എന്‍ഫീല്‍ഡില്‍ ചുറ്റിക്കറങ്ങാന്‍ ഇനി ലക്ഷങ്ങള്‍ മുടക്കേണ്ട! എങ്ങനയെന്ന് പറഞ്ഞു തരാം...
ഓരോ മോട്ടോര്‍സൈക്കിള്‍ പ്രേമിയുടെയും ചിരകാല സ്വപ്‌നങ്ങളില്‍ ഒന്നായിരിക്കും ഒരു റോയല്‍ എന്‍ഫീല്‍ഡ് ബൈക്ക് സ്വന്തമാക്കുകയെന്നത്. എന്നാല്‍ പലര്‍ക്കും ഇത് എത്തിപ്പിടിക്കാന്‍ സാധിക്കുന്നതിലും അപ്പുറത്തായിരിക്കും. തലമുറകളെ കോരിത്തരിപ്പിച്ച ഐതിഹാസിക ബ്രാന്‍ഡിന്റെ ബൈക്കില്‍ ഗമയില്‍ ഞെളിഞ്ഞിരുന്ന് പോകുന്നത് കണ്ടാല്‍ റോഡരികിൽ നിൽക്കുന്ന ആരുമെന്ന് നോക്കിപ്പോകുമെന്നതാണ് സത്യം.
എന്നാല്‍ ഇന്ന് ഒരു എന്‍ഫീല്‍ഡ് ബൈക്ക് നിരത്തിലെത്തിക്കാന്‍ ലക്ഷങ്ങള്‍ മുടക്കേണ്ട സാഹചര്യമായതിനാല്‍ ഇടത്തരം കുടുംബത്തില്‍ പെട്ട യൂത്തന്‍മാര്‍ക്ക് അത് സാധിച്ചെന്ന് വരാറില്ല. എന്നാല്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ കട്ട ഫാന്‍ ആയവര്‍ക്ക് വാഹനം വാങ്ങാതെ തന്നെ അത് ഉപയോഗിക്കാനും അനുഭവിച്ചറിയാനുമുള്ള സാഹചര്യം ഒത്തുവന്നിരിക്കുകയാണിപ്പോള്‍. റോയല്‍ എന്‍ഫീല്‍ഡ് ഇന്ത്യയില്‍ മോട്ടോര്‍ സൈക്കിള്‍ വാടകയ്ക്ക് നല്‍കുന്ന പരിപാടി ആരംഭിച്ചിരിക്കുകയാണ്.

ഇന്ത്യയിലെ 25 നഗരങ്ങളിലായി 40-ലധികം മോട്ടോര്‍സൈക്കിള്‍ റെന്റല്‍ ഓപ്പറേറ്റര്‍മാര്‍ വഴി മോട്ടോര്‍സൈക്കിളുകളുകള്‍ വാടകയ്ക്ക് ലഭ്യമാകും. റോയല്‍ എന്‍ഫീല്‍ഡ് റെന്റല്‍ പ്രോഗ്രാമിന് കീഴില്‍ 300ലധികം ബൈക്കുകളാണ് കമ്പനി ഇപ്പോള്‍ ലഭ്യമാക്കുന്നത്. കേരളത്തില്‍ നിലവില്‍ കൊച്ചിയിലും തിരുവനന്തപുരത്തുമാണ് റോയല്‍ എന്‍ഫീല്‍ഡ് റെന്റലിന് കീഴില്‍ ബൈക്കുകള്‍ വാടകയ്്‌ക്കെടുത്ത് ഉപയോഗിക്കാന്‍ സാധിക്കുക.
അഹമ്മദാബാദ്, മുംബൈ, ചണ്ഡീഗഡ്, ധര്‍മ്മശാല, ലേ, മണാലി, ഹരിദ്വാര്‍, ഋഷികേശ് എന്നിവിടങ്ങളില്‍ റോയല്‍ എന്‍ഫീല്‍ഡ് റെന്റല്‍ ലഭ്യമാകും. ഹിമാചല്‍ പ്രദേശിലെയും കശ്മീരിലെയും മഞ്ഞ്മൂടിയ താഴ്‌വരകളിലൂടെ റോയല്‍ എന്‍ഫീല്‍ഡ് ബൈക്ക് ഓടിക്കാന്‍ ഇനി കമ്പനിയുടെ തന്നെ പരിപാടി പ്രയോജനപ്പെടുത്താം. തട്ടിപ്പുകാരില്‍ നിന്ന് രക്ഷപ്പെട്ട് വിശ്വസിച്ച് ടൂറിസ്റ്റുകള്‍ക്ക് ബൈക്കുകള്‍ വാടകയ്‌ക്കെടുക്കാന്‍ ഇതുവഴി സാധിക്കും.

