ചാര്‍ജറിന്റെ പേരില്‍ വാങ്ങിയ പണം തിരിച്ചുനല്‍കാന്‍ ഓല; കാരണം അറിയണോ?
രാജ്യത്തെ ഇലക്ട്രിക് വാഹന നിര്‍മാതാക്കള്‍ക്ക് സര്‍ക്കാറുകള്‍ നിറഞ്ഞ പിന്തുണയും സഹായവുമാണ് നല്‍കിവരുന്നത്. ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ചറിംഗ് ദ ഇലക്ട്രിക് വെഹിക്കിള്‍സ് (FAME) പദ്ധതിക്ക് കീഴില്‍ നിര്‍മാതാക്കള്‍ക്ക് സര്‍ക്കാര്‍ സഹായം ലഭിക്കുന്നു. എന്നാല്‍ അടുത്ത കാലത്തായി നിരവധി നിര്‍മാതാക്കള്‍ ഫെയിം പദ്ധതിയുടെ ആനുകൂല്യങ്ങള്‍ കൈപ്പറ്റാനായി കൃത്രിമം കാണിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ഇപ്പോള്‍ തങ്ങളുടെ വാഹനങ്ങളോടൊപ്പം ചാര്‍ജിംഗ് ആക്സസറികള്‍/ ഓഫ്ബോര്‍ഡ് ചാര്‍ജറുകള്‍ വാങ്ങിയ ഉപഭോക്താക്കള്‍ക്ക് 130 കോടി രൂപ തിരികെ നല്‍കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് രാജ്യത്തെ ഒന്നാം നമ്പര്‍ ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കളായ ഓല ഇലക്ട്രിക്. ഫെയിം പദ്ധതി മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് അധിക വിലയ്ക്ക് ആക്സസറികള്‍ വില്‍ക്കുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ നീക്കം.

ചാര്‍ജറുകളും സോഫ്റ്റ്വെയറും പോലുള്ള അവിഭാജ്യ ഘടകങ്ങള്‍ വാഹനത്തിന്റെ വിലയേക്കാള്‍ കൂടുതലായി ആക്സസറികളാക്കി വില്‍ക്കാന്‍ പാടില്ലെന്നാണ് ഫെയിം പദ്ധതി ചട്ടങ്ങള്‍ നിര്‍ദേശിക്കുന്നത്. വാഹന വില പരിധിക്കുള്ളില്‍ തുടരുന്നുവെന്ന് ഉറപ്പാക്കുന്നതിനും ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നത് പ്രോത്സാഹിപ്പിക്കുന്നതിനുമായിരുന്നു ഇത്. ചട്ടങ്ങള്‍ ലംഘിക്കുന്നുവെന്ന കാരണം കൊണ്ട് സര്‍ക്കാറിന് ഫെയിം പദ്ധതികള്‍ പ്രകാരം നല്‍കുന്ന സബ്‌സിഡി തടഞ്ഞുവെക്കാം.
S1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഓഫ് ബോര്‍ഡ് ചാര്‍ജറുകള്‍ ആക്‌സസറി എന്ന പേരില്‍ 9,000 മുതല്‍ 19,000 രൂപ വരെ വിലയിലാണ് വിറ്റത്. 130 കോടി രൂപയിലധികമാണ് ഇത്തരത്തില്‍ ഓലയുടെ പോക്കറ്റിലായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹെവി ഇന്‍ഡസ്ട്രീസ് മന്ത്രാലയം നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലുകള്‍ അംഗീകരിച്ച ഓല പണം റീഫണ്ട് ചെയ്യാമെന്ന് സമ്മതിച്ചതായി സിഎന്‍ബിസി ടിവി 18 റിപ്പോര്‍ട്ട് ചെയ്തു.

2019-20 സാമ്പത്തിക വര്‍ഷം മുതല്‍ 2023 മാര്‍ച്ച് 30 വരെ ജനറേറ്റുചെയ്ത ബില്ലിംഗുകള്‍ക്ക് പണം തിരികെ ലഭിക്കുന്നതാണ്. ചാര്‍ജറിന് ഈടാക്കിയ പണം തിരികെ നല്‍കാന്‍ കമ്പനി തീരുമാനിച്ചത് ഗുണകരമാണ്. ഇത് കൂടുതല്‍ ആളുകളെ ഇലക്ട്രിക് വാഹനങ്ങളിലേക്ക് അടുപ്പിക്കും. സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് സാമ്പത്തിക സഹായം നേടിയെടുക്കുന്ന കമ്പനികള്‍ക്ക് താക്കീത് കൂടിയാകും സംഭവം.
ഉപഭോക്താക്കള്‍ക്ക് പണം തിരികെ നല്‍കാനുള്ള ഓല ഇലക്ട്രിക്കിന്റെ തീരുമാനം ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലുള്ള ഒരു ശരിയായ ചുവടുവെപ്പാണ്. ഫെയിം മാര്‍ഗനിര്‍ദേശങ്ങളുടെ ലംഘനങ്ങള്‍ക്കെതിരെ അധികാരികള്‍ കണ്ണടക്കുകയില്ലെന്നും സ്വന്തം പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫലം അനുഭവിക്കേണ്ടി വരുമെന്ന് മറ്റ് നിര്‍മാതാക്കള്‍ക്ക് ഒരു പാഠം കൂടിയാണ് ഈ സംഭവം. ഇവികളിലേക്കുന്ന മാറ്റം സുഖമവും വിജയകരവുമാക്കാന്‍ നിര്‍മാതാക്കള്‍ സര്‍ക്കാര്‍ ചട്ടങ്ങള്‍ നിര്‍ബന്ധമായും പാലിക്കേണ്ടതുണ്ട്.

2023 ഏപ്രിലില്‍ തങ്ങള്‍ 30,000 ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വിറ്റഴിച്ചതായി ഓല ഇലക്ട്രിക് അവകാശപ്പെട്ടു. ഇലക്ട്രിക് ഇരുചക്ര വാഹന വിഭാഗത്തില്‍ 40 ശതമാനം വിപണി വിഹിതം തങ്ങള്‍ കൈപ്പിടിയിലാക്കിയതായി ഓല ചൊവ്വാഴ്ച അറിയിച്ചു. ഓല S1 എയര്‍, ഓല S1, ഓല S1 പ്രോ എന്നിങ്ങനെ മൂന്ന് ഇവികളാണ് ഓല ഓഫര്‍ ചെയ്യുന്നത്.
85,000 രൂപ മുതല്‍ S1 എയറിന്റെ വില ആരംഭിക്കുമ്പോള്‍ 1 ലക്ഷം രൂപ മുതലാണ് S1-ന്റെ വില തുടങ്ങുന്നത്. തുടര്‍ച്ചയായ എട്ട് മാസവും രാജ്യത്തെ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ തങ്ങള്‍ക്ക് സാധിച്ചതായും ഓല വ്യക്തമാക്കി. രാജ്യത്താകമാനം എക്‌സ്പീരിയന്റ് സെന്ററുകള്‍ സ്ഥാപിച്ചാണ് ഓല ബിസിനസ് വളര്‍ത്തുന്നത്. ഉടന്‍ തന്നെ 500 എക്‌സ്പീരിയന്‍സ് സെന്റുകള്‍ പൂര്‍ത്തിയാക്കുമെന്നും ഓഗസ്റ്റില്‍ 1,000 ഷോറൂമുകള്‍ എന്ന ലക്ഷ്യം കൈവരിക്കാനാണ് പദ്ധതി.


Click it and Unblock the Notifications








