അൾട്രാവയലറ്റിനേക്കാള്‍ വിലകുറഞ്ഞ മോഡല്‍ ഇതാ എത്തി; ഇലക്ട്രിക് സ്‌പോര്‍ട്‌സ് ബൈക്ക് നോക്കിയാലോ?
ഇലക്ട്രിക് മൊബിലിറ്റി സ്റ്റാര്‍ട്ടപ്പുകളുടെ കേന്ദ്രമാണിപ്പോള്‍ കര്‍ണാടക തലസ്ഥാനമായ ബാംഗ്ലൂര്‍. ഇന്ത്യയുടെ ഐടി ഹബ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കമ്പനികളാണ് ഇപ്പോള്‍ രാജ്യത്തെ ഇലക്ട്രിക് ടൂവീലര്‍ വിഭാഗം ഭരിക്കുന്നത്. അതിലേക്കുള്ള പുത്തന്‍ എന്‍ട്രിയാണ് ഓര്‍ക്‌സ എനര്‍ജീസ്. ഇന്ത്യയിലെ പ്രമുഖ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളായ അൾട്രാവയലറ്റിനാണ് നാട്ടുകാരനില്‍ നിന്ന് തന്നെ വെല്ലുവിളി ഉയര്‍ന്നിരിക്കുന്നത്.
ഓര്‍ക്സ എനര്‍ജിസ് ആണിപ്പോള്‍ തങ്ങളുടെ മാന്റിസ് (Orxa Mantis) പെര്‍ഫോമന്‍സ് ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കിയിരിക്കുന്നത്. 3.60 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് മിഡ് സെഗ്‌മെന്റ് നേക്കഡ് ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ വിപണിയില്‍ എത്തിയിരിക്കുന്നത്. 1.3 kW ചാര്‍ജര്‍ ഉള്‍പ്പെടെയുള്ളതാണ് വില. അൾട്രാവയലറ്റ് F77-നൊപ്പം ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ഇലക്ട്രിക് ബൈക്കുകളില്‍ ഒന്നായി ഇത് മാറും.

താല്‍പര്യമുള്ള ഉപഭോക്താക്കള്‍ക്ക് ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ ഇപ്പോള്‍ ബുക്ക് ചെയ്യാവുന്നതാണ്. ആദ്യത്തെ 1000 പേര്‍ ബുക്കിംഗ് തുകയായി 10,000 രൂപ മാത്രം നല്‍കിയാല്‍ മതിയാകും. ശേഷം വരുന്ന ബുക്കിംഗുകള്‍ക്ക് 25000 രൂപ ഈടാക്കും. അടുത്ത വര്‍ഷം ഏപ്രില്‍ മുതല്‍ ഇലക്ട്രിക് ബൈക്കിന്റെ വിതരണം ആരംഭിക്കും.
ഇന്ത്യയില്‍ നിര്‍മിക്കുന്ന ഈ വിഭാഗത്തിലെ ഏറ്റവും ഭാരം കുറഞ്ഞ ബൈക്കാണ് പുതിയ ഓര്‍ക്‌സ മാന്റിസ് എന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. കമ്പനി സ്വന്തമായി വികസിപ്പിച്ചെടുത്ത മോഡലിന് 182 കിലോഗ്രാം മാത്രമാണ് കെര്‍ബ് ഭാരം വരുന്നത്. 2016-ല്‍ ട്രൈക് എന്ന പേരില്‍ ഈ ബൈക്കിന്റെ കണ്‍സെപ്റ്റ് പതിപ്പ് പ്രദര്‍ശിപ്പിച്ചിരുന്നു. ശേഷം ഭാരം കുറക്കുന്നതിനായി 2019-ഓടെ ഹണികോമ്പ് കോമ്പോസിറ്റ് മെറ്റീരിയലുകള്‍ ഉപയോഗിച്ച് പരീക്ഷിക്കുകയായിരുന്നു.
'2015-ലാണ് ഞങ്ങളുടെ യാത്ര ആരംഭിച്ചത്. കഴിഞ്ഞ എട്ട് വര്‍ഷമായി, ബൈക്കിന്റെ രൂപകല്‍പ്പനയും എഞ്ചിനീയറിംഗും മികച്ചതാക്കാന്‍ ഞങ്ങള്‍ വളരെയധികം പരിശ്രമിച്ചു. രാജ്യത്തുടനീളമുള്ള ഹൈവേകളിലും സിറ്റി റോഡുകളിലൂടെയുമടക്കം ആയിരക്കണക്കിന് കിലോമീറ്ററുകള്‍ ഓടിച്ചുകൊണ്ട് പരീക്ഷിണ്ം സാധൂകരിച്ചു' ബൈക്കിന്റെ ലോഞ്ച് വേളയില്‍ ഓര്‍ക്‌സ എനര്‍ജിസിന്റെ സഹസ്ഥാപകന്‍ ഡോ പ്രജ്വല്‍ സബ്‌നിസ് പറഞ്ഞു.
8.9 kWh ബാറ്ററി പായ്ക്കാണ് ഇലക്ട്രിക് ബൈക്കില്‍ നല്‍കിയിരിക്കുന്നത്. ഒറ്റ ചാര്‍ജില്‍ 221 കിലോമീറ്റര്‍ (IDC) റേഞ്ച് നല്‍കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. നൂതന ബിഎംഎസും ഡ്യുവല്‍ റിഡന്‍ഡന്റ് തെര്‍മല്‍ മാനേജ്മെന്റും ഇതിലുണ്ട്. IP67 റേറ്റഡും കൂടിയാണ് ബാറ്ററി. വെറും 11.5 കിലോഗ്രാം മാത്രം ഭാരമുള്ള ഒരു PMS ലിക്വിഡ് കൂള്‍ഡ് ഇലക്ട്രിക് മോട്ടോര്‍ ആണ് ഇലക്ട്രിക് ബൈക്കിന് കരുത്തേകുന്നത്.