ഈ നഗരങ്ങള്‍ക്ക് പുറമെ ഉദയ്പൂര്‍, ജയ്പൂര്‍, ജയ്സാല്‍മീര്‍, ഗോവ, ഭുവനേശ്വര്‍, വിശാഖപട്ടണം, ഡല്‍ഹി, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, ഷിംല, നൈനിറ്റാള്‍, ബിര്‍ ബില്ലിംഗ്, സിലിഗുരി, ഡെറാഡൂണ്‍ എന്നിവിടങ്ങളിലും കമ്പനി മോട്ടോര്‍സൈക്കിളുകള്‍ വാടകയ്ക്ക് നല്‍കും. വൈകാതെ തന്നെ മറ്റ് നഗരങ്ങളിലേക്കും റോയല്‍ എന്‍ഫീല്‍ഡ് റെന്റല്‍ സര്‍വീസ് വ്യാപിപ്പിക്കുമെന്നും കമ്പനി അറിയിച്ചു. ഇനി ഈ പരിപാടിയിലൂടെ എങ്ങനെ ബൈക്കുകള്‍ വാടകയ്ക്ക് എടുക്കാമെന്ന് നോക്കാം.
അതിനായി ഒരാള്‍ ആദ്യം റോയല്‍ എന്‍ഫീല്‍ഡ് റെന്റലിന്റെ വെബ്സൈറ്റ് സന്ദര്‍ശിക്കുകയാണ് വേണ്ടത്. തുടര്‍ന്ന് തങ്ങള്‍ക്ക് മോട്ടോര്‍സൈക്കിള്‍ ആവശ്യമുള്ള നഗരം തിരഞ്ഞെടുക്കണം. നിങ്ങള്‍ക്ക് എത്ര ദിവസത്തേക്ക് അല്ലെങ്കില്‍ സമയത്തേക്കാണ് ബൈക്ക് വേണ്ടതെന്ന വിവരങ്ങള്‍ നല്‍കുന്നതാണ് അടുത്ത സ്‌റ്റെപ്പ്. അതിനാല്‍ വെബ്സൈറ്റില്‍ പിക്ക് അപ്പ് സമയവും തീയതിയും ഡ്രോപ്പ് സമയവും തീയതിയും നല്‍കുക.

ലഭ്യമായ മോഡലുകളും അവയുടെ നിരക്കും കാണിക്കുന്ന ഒരു പട്ടിക പിന്നാലെ പ്രത്യക്ഷപ്പെടും. ഒരു ഫോം സമര്‍പ്പിച്ചാല്‍ നമുക്ക് ഓപ്പറേറ്ററുടെ വിശദാംശങ്ങള്‍ ലഭിക്കും. മറ്റ് റെന്റല്‍ സര്‍വീസ് പോലെ തന്നെ സെക്യൂരിറ്റി ഡെപോസിറ്റായി നിശ്ചിത തുക ഓപറേറ്റര്‍ ഈടാക്കുമെന്ന കാര്യം മനസ്സില്‍ വേണം. ബൈക്ക് പ്രേമികള്‍ക്ക് മാത്രമല്ല നമ്മുടെ വിനോദസഞ്ചാര മേഖലക്ക് കൂടി ഉണര്‍വേകുന്നതാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ ഈയൊരു നീക്കം.
വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങളുടേയും ഭൂപ്രദേശങ്ങളുടേയും നാടായ ഇന്ത്യ റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിളില്‍ ചുറ്റിക്കറങ്ങുന്നത് വ്യത്യസ്തമായ അനുഭവമാണെന്ന് പറയേണ്ട കാര്യമില്ലെല്ലോ. ലളിതമായി തിരക്കില്ലാത്ത യാത്രാ അനുഭവം സമ്മാനിക്കാന്‍ ബെസ്റ്റാണ് ഐക്കണിക് ബ്രാന്‍ഡിന്റെ ബൈക്കുകള്‍. പതിറ്റാണ്ടുകളായി സാഹസികരായ റൈഡര്‍മാരുടെ വിശ്വസ്തനായ കൂട്ടാളി കൂടിയാണ് എന്‍ഫീല്‍ഡ്. ഇപ്പോള്‍ മോട്ടോര്‍സൈക്കിളുകള്‍ വാടകയ്ക്കെടുത്ത് ഓടിക്കുന്ന പ്രക്രിയ കൂടുതല്‍ സൗകര്യപ്രദവും വിശ്വസനീയവുമായി മാറി.
മാത്രമല്ല റൈഡര്‍മാര്‍ക്ക് ഉയര്‍ന്ന നിലവാരമുള്ളതും നന്നായി പരിപാലിക്കപ്പെടുന്നതുമായ റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിളുകള്‍ ലഭിക്കുന്നുവെന്നതും ഒരു പ്ലസ് പോയിന്റാണ്. ഇനി മനസ്സമാധാനത്തോടെ റൈഡ് ആസ്വദിക്കാന്‍ ഇതുവഴി സാധിക്കും. ഭാവിയില്‍ കൂടുതല്‍ നഗരങ്ങള്‍ കൂട്ടിച്ചേര്‍ക്കപ്പെടുന്നതിനാല്‍ യാത്രകള്‍ കൂടുതല്‍ അവിസ്മരണീയമാകും. ലക്ഷങ്ങള്‍ മുടക്കി വാഹനം സ്വന്തമാക്കാതെ റോയല്‍ എന്‍ഫീല്‍ഡിന്റെ ബൈക്കുകള്‍ ഓടിക്കാന്‍ വേഗം തന്നെ ഈ സേവനം ഉപയോഗപ്പെടുത്തൂ. ഇക്കാര്യം പ്രയോജനപ്പെടുത്താന്‍ സാധ്യതയുള്ള നിങ്ങളുടെ സുഹൃത്തുക്കളിലേക്ക് ഈ വിവരം പങ്കുവെക്കാനും മറക്കല്ലോ.


Click it and Unblock the Notifications








