'ഗുഡു ഗുഡു' ഇല്ലാത്ത ബുള്ളറ്റ്! ഇലക്ട്രിക് ഫ്യൂച്ചർ ഇങ്ങനെയാവും; ഹിമാലയൻ ഇവി അവതരിപ്പിച്ച് റോയൽ എൻഫീൽഡ്
ഇപ്പോൾ എല്ലായിടത്തും ഇലക്ട്രിക് വാഹനങ്ങളാണല്ലോ ട്രെൻഡ്, പല പ്രമുഖ വാഹന നിർമ്മാതാക്കളും ഇപ്പോൾ ഇവിയിലേക്ക് ചേക്കേറുകയാണ്. പരിസ്ഥിസി പ്രശ്നങ്ങളും ക്ലീൻ മൊബിലിറ്റിയുടെ ആവശ്യകതയും എല്ലാം ഇവികളിലേക്കാണ് നയിക്കുന്നതും. ചെന്നൈ അടിസ്ഥാനമാക്കിയുള്ള ഐതിഹാസിക വാഹന നിർമ്മാതാക്കളായ റോയൽ എൻഫീൽഡും ഇലക്ട്രിക് സെഗ്മെന്റിലേക്ക് ചുവടു വെയ്ക്കുകയാണ്.
നിലവിൽ നടന്നു കോണ്ടിരിക്കുന്ന EICMA 2023 -ൽ റോയൽ എൻഫീൽഡ് HIM-E (ഹിമാലയൻ ഇലക്ട്രിക്) വെളിപ്പെടുത്തിയിരിക്കുകയാണ്. റോയൽ എൻഫീൽഡ് HIM-E ഒരു കൺസെപ്റ്റ് അല്ല, പകരം കമ്പനിയുടെ ഭാവി ഇലക്ട്രിക് പവർട്രെയിനുകൾ പരീക്ഷിക്കുന്നതിനുള്ള ഒരു പരീക്ഷണ ശാല അല്ലെങ്കിൽ ടെസ്റ്റ് ബെഡ്ഡാണ്.

ലുക്കിന്റെ കാര്യത്തിൽ റോയൽ എൻഫീൽഡ് HIM-E ടെസ്റ്റ് ബെഡ് വെഹിക്കിളിനൊപ്പം, ഇറ്റലിയിലെ മിലാനിൽ നടന്ന EICMA 2023 -ൽ ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ച ഹിമാലയൻ 450 -യോട് സാമ്യമുള്ളതാണ് എന്ന് നിസംശയം പറയാം. എന്നിരുന്നാലും, റോയൽ എൻഫീൽഡ് അതിന്റെ ഡ്രാഗ് കോഫിഫിഷ്യന്റ് കുറയ്ക്കുന്നതിന് ഇലക്ട്രിക് ടെസ്റ്റ് ബെഡ് മോഡലിൽ കുറച്ച് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
HIM-E ഇലക്ട്രിക് ഹിമാലയൻ മോട്ടോർസൈക്കിളിൽ പ്രാദേശിക ടു വീലർ ഭീമൻ ഒരു റൗണ്ട് ഷെയിപ്പിലുള്ള ഹെഡ്‌ലാമ്പ്, സീറ്റിലേക്ക് ലയിക്കുന്ന ഒരു ഫോക്സ് ഫ്യുവൽ ടാങ്ക്, ഒരു വലിയ വിൻഡ് ഡിഫ്‌ലെക്‌റ്റർ, ഇന്റേണൽ കംബഷൻ സഹോദരങ്ങളിൽ, എഞ്ചിൻ വരുന്ന സ്ഥാനത്ത് നിരവധി ബാറ്ററികൾ എന്നിവയും ഉൾപ്പെടുത്തിയിരിക്കുന്നു.

