ഓലയുടെ ഏറ്റവും കുറഞ്ഞ വിലയുള്ള മോഡല്‍ നാളെയെത്തും; മത്സരം ഇനി വേറെ റേഞ്ച്
ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയില്‍ മത്സരം കൊഴുക്കുന്നതോടെ മാര്‍ക്കറ്റിലെ മേധാവിത്തം നിലനിര്‍ത്താന്‍ മുന്‍നിര കമ്പനികള്‍ പുത്തന്‍ തന്ത്രങ്ങള്‍ മെനയുകയാണ്. അതിന്റെ ഭാഗമായി ഒന്നാം നമ്പര്‍ കമ്പനിയായ ഓല ഇലക്ട്രിക്കിന്റെ സുപ്രധാന ഇവന്റ് നാളെ അരങ്ങേറാന്‍ പോകുകയാണ്. തങ്ങളുടെ ഏറ്റവും താങ്ങാവുന്ന ഓഫറിംഗായ ഓല S1 എയറിന്റെ പര്‍ച്ചേസ് വിന്‍ഡോയും നാളെ തുറക്കുകയാണ്.
ഇതിനൊപ്പം ചില വമ്പന്‍ പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കുന്നതിനാല്‍ ഇവി ആരാധകര്‍ വമ്പന്‍ പ്രതീക്ഷയോടെയാണ് ഇത് നോക്കിക്കാണുന്നത്. കഴിഞ്ഞ വര്‍ഷം ഒക്‌ടോബറിലാണ് ഓല എന്‍ട്രി ലെവല്‍ ഇലക്ട്രിക് സ്‌കൂട്ടറായ S1 എയര്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഇവിയുടെ ഡെലിവറി പല കാരണങ്ങളാല്‍ നീണ്ടുപോകുകയായിരുന്നു. അവതരണം കഴിഞ്ഞ് 9 മാസങ്ങള്‍ക്ക് ശേഷമാണ് പര്‍ച്ചേസ് വിന്‍ഡോ ഓപണ്‍ ചെയ്യുന്നതെന്ന് ഓര്‍ക്കണം.

എന്നാല്‍ ഓലയുടെ ഏറ്റവും കുറഞ്ഞ വിലയിലുള്ള ഇലക്ട്രിക് സ്‌കൂട്ടറിനെ കുറിച്ചുള്ള സുപ്രധാന വിവരങ്ങള്‍ എല്ലാം ഇതിനകം പുറത്ത് വന്ന് കഴിഞ്ഞു. ഇലക്ട്രിക് സ്‌കൂട്ടറിന്റെ ലോഞ്ചിന് മുന്നോടിയായി ഇതിനെ കുറിച്ച് നമുക്ക് അറിയാവുന്ന കാര്യങ്ങള്‍ എന്തെല്ലാമാണെന്ന് നമുക്ക് നോക്കാം. മൂന്ന് ബാറ്ററി പായ്ക്കുകളോടെയായിരുന്നു ഓല S1 എയര്‍ പ്രഖ്യാപിച്ചിരുന്നത്.
എന്നാല്‍ നിലവില്‍ 3 kWh ബാറ്ററി പായ്ക്കില്‍ മാത്രമാണ് മോഡല്‍ വാഗ്ദാനം ചെയ്യുന്നത്. ഏറ്റവും കൂടുതല്‍ ഡിമാന്‍ഡ് 3kWh ബാറ്ററി പായ്്ക്കിനായതിനാല്‍ മറ്റുള്ളവ പിന്‍വലിക്കാന്‍ കമ്പനി തീരുമാനിക്കുകയായിരുന്നു. ഫുള്‍ ചാര്‍ജില്‍ 125 കിലോമീറ്റര്‍ റൈഡിംഗ് റേഞ്ച് ആണ് ഇവിക്ക് ബെംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇവി സ്റ്റാര്‍ട്ടപ്പ് വാഗ്ദാനം ചെയ്യുന്നത്.

