വില വെറും 89,999 രൂപ മാത്രം! 151 കി.മീ റേഞ്ചുള്ള ഓല ഇലക്ട്രിക് സ്‌കൂട്ടറിന്റെ വിതരണം തുടങ്ങി
ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് ടൂവീലര്‍ നിര്‍മാതാക്കളാണ് ഓല ഇലക്ട്രിക്. പെട്രോള്‍ സ്‌കൂട്ടറുകളുടെ അന്തകന്‍ എന്ന വിശേഷണത്തോടെ ഓഗസ്റ്റില്‍ ഓല പുതിയ S1X ഇലക്‌സട്രിക് സ്‌കൂട്ടര്‍ റേഞ്ച് പുറത്തിറക്കിയിരുന്നു. പെട്രോള്‍ സ്‌കൂട്ടറുകളുടെ സമാനമായ വിലയില്‍ ഇവികള്‍ ലഭ്യമാക്കിക്കൊണ്ട് ഐസി എഞ്ചിന്‍ യുഗത്തിന് അന്ത്യം കുറിക്കാനാണ് ഓലയുടെ പദ്ധതി.
ഇതിന്റെ ഭാഗമായ ഒല ഏതാനും ദിവസത്തേക്ക് ഓല S1 X+ ഇലക്ട്രിക് സ്‌കൂട്ടറിന്റെ വില വെട്ടിക്കുറച്ചിരുന്നു. ഫ്ലാഷ് ഡിസ്‌കൗണ്ടിലൂടെ 20,000 രൂപ വെട്ടിക്കുറച്ച ഇലക്ട്രിക് സ്‌കൂട്ടര്‍ ഇപ്പോള്‍ 89,999 രൂപ എക്‌സ്‌ഷോറൂം വിലയില്‍ ലഭ്യമാണ്. 1,09,999 രൂപയായിരുന്നു ഇലക്ട്രിക് സ്‌കൂട്ടറിന്റെ മുമ്പത്തെ എക്‌സ്‌ഷോറൂം വില. നിലവില്‍ ബ്രാന്‍ഡില്‍ നിന്ന് വാങ്ങാന്‍ കഴിയുന്ന ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് സ്‌കൂട്ടറാണിത്. പരിമിതകാലത്തേക്ക് മാത്രമാണ് ഈ ഓഫര്‍.

ഇപ്പോള്‍ കമ്പനി രാജ്യത്ത് S1 X+ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഡെലിവറിയും ആരംഭിച്ചിരിക്കുകയാണ്. ഓലയുടെ രണ്ടാം തലമുറ പ്ലാറ്റ്ഫോമില്‍ നിര്‍മ്മിച്ച S1 X+ ജനപ്രിയമായ പെട്രോള്‍ സ്‌കൂട്ടറിന് തുല്യമായ വിലയിലാണ് ഇപ്പോള്‍ ലഭ്യമാകുന്നത്. ഇത് കൂടാതെ ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ മികച്ച പെര്‍ഫോമന്‍സും നൂതന സാങ്കേതിക സവിശേഷതകളും മികച്ച റൈഡ് നിലവാരവും വാഗ്ദാനം ചെയ്യുന്നു.
3 kWh ബാറ്ററി പായ്ക്കുമായി വരുന്ന ഈ സ്‌കൂട്ടര്‍ 151 കിലോമീറ്റര്‍ സര്‍ട്ടിഫൈഡ് റേഞ്ച് വാഗ്ദാനം ചെയ്യുന്നു. ഇക്കോ മോഡില്‍ 125 കിലോമീറ്ററും നോര്‍മല്‍ മോഡില്‍ 100 കിലോമീറ്ററുമാണ് ട്രൂ റേഞ്ച് എന്ന് ഓല പറയുന്നു. 500 kW ഹോം ചാര്‍ജറിലൂടെ ബാറ്ററി പായ്ക്ക് ചാര്‍ജ് ചെയ്യാന്‍ 7.4 മണിക്കൂര്‍ സമയമാണ് വേണ്ടിവരുന്നത്.

