തോടെ മാത്രമേ ഉണ്ടാകൂ എന്നാണ് വിവരം. 2023 ജൂലൈയില്‍ ഇവി ഉപഭോക്താക്കളിലേക്കെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വേരിയന്റുകള്‍ പുതുക്കിയത് കാരണമാണ് ഡെലിവറി മൂന്ന് മാസം വൈകുന്നതെന്നാണ് ഓല വ്യക്തമാക്കുന്നത്.
പുത്തന്‍ ഓഫറുകള്‍ കൂടി നല്‍കുന്നതോടെ ഈ മാസം ഓല S1, ഓല S1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വില്‍പ്പനയില്‍ ഗണ്യമായ വളര്‍ച്ചയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. തല്‍ഫലമായി ഇലക്ട്രിക് ടൂവീലര്‍ സെഗ്മെന്റില്‍ നിലനിര്‍ത്തിപ്പോരുന്ന ആധിപത്യം ഊട്ടിയുറപ്പിക്കാന്‍ ഓല ഇലക്ട്രിക്കിന് സാധിച്ചേക്കും.


Click it and Unblock the Notifications