എന്നാല്‍ ബാറ്ററി ചാര്‍ജിംഗ് സമയത്തെ കുറിച്ചോ S1 എയര്‍ ഓലയുടെ ഹൈപ്പര്‍ചാര്‍ജര്‍ നെറ്റ്വര്‍ക്കിനെ പിന്തുണയ്ക്കുമോ ഇല്ലയോ എന്ന് കാര്യമോ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. തുടക്കത്തില്‍ S1 എയറില്‍ 2.7 kW മോട്ടോര്‍ സജ്ജീകരിക്കുമെന്നായിരുന്നു ഓല പറഞ്ഞിരുന്നത്. എന്നാല്‍ അടുത്ത കാലത്താണ് അത് 4.5 kW യൂണിറ്റായി അപ്‌ഗ്രേഡ് ചെയ്തത്.
ഓലയുടെ മറ്റ് രണ്ട് മോഡലുകളായ S1, S1 പ്രോ എന്നിവയില്‍ നിന്ന് S1 എയറിനെ വേര്‍തിരിക്കുന്ന ഒരു കാര്യം ഇതിലെ ഹബ് മോട്ടോറോണ്. മറ്റ് രണ്ട് മോഡലുകളിലും ബെല്‍റ്റ് ഡ്രൈവാണുള്ളത്. ചെലവ് ചുരുക്കല്‍ നടപടികളുടെ ഭാഗമായി മോട്ടോറില്‍ കൈവെച്ചതിനാല്‍ ഇവിയുടെ ടയര്‍ പഞ്ചര്‍ ഒട്ടിക്കലും ടയര്‍ മാറ്റി ഇടലുമെല്ലാം ഇനി അത്ര ഈസിയായിരിക്കില്ല. ഇക്കോ, നോര്‍മല്‍, സ്‌പോര്‍ട്‌സ് എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകള്‍ ഓഫറിലുണ്ടാകും.
മണിക്കൂറില്‍ 85 കിലോമീറ്ററാണ് സ്‌കൂട്ടറിന്റെ പരമാവധി വേഗത. താങ്ങാവുന്ന വിലയില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാന്‍ ഹാര്‍ഡ്‌വെയറുകളുടെ കാര്യത്തില്‍ കാര്യമായ വെട്ടിച്ചുരുക്കലുകള്‍ ഓല വരുത്തിയിട്ടുണ്ട്. സസ്‌പെന്‍ഷന്റെ തന്നെ കാര്യമെടുത്താല്‍ മുന്‍വശത്ത് ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ ഇരട്ട ഷോക്ക് അബ്സോര്‍ബറുകളുമാണ് ഇതിന് ലഭിക്കുക. എന്നാല്‍ S1, S1 പ്രോ എന്നിവക്ക് മുന്നിലും പിന്നിലും മോണോഷോക്ക് സസ്‌പെന്‍ഷന്‍ ആണ് ലഭിക്കുന്നത്. വീലുകളിലുമുണ്ട് മാറ്റങ്ങള്‍.
മുന്‍നിര മോഡലുകള്‍ക്ക് അലോയ് വീലുകള്‍ ലഭിക്കുമ്പോള്‍ S1 എയര്‍ സ്റ്റീല്‍ വീലുകള്‍ ഘടിപ്പിച്ചാണ് വരിക. ബ്രേക്കുകളിലും മാറ്റമുണ്ട്. S1, S1 പ്രോ എന്നിവയില്‍ ഡിസ്‌ക് ബ്രേക്കുകള്‍ക്ക് ബ്രേക്കിംഗ് ഡ്യൂട്ടികള്‍ നിര്‍വഹിക്കുമ്പോള്‍ S1 എയറിന് ഡ്രം ബ്രേക്കുകളാണ് ഓല നല്‍കുന്നത്. S1, S1 പ്രോ എന്നിവയെ അല്‍പ്പം അപ്രായോഗികമാക്കുന്ന ഫ്‌ലോറിലെ വളഞ്ഞ ഹമ്പ് ഒരു ഫ്‌ലാറ്റ് ഫ്‌ലോര്‍ ഉപയോഗിച്ച് ഓല മാറ്റിസ്ഥാപിക്കുകയും ചെയ്തു.