6 kW ഇലക്ട്രിക് മോട്ടോര്‍ ഉപയോഗിച്ച് ഓല S1 X+ വെറും 3.3 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത കൈവരിക്കും. 0-60 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഓല S1X പ്ലസിന് 5.5 സെക്കന്‍ഡ് മതി. മണിക്കൂറില്‍ 90 കിലോമീറ്റര്‍ ആണ് ഇതിന്റെ പരമാവധി വേഗത.
5 ഇഞ്ച് സെഗ്മെന്റ് എല്‍സിഡി ഡിസ്‌പ്ലേ, എല്‍ഇഡി ലൈറ്റിംഗ്, സൈഡ് സ്റ്റാന്‍ഡ് അലേര്‍ട്ട്, റിവേഴ്സ് മോഡ്, എന്നിവയാണ് ഇലക്ട്രിക് സ്‌കൂട്ടറിലെ പ്രധാന ഫീച്ചറുകള്‍. ഇതോടൊപ്പം റിമോട്ട് ബൂട്ട് അണ്‍ലോക്ക്, നാവിഗേഷന്‍,ഒടിഎ അപ്‌ഡേറ്റുകള്‍, ബ്ലൂടൂത്ത്, ജിപിഎസ് കണക്റ്റിവിറ്റി എന്നിവയും ഓല S1 X+ ഇലക്ട്രിക് സ്‌കൂട്ടറിലുണ്ട്.

കമ്പനിയുടെ 'ഡിസംബര്‍ ടു റിമെമ്പര്‍' ക്യാമ്പയിനിന്റെ ഭാഗമായി ഓല ഇന്ന് നിലവിലെ ഉപഭോക്താക്കള്‍ക്കായി പ്രത്യേക ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ കസ്റ്റമേഴ്‌സിനെ ബ്രാന്‍ഡിലേക്ക് ആകര്‍ഷിക്കുന്നതിനായി നിലവിലുള്ള ഉപഭോക്താക്കള്‍ക്കുള്ള ഓഫറുകളില്‍ റിവാര്‍ഡുകളും ക്യാഷ്ബാക്ക് ഡീലുകളും കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ ഓഫര്‍ ഇന്ന് മുതല്‍ നിലവില്‍ വരുമെന്നാണ് അറിയിച്ചിരിക്കുന്നത്.
കമ്മ്യൂണിറ്റി അംഗങ്ങള്‍ക്ക് എല്ലാ സ്‌കൂട്ടറുകള്‍ക്കും വിപുലീകൃത വാറണ്ടിയില്‍ 50 ശതമാനം കിഴിവും വിജയകരമായ ഓരോ റഫറലിലും 2,000 രൂപ വരെ ക്യാഷ്ബാക്കും ലഭിക്കും. S1 പ്രോ ജെന്‍2 അല്ലെങ്കില്‍ S1 എയര്‍ വാങ്ങുമ്പോള്‍ റഫര്‍ ചെയ്യുന്നയാള്‍ക്ക് 3,000 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കും. എന്നാല്‍ ഈ ഓഫര്‍ ഡിസംബര്‍ 10 വരെ മാത്രമാണ് പ്രാബല്യത്തിലുണ്ടാകുക.
ഓല അടുത്തിടെ തങ്ങളുടെ S1 റേഞ്ചിലുള്ള ഇലക്ട്രിക് സ്‌കൂട്ടറുകളുടെ എണ്ണം അഞ്ചാക്കി ഉയര്‍ത്തിയിരുന്നു. കമ്പനിയുടെ മുന്‍നിര സ്‌കൂട്ടറായ S1 പ്രോ ജെന്‍2 1,47,499 രൂപയ്ക്കും S1 എയര്‍ 1,19,999 രൂപയ്ക്കുമാണ് വില്‍പ്പനക്ക് വെക്കുന്നത്. S1X മൂന്ന് വേരിയന്റുകളിലാണ് അവതരിപ്പിച്ചിരിക്കുന്നത്. S1 X+, S1 X (3kWh), S1 X (2kWh) എന്നിങ്ങനെയാണ് എന്‍ട്രി ലെവല്‍ S1X സീരീസില്‍ വരുന്ന സ്‌കൂട്ടറുകള്‍.
S1 X (3kWh), S1 X (2kWh) എന്നിവയ്ക്കുള്ള റിസര്‍വേഷന്‍ വിന്‍ഡോ ഇതിനകം തുറന്നിട്ടുണ്ട്. 999 രൂപ ടോക്കണ്‍ തുക നല്‍കി ഇവ ഇപ്പോള്‍ ബുക്ക് ചെയ്യാവുന്നതാണ്. S1 X (3kWh) വേരിയന്റിന് 99,999 രൂപയും 2kWh ബാറ്ററി പായ്ക്ക് ഘടിപ്പിച്ച S1X-ന് 89,999 രൂപയുമാണ് പ്രാരംഭ എക്‌സ്‌ഷോറൂം വില.


Click it and Unblock the Notifications








