ഈ ഇലക്ട്രിക് ബൈക്ക് ഇപ്പോള്‍ വാങ്ങിയാല്‍ ലാഭം 32500 രൂപ! ബോണസായി 'സര്‍വീസ് ബണ്ടില്‍'
ഇന്ത്യയില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മിക്കുന്ന ഇലക്ട്രിക് വാഹന നിര്‍മാതാക്കള്‍ ഒട്ടനവധിയുണ്ട്. എന്നാല്‍ വിരലിലെണ്ണാവുന്ന കമ്പനികള്‍ മാത്രമാണ് ഇ-ബൈക്കുകള്‍ നിര്‍മിക്കുന്നത്. അതില്‍ ചില പേരുകള്‍ നിങ്ങള്‍ക്ക് അറിയുമായിരിക്കും. വ്യവസായ പ്രമുഖനായ രത്തന്‍ ടാറ്റക്ക് നിക്ഷേപമുള്ള കമ്പനിയെന്ന നിലയില്‍ വാഹന പ്രേമികള്‍ക്ക് സുപരിചിതമായ ഇവി സ്റ്റാര്‍ട്ടപ്പാണ് ടോര്‍ക്ക് മോട്ടോര്‍സ്.
ഒബെന്‍ റോര്‍, റിവോള്‍ട്ട് RV400 എന്നിവ അരങ്ങ് വാഴുന്ന ഇന്ത്യയിലെ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ വിപണിയിലെ തിളങ്ങുന്ന സാന്നിധ്യമാണ് ടോര്‍ക്ക് ക്രാറ്റോസ്. ഇയര്‍ എന്‍ഡ് ഓഫറുകളുടെ ഭാഗമായി പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇവി നിര്‍മാതാക്കള്‍ ടോര്‍ക്ക് ക്രാറ്റോസിന് 22,000 രൂപ വരെ ആനുകൂല്യങ്ങള്‍ നല്‍കുന്നതായി ഞങ്ങള്‍ കഴിഞ്ഞ ദിവസം വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.

2023 കലണ്ടര്‍ വര്‍ഷവും ഓഫറുകളും അവസാനിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കി നില്‍ക്കേ നിലവിലുള്ള ഓഫറുകള്‍ക്കൊപ്പം 10,500 രൂപയുടെ അധിക ആനുകൂല്യം കൂടി ബൈക്കില്‍ ലഭ്യമാക്കിയിരിക്കുകയാണ് കമ്പനി. ടോര്‍ക്ക് ക്രാറ്റോസ് R മോട്ടോര്‍സൈക്കിള്‍ വാങ്ങുമ്പോള്‍ ക്യാഷ് ഡിസ്‌കൗണ്ടിന് പുറമെ 10,500 രൂപ വിലയുള്ള ഒരു സര്‍വീസ് ബണ്ടില്‍ ലഭ്യമാണെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്തു.
എക്‌സ്റ്റന്റഡ് വാറണ്ടി, ഡാറ്റ ചാര്‍ജുകള്‍, പീരിയോഡിക് സര്‍വീസുകള്‍, ചാര്‍ജ്പാക്ക് എന്നിവ ഉള്‍ക്കൊള്ളുന്നതാണ് ടോര്‍ക്ക് ക്രാറ്റോസ് R ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ എക്‌സ്‌ക്ലൂസീവ് സര്‍വീസ് ബണ്ടില്‍. ഇതും കൂടി ചേര്‍ക്കുന്നതോടെ ഈ വര്‍ഷാവസാനം ഇലക്ട്രിക് മോട്ടോര്‍സൈക്കിളില്‍ മൊത്തം 32,500 രൂപ വരെ ലാഭത്തില്‍ സ്വന്തമാക്കാം.

2023 ഡിസംബര്‍ 31-നോ അതിനുമുമ്പോ നടത്തുന്ന പര്‍ച്ചേസുകള്‍ക്ക് മാത്രമേ ഈ വമ്പിച്ച ആനുകൂല്യങ്ങള്‍ ലഭ്യമാകൂ എന്ന കാര്യം വായനക്കാര്‍ പ്രത്യേകം ശ്രദ്ധിക്കുക. സേവന ബണ്ടിലിനായി ഈ മാസം അവസാനത്തോടെ ഉപഭോക്താക്കള്‍ അവരുടെ ഇലക്ട്രിക് മോട്ടോര്‍ സൈക്കിള്‍ ഡെലിവറി ചെയ്യേണ്ടതുണ്ട്. ക്രാറ്റോസ് R അല്ലെങ്കില്‍ ക്രാറ്റോസ് അര്‍ബന്‍ എന്നീ ഏത് വേരിയന്റുകള്‍ വാങ്ങുമ്പോളും മുകളില്‍ സൂചിപ്പിച്ച ഓഫര്‍ ഉപയോഗപ്പെടുത്താനാവും.
ഇയര്‍ എന്‍ഡ് ഓഫറുകള്‍ ചേരുന്നതോടെ ഫെയിം II സബ്‌സിഡി വെട്ടിക്കുറക്കുന്നതിന് മുമ്പുള്ള വിലയില്‍ ഇ-ബൈക്ക് സ്വന്തമാക്കാനാകും. ടോര്‍ക്ക് ക്രാറ്റോസ് R മോഡലിന് ഇന്ത്യയില്‍ 1.87 ലക്ഷം രൂപയാണ് നിലവിലെ എക്‌സ്‌ഷോറൂം വില. അതേസമയം കൂടുതല്‍ താങ്ങാനാവുന്ന ക്രാറ്റോസ് അര്‍ബന് 1.67 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില വരുന്നത്.