പിന്‍ഭാഗത്തെ ഗ്രാബ് റെയിലിനും പകരം ലളിതമായ ഒരു യൂണിറ്റാണ് S1 എയറില്‍ ഉപയോഗിച്ചിരിക്കുന്നത്. 7.0 ഇഞ്ച് ടിഎഫ്ടി ടച്ച്സ്‌ക്രീന്‍ ഡിസ്പ്ലേ, മൂവ് ഒഎസ് 3.0 കണക്ടിവിറ്റി, റിവേഴ്സ് മോഡ്, ഒടിഎ അപ്ഡേറ്റുകള്‍, എല്‍ഇഡി ലൈറ്റ്, 34 ലിറ്റര്‍ അണ്ടര്‍ സീറ്റ് സ്റ്റോറേജ്, റിമോട്ട് ബൂട്ട് ലോക്ക്/ അണ്‍ലോക്ക്, സൈഡ് സ്റ്റാന്‍ഡ് അലേര്‍ട്ട്, ഫ്‌ലാറ്റ് ഫ്‌ലോര്‍ ബോര്‍ഡ് എന്നിവയും S1 എയറിനായി ഓല ഒരുക്കും.
വിലയെ കുറിച്ച് പറയുമ്പോള്‍ 1.09 ലക്ഷം രൂപ പ്രാരംഭ എക്‌സ്‌ഷോറൂം വിലയിലാണ് ഓല S1 എയര്‍ എത്തുക. പ്രാരംഭ ഓഫര്‍ അവസാനിച്ചതിന് ശേഷം ഇലക്ട്രിക് സ്‌കൂട്ടര്‍ സ്വന്തമാക്കാന്‍ 1.19 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയായി മുടക്കേണ്ടി വരും. 2023 ജൂലൈ 31-ന് ശേഷം ബുക്ക് ചെയ്യുന്നവര്‍ക്ക് പുതിയ വിലയിലായിരിക്കും സ്‌കൂട്ടര്‍ ലഭ്യമാകുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഓഗസ്റ്റ് മാസം തുടക്കത്തില്‍ തന്നെ ഓല S1 എയറിന്റെ ഡെലിവറി ആരംഭിക്കുമെന്നാണ് സൂചന. ഇത് സൂചിപ്പിച്ച് ഓല അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ഒരു ടീസര്‍ വീഡിയോ പങ്കുവെച്ചിരുന്നു. ടീസറിലൂടെ ഓല S1 എയറില്‍ ഓല പുതിയ ഗ്ലോസി നിയോണ്‍ കളര്‍ ഓപ്ഷനും അവതരിപ്പിച്ചിരുന്നു. പ്രധാനമായും യുവാക്കളെ ആകര്‍ഷിക്കാനാണ് പുതിയ നിറം കളര്‍ പാലറ്റില്‍ കൂട്ടിച്ചേര്‍ത്തത്.
S1 എയര്‍ 5 ലക്ഷം കിലോമീറ്ററിലധികം പരീക്ഷണം നടത്തിയതിന് ശേഷമാണ് ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നത്. ഇതാദ്യമായാണ് ഒരു ഇലക്ട്രിക് സ്‌കൂട്ടര്‍ ഇത്രയും ദീര്‍ഘമായ പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കുന്നതെന്ന കാര്യം ഓല ആരാധകരില്‍ ആവേശം പടര്‍ത്തിയിട്ടുണ്ട്. ടിവിഎസ് ഐക്യൂബ്, വരാനിരിക്കുന്ന ഏഥര്‍ 450S എന്നീ മോഡലുകള്‍ ആയിരിക്കും പ്രധാന എതിരാളികള്‍.


Click it and Unblock the Notifications
