പേര് സിമ്പിളാണെങ്കിലും വരവ് മാസാകും; 300 കി.മീ റേഞ്ചുമായി സിമ്പിള്‍ വണ്‍ ഇ-സ്‌കൂട്ടര്‍ ഏപ്രിലില്‍ എത്തും
ഇന്ത്യന്‍ ഇരുചക്ര വാഹന വിപണി ഏറെ നാളായി കാത്തിരിക്കുന്ന ഒരു ഇലക്ട്രിക് ടൂവീലറാണ് സിമ്പിള്‍ വണ്‍. ബെംഗളൂരു ആസ്ഥാനമായുള്ള കമ്പനിയായ സിമ്പിള്‍ എനര്‍ജി തങ്ങളുടെ ആദ്യ ഇവിയുടെ പേര് സിമ്പിള്‍ വണ്‍ എന്ന് വെച്ചെങ്കിലും വരവ് മാസായിട്ടാകുമെന്ന നിലപാടിലാണ്. 2021 ഓഗസ്റ്റ് 15 നാണ് കമ്പനി ആദ്യമായി സ്‌കൂട്ടര്‍ അവതരിപ്പിച്ചത്.
അത് കഴിഞ്ഞ് ഒന്നര വര്‍ഷം പിന്നിട്ടിട്ടും ഒരു സ്‌കൂട്ടര്‍ പോലും ഇതുവരെ ഡെലിവറി ചെയ്തിട്ടില്ല. സംഗതി ഇങ്ങനെ ആണെങ്കിലും ഉപഭോക്താക്കളുടെ മനസ്സില്‍ നിന്ന് ഇവിയുടെ പേര് മാഞ്ഞ് പോകാതിരിക്കാനായി കമ്പനി കൃത്യമായ ഇടവേളകളില്‍ സിമ്പിള്‍ വണിന്റെ അപ്‌ഡേറ്റുകള്‍ പുറത്തുവിടുന്നുണ്ട്. ഇപ്പോള്‍ സിമ്പിള്‍ വണ്‍ ഇലക്ട്രിക് സ്‌കൂട്ടറുമായി ബന്ധപ്പെട്ട ചില സുപ്രധാന അപ്‌ഡേറ്റുകള്‍ വന്നിരിക്കുകയാണ്. ഈ വര്‍ഷം ഏപ്രില്‍ അവസാനത്തോടെ സിമ്പിള്‍ വണ്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബെംഗളൂരു ആസ്ഥാനമായി തുടങ്ങിയ കമ്പനിക്ക് പിന്‍കാലത്ത് വമ്പന്‍ നിക്ഷേപങ്ങള്‍ ലഭിച്ചിരുന്നു. 20 ദശലക്ഷം ഡോളര്‍ ഫണ്ടിംഗ് ലഭിച്ച ശേഷം കമ്പനി ഒരു വമ്പന്‍ നിര്‍മ്മാണ പ്ലാന്റാണ് തമിഴ്നാട്ടിലെ ഷൂളഗിരിയില്‍ തുറന്നത്. സിമ്പിള്‍ വിഷന്‍ 1.0 എന്ന ഈ നിര്‍മാണ പ്ലാന്റിന്റെ ഇലക്ട്രിക് സ്‌കൂട്ടറിന്റെ നിര്‍മ്മാണം യുദ്ധകാലാടിസ്ഥാനത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്. അവതരണ ശേഷം കമ്പനി സിമ്പിള്‍ വണിന്റെ ബുക്കിംഗും ആരംഭിച്ചിരുന്നു.
ഇതിനോടകം ഒരു ലക്ഷത്തിലേറെ പേരാണ് ഇലക്ട്രിക് സ്‌കൂട്ടര്‍ ബുക്ക് ചെയ്തതെന്നാണ് കമ്പനി പറയുന്നത്. നിര്‍മാണവും വിതരണവും വേഗത്തിലാക്കാന്‍ നിക്ഷേപം മുതല്‍ക്കൂട്ടാകുമെന്നാണ് അവര്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ ഏപ്രില്‍ അവസാനത്തോടെ ഈ സ്‌കൂട്ടര്‍ വില്‍പ്പനയ്ക്കെത്തിക്കാനാണ് കമ്പനിയുടെ തീരുമാനം. കര്‍ണാടകയിലെ ബെംഗളൂരുവിലായിരിക്കും സിംപിള്‍ വണ്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ ആദ്യമായി ഡെലിവറി ചെയ്യുക. ഘട്ടംഘട്ടമായി മറ്റ് നഗരങ്ങളിലേക്കും ഇത് വ്യാപിപ്പിക്കും.

