'ബിസിനസ്' ഇനി ഉഷാറാകും; മികച്ച റേഞ്ചും വാറണ്ടിയുമായി ക്വാണ്ടം എനര്‍ജി ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കി
രാജ്യത്ത് ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങാന്‍ നോക്കുന്നവര്‍ക്ക് ഇപ്പോള്‍ നല്ല കാലമാണ്. വ്യക്തിപരമായ ആവശ്യങ്ങള്‍ക്കും ബിസിനസ് ആവശ്യങ്ങള്‍ക്കുമെല്ലാം അനുയോജ്യമായ നിരവധി ഇലക്ട്രിക് സ്‌കൂട്ടര്‍ മോഡലുകളാണ് ഇന്ന് വിപണിയിലെത്തുന്നത്. കഴിഞ്ഞ ദിവസം ക്വാണ്ടം എനര്‍ജി തങ്ങളുടെ ക്വാണ്ടം ബിസിനസ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ പുതിയ വേരിയന്റ് അവതരിപ്പിച്ചു.
ഇന്ത്യയിലെ മുന്‍നിര ഇലക്ട്രിക് വാഹന സ്റ്റാര്‍ട്ടപ്പാണ് ക്വാണ്ടം എനര്‍ജി. വാണിജ്യ ഡെലിവറി ആവശ്യങ്ങള്‍ക്ക് യോജിച്ച ഇലക്ട്രിക് സ്‌കൂട്ടറാണ് ഇത്. ക്വാണ്ടം എനര്‍ജി ബിസിനസ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ പുതിയ വേരിയന്റ് 99,000 രൂപ എക്‌സ്‌ഷോറൂം വിലയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. വ്യക്തിഗത ഉപയോഗത്തിന് മാത്രമല്ല, കമ്പനികള്‍ക്കും, ലാസ്റ്റ് മൈല്‍ ഡെലിവറി സേവനങ്ങള്‍ക്കും ഇത്തരം ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങാം.

അതിനാല്‍ ഇത്തരം കമ്പനികളെയും സ്ഥാപനങ്ങളെയും ആകര്‍ഷിക്കാന്‍ ക്വാണ്ടം എനര്‍ജി എച്ച്ഡിഎഫ്സി, ഐസിഐസിഐ, മറ്റ് ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയുമായി കൈകോര്‍ത്തിട്ടുണ്ട്. ഇത്തരം ബാങ്കിംഗ് സ്ഥാപനങ്ങളുമായി കമ്പനി പങ്കാളിത്തത്തില്‍ ഏര്‍പ്പെടുന്നത് ഉപഭോക്താക്കള്‍ക്ക് ഗുണകരമാണ്. അവര്‍ക്ക് ആകര്‍ഷകമായ ഫിനാന്‍സ് ഓഫറില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ സ്വന്തമാക്കാന്‍ സാധിക്കും. 1,200W ഹൈപെര്‍ഫോമന്‍സ് മോട്ടോറാണ് ക്വാണ്ടം ബിസിനസ് സ്‌കൂട്ടറിന് കരുത്തേകുന്നത്.
ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ വെറും 8 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത കൈവരിക്കും. മണിക്കൂറില്‍ 55 കിലോമീറ്റര്‍ ആണ് പരമാവധി വേഗത. ക്വാണ്ടം ബിസിനസ് ഇലക്ട്രിക് സ്‌കൂട്ടര്‍ ഫുള്‍ ചാര്‍ജില്‍ പരമാവധി 130 കിലോമീറ്റര്‍ റേഞ്ച് നല്‍കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. എന്നാല്‍ റേഞ്ച് കണക്കുകള്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ ഓടുന്ന റോഡ്, റൈഡിംഗ് പരിസരം, റൈഡറുടെ റൈഡിംഗ് ശൈലി എന്നിവയെ ആശ്രയിച്ചിരിക്കുന്നു.

