ഓല വാങ്ങാനൊരുങ്ങുന്നവർക്ക് ഒരു സങ്കട വാർത്ത; ഇനി വാങ്ങാനാകുക ഈ രണ്ട് മോഡലുകള്‍ മാത്രം
ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യന്‍ ഇലക്ട്രിക് ഇരുചക്ര വാഹന വിപണി കീഴടക്കിയ കമ്പനിയാണ് ഓല ഇലക്ട്രിക്. കമ്പനി കൈക്കൊണ്ട പല ഞെട്ടിക്കുന്ന തീരുമാനങ്ങളും അവരുടെ വളര്‍ച്ചക്ക് ചവിട്ടുപടിയായിട്ടുണ്ട്. ഇപ്പോള്‍ S1 ഇലക്ട്രിക് സ്‌കൂട്ടര്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ച് വീണ്ടും ഞെട്ടിക്കുകയാണ് ഓല.
ഓല ഇലക്ട്രിക് തങ്ങളുടെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് സ്‌കൂട്ടറായ S1 എയറിന്റെ ബുക്കിംഗ് ആരംഭിച്ചതോടെയാണ് S1 ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍ത്തലാക്കിയത്. കമ്പനിയുടെ ഒഫീഷ്യല്‍ വെബ്‌സൈറ്റില്‍ നിന്ന് ഓല S1 ഇലക്ട്രിക് സ്‌കൂട്ടര്‍ നീക്കം ചെയ്തിട്ടുണ്ട്. 2021-ലായിരുന്നു ഓല S1 ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍ എത്തിയത്. ഇതോടെ S1 എയര്‍, S1 പ്രോ മോഡലുകള്‍ മാത്രമാകും ഉപഭോക്താക്കള്‍ക്ക് ഓലയില്‍ നിന്ന് സ്വന്തമാക്കാനാകുക.

S1 ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍ത്തലാക്കാനുള്ള കാരണം ഓല ഇതുവരെ വ്യക്തമാക്കിയിട്ടില്ല. പരിമിതമായ ഉല്‍പ്പാദന ശേഷി കാരണം കഴിഞ്ഞ വര്‍ഷം ഓല ഈ മോഡലിന്റെ നിര്‍മാണം നിര്‍ത്തിയിരുന്നു. ഒരുപക്ഷേ ഇതായിരിക്കാം കാരണം. ഒപ്പം ടോപ് സ്‌പെക് വേരിയന്റായ ഓല S1 പ്രോയുടെ വില്‍പ്പന കൂട്ടാന്‍ വേണ്ടി മിഡ്‌സ്‌പെക്ക് വേരിയന്റ് പിന്‍വലിച്ചതാകാനും സാധ്യതയുണ്ട്.
ഏറ്റവും പുതിയ ഉല്‍പ്പന്നമായ S1 എയറില്‍ കമ്പനിക്ക് വന്‍ പ്രതീക്ഷയാണ്. അതിനാല്‍ S1 എയറിന്റെ ഉല്‍പാദനത്തിന് ഇനി കൂടുതല്‍ ഊന്നല്‍ നല്‍കാനായിരിക്കും പദ്ധതികള്‍. റിസര്‍വ് ചെയ്തവര്‍ക്കും ഓല കമ്മ്യൂണിറ്റി അംഗങ്ങള്‍ക്ക് വേണ്ടിയാണ് ഇപ്പോള്‍ ഓല S1 എയറിന്റെ പര്‍ച്ചേസ് വിന്‍ഡോ തുറന്നിട്ടുള്ളത്. വിന്‍ഡോ തുറന്ന് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ഇതിന് 3,000 ബുക്കിംഗുകള്‍ ലഭിച്ചതായാണ് കമ്പനി പറയുന്നത്.

