ഇനി എങ്ങോട്ടും കണ്ണൂംപൂട്ടി കുതിക്കാം; ഓല ഇലക്ട്രിക് സ്‌കൂട്ടറില്‍ വമ്പന്‍ അപ്‌ഡേറ്റുകള്‍
ഇന്ത്യയിലെ ഒന്നാം നമ്പര്‍ ഇലക്ട്രിക് ടൂവീലര്‍ നിര്‍മാതാക്കളായ ഓല ഇലക്ട്രിക്കിന്റെ (Ola Electric) Move OS4 സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റിന്റെ ബീറ്റ പതിപ്പ് അപ്ഡേറ്റ് ഉപഭോക്താക്കള്‍ക്ക് ലഭ്യമായി തുടങ്ങി. കഴിഞ്ഞ മാസം 15-ന് കസ്റ്റമര്‍ ഡേ ഇവന്റില്‍ കമ്പനി പുതിയ അപ്‌ഡേറ്റ് പരിചയപ്പെടുത്തിയിരുന്നു.
നിരവധി പുത്തന്‍ ഫീച്ചറുകളുമായി വരുന്ന പുത്തന്‍ അപ്‌ഡേറ്റ് ചില ഉപഭോക്താക്കള്‍ക്ക് സെപ്റ്റംബര്‍ 15 മുതല്‍ ലഭ്യമായി തുടങ്ങിയിരുന്നു. ഇതിന്റെ ബീറ്റ പതിപ്പ് സംബന്ധിച്ച് സുപ്രധാന വിവരങ്ങള്‍ ചില ഉപഭോക്താക്കള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. അവ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ഇലക്ട്രിക് വാഹന സ്റ്റാര്‍ട്ടപ്പാണ് ഓല. നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വില്‍ക്കുന്നത് ഓലയാണ്.

പ്രതിമാസം 20,000 യൂണിറ്റിനടുത്തായിരുന്നു ഓലയുടെ വില്‍പ്പന. സബ്‌സിഡി വെട്ടിക്കുറച്ചതിനെ തുടര്‍ന്ന് വില്‍പ്പന കുറച്ച് കുറഞ്ഞെങ്കിലും സേഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റും പുത്തന്‍ ലോഞ്ചുകളും വഴി പ്രതിസന്ധി മറികടക്കാമെന്നാണ് അവരുടെ പ്ലാന്‍. ഉപഭോക്താക്കള്‍ക്ക് ആവശ്യമായ സേവനങ്ങളും സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായാ ഇലക്ട്രിക് സ്‌കൂട്ടറുകളിലെ ഓപറേറ്റിംഗ് സിസ്റ്റങ്ങള്‍ കമ്പനി കാലാനുസൃതമായി പരിഷ്‌കരിക്കുന്നു.
നാലാം തലമുറ അപ്ഡേറ്റിനാണ് MoveOS ഇപ്പോള്‍ വിധേയമാകുന്നത്. ഒരു മാസം മുമ്പ് നടത്തിയ പ്രഖ്യാപനം പോലെ തന്നെ സെപ്റ്റംബര്‍ 15 മുതല്‍ ഓല ഉപഭോക്താക്കള്‍ക്കായി MoveOS4 ബീറ്റ പതിപ്പ് ലഭിച്ച് തുടങ്ങി. അടുത്ത മാസം സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് ഔദ്യോഗികമായി ലഭ്യമായി തുടങ്ങും. ഒരു പുതിയ മാപ്പ് നാവിഗേഷന്‍ സിസ്റ്റം അവതരിപ്പിച്ചതാണ് സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റിലെ പ്രധാന മാറ്റങ്ങളില്‍ ഒന്ന്.