മികച്ച റേഞ്ച് വാഗ്ദാനം ചെയ്യുന്നതിനാല്‍ തന്നെ ക്വാണ്ടം എനര്‍ജി ബിസിനസ് വാണിജ്യ ആവശ്യങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായിരിക്കും. റിമോട്ട് ലോക്ക്-അണ്‍ലോക്ക്, ആന്റി-തെഫ്റ്റ് അലാറം, യുഎസ്ബി ചാര്‍ജര്‍, ഡിസ്‌ക് ബ്രേക്കുകള്‍, എല്‍സിഡി സ്‌ക്രീന്‍ തുടങ്ങി നിരവധി ആധുനിക സാങ്കേതിക സവിശേഷതകള്‍ ക്വാണ്ടം ബിസിനസ് ഇലക്ട്രിക് സ്‌കൂട്ടറിനുണ്ട്.
കൂടാതെ, ഈ ഇലക്ട്രിക് സ്‌കൂട്ടറില്‍ LFP ബാറ്ററി, പവര്‍ഫുള്‍ ഹെഡ്ലാമ്പ്, സുഖപ്രദമായ യാത്രക്കായി വിശാലമായ സീറ്റ്, വിവിധ ആവശ്യങ്ങള്‍ക്കായുള്ള ശക്തമായ കാര്‍ഗോ റാക്ക്, കൂടുതല്‍ ലോഡ് വഹിക്കാന്‍ നീണ്ട ഫൂട്ട് ബോര്‍ഡ് എന്നിവ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മികച്ച സ്ഥിരതയ്ക്കും ഹാന്‍ഡ്‌ലിംഗിനും വേണ്ടി സ്‌കൂട്ടറിന് 12 ഇഞ്ച് വീല്‍ബേസ് നല്‍കിയിട്ടുണ്ട്.
ക്വാണ്ടം ബിസിനസ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററിയുടെ വാറന്റി കാലയളവ് 3 വര്‍ഷം അല്ലെങ്കില്‍ 90,000 കി.മീ ആണ്. വിവിധ സംസ്ഥാനങ്ങളിലെ സബ്‌സിഡികള്‍ക്ക് അനുസരിച്ച് പുതിയ ക്വാണ്ടം ബിസിനസ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ വിലയില്‍ മാറ്റം കാണാം. B2B ഫ്‌ലീറ്റ് കമ്പനികള്‍, ലാസ്റ്റ് മൈല്‍ ഡെലിവറി കമ്പനികള്‍, റൈഡ് ഷെയറിംഗ് കമ്പനികള്‍, B2C എന്നിവയുള്‍പ്പെടെ വിപുലമായ ശ്രേണിയിലുള്ള ഉപഭോക്താക്കളെ ആകർഷിക്കുകയാണ് സ്റ്റാർട്ടപ്പിന്റെ ലക്ഷ്യം.
'ഇന്ത്യയില്‍ വലിയൊരു ഭാഗം ആളുകള്‍ ഇരുചക്രവാഹനങ്ങള്‍ ഗതാഗതത്തിന് വേണ്ടി മാത്രമല്ല ഉപയോഗിക്കുന്നത്. ചരക്ക് കൊണ്ടുപോകുന്നതിനും ഇരുചക്ര വാഹനങ്ങളില്‍ ബിസിനസ്സ് നടത്തുന്നതിന് വരെ അവ ഉപയോഗപ്പെടുത്തുന്നുണ്ട്. വിപണിയിലെ വിടവ് തിരിച്ചറിഞ്ഞ്, ഞങ്ങളുടെ ഇ-സ്‌കൂട്ടറിന്റെ വിശ്വാസ്യതയ്ക്കും സുരക്ഷയ്ക്കും ഊന്നല്‍ നല്‍കി മൈക്രോ-മൊബിലിറ്റി വ്യവസായത്തില്‍ പുതിയ മാനദണ്ഡങ്ങള്‍ സ്ഥാപിക്കാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നു.
B2B ഫ്‌ലീറ്റ് കമ്പനികള്‍, ലാസ്റ്റ് മൈല്‍ ഡെലിവറി കമ്പനികള്‍, റൈഡ് ഷെയറിംഗ് കമ്പനികള്‍, B2C എന്നിവയുള്‍പ്പെടെ വിപുലമായ ശ്രേണിയിലുള്ള ഉപഭോക്താക്കള്‍ക്ക് ഇത് ലഭ്യമാക്കുന്നതിനായാണ് ഞങ്ങള്‍ കുറഞ്ഞ ചിലവില്‍ ബിസിനസ് ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ചത്. ഈ ടൂവീലര്‍ അടക്കമുള്ള ഞങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ കഠിനാധ്വാനികളായ ഇന്ത്യക്കാര്‍ സ്വീകരിക്കുകയും ഈ സെഗ്‌മെന്റിലെ മുന്‍നിരക്കാരായ ഞങ്ങളെ ഉയര്‍ത്തുകയും ചെയ്യുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്' ക്വാണ്ടം എനര്‍ജി ലിമിറ്റഡ് ഡയറക്ടര്‍ ചേതന ചുക്കപ്പള്ളി പറഞ്ഞു.
കോവിഡ് കാലത്തിന് ശേഷം നമ്മുടെ നാട്ടില്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്രവണത കൂടിയിട്ടുണ്ട്. പലചരക്ക് സാധനങ്ങള്‍, ഭക്ഷണം എന്ന് തുടങ്ങി ഇല്ക്‌ട്രോണിക്‌സ്, വസ്ത്രങ്ങള്‍ വരെ ഇന്ന് ഏവരും ഓണ്‍ലൈനായാണ് വാങ്ങുന്നത്. ഈ ട്രെന്‍ഡ് കൂടുതല്‍ ജനകീയമാകാനേ സാധ്യതയുള്ളൂ. അതിനാല്‍ തന്നെ ലാസ്റ്റ്‌മൈല്‍ ഡെലിവറി ആവശ്യങ്ങള്‍ക്ക് ധാരാളം വാഹനങ്ങള്‍ ആവശ്യമായി വരും.
പെട്രോള്‍ സ്‌കൂട്ടര്‍, മോട്ടോര്‍ സൈക്കിള്‍ എന്നിവക്ക് പകരം പരിസ്ഥിതി സൗഹൃദവും ബജറ്റ് ഫ്രണ്ട്‌ലിയുമായ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വാങ്ങാനാണ് ഇത്തരം വാണിജ്യ സ്ഥാപനങ്ങള്‍ താല്‍പര്യപ്പെടുന്നത്. അതിനാല്‍ തന്നെ ക്വാണ്ടം എനര്‍ജിയെ പോലെ തന്നെ ഈ ഒരു രംഗത്ത് വളര്‍ച്ച നേടാന്‍ ഇനിയും ഒരുപാട് കമ്പനികള്‍ അരങ്ങേറുമെന്ന കാര്യം ഉറപ്പാണ്.


Click it and Unblock the Notifications