വിതരണ ശൃംഖല ഇനിയും ട്രാക്കിലാകേണ്ടതുള്ളതിനാല്‍ ഇതിന് നേരിയ കാലതാമസമുണ്ടാകുമെന്നാണ് കരുതുന്നത്. 2021-ല്‍ കമ്പനി അവതരിപ്പിച്ച സ്‌കൂട്ടര്‍ കാഴ്ചയില്‍ നിലവിലെ സ്‌കൂട്ടറിന് സമാനമാണ്. എന്നാല്‍ ഇതില്‍ നിരവധി മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. പുതുക്കിയ മാനദണ്ഡങ്ങള്‍ക്ക് വിധേയമായി നിര്‍മിച്ചതിനാല്‍ ഇലക്ട്രിക് സ്‌കൂട്ടറിന്റെ വിലയില്‍ അല്‍പ്പം മാറ്റമുണ്ടാകാനാണ് സാധ്യത.
1.10 ലക്ഷം രൂപയ്ക്ക് സ്‌കൂട്ടര്‍ വില്‍പ്പനയ്ക്കെത്തുമെന്നാണ് കമ്പനി ആദ്യം പ്രഖ്യാപിച്ചിരുന്നത്.
ഈ വിലയില്‍ ഒല S1 പ്രോ, ഏഥര്‍ 450X എന്നിവയടക്കമുള്ള വിപണിയിലെ ഭീമന്‍മാരെ സിമ്പിള്‍ വണ്‍ പിന്തള്ളുമെന്നായിരുന്നു കണക്ക്കൂട്ടല്‍. 2022-ല്‍ ഒരു പുതിയ ടോപ് സ്‌പെക് വേരിയന്റും സിമ്പിള്‍ എനര്‍ജി അതരിപ്പിച്ചു. 300 കിലോമീറ്റര്‍ റേഞ്ചുമായി എത്താന്‍ പോകുന്ന ഈ ഇലക്ട്രിക് സ്‌കൂട്ടറിന് 1.45 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഈ രണ്ട് വേരിയന്റുകളും പുറത്തിറക്കുമ്പോള്‍ വിലയില്‍ മാറ്റമുണ്ടാകുമെന്നാണ് സൂചന.
ഇവികളില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന പുതിയ ഫീച്ചറുകള്‍, സ്പെയര്‍ പാര്‍ട്സ് ചാര്‍ജ് വര്‍ധന തുടങ്ങി വിവിധ കാരണങ്ങളാണ് വില വര്‍ധനവിന് കാരണമെന്നാണ് നിഗമനം. 4.8 kWh ബാറ്ററി പായ്ക്കാണ് സിമ്പിള്‍ വണ്‍ ഇലക്ട്രിക് സ്‌കൂട്ടറില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഫുള്‍ ചാര്‍ജില്‍ ഈ ബാറ്ററി പായ്ക്ക് 236 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. എന്നാല്‍ യഥാര്‍ത്ഥ റോഡ് സാഹചര്യങ്ങളില്‍ 203 കിലോമീറ്റര്‍ റേഞ്ച് പ്രതീക്ഷിച്ചാല്‍ മതി.
രണ്ടാമത്തെ ബാറ്ററി പായ്ക്ക് ഘടിപ്പിച്ചാല്‍ റേഞ്ച് 300 കിലോമീറ്റര്‍ ആയി ഉയരും. 8.5 kW മോട്ടോര്‍ ആണ് സിമ്പിള്‍ വണ്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് കരുത്ത് പകരുന്നത്. ഇത് 72 Nm ടോര്‍ക്ക് നല്‍കുന്നു. ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഫീച്ചര്‍ ലിസ്റ്റുകള്‍ പരിശോധിച്ചാല്‍ കാള്‍, മ്യൂസിക് കണ്‍ട്രോളോട് കൂടിയ 4G ബ്ലൂടൂത്ത് കണക്ടിവിറ്റിയുള്ള 7 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഡിജിറ്റല്‍ കണ്‍സോള്‍ ആണ് ഇതില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഓള്‍ LED ലൈറ്റുകളാണ് വെളിച്ചം പകരുന്നത്.

ഇവക്ക് പുറമെ ഓണ്‍ബോര്‍ഡ് നാവിഗേഷന്‍, റൈഡിംഗ് മോഡുകള്‍ എന്നിവയും ലഭിക്കും. കമ്പനിയുടെ ലൂപ്പ് ചാര്‍ജിംഗ് നെറ്റ്‌വര്‍ക്ക് വഴി ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയും വാഗ്ദാനം ചെയ്യുന്നു.സിമ്പിള്‍ എനര്‍ജിയില്‍ നിന്നുള്ള സിമ്പിള്‍ വണ്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ മൊത്തം 4 വ്യത്യസ്ത കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാകും. അസൂര്‍ ബ്ലൂ, ബ്രേസന്‍ ബ്ലാക്ക്, ഗ്രേ വൈറ്റ്, നമ്മ റെഡ് എന്നീ നിറങ്ങളില്‍ ഇത് സ്വന്തമാക്കാനാകും.
ഈ സ്‌കൂട്ടര്‍ വിപണിയില്‍ ഓല, ഏഥര്‍, ടിവിഎസ് ഐക്യൂബ്, ഹീറോ വിഡ ഇലക്ട്രിക് സ്‌കൂട്ടര്‍ എന്നിവക്ക് വെല്ലുവിളി ഉയര്‍ത്തും. മികച്ച വിലയില്‍ ഒരുപിടി നൂതന ഫീച്ചറുകള്‍ വാഗ്ദാനം ചെയ്യുന്ന ഈ പുതിയ പോരാളി ഓലക്കും ഏഥറിനും കടുത്ത മത്സരമാകും സൃഷ്ടിക്കുക. ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍ പുതുതരംഗം സൃഷ്ടിക്കാനെത്തുന്ന സിമ്പിള്‍ വണ്‍ ഇലക്ട്രിക് സ്‌കൂട്ടറിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം എന്താണ്. അവ കമന്റ് ബോക്‌സില്‍ രേഖപ്പെടുത്തുമല്ലോ.


Click it and Unblock the Notifications