ഈ മോട്ടോര്‍ 20.5 kW (27.4 bhp) പവറും 93 Nm പീക്ക് ടോര്‍ക്കും വികസിപ്പിക്കാന്‍ ശേഷിയുള്ളതാണ്. പെര്‍ഫോമന്‍സ് നോക്കുമ്പോള്‍ പരമാവധി 135 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ ഇലക്ട്രിക് ബൈക്കിന് സാധിക്കും. കൂടാതെ 8.9 സെക്കന്‍ഡില്‍ 0-100 കിലോമീറ്റര്‍ വേഗതയില്‍ കുതിക്കാന്‍ കഴിയും. ഫുള്ളി കാസ്റ്റ് എയറോസ്‌പേസ് ഗ്രേഡ് ഓള്‍-അലൂമിനിയം ഷാസിയാണ് ഈ ഇലക്ട്രിക് ബൈക്കിന് ലഭിക്കുന്നത്. ഇത് ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഇരുചക്രവാഹനമാണ് ഒര്‍ക്‌സ മാന്റിസ്.
5 ഇഞ്ച് TFT സ്‌ക്രീന്‍ സജ്ജീകരിച്ച ഇലക്ട്രിക് പെര്‍ഫോമന്‍സ് ബൈക്ക് റൈഡ്-ബൈ-വയറിനൊപ്പം വരുന്നു. 180 mm ആണ് ഗ്രൗണ്ട് ക്ലയറന്‍സ്. തടസ്സങ്ങളില്ലാത്ത ഓണര്‍ഷിപ്പ് എക്‌സ്പീരിയന്‍സ് ഉറപ്പാക്കാന്‍ ഓര്‍ക്‌സ് ചില പങ്കാളത്തങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. കമ്പനി അതിന്റെ വില്‍പ്പനാനന്തര സേവനങ്ങള്‍ക്കായി സ്പെയര്‍ ഇറ്റുമായാണ് കൈകോര്‍ത്തിരിക്കുന്നത്. ബാറ്ററി ബൈബാക്ക് സേവനങ്ങള്‍ക്കൊപ്പം ബൈക്ക് വില്‍ക്കുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് 40 ശതമാനം ലാഭം ലഭിക്കുമെന്ന് കമ്പനി പറയുന്നു.
ബോള്‍ട്ടുമായുള്ള പങ്കാളിത്തത്തോടെ മാന്റിസ് ഉടമകള്‍ക്ക് അവരുടെ ഫാസ്റ്റ് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഉപയോഗിക്കാന്‍ സാധിക്കും. അള്‍ട്രാവയലറ്റ് F77 ആയിരിക്കും സ്‌പോര്‍ട്ടിയര്‍ പ്രീമിയം ഇലക്ട്രിക് ബൈക്ക് വിഭാഗത്തില്‍ ഓര്‍ക്‌സ മാന്റിസിന്റെ പ്രധാന എതിരാളി. മാന്റിസ് ഇവിക്ക് 3.60 ലക്ഷം രൂപ മാത്രം വില വരുമ്പോള്‍ അള്‍ട്രവയലറ്റ് F77-ന് 3.80 ലക്ഷം മുതല്‍ 5.60 ലക്ഷം രൂപ വരെയാണ് വില വരുന്നത്.


Click it and Unblock the Notifications








