'ആരാധകരെ ശാന്തരാകുവിന്‍'; ഹിമാലയന്‍ തിരിച്ചുവിളിച്ചത് ഇന്ത്യയിലല്ലെന്ന് റോയല്‍ എന്‍ഫീല്‍ഡ്
ഇന്ത്യയിലെ ഏറ്റവും ജനപ്രിയ അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളാണ് റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍. കാടും മലയും കുന്നുമെല്ലാം അനായാസം കീഴടക്കുന്ന ഈ പുലിക്കുട്ടിക്ക് നിരവധി ആരാധകരുമുണ്ട്. അടുത്തിടെ നിരവധി ഹിമാലന്‍ ബൈക്കുകള്‍ റോയല്‍ എന്‍ഫീല്‍ഡ് തിരിച്ചുവിളിച്ചതായുള്ള വാര്‍ത്ത കണ്ട് ഉള്ളം കിടുങ്ങിയവര്‍ നിരവധിയാണ്.
എന്നാല്‍ ഇന്ത്യയിലല്ല മറിച്ച് യുഎസിലാണ് സംഭവമെന്ന് വാര്‍ത്ത മുഴുവനായി വായിച്ചവര്‍ക്ക് മനസ്സിലായി. എന്നാല്‍ ഇന്ത്യന്‍ മോഡലുകള്‍ക്ക് പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നും തിരിച്ചുവിളിക്കലിന്റെ ഭാഗമല്ലെന്നും വ്യക്തമാക്കി കമ്പനിക്ക് തന്നെ പ്രസ്താവന ഇറക്കേണ്ടതായി വന്നു. ബ്രേക്ക് കാലിപ്പറിലെ തകരാര്‍ നിമിത്തമാണ് റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍ തിരിച്ചുവിളിച്ചത്. 2017 മാര്‍ച്ചിനും 2021 ഫെബ്രുവരിക്കും ഇടയില്‍ നിര്‍മ്മിച്ച റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്റെ ഏകദേശം 4,800 യൂണിറ്റുകളാണ് അമേരിക്കയില്‍ തിരിച്ചുവിളിച്ചത്.

ചില രാജ്യങ്ങളില്‍ ശൈത്യകാലത്ത് റോഡുകളില്‍ മഞ്ഞ് നീക്കം ചെയ്യുന്നതിനായി ഉപയോഗിക്കുന്ന ലവണങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുമ്പോള്‍ ഈ ബൈക്കില്‍ ഉപയോഗിച്ചിരിക്കുന്ന ബ്രേക്ക് കാലിപ്പറുകള്‍ തുരുമ്പെടുക്കാന്‍ സാധ്യത കൂടുതലാണെന്ന് യുഎസ് നാഷണല്‍ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്‌ട്രേഷന്‍ വ്യക്തമാക്കിയിരുന്നു. ഇത് ബൈക്കിന്റെ ബ്രേക്കിംഗ് പെര്‍ഫോമന്‍സിനെ പ്രതികൂലമായി ബാധിക്കും. ഒപ്പം ബ്രേക്കില്‍ നിന്ന് ശബ്ദവും വര്‍ധിക്കാന്‍ ഇടയാക്കും. എന്നാല്‍ ഇത് ഇന്ത്യയില്‍ വില്‍ക്കപ്പെടുന്ന ഹിമാലയന്‍ മോട്ടോര്‍സൈക്കിളുകള്‍ക്ക് ബാധകമല്ലെന്നാണ് റോയല്‍ എന്‍ഫീല്‍ഡ് വിശദീകരിക്കുന്നത്.
'ബ്രേക്ക് കാലിപ്പറുകളിലെ തുരുമ്പെടുക്കാനുള്ള സാധ്യത കണക്കിലെടുത്ത് 2020 മെയ് മാസത്തില്‍ ആരംഭിച്ച തിരിച്ചുവിളിക്കലിന്റെ തുടര്‍ച്ചയാണിത്. തിരഞ്ഞെടുത്ത അന്താരാഷ്ട്ര വിപണികളില്‍ നിന്ന് 650 ട്വിന്‍സ്, ഹിമാലയന്‍ മോട്ടോര്‍സൈക്കിളുകള്‍ തിരിച്ചുവിളിച്ചിരുന്നു. യൂറോപ്പ്, യുകെ, കൊറിയ എന്നിവിടങ്ങളിലെ വിപണികളില്‍ ബ്രേക്ക് കാലിപ്പര്‍ മാറ്റിസ്ഥാപിക്കുന്നതിനുള്ള സര്‍വീസ് പുരോഗമിക്കുകയാണ്. ശൈത്യകാലത്ത് റോഡുകളിലെ മഞ്ഞ് ഉരുകാന്‍ പ്രത്യേക ലവണങ്ങള്‍ ഉപയോഗിക്കുന്ന രാജ്യങ്ങള്‍ക്ക് മാത്രമേ ഇത് ബാധകമാകുന്നുള്ളൂ' റോയല്‍ എന്‍ഫീല്‍ഡ് ശനിയാഴ്ച പുറത്തുവിട്ട ഒരു ഔദ്യോഗിക പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

