80,000 രൂപ മുതലങ്ങോട്ട് കിട്ടും; പുതിയ ഓല ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ ഏത് വാങ്ങണം?
2023 ഓഗസ്റ്റ് 15-ന് തമിഴ്നാട്ടിലെ കൃഷ്ണഗിരിയിലുള്ള ഓല ഫ്യൂച്ചര്‍ ഫാക്ടറില്‍ വെച്ച് ഓല നടത്തിയ കസ്റ്റമര്‍ ഡേ ഇവന്റ് നല്ല കളറായിരുന്നു. പുതിയ സ്‌കൂട്ടറുകള്‍ പുറത്തിറക്കിയതിനൊപ്പം വരാനിരിക്കുന്ന MoveOS 4 സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റിനെ കുറിച്ചുള്ള പുതിയ വിവരങ്ങളിലേക്ക് വെളിച്ചം വീശുകയും ചെയ്തു.
ഇതുകൂടാതെ വരാനിരിക്കുന്ന ഓല ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ കണ്‍സെപ്റ്റുകള്‍ കുടി പ്രദര്‍ശിപ്പിച്ചതോടെ ആരാധകര്‍ ഹാപ്പിയായി. താങ്ങാവുന്ന വിലയില്‍ രണ്ട് ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിക്കുകയും നിലവിലുള്ള രണ്ട് ഇവികളുടെ രണ്ടാം തലമുറ പതിപ്പ് പുറത്തിറക്കുകയും ചെയ്ത് ഓല തങ്ങളുടെ പോര്‍ട്‌ഫോളിയോ വിപുലീകരിച്ചിരുന്നു. S1X, S1 എയര്‍, S1 പ്രോ എന്നീ ഓല സ്‌കൂട്ടറുകളില്‍ നിങ്ങള്‍ക്ക് ഏത് തെരഞ്ഞെടുക്കാം എന്ന് മനസ്സിലാക്കാന്‍ അവ ഒന്ന് താരതമ്യം ചെയ്ത് നോക്കാം.

ഓല S1 X: ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് വാഹന സ്റ്റാര്‍ട്ടപ്പിന്റെ ഇലക്ട്രിക് സ്‌കൂട്ടര്‍ ശ്രേണിയിലെ ഏറ്റവും പുതിയ താരമാണ് ഓല S1 X. കമ്പനി ലൈനപ്പിലെ എന്‍ട്രി ലെവല്‍ വേരിയന്റാണിത്. മൂന്ന് വേരിയന്റുകളിലാണ് ഈ ഇവി വാഗ്ദാനം ചെയ്യുന്നത്. S1 X ഇലക്ട്രിക് സ്‌കൂട്ടര്‍ 2kWh, 3kWh ബാറ്ററി പായ്ക്ക് ഓപ്ഷനുകളില്‍ വാങ്ങാം. ഒപ്പം S1 X+ എന്ന മറ്റൊരു വേരിയന്റുമുണ്ട്.
യഥാക്രമം 79,999 രൂപ, 89,999 രൂപ, 99,999 രൂപ എന്നിങ്ങനെയാണ് ഇവയുടെ പ്രാരംഭ എക്‌സ്‌ഷോറൂം വില. 2 kWh ബാറ്ററി ഘടിപ്പിച്ച ഓല S1X ഒറ്റ ചാര്‍ജില്‍ 91 കിലോമീറ്റര്‍ റേഞ്ച് ആണ് വാഗ്ദാനം ചെയ്യുന്നത്. മണിക്കൂറില്‍ 85 കിലോമീറ്റര്‍ ആണ് പരമാവധി വേഗത.