റോയൽ എൻഫീൽഡ് HIM-E -യ്ക്ക് പിന്നിൽ അഡ്ജസ്റ്റബിൾ മോണോഷോക്ക്, ഡബിൾ സൈഡഡ് സ്വിംഗ്ആം സജ്ജീകരണവും ഫ്രണ്ടിൽ അപ്പ്സൈഡ്‌ഡൗൺ ഫ്രണ്ട് ഫോർക്കുകളും നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു. സ്‌പോക്ക് വീലുകളിൽ 21 ഇഞ്ച് ഫ്രണ്ട് റിമ്മും 18 ഇഞ്ച് റിയർ യൂണിറ്റും കമ്പനി നൽകുന്നു. രണ്ടറ്റത്തും ബ്രേക്കിംഗ് ഡ്യൂട്ടി കൈകാര്യം ചെയ്യുന്നത് ഡിസ്കുകളാണ്.
ബാറ്ററി പായ്ക്ക് ഫ്രെയിമിന്റെ അവിഭാജ്യ ഘടകമാണെന്ന് റോയൽ എൻഫീൽഡ് അവകാശപ്പെടുന്നു, ഇതിന്റെ വലിപ്പം കമ്പനി വ്യക്തമാക്കിയിട്ടില്ല. കൂടാതെ ബാറ്ററിയും മോട്ടോറും ഓഫ് ദി ഷെൽഫ് ഘടകങ്ങളാണെന്നും ഇലക്ട്രിക് ഹിമാലയൻ വിൻഡ് ടണലുകളിലും, ഇപ്പോൾ ഏകദേശം 18 മാസമായി റിയൽ വേൾഡ് സാഹചര്യങ്ങളിലും പരീക്ഷിച്ചിട്ടുണ്ടെന്നും കമ്പനി അവകാശപ്പെടുന്നു.

റോയൽ എൻഫീൽഡ് ഹിമാലയനാണ് RE -യുടെ ഇലക്ട്രിക് ഭാവിയെക്കുറിച്ചുള്ള നമ്മുടെ ആദ്യത്തെ ഔദ്യോഗിക ചുവടു വെയ്പ്പ്. ഇലക്ട്രിക് ഹിമാലയന്റെ പരീക്ഷണം അതീവ രഹസ്യമായിട്ടാവും കമ്പനി നടത്തിയിട്ടുള്ളത്, നാളിതുവരെ മോട്ടോർസൈക്കിളിന്റെ ഒരു ടെസ്റ്റ് മോഡൽ പോലും ക്യാമറയിൽ പെട്ടിരുന്നില്ല എന്നതും അതിശയമാണ്. 2025 -ൽ ഒരു ഇലക്ട്രിക് ഹിമാലയൻ ഇന്ത്യൻ വിപണിയിൽ പ്രത്യക്ഷപ്പെടുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.
റോയൽ എൻഫീൽഡിന്റെ ഇലക്ട്രിക് സെഗ്മെന്റിലേക്കുള്ള ഈ ചുവടു വെയ്പ്പ് നിലവിൽ ടു വീലർ ഇവി സെഗ്മെന്റിൽ തിളങ്ങി നിൽക്കുന്ന പല പ്രമുഖ ഇവി ബ്രാൻഡുകൾക്കും ഒരു വൻ തിരിച്ചടിയാവും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. നിലവിൽ ഇലക്ട്രിക് മോട്ടോർസൈക്കിൾ രംഗത്ത് കോളിളക്കം സൃഷ്ടിച്ച അൾട്രാവൈലറ്റ്, റിവോൾട്ട്, ഒബെൻ, മാറ്റർ തുടങ്ങി പല ബ്രാൻഡുകൾക്കും ഇവി ബുള്ളറ്റ് അല്ലെങ്കിൽ ഹിമാലയൻ, വൻ വെല്ലുവിളി ഉയർത്തും എന്ന കാര്യത്തിൽ സംശയം ഒന്നും തന്നെ ഇല്ല.

മറുവശത്ത് നിശബ്ദ്ദമാവാനുള്ള റോയൽ എൻഫീൽഡിന്റെ തീരുമാനത്തോട് ഒരു കൂട്ടം പേർക്ക് എതിർപ്പ് ഉണ്ടായിരിക്കാം. ബുള്ളറ്റിന്റെ ആ ഐതിഹാസിക 'ഗുഡു ഗുഡു' ശബ്ദം നെഞ്ചിലേറ്റിയവർക്ക് ഇത് അത്ര സുഖകരമായ ഒരു വാർത്തയല്ല, എന്നിരുന്നാലും ഇന്റേണൽ കംബഷൻ എഞ്ചിനുകൾ നിർത്തലാക്കും എന്ന് കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ദൂരെ ഭാവിയിൽ ചിലപ്പോൾ എല്ലാം നിശബ്ദ്ദമായി മാറിയേക്കാം.


Click it and Unblock the Notifications








