ആക്ടിവ, ജുപ്പിറ്റര്‍, ആക്‌സസ്... ഏത് സ്‌കൂട്ടറും ഇലക്ട്രിക് ആക്കാം! ലഭിക്കുക വമ്പന്‍ മൈലേജ്
അനുദിനം വളര്‍ന്ന് കൊണ്ടിരിക്കുന്ന ഇന്ത്യന്‍ ഇലക്ട്രിക് വാഹന രംഗത്ത് സ്റ്റാര്‍ട്ടപ്പുകളാണ് മുന്‍പന്തിയില്‍ നില്‍ക്കുന്നത്. പല മുന്‍നിര കമ്പനികളും ഇലക്ട്രിക്കിലേക്ക് ചുവടുമാറാന്‍ മടിച്ച് നിന്നപ്പോള്‍ വിജയം കൊണ്ട് മാതൃക കാണിച്ചത് സ്റ്റാര്‍ട്ടപ്പുകളായിരുന്നു. ഇവി വിപണിയില്‍ വലിയ മാറ്റം സൃഷ്ടിക്കാന്‍ പോകുന്ന ഒരു സ്റ്റാര്‍ട്ടപ്പ് കമ്പനിയായ സ്റ്റാരിയ മൊബിലിറ്റിയെ ഇന്ന് പരിചയപ്പെടാം.
2018 ജൂലൈയിലാണ് സ്റ്റാര്‍ട്ടപ്പ് ആരംഭിച്ചത്. അത്യാധുനിക ഇവി സാങ്കേതികവിദ്യ താങ്ങാനാവുന്ന മുതല്‍മുടക്കില്‍ എല്ലാവര്‍ക്കും ലഭ്യമാക്കുക എന്നതാണ് കമ്പനിയുടെ സ്ഥാപിത ലക്ഷ്യം. അടുത്തിടെ ആഹ്! വെഞ്ച്വേഴ്‌സ്, എക്‌സെഡി ക്ലച്ച് ഇന്ത്യ എന്നിവരടക്കമുള്ള പ്രമുഖ നിക്ഷേപകരില്‍ നിന്നായി ഏകദേശം 16.4 കോടി രൂപയുടെ നിക്ഷേപം സമാഹരിക്കാന്‍ കമ്പനിക്കായിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും ശക്തവും തദ്ദേശീയവുമായ ഇലക്ട്രിക് പ്രൊപ്പല്‍ഷന്‍ റിട്രോഫിറ്റ് കിറ്റുമായാണ് സ്റ്റാരിയ മൊബിലിറ്റി ഇവി വിപണിയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ പോകുന്നത്.

ഗിയര്‍ലെസ് സ്‌കൂട്ടറുകള്‍ ഇലക്ട്രിക്ക് ആക്കി കമ്പനി മാറ്റുകയാണ് ചെയ്യുന്നത്. സാങ്കേതികവിദ്യക്ക് സ്റ്റാരിയ മൊബിലിറ്റിക്ക് നാല് പേറ്റന്റുകള്‍ ഉണ്ട്. റൈഡ് ഹിസ്റ്ററി, മൈലേജ്, പവര്‍ ഉപഭോഗം എന്നിവയുള്‍പ്പെടെ തങ്ങളുടെ സ്‌കൂട്ടറുകളെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങള്‍ ട്രാക്ക് ചെയ്യാന്‍ റൈഡര്‍മാരെ അനുവദിക്കുന്ന ഒരു മൊബൈല്‍ ആപ്പും കമ്പനി വികസിപ്പിച്ചിട്ടുണ്ട്.
സ്റ്റാരിയ മൊബിലിറ്റിയുടെ റിട്രോഫിറ്റ് കിറ്റിന് ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ (ARAI) അംഗീകാരം ലഭിച്ചിട്ടുണ്ട്. ഇലക്ട്രിക് പ്രൊപ്പല്‍ഷന്‍ കിറ്റ് ഏത് ഗിയര്‍ലെസ് സ്‌കൂട്ടറിലും ഉള്‍ക്കൊള്ളിക്കാവുന്ന തരത്തിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെങ്കിലും പഴയ ബജാജ് ചേതക്, ഹോണ്ട കൈനറ്റിക് എന്നിവക്ക് അനുയോജ്യമാകില്ല.