വൈറ്റ്, ബ്ലൂ, റെഡ്, ബ്ലാക്ക് എന്നീ നാല് കളര്‍ ഓപ്ഷനുകളിലാണ് റിവോള്‍ട്ട് RV400, മാറ്റര്‍ ഏറ, ഒബെന്‍ റോര്‍, ഹോപ് Oxo പോലുള്ള മോട്ടോര്‍സൈക്കിളുകളോട് പോരടിക്കുന്ന ഈ മോഡല്‍ വാങ്ങാന്‍ സാധിക്കുക. ടോര്‍ക്ക് ക്രാറ്റോസ് R ഇ-ബൈക്കില്‍ 38 Nm ടോര്‍ക്ക് നല്‍കാന്‍ ശേഷിയുള്ള PMS മോട്ടോര്‍ പായ്ക്ക് ചെയ്യുന്നു. ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന് വെറും 3.5 സെക്കന്‍ഡിനുള്ളില്‍ 0-40 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സാധിക്കും.
മണിക്കൂറില്‍ 105 കിലോമീറ്റര്‍ ആണ് പരമാവധി വേഗത. 4 kWh ലിഥിയം അയണ്‍ ബാറ്ററി പായ്ക്കില്‍ നിന്നാണ് ബൈക്ക് പവര്‍ സ്വീകരിക്കുന്നത്. ഒരു മണിക്കൂറില്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ സഹായിക്കുന്ന ഫാസ്റ്റ് ചാര്‍ജിംഗ് സംവിധാനമാണ് ടോര്‍ക്ക് ക്രാറ്റോസ് R ഇ-ബൈക്കിന്റെ മറ്റൊരു ഹൈലൈറ്റ്. ഇക്കോ മോഡില്‍ ഒറ്റ ചാര്‍ജില്‍ 120 കിലോമീറ്റര്‍ വരെ ഇലക്ട്രിക് ബൈക്ക് സഞ്ചരിക്കുമെന്നാണ് നിര്‍മാതാക്കള്‍ വാഗ്ദാനം ചെയ്യുന്നത്.

ഇത് സിറ്റി മോഡില്‍ 100 കിലോമീറ്ററും സ്പോര്‍ട്ടില്‍ 70 കിലോമീറ്ററും ആയി കുറയും. റേഞ്ച് കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനായി കമ്പനി അടുത്തിടെ ഇലക്ട്രിക് മോട്ടോര്‍സൈക്കിളില്‍ പുതിയ ഇക്കോ പ്ലസ് മോഡും അവതരിപ്പിച്ചിരുന്നു. പുതിയ റൈഡിംഗ് മോഡിലൂടെ സിംഗിള്‍ ചാര്‍ജില്‍ 180 കിലോമീറ്ററോളം റേഞ്ച് കിട്ടുമെന്നാണ് വാഗ്ദാനം ചെയ്യുന്നുവെങ്കിലും യഥാര്‍ഥ സാഹചര്യങ്ങളില്‍ പരമാവധി 150 കിലോമീറ്ററിലധികം ഓടാനാകും. ഇക്കോ പ്ലസ് മോഡിലെ ഇലക്ട്രിക് ബൈക്കിന്റെ ഉയര്‍ന്ന വേഗത മണിക്കൂറില്‍ 35 കിലോമീറ്ററായി പരിമിതപ്പെടുത്തിയിരിക്കുന്നു.
ജിയോഫെന്‍സിംഗ്, ഫൈന്‍ഡ് മൈ വെഹിക്കിള്‍, മോട്ടോര്‍വാക്ക് അസിസ്റ്റ്, ക്രാഷ് അലേര്‍ട്ട്, വെക്കേഷന്‍ മോഡ്, ട്രാക്ക് മോഡ് അനാലിസിസ്, സ്മാര്‍ട്ട് ചാര്‍ജ് അനാലിസിസ് എന്ന് തുടങ്ങി നിരവധി ഫീച്ചറുകളും ഇ-ബൈക്കില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇയര്‍ എന്‍ഡില്‍ ഇലക്ട്രിക് ഇത്രയും വിലക്കുറവില്‍ കിട്ടുന്നത് അപൂര്‍വമായിരിക്കും. നഗരങ്ങള്‍ക്കും സ്‌റ്റോക്കിനുമനുസരിച്ച് ഓഫര്‍ വ്യത്യാസപ്പെടാന്‍ സാധ്യതയുണ്ട്. അതിനാല്‍ ടോര്‍ക്കിന്റെ ഏറ്റവും അടുത്ത ഡീലര്‍ഷിപ്പില്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടാം.


Click it and Unblock the Notifications