S1 പ്രോയുടെ അതേ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് S1 എയര്‍ നിര്‍മ്മിച്ചിരിക്കുന്നത്. എന്നാല്‍ ചെലവുചുരുക്കല്‍ പരിപാടികളുടെ ഭാഗമായി കമ്പനി 3 kWh ബാറ്ററി പായ്ക്കാണ് S1 എയറില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഒരു തവണ ചാര്‍ജ് ചെയ്താല്‍ 125 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ ഇതിന് സാധിക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. ബാറ്ററി പായ്ക്ക് പൂര്‍ണമായി ചാര്‍ജ് ചെയ്യാന്‍ 5 മണിക്കൂര്‍ എടുക്കും.
S1 എയര്‍ ഓലയുടെ ഹൈപ്പര്‍ചാര്‍ജര്‍ നെറ്റ്്‌വര്‍ക്കിനെ പിന്തുണയ്ക്കുമോ ഇല്ലയോ എന്ന് കാര്യമോ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. 4.5 kW പരമാവധി പവര്‍ ഔട്ട്പുട്ട് ഉത്പാദിപ്പിക്കാന്‍ കഴിയുന്ന ഒരു ഹബ് മോട്ടോറുമായാണ് സ്‌കൂട്ടര്‍ വരുന്നത്. അതേസമയം ബെല്‍റ്റ് ഡ്രൈവ് സംവിധാനമായിരുന്നു S1, S1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറിലുമുണ്ടായിരുന്നത്. തുടക്കത്തില്‍ S1 എയറില്‍ 2.7 kW മോട്ടോര്‍ സജ്ജീകരിക്കുമെന്നായിരുന്നു ഓല പറഞ്ഞിരുന്നത്.
എന്നാല്‍ അടുത്ത കാലത്താണ് അത് 4.5 kW യൂണിറ്റായി അപ്ഗ്രേഡ് ചെയ്തത്. 3.3 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയും 5.7 സെക്കന്‍ഡിനുള്ളില്‍ 60 kmph വേഗതയും കൈവരിക്കാന്‍ ഇതിനാകും. മണിക്കൂറില്‍ 90 കിലോമീറ്ററാണ് സ്‌കൂട്ടറിന് പരമാവധി വേഗത. ഇക്കോ, നോര്‍മല്‍, സ്പോര്‍ട്സ് എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകള്‍ ഓഫറിലുണ്ട്.
ക്രൂയിസ് കണ്‍ട്രോള്‍, പ്രോക്സിമിറ്റി അണ്‍ലോക്ക്, കോള്‍ അലേര്‍ട്ടുകള്‍, പാര്‍ട്ടി മോഡ്, നാവിഗേഷന്‍, വെക്കേഷന്‍ മോഡ്, ഡിജിറ്റല്‍ കീ, ഡോക്യുമെന്റ് സ്റ്റോറേജ്, പ്രൊഫൈലുകള്‍, മൂഡ്സ് എന്നിവയാണ് ഫീച്ചര്‍ ഹൈലൈറ്റുകള്‍. താങ്ങാവുന്ന വിലയില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാന്‍ ഹാര്‍ഡ്വെയറുകളുടെ കാര്യത്തില്‍ കാര്യമായ വെട്ടിച്ചുരുക്കലുകള്‍ ഓല വരുത്തിയിട്ടുണ്ട്.
സസ്പെന്‍ഷന്റെ തന്നെ കാര്യമെടുത്താല്‍ മുന്‍വശത്ത് ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ ഇരട്ട ഷോക്ക് അബ്‌സോര്‍ബറുകളുമാണ് ഇതിന് ലഭിക്കുക. എന്നാല്‍ S1, S1 പ്രോ എന്നിവക്ക് മുന്നിലും പിന്നിലും മോണോഷോക്ക് സസ്പെന്‍ഷന്‍ ആണ് ലഭിക്കുന്നത്. വീലുകളിലുമുണ്ട് മാറ്റങ്ങള്‍. S1 പ്രോക്ക് അലോയ് വീലുകള്‍ ലഭിക്കുമ്പോള്‍ S1 എയര്‍ സ്റ്റീല്‍ വീലുകള്‍ ഘടിപ്പിച്ചാണ് വരിക. ബ്രേക്കുകളിലും മാറ്റമുണ്ട്. S1 പ്രോ എന്നിവയില്‍ ഡിസ്‌ക് ബ്രേക്ക് ലഭിക്കുമ്പോള്‍ S1 എയറിന് ഡ്രം ബ്രേക്കുകളാണ് ഓല നല്‍കുന്നത്.
S1, S1 പ്രോ എന്നിവയെ അല്‍പ്പം അപ്രായോഗികമാക്കുന്ന ഫ്ലോറിലെ വളഞ്ഞ ഹമ്പ് ഒരു ഫ്ലാറ്റ് ഫ്ലോര്‍ ഉപയോഗിച്ച് ഓല മാറ്റിസ്ഥാപിക്കുകയും ചെയ്തു. വിലയെ കുറിച്ച് പറയുമ്പോള്‍ 1.09 ലക്ഷം രൂപ പ്രാരംഭ എക്സ്ഷോറൂം വിലയിലാണ് ഓല S1 എയര്‍ എത്തുക. പ്രാരംഭ ഓഫര്‍ അവസാനിച്ചതിന് ശേഷം ഇലക്ട്രിക് സ്‌കൂട്ടര്‍ സ്വന്തമാക്കാന്‍ 1.19 ലക്ഷം രൂപ എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരും.


Click it and Unblock the Notifications