ഓല S1 X 3kWh , ഓല S1 X+ എന്നിവയ്ക്ക് 151 കിലോമീറ്റര്‍ റേഞ്ചാണ് കമ്പനി പറയുന്നത്. ടോപ് സ്പീഡ് ആണെങ്കില്‍ മണിക്കൂറില്‍ 90 കിലോമീറ്ററും. മൂന്ന് ഇവികളും 7.4 മണിക്കൂര്‍ ചാര്‍ജിംഗ് സമയത്തോടൊപ്പം 6 kW പീക്ക് പവര്‍ ഔട്ട്പുട്ട് നല്‍കുന്നു. തന്റെ ചേട്ടന്‍മാരുമായി താരതമ്യം ചെയ്യുമ്പോള്‍ ചെലവ് ചുരുക്കലിന്റെ ഭാഗമായി S1 X ഇലക്ട്രിക് സ്‌കൂട്ടറിന് വലിയ ടച്ച്സ്‌ക്രീന്‍ നഷ്ടമാകുന്നു.
ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍, കോള്‍ അലേര്‍ട്ട്, റിവേഴ്സ് മോഡ് എന്നിവ സജ്ജീകരിച്ചിരിക്കുന്ന 3.5 ഇഞ്ച് ഡിസ്പ്ലേ ഇതിന് ലഭിക്കുന്നു. എന്നാല്‍ ഡിജിറ്റല്‍ കീ ലഭിക്കില്ല. അതേസമയം S1 X+ ഇലക്ട്രിക് സ്‌കൂട്ടറിന് കുറച്ച് കൂടി വലിയ അഞ്ച് ഇഞ്ച് LCD ഡിസ്‌പ്ലേ ലഭിക്കുന്നു. ഓല S1X മള്‍ട്ടിടോണ്‍ കളര്‍ ഓപ്ഷനില്‍ വാങ്ങാന്‍ സാധിക്കും.
ഓല S1 എയര്‍: 1.10 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് ഓല S1 എയര്‍ വിപണിയില്‍ എത്തുന്നത്. ഫുള്‍ ചാര്‍ജില്‍ ഇവി 151 കിലോമീറ്റര്‍ ഓടുമെന്നാണ് ഓലയുടെ അവകാശവാദം. മണിക്കൂറില്‍ 90 കിലോമീറ്റര്‍ ആണ് പരമാവധി വേഗത. 6 kW പീക്ക് പവര്‍ ഔട്ട് ഇവി നല്‍കുന്നു. ഓല S1 എയറിലേക്ക് എത്തുമ്പോള്‍ ചാര്‍ജിംഗ് സമയം 5 മണിക്കൂറായി കുറയുന്നു.
S1 പ്രോയ്ക്ക് സമാനമായ 7 ഇഞ്ച് ഡിസ്പ്ലേയാണ് ഓല S1 പ്രോയില്‍ സജ്ജീകരിച്ചിരിക്കുന്നത്. എന്നാല്‍ ഇതിന്റെ മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകള്‍ക്ക് പകരം ഡ്രം ബ്രേക്കുകള്‍ സ്ഥാനം പിടിക്കുന്നു. അലോയ് വീലുകള്‍ക്ക് പകരം സ്റ്റീല്‍ വീലുകളും ചെറിയ ടയറുകളുമാണ് ലഭിക്കുക. സ്റ്റെല്ലാര്‍ ബ്ലൂ, നിയോണ്‍, കോറല്‍ ഗ്ലാം എന്നിവയുള്‍പ്പെടെ ആറ് കളര്‍ ഓപ്ഷനുകളിലാണ് ഓല S1 എയര്‍ വാഗ്ദാനം ചെയ്യുന്നത്.

ഓല S1പ്രോ: ഓല തങ്ങളുടെ ഫ്‌ലാഗ്ഷിപ്പ് മോഡലായ ഓല S1 പ്രോയുടെ രണ്ടാം തലമുറ പതിപ്പും പുറത്തിറക്കിയിട്ടുണ്ട്. അപ്ഡേറ്റ് ചെയ്തതോടെ 1.47 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് ഇവി ഇനി ലഭ്യമാകുക. 90 കിലോമീറ്റര്‍ പരമാവധി വേഗതക്കൊപ്പം 195 കിലോമീറ്റര്‍ റൈഡിംഗ് റേഞ്ചാണ് ടോപ് എന്‍ഡ് വേരിയന്റിന് ഓല വാഗ്ദാനം ചെയ്യുന്നത്.
11 കിലോവാട്ട് പവര്‍ ഔട്ട്പുട്ടുള്ള ഇവിയില്‍ ഹൈപ്പര്‍ മോഡ് എന്ന ഒരു അധിക ഫീച്ചറും ഓല നല്‍കിയിട്ടുണ്ട്. S1 ശ്രേണിയിലെ മറ്റ് രണ്ട് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കും ഇല്ലാത്ത സവിശേഷതയാണ് ഇത്. ഒന്നാം തലമുറ പതിപ്പും പുതിയ Gen 2 പതിപ്പും വില്‍പ്പനക്ക് ലഭ്യമാകും.
ആദ്യ തലമുറ പതിപ്പിനേക്കാള്‍ രണ്ടാം തലമുറ പതിപ്പ് സ്വന്തമാക്കാന്‍ ഏകദേശം 7500 രൂപയോളം അധികം മുടക്കണം. എന്നാല്‍ പുതിയ ഇവി കൂടുതല്‍ ശക്തവും വേഗമേറിയതുമാണെന്ന കാര്യമുണ്ട്. ഇതല്ലാതെ കൂടുതല്‍ റേഞ്ചും രണ്ടാം തലമുറ പതിപ്പിനാണ്. പുതിയ S1 പ്രോ Gen 2 നാല് മാറ്റ് ഓപ്ഷനുകളിലും ഒരു ഗ്ലോസി ഓപ്ഷനിലും ലഭ്യമാണ്.


Click it and Unblock the Notifications








