ഓലയും ഏഥറുമല്ല ആക്ടിവ ഇലക്ട്രിക്കും വന്നോട്ടെ; സുസുക്കി ഇ-ബര്‍ഗ്മാന്‍ റെഡി...
ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് 2023 ജപ്പാന്‍ മൊബിലിറ്റി ഷോയില്‍ ബര്‍ഗ്മാന്‍ ഇലക്ട്രിക് അവതരിപ്പിച്ച് സുസുക്കി. വരാന്‍ പോകുന്ന ഇലക്ട്രിക് സ്‌കൂട്ടറിനെ കുറിച്ച് ചുവടെ വിശദമായി വായിക്കാം.
ഇന്ത്യന്‍ ഇലക്ട്രിക് ടൂവീലര്‍ വിപണിയെടുത്താല്‍ മുന്‍നിര കമ്പനികളായ ഹീറോ, ടിവിഎസ്, ബജാജ് എന്നിവര്‍ ഇതിനകം തന്നെ തങ്ങളുടെ ഉല്‍പ്പന്നങ്ങളുമായി ഈ വിഭാഗത്തില്‍ സാന്നിധ്യമറിയിച്ചു. ഹോണ്ടയുടെ ആദ്യ ഇലക്ട്രിക് ടൂവീലര്‍ ഉടന്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജനപ്രിയ മോഡലായ ആക്ടിവയുടെ ഇലക്ട്രിക് പതിപ്പായിരിക്കുമത്. ഇതിനിടെയാണ് സുസുക്കിയും അങ്കത്തിനിറങ്ങുന്നത്. തങ്ങളുടെ മോഡലുകളില്‍ അവര്‍ ആദ്യം ഇലക്ട്രിക് കുപ്പായമണിയിക്കാന്‍ തീരുമാനിച്ചത് മുന്‍നിര മോഡലുകളിലൊന്നായ ബര്‍ഗ്മാന്‍ മാക്‌സി സ്‌കൂട്ടറിനെയാണ്.

ലോകപ്രശസ്ത ഓട്ടോമൊബൈല്‍ ഇവന്റുകളില്‍ ഒന്നായ ജപ്പാന്‍ മൊബിലിറ്റി ഷോയില്‍ വെച്ചാണ് സുസുക്കി ബര്‍ഗ്മാന്‍ ഇലക്ട്രിക്കിന്റെ മൂടുപടമഴിച്ചത്. ഇ-ബര്‍ഗ്മാന്‍ എന്ന പേരിലാണ് ഇത് ഇവന്റില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഈ പേരിനൊപ്പം ഗച്ചാക്കോ ബാഡ്ജും ഇലക്ട്രിക് സ്‌കൂട്ടറില്‍ കാണാന്‍ സാധിക്കും. കമ്പനി ഗച്ചാക്കോ ബാറ്ററി സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്നത് എന്നതിനാലാണ് പില്ല്യണ്‍ സീറ്റിന്റെ താഴെ സൈഡ് പാനലില്‍ ഈ സ്റ്റിക്കറിംഗുകള്‍ നല്‍കിയിരിക്കുന്നതെന്നാണ് സൂചന.
നിലവില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന വാഹനം ഒരു പ്രോട്ടോടൈപ്പ് മോഡല്‍ മാത്രമാണെന്നും പറയപ്പെടുന്നു. എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ ബര്‍ഗ്മാന്‍ ഇലക്ട്രിക് ഇന്ത്യയിലെയും വിദേശത്തെയും നിരത്തുകളില്‍ നിരവധി തവണ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. അതിനാല്‍ അധികം വൈകാതെ ഇവിയുടെ ഉത്പാദനം കമ്പനി ആരംഭിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
ഇതിനോടകം പരിചിതമായ വൈറ്റ്, ബ്ലൂ ഡ്യുവല്‍ ടോണ്‍ നിറത്തില്‍ പൂര്‍ത്തിയാക്കിയ ബര്‍ഗ്മന്‍ ഇലക്ട്രിക് പ്രോട്ടോടൈപ്പാണ് ജപ്പാന്‍ മൊബിലിറ്റി ഷോയില്‍ പ്രദര്‍ശിപ്പിച്ചത്. ഇതേ നിറത്തിലുള്ള സ്‌കൂട്ടര്‍ പരീക്ഷണം നടത്തുന്നതും പലതവണ ശ്രദ്ധയില്‍ പെട്ടിരുന്നു. സ്റ്റൈലിങ്ങിന്റെ കാര്യത്തില്‍ ഇലക്ട്രിക് ബര്‍ഗ്മാന്‍ പെട്രോള്‍ സ്‌കൂട്ടറുമായി പല സാമ്യതകള്‍ പുലര്‍ത്തുന്നു. എന്നാല്‍ ഇലക്ട്രിക്, ഐസിഇ പതിപ്പുകളെ വേര്‍തിരിച്ചറിയാന്‍ ചില മാറ്റങ്ങള്‍ വരുത്തുന്നുണ്ട്.
ബര്‍ഗ്മാന്‍ ഇലക്ട്രിക്കിന്റെ ഡിസൈന്‍ നോക്കുമ്പോള്‍ നല്ല ഷാര്‍പ്പായ ആപ്രോണ്‍ എല്‍ഇഡി ലൈറ്റുകളോടെയാണ് വരുന്നത്. കൂടാതെ, ബൂമറാംഗ് ആകൃതിയിലുള്ള എല്‍ഇഡി ഡേ ടൈം റണ്ണിംഗ് ലൈറ്റുകള്‍, ഉയരമുള്ള വിന്‍ഡ് സ്‌ക്രീന്‍, ഫുട്വെല്ലില്‍ സില്‍വര്‍ നിറമുള്ള സ്ലാറ്റുകള്‍, ആകര്‍ഷകമായ ഹാന്‍ഡ് ഗ്രിപ്പുകള്‍, 5-സ്പോക്ക് അലോയ് വീലുകള്‍, എല്‍ഇഡി ടെയില്‍ ലൈറ്റ് തുടങ്ങിയവയും ലഭിക്കുന്നു.

ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോര്‍ക്കുകളും ട്വിന്‍ സൈഡഡ് റിയര്‍ ഷോക്കുകളുമാണ് ഇലക്ട്രിക് ബര്‍ഗ്മാനില്‍ സസ്‌പെന്‍ഷന്‍ ചുമതലകള്‍ നിര്‍വഹിക്കുക. കൂടാതെ മികച്ച ഡ്രൈവിംഗ് അനുഭവം നല്‍കുന്നതിന് സിംക്രണസ് ഇലക്ട്രിക് മോട്ടോറും റീമൂവബിള്‍ ലിഥിയം അയണ്‍ ബാറ്ററി പായ്ക്കും ഇവിയില്‍ സജ്ജീകരിക്കുന്നു. വെറും 44 കിലോമീറ്റര്‍ റേഞ്ച് മാത്രമായിരിക്കും ഈ ബാറ്ററി പായ്ക്ക് നല്‍കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നിരുന്നാലും ബര്‍ഗ്മാന്‍ ഇലക്ട്രിക്കിന്റെ പ്രൊഡക്ഷന്‍ സ്‌പെക്ക് ഇതിനേക്കാള്‍ മെച്ചപ്പെട്ട റൈഡിംഗ് റേഞ്ചുമായിട്ടായിരിക്കും വരികയെന്ന് നമുക്ക് പ്രത്യാശിക്കാം.
സുസുക്കിയുടെ ഏറ്റവും വലിയ വിപണികളില്‍ ഒന്നായ ഇന്ത്യയില്‍ പിടിച്ചുനില്‍ക്കാന്‍ മികച്ച റേഞ്ച് അത്യാവശ്യമാണ്. വിപണിയില്‍ ഇന്ന് വമ്പന്‍ വില്‍പ്പന നേടുന്ന പല മോഡലുകള്‍ക്കും 100 കിലോമീറ്ററിന് മുകളില്‍ റേഞ്ചുണ്ട്. ഇലക്ട്രിക് പതിപ്പിനൊപ്പം ബര്‍ഗ്മാന്റെ മറ്റ് ബദല്‍ ഇന്ധന മോഡലുകള്‍ക്ക് പിന്നിലും സുസുക്കി പ്രവര്‍ത്തിക്കുന്നുണ്ട്. കമ്പനി അടുത്തിടെ ഹൈഡ്രജന്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ബര്‍ഗ്മാന്‍ കണ്‍സെപ്റ്റ് മോഡല്‍ അവതരിപ്പിച്ചത് ഇതിന്റെ ഉദാഹരണമാണ്. ഏതായാലും ബര്‍ഗ്മാന്‍ ഇലക്ട്രിക്കിന് ശേഷമാകും ഇവയുടെയെല്ലാം വരവ്.
പരമ്പരാഗത ടൂവീലര്‍ നിര്‍മാതാക്കള്‍ക്കൊപ്പം ഓല ഇലക്ട്രിക്, ഏഥര്‍ എനര്‍ജി തുടങ്ങിയ സ്റ്റാര്‍ട്ടപ്പ് വമ്പന്‍മാരും കൂടി ചേര്‍ന്ന് ഭരിക്കുന്ന ഇലക്ട്രിക് ടൂവീലര്‍ രംഗത്തെ മത്സരം കൊഴുപ്പിക്കാന്‍ സുസുക്കിയുടെ വരവ് കൊണ്ട് സാധിക്കും. നിര്‍മാണത്തിന് തയാറാകുന്ന മോഡലില്‍ സുസുക്കി എന്തൊക്കെ ഒരുക്കിവെക്കുമെന്ന് നമുക്ക് കാത്തിരുന്ന് കാണാം. അതുപോലെ വില നിര്‍ണയവും സുപ്രധാനമാണ്. സുസുക്കി ബര്‍ഗ്മാന്‍ ഇലക്ട്രിക്കിനെ കുറിച്ചുള്ള നിങ്ങളുടെ ചിന്തകള്‍ എന്തൊക്കെയാണ്?. കമന്റ് ബോക്‌സിലൂടെ ഞങ്ങളുമായി പങ്കുവെക്കാമോ.


Click it and Unblock the Notifications