സ്റ്റാന്‍ഡേര്‍ഡ് ബ്രേക്ക് കാലിപ്പറുകള്‍ക്ക് പകരം ആനോഡൈസ്ഡ് യൂണിറ്റുകള്‍ നല്‍കിയാല്‍ പ്രശ്‌നം പരിഹരിക്കാമെന്നാണ് കമ്പനി അറിയിച്ചത്. ബ്രേക്കുകളുടെ കാര്യത്തില്‍ വിദഗ്ധരായ ബ്രെംബോ, ബോഷ് എന്നിവരുമായി ആശയവിനിമയം നടത്തി സ്ഥിതിഗതികള്‍ വിശദമായി വിശകലനം ചെയ്ത ശേഷമാണ് റോയല്‍ എന്‍ഫീല്‍ഡ് ഇക്കാര്യം വെളിപ്പെട്ടത്. പ്രശ്‌നം ബാധിച്ച റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്റെ എല്ലാ യൂണിറ്റുകളിലെയും മുമ്പിലെയും പിന്നിലെയും ബ്രേക്ക് കാലിപ്പറുകള്‍ സൗജന്യമായി മാറ്റി നല്‍കുമെന്നും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രാദേശിക ഡീലര്‍മാരുമായി സഹകരിച്ചാണ് റോയല്‍ എന്‍ഫീല്‍ഡ് തകരാറായ ഭാഗം മാറ്റി നല്‍കുന്നത്. ഇന്ത്യന്‍ വിപണിയില്‍ വിറ്റഴിച്ച ബൈക്കുകള്‍ക്ക് ഈ തകരാര്‍ ഉണ്ടാവാന്‍ സാധ്യതയില്ലെന്ന് കമ്പനി പറയുമ്പോള്‍ നമുക്ക് ആശ്വസിക്കാന്‍ വകയണ്ടോ?. ഏതായാലും നിങ്ങളുടെ യാത്ര സുരക്ഷിതമാക്കാന്‍ ഉപയോഗിക്കുന്ന ബൈക്കിലെ ബ്രേക്ക് കാലിപ്പറുകള്‍ നല്ല കണ്ടീഷനിലാണെന്ന് ഉറപ്പ് വരുത്തുക. ബ്രേക്കില്‍ നിന്ന് ശബ്ദങ്ങള്‍ വരുന്നുണ്ടോ എന്ന് ശ്രദ്ധിക്കു. ആവശ്യമെങ്കില്‍ വിദഗ്ധ സഹായം തേടുക.

24.3 bhp കരുത്തും 32 Nm ടോര്‍ക്കും നല്‍കുന്ന 411 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് എഞ്ചിനാണ് ഹിമാലയന് തുടിപ്പേകുന്നത്. ഇത് 5-സ്പീഡ് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുന്നു. മികച്ച ഓഫ്റോഡിംഗ് അനുഭവം തേടുന്ന ബൈക്ക് പ്രേമികള്‍ക്കിടയില്‍ പ്രിയങ്കരനാണ് ഹിമാലയന്‍. അഡ്വഞ്ചര്‍ മോട്ടോര്‍ സൈക്കിളുകള്‍ക്ക് ഇന്ത്യയില്‍ ഒരു മേല്‍വിലാസം ഉണ്ടാക്കിയ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്റെ പുതിയ മോഡലുകള്‍ അണിയറയില്‍ ഒരുന്നുങ്ങുന്നുണ്ട്.
ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി പുതുതായി വികസിപ്പിച്ച 450 സിസി എഞ്ചിന്‍ ആയിരിക്കും ഹിമാലയന്‍ 450 ബൈക്കിന് തുടിപ്പേകുക. ഔട്ട്‌ഗോയിംഗ് ഹിമാലയന്റെ കൂടുതല്‍ ഹാര്‍ഡ്-കോര്‍ പതിപ്പായേക്കും പുതിയ ഹിമാലയന്‍ 450. ഈ പുതിയ എഞ്ചിന്‍ ഏകദേശം 40 bhp പവര്‍ പുറപ്പെടുവിക്കും. ഒപ്പം തന്നെ ഹിമാലയന്റെ ഇലക്ട്രിക് പതിപ്പും അണിയറയില്‍ ഒരുങ്ങുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. അടുത്ത വര്‍ഷങ്ങളില്‍ ഇലക്ട്രിക് ബുള്ളറ്റിന്റെ വരവിന് പിന്നാലെ ഹിമാലയനെയും നമുക്ക് ഇലക്ട്രിക് കുപ്പായത്തില്‍ കാണാന്‍ സാധിച്ചേക്കും.


Click it and Unblock the Notifications