നിലവില്‍ സ്റ്റാരിയ മൊബിലിറ്റി ഹോണ്ട ആക്ടിവയില്‍ ഇലക്ട്രിക് ്രെപാപ്പല്‍ഷന്‍ കിറ്റ് ഘടിപ്പിക്കാന്‍ അംഗീകാരം നേടിയിട്ടുണ്ട്. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ മറ്റ് ജനപ്രിയ സ്‌കൂട്ടര്‍ മോഡലുകളായ ടിവിഎസ് ജുപ്പിറ്റര്‍, ഹോണ്ട ഡിയോ, സുസുക്കി ആക്സസ് എന്നിവയടക്കമുള്ളവക്കും അപ്രൂവല്‍ നേടാനുള്ള ശ്രമത്തിലാണ് കമ്പനി.സ്‌കൂട്ടറുകൾ മണിക്കൂറില്‍ 85 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ പ്രാപ്തമായിരിക്കും.
മാത്രവുമല്ല വെറും 3.6 സെക്കന്‍ഡിനുള്ളില്‍ 0-40 kmph വേഗത കൈവരിക്കാന്‍ സാധിക്കും. ഫ്‌ലാറ്റ് റോഡുകളില്‍ ഒരു റൈഡര്‍ മാത്രമുള്ളപ്പോള്‍ ബാറ്ററി വോള്‍ട്ടേജ് ഏകദേശം 51 വോള്‍ട്ട് നിലനില്‍ക്കുകയാണെങ്കില്‍ അനായാസം മണിക്കൂറില്‍ 85 കിലോമീറ്റര്‍ വേഗത കൈവരിക്കുന്നു. ഇക്കോ മോഡില്‍ ഒരാള്‍ മാത്രം 40 കി.മീറ്ററില്‍ താഴെ വേഗതയില്‍ സഞ്ചരിക്കുകയാണെങ്കില്‍ 80 കിലോമീറ്റര്‍ വരെ മൈലേജ് ലഭിക്കുമെന്നാണ് പറയപ്പെടുന്നത്.
നിങ്ങളുടെ സ്‌കൂട്ടര്‍ ഇവിയാക്കി മാറ്റാന്‍ രണ്ട് ഓപ്ഷനുകള്‍ ഉണ്ട്. 90,000 രൂപ അടച്ച് ഉപഭോക്താക്കള്‍ക്ക് സമ്പൂര്‍ണ ഉടമകളാകാന്‍ പറ്റും. ബാറ്ററി പായ്ക്കും ചാര്‍ജറും വാങ്ങുന്നതിന് തുകയുടെ 40 ശതമാനം നല്‍കുന്നതാണ് രണ്ടാമത്തെ ഓപ്ഷന്‍. പരിമിത കാല ഓഫറിന്റെ ഭാഗമായി ആദ്യത്തെ 500,000 ഉപഭോക്താക്കള്‍ക്ക് ഈ നിരക്കില്‍ വണ്ടി ഇവിയാക്കാം.
ഉപഭോക്താക്കള്‍ക്ക് പ്രൊപ്പല്‍ഷന്‍ കിറ്റ്, ബ്ലൂടൂത്ത് ലോഗര്‍, ആപ്പ് എന്നിവ ഒരു സബ്സ്‌ക്രിപ്ഷന്‍ മോഡലിലൂടെ അടുത്ത 50,000 കിലോമീറ്ററിലേക്ക് കിലോമീറ്ററിന് ഒരു രൂപ നിരക്കില്‍ ലഭിക്കും. പ്രീപെയ്ഡ് മൊബൈല്‍ ഫോണ്‍ റീചാര്‍ജുകള്‍ക്ക് സമാനമായി അവര്‍ ഉപയോഗിക്കുന്ന സേവനങ്ങള്‍ക്ക് പണം നല്‍കാനുള്ള സൗകര്യവും ലഭ്യമാണ്. സബ്സ്‌ക്രൈബ് ചെയ്തുകഴിഞ്ഞാല്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ സ്‌കൂട്ടറുകള്‍ ആപ്പ് മുഖേന ആവശ്യമുള്ള തുക ഉപയോഗിച്ച് റീചാര്‍ജ് ചെയ്യാന്‍ കഴിയും.
ഉദാഹരണത്തിന്, 30 രൂപക്ക് നിങ്ങള്‍ റീചാര്‍ജ് ചെയ്താല്‍ 30 കിലോമീറ്റര്‍ ഓടാന്‍ സാധിക്കും. ഇപ്പോള്‍ ആക്ടീവക്ക് മാത്രമാണ് ഈ സൗകര്യം ലഭ്യമാണെന്നുണ്ടെങ്കിലും ഭാവിയില്‍ കൂടുതല്‍ സ്‌കൂട്ടറുകളില്‍ ഈ സാങ്കേതികവിദ്യ ഉള്‍ക്കൊള്ളിക്കാന്‍ സാധിക്കുന്നതോടെ വലിയ മാറ്റങ്ങള്‍ സംഭവിക്കും. പെട്രോള്‍ വില താഴാതെ 100 രൂപയില്‍ തുടരുന്ന സാഹചര്യത്തില്‍ ഒരുപാട് പേര്‍ ഇത്തരം സംരംഭങ്ങളിലേക്ക് അടുക്കാന്‍ സാധ്യത കാണുന്നു.


Click it and Unblock the Notifications