ഓല മാപ്പ്‌മൈഇന്ത്യ നാവിഗേഷന്‍ ടൂളിന് പുറമെയാണ് ഇന്‍ബില്‍റ്റ് നാവിഗേഷന്‍ ടൂള്‍ അവതരിപ്പിച്ചിരിക്കുന്നത്. വാഹനങ്ങളില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ച് വരുന്ന സോഫ്റ്റ്‌വെയറായ ഗൂഗിള്‍ മാപ്പസിനുള്ള ഇന്ത്യന്‍ നിര്‍മിത പകരക്കാരനാണ് ഓല മാപ്‌സ്. നേരത്തെ ഓലയിലുാ ഗൂഗിള്‍ മാപ്സ് ഉപയോഗിച്ചിരുന്നു. ഈ നാവിഗേഷന്‍ സോഫ്റ്റ്‌വെയര്‍ നിങ്ങളുടെ ലക്ഷ്യസ്ഥാനത്തിന് ചുറ്റുമുള്ള പ്രദേശം, ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാന്‍ കണക്കാക്കിയ സമയം, റൂട്ടില്‍ പ്രശ്നമുണ്ടെങ്കില്‍ ബദല്‍ റൂട്ട് തിരഞ്ഞെടുക്കാനുള്ള ഓപ്ഷന്‍ എന്നിവ സജ്ജീകരിച്ചിരിക്കുന്നതിനാല്‍ യാത്രകള്‍ കൂടുതല്‍ ആയാസകരമാകും.
ജിയോ-അനലിറ്റിക്‌സ് സൊല്യൂഷന്‍ പ്രൊവൈഡറായ ജിയോസ്പോക്ക് ഏറ്റെടുത്തതിന് ശേഷമാണ് ഇവി നിര്‍മാതാക്കള്‍ സ്വന്തമായി നിര്‍മിച്ച് നാവിഗേഷന്‍ ആപ്പ് ലോഞ്ച് ചെയ്തത്. നാവിഗേഷന്‍ ഫീച്ചര്‍ കൊണ്ടുവരാന്‍ ഓല മാപ്സ് ഉപഗ്രഹ ചിത്രങ്ങളും ഗ്രൗണ്ടിലെ നെറ്റ്വര്‍ക്കില്‍ നിന്നുള്ള വിഷ്വല്‍ ഫീഡുകളും ഉപയോഗിക്കുന്നു. ഓല മാപസ്‌സ് കൂടാതെ പുത്തന്‍ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റില്‍ ചില സവിശേഷ ഫീച്ചറുകളും ഓല അവതരിപ്പിച്ചു.
അവയില്‍ പ്രധാനം അഡ്വാന്‍സ്ഡ് സ്‌കൂട്ടര്‍ കണ്‍ട്രോള്‍ ആണ്. റൈഡറുടെ താപനില നിരീക്ഷിക്കല്‍, ഹില്‍ ഡിസന്റ് കണ്‍ട്രോള്‍, കണ്‍സേര്‍ട്ട് മോഡ്, റൈഡര്‍ ബൈക്കില്‍ നിന്ന് വീണാല്‍ അലേര്‍ട്ട് ചെയ്യല്‍ എന്നീ സൗകര്യങ്ങളും അപ്‌ഡേറ്റില്‍ വരുന്നു. ഇവ കൂടാതെ ബയോമെട്രിക് ആപ്പ്‌ലോക്ക്, എക്കോ മോഡിലെ ക്രൂയിസ് കണ്‍ട്രോള്‍ എന്നിവയും മറ്റ് പ്രധാന സവിശേഷതകളാണ്. ആപ്ലിക്കേഷന്‍ ഓപണ്‍ ചെയ്യാനായി റൈഡറുടെ വിരലടയാളമോ മുഖമോ ആവശ്യമായി വരുന്നതാണ് ബയോമെട്രിക് ആപ്പ് ലോക്ക്.
ഓല ഇലക്ട്രിക് സ്‌കൂട്ടറില്‍ പുതിയ അപ്ഡേറ്റ് വഴി ഓരോ ഇവി ഉടമയുടെയും മുന്‍ഗണനകള്‍ അനുസരിച്ച് പ്രോക്സിമിറ്റി കണ്‍ട്രോള്‍ സജ്ജീകരിക്കാനുള്ള ഓപ്ഷനുമുണ്ട്. ഓട്ടോമാറ്റിക് ടേണ്‍ ഇന്‍ഡിക്കേറ്റര്‍ കട്ട് ഓഫ്, പുതിയ ട്രിപ്പ് മീറ്റര്‍, കോളിനും മ്യൂസിക്കിനുള്ള ഹെഡ്ഫോണ്‍ കണ്‍ട്രോള്‍, ടെക്ക് മീ ഹോം ലൈറ്റുകള്‍, ഫേവറൈറ്റ് കോണ്‍ടാക്റ്റുകള്‍ മാത്രം സേവ് ചെയ്യാനുള്ള ഓപ്ഷന്‍ എന്നിവയും പുതിയ അപ്‌ഡേറ്റില്‍ ലഭിക്കുന്ന സവിശേഷതകളാണ്.
ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററില്‍ ഡാര്‍ക്ക് മോഡ് ഫീച്ചറും ഇതിലുണ്ട്. മള്‍ട്ടി-ലെവല്‍ വെഹിക്കിള്‍ റീജനറേഷന്‍, വെക്കേഷന്‍ മോഡ് എന്നിവയുമായി പുതുതായി വാഗ്ദാനം ചെയ്തിട്ടുണ്ട്. ബീറ്റ പതിപ്പില്‍ മാത്രം ലഭ്യമാകുന്ന ഈ അപ്‌ഡേറ്റുകള്‍ അടുത്ത മാസം മുതല്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. Move OS 4 വരുന്നതോടെ ഒട്ടനവധി സവിശേഷതകളാണ് ഇവി മുതലാളിമാര്‍ക്ക് കിട്ടാന്‍ പോകുന്നത്. അതിനാല്‍ തന്നെ ഉപഭോക്തൃ താല്‍പര്യങ്ങള്‍ കണ്ടറിഞ്ഞ് സോഫ്റ്റ്‌വെയര്‍ പരിഷ്‌കരിക്കുന്ന ഓല ഇതിലൂടെ കസ്റ്റമേഴ്‌സിന്റെ ഇഷ്ടം നേടിയെടുക്കുന്നു.


Click it and Unblock the Notifications








