151 കി.മീ റേഞ്ച്, വില വെറും 99,999 രൂപ! ഓലയെയും ഏഥറിനെയും പൂട്ടാന്‍ സിമ്പിള്‍ ഡോട്ട് വണ്‍ വിപണിയില്‍
ഓല ഇലക്ട്രിക്കിനൊപ്പം ഇന്ത്യന്‍ ഇലക്ട്രിക് ടൂവീലര്‍ സ്‌പെയ്‌സിലേക്ക് ചുവടുവെച്ച കമ്പനിയാണ് സിമ്പിള്‍ എനര്‍ജി (Simple Energy). എന്നാല്‍ സിമ്പിളിന്റെ വരവ് വൈകിയപ്പോള്‍ ഓല ഇലക്ട്രിക് ചുരുങ്ങിയ നാള്‍ കൊണ്ട് വിപണിയില്‍ ഒന്നാമന്‍മാരായി. എന്നാല്‍ മാര്‍ക്കറ്റ് എന്‍ട്രി സിമ്പിളാക്കാതെ നല്ല മാസാക്കി മാറ്റിയിരുന്നു സിമ്പിള്‍.
200 കിലോമീറ്ററിന് മുകളില്‍ റേഞ്ചുള്ള തങ്ങളുടെ കന്നി ഉല്‍പ്പന്നമായ സിമ്പിള്‍ വണ്‍ പുറത്തിറക്കിയായിരുന്നു വരവ് രാജകീയമാക്കിയത്. ഇപ്പോള്‍ താങ്ങാവുന്ന വിലയില്‍ തങ്ങളുടെ രണ്ടാമത്തെ ഉല്‍പ്പന്നം വിപണിയിലെത്തിച്ച് എതിരാളികളായ ഓലയെയും ഏഥര്‍ എനര്‍ജിയെയും ഞെട്ടിച്ചിരിക്കുകയാണ് സിമ്പിള്‍. 99,999 രൂപ എക്‌സ്‌ഷോറൂം വിലയിലാണ് സിമ്പിള്‍ ഡോട്ട് വണ്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കിയിരിക്കുന്നത്. ബെംഗളൂരുവിലെ കസ്റ്റമേഴ്‌സിനായിരിക്കും ഈ ആമുഖ വിലയില്‍ ഇവി ലഭ്യമാകുക.

ഇന്ത്യയുടെ ഐടി തലസ്ഥാനത്ത് നിന്ന് മുന്‍കൂട്ടി ബുക്ക് ചെയ്ത സിമ്പിള്‍ വണ്‍ ഉപഭോക്താക്കള്‍ക്ക് മാത്രമായിരിക്കും ഈ വിലയില്‍ ഇവി ലഭിക്കുക. പുതിയ ഉപഭോക്താക്കള്‍ക്കുള്ള ലോഞ്ച് വില 2024 ജനുവരിയില്‍ പ്രഖ്യാപിക്കുമെന്നതിനാല്‍ പരിമിതമായ കാലത്തേക്ക് മാത്രമേ ഈ ഓഫര്‍ നിലനില്‍ക്കൂവെന്ന് ഇവി സ്റ്റാര്‍ട്ടപ്പ് കമ്പനി വ്യത്മാക്കി. ഇപ്പോള്‍ പ്രഖ്യാപിച്ച പ്രാരംഭ എക്‌സ്‌ഷോറൂം വിലയേക്കാള്‍ ചെറിയ വര്‍ധനവ് മാത്രമേ ഉണ്ടാകാന്‍ സാധ്യതയുള്ളൂ.
സിമ്പിള്‍ ഡോട്ട് വണ്ണിനായുള്ള ബുക്കിംഗ് ബ്രാന്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി ആരംഭിച്ചു. സിമ്പിള്‍ വണിന്റെ അതേ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി നിര്‍മിച്ചിട്ടുള്ള ഇലക്ട്രിക് സ്‌കൂട്ടറാണ് സിമ്പിള്‍ ഡോട്ട് വണ്‍. ഫീച്ചര്‍ ലിസ്റ്റ് ഉള്‍പ്പെടെ ഇരുസ്‌കൂട്ടറുകളും തമ്മില്‍ നിരവധി സാമ്യതകള്‍ ഉണ്ട്. ഒരൊറ്റ വേരിയന്റിലാണ് സിമ്പിള്‍ ഡോട്ട് വണ്‍ ലഭ്യമാകുക.

നമ്മ റെഡ്, ബ്രസെന്‍ ബ്ലാക്ക്, ഗ്രേസ് വൈറ്റ്, അസൂര്‍ ബ്ലൂ എന്നിങ്ങനെ നാല് കളര്‍ ഓപ്ഷനുകളില്‍ വാങ്ങാം. കസ്റ്റമൈസേഷന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് ലൈറ്റ്X, ബ്രസെന്‍X എന്നീ നിറങ്ങളിലും ലഭിക്കും. 11.40 bhp മാക്‌സ് പവറും 72 Nm ടോര്‍ക്ക് നല്‍കാന്‍ സഹായിക്കുന്ന 8.5 kW ഇലക്ട്രിക് മോട്ടോറാണ് ഇതില്‍ സജ്ജീകരിച്ചിരിക്കുന്നത്. 3.7 kWh ബാറ്ററി പായ്ക്കില്‍ നിന്ന് ഇലക്ട്രിക് സ്‌കൂട്ടര്‍ പവറെടുക്കുന്നു.
സിമ്പിള്‍ ഡോട്ട് വണ്‍ ഒറ്റ ചാര്‍ജില്‍ 151 കിലോമീറ്റര്‍ സഞ്ചരിക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. 750 വാട്ട് ചാര്‍ജര്‍ ആണ് ഇവിയുടെ കൂടെ വരുന്നത്. സെഗ്മെന്റിലെ ഏറ്റവും വേഗതയേറിയ ഇലക്ട്രിക് ടൂവീലറുകളില്‍ ഒന്നും കൂടിയാണ് സിമ്പിള്‍ ഡോട്ട് വണ്‍. വെറും 2.77 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഇതിന് സാധിക്കും. മണിക്കൂറില്‍ 105 കിലോമീറ്ററാണ് പരമാവധി വേഗത.
ഇവിയുടെ 12 ഇഞ്ച് വീലുകള്‍ 90-90 ട്യൂബ്ലെസ് ടയറുകളിലാണ് പൊതിഞ്ഞിരിക്കുന്നത്. ഓണ്‍-റോഡ് റേഞ്ച് വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നതിന് പ്രത്യേകം രൂപകല്‍പ്പന ചെയ്ത ടയറുകളാണ് സ്‌കൂട്ടറില്‍ ഘടിപ്പിച്ചിരിക്കുന്നത്. സിബിഎസ് പിന്തുണയുള്ള ഡിസ്‌ക് ബ്രേക്കുകളാണ് സ്‌റ്റോപ്പിംഗ് ഡ്യൂട്ടി നിര്‍വഹിക്കുന്നത്. 35 ലിറ്റര്‍ അണ്ടര്‍ സീറ്റ് സ്‌റ്റോറേജ് സ്‌പെയ്‌സാണ് മറ്റൊരു പ്രധാന ഹൈലൈറ്റ്. മാത്രമല്ല ടച്ച്സ്‌ക്രീന്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും തടസമില്ലാത്ത ആപ്പ് കണക്റ്റിവിറ്റിയും ഇ-സ്‌കൂട്ടറില്‍ ലഭ്യമാണ്.
ബെംഗളൂരു നഗരത്തിലായിരിക്കും സിമ്പിള്‍ ഡോട്ട് വണ്‍ തുടക്കത്തില്‍ വിതരണം ചെയ്യുക. തുടര്‍ന്ന് ഘട്ടം ഘട്ടമായി മറ്റ് നഗരങ്ങളിലും ഡെലിവറി ആരംഭിക്കും. 2021 ഓഗസ്റ്റില്‍ തങ്ങളുടെ ആദ്യ മോഡല്‍ അവതരിപ്പിച്ച സിമ്പിളിന് ഒരു ലക്ഷത്തിലധികം ബുക്കിംഗുകള്‍ നേടാന്‍ സാധിച്ചിരുന്നു. എന്നാല്‍ അത്യന്തം മത്സരം നിറഞ്ഞ ഇന്ത്യന്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ സെഗ്മെന്റില്‍ തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കാന്‍ ശ്രമിക്കുമ്പോഴും സിമ്പിള്‍ പലപ്പോഴും വിവാദങ്ങളില്‍ ചെന്നുപെട്ടു.

ഉല്‍പ്പന്ന വിതരണത്തിന് കാലതാമസം നേരിടുന്നുവെന്ന പരാതികള്‍ക്ക് പുറമെ ബുക്കിംഗ് റദ്ദാക്കാന്‍ ആവശ്യപ്പെട്ട് കമ്പനിയില്‍ നിന്ന് കോള്‍ വന്നുവെന്ന് ചില ഉപഭോക്താക്കള്‍ പരാതിപ്പെട്ടത് അടുത്തിടെയാണ്. സിമ്പിള്‍ വണിന്റെ കാര്യത്തില്‍ വന്ന പോലെ പുത്തിയ താങ്ങാവുന്ന ഓഫറിംഗിന്റെ കാര്യത്തിലും ഡെലിവറി വൈകിയാല്‍ ജനങ്ങള്‍ ക്ഷമിച്ച് നില്‍ക്കുമോയെന്ന് കണ്ടറിയണം.


Click it and Unblock the Notifications








