എന്‍ഫീല്‍ഡിനെ ഫീല്‍ഡ്ഔട്ടാക്കാന്‍ അവന്‍ നിരത്തില്‍; സ്പീഡിന്റെ ഡെലിവറി ആരംഭിച്ച് ട്രയംഫ്
ഈ വര്‍ഷത്തെ ഏറ്റവും സുപ്രധാന മോട്ടോര്‍സൈക്കിള്‍ ലോഞ്ചുകളില്‍ ഒന്നായിരുന്നു ട്രയംഫ് സ്പീഡ് 400. വിപണിയിലെത്തി ഒരു മാസത്തിനുള്ളില്‍ 15,000-ലധികം ബുക്കിംഗുകള്‍ നേടിയെടുത്തത് ബൈക്ക് സൃഷ്ടിച്ച ഓളത്തിന് തെളിവാണ്. ഇപ്പോള്‍ തങ്ങളുടെ ഏറ്റവും താങ്ങാവുന്ന വിലയിലുള്ള മോട്ടോര്‍സൈക്കിളിന്റെ ഡെലിവറി ആരംഭിച്ചിരിക്കുകയാണ് ട്രയംഫ് മോട്ടോര്‍സൈക്കിള്‍ ഇന്ത്യ.
സ്പീഡ് 400 മോട്ടോര്‍സൈക്കിള്‍ ഡീലര്‍ഷിപ്പുകളില്‍ എത്തിയതായും ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ വിതരണം തുടങ്ങിയതായും ബ്രിട്ടീഷ് വാഹന നിര്‍മാതാക്കള്‍ അറിയിച്ചു. നിലവില്‍ മുംബൈ, പൂനെ, ഹൈദരാബാദ് എന്നീ നഗരങ്ങളിലുള്ള കസ്റ്റമേഴ്‌സിനാണ് വാഹനം കിട്ടുക. ഇന്ത്യയിലെ പ്രമുഖ ആഭ്യന്തര വാഹന നിര്‍മാതാക്കളായ ബജാജ് ഓട്ടോയുമായി ചേര്‍ന്നാണ് ട്രയംഫ് പുതിയ മോട്ടോര്‍സൈക്കിളുകള്‍ നിര്‍മിച്ചിരിക്കുന്നത്.

ആദ്യത്തെ 10000 ഉപഭോക്താക്കള്‍ക്ക് പ്രാരംഭ വിലയായി 2.23 ലക്ഷം രൂപ നിശ്ചയിച്ച ട്രയംഫ് എതിരാളികളെ വരെ ഞെട്ടിച്ചിരുന്നു. ആമുഖ വിലയ്്ക്ക് ശേഷം 2.33 ലക്ഷം രൂപയാണ് ഈടാക്കി വരുന്നത്. ഓണ്‍റോഡ് വില 2.67 ലക്ഷം രൂപയില്‍ (ഡല്‍ഹി) ആരംഭിക്കുന്നു. പ്രത്യേക ആമുഖ വിലയില്‍ വാഗ്ദാനം ചെയ്യുന്ന മോട്ടോര്‍സൈക്കിളിന്റെ ആദ്യ 10,000 യൂണിറ്റുകള്‍ ചൂടപ്പം പോലെയാണ് വിറ്റുതീര്‍ന്നത്.
നഗരങ്ങള്‍ക്ക് അനുസരിച്ച് ട്രയംഫ് സ്പീഡ് 400-ന് വേണ്ടിയുള്ള കാത്തിരിപ്പ് കാലയളവ് 10 മുതല്‍ 16 ആഴ്ച വരെയാണ്. ബജാജ് രാജ്യത്തുടനീളമായി കൂടുതല്‍ ട്രയംഫ് ഡീലര്‍ഷിപ്പുകള്‍ ആരംഭിക്കുന്നതോടെ കാത്തിരിപ്പ് കാലാവധി കുറയുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. നിലവില്‍ ബജാജിന്റെ ചക്കന്‍ പ്ലാന്റില്‍ പ്രതിമാസം 5000 ട്രയംഫ് ബൈക്കുകളാണ് നിര്‍മിക്കുന്നത്. ഡിമാന്‍ഡ് നിറവേറ്റുന്നതിനായി ഉടന്‍ നിര്‍മാണം കൂട്ടും.
ബജാജ് ഓട്ടോയുമായി സഹകരിച്ച് വികസിപ്പിച്ച ഇന്ത്യയിലെ ബ്രിട്ടീഷ് നിര്‍മ്മാതാക്കളുടെ ഏറ്റവും താങ്ങാനാവുന്ന ഓഫറാണ് ട്രയംഫ് സ്പീഡ് 400. കാസ്പിയന്‍ ബ്ലൂ വിത്ത് സ്റ്റോം ഗ്രേ, കാര്‍ണിവല്‍ റെഡ് വിത്ത് ഫാന്റം ബ്ലാക്ക്, ഫാന്റം ബ്ലാക്ക് വിത്ത് സ്റ്റോം ഗ്രേ എന്നിങ്ങനെ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ ബൈക്ക് ലഭ്യമാണ്. 398 സിസി, സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണ് സ്പീഡ് 400 മോട്ടോര്‍സൈക്കിളിന് തുടിപ്പേകുന്നത്.
ഈ എഞ്ചിന്‍ 8,000 rpm-ല്‍ 40 bhp പവറും 6,500 rpm-ല്‍ 37.5 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. 6 സ്പീഡ് ഗിയര്‍ബോക്സുമായിട്ടാണ് എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നത്. മുന്‍വശത്ത് 43mm അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കും പിന്നില്‍ മോണോഷോക്ക് സസ്പെന്‍ഷനും സജ്ജീകരിച്ചിരിക്കുന്നു. മോട്ടോര്‍സൈക്കിളില്‍ മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകളാണ് ബ്രേക്കിംഗ് ഡ്യൂട്ടി നിര്‍വഹിക്കുന്നത്.
എബിഎസ് (ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം) കൂടി ചേരുന്നതോടെ റോഡില്‍ മികച്ച സ്റ്റോപ്പിംഗ് പവറും സുരക്ഷയും ഉറപ്പാക്കുന്നു. ഫീച്ചറുകളുടെ കാര്യത്തിലേക്ക് വന്നാല്‍ ഓള്‍-എല്‍ഇഡി ഹെഡ്ലാമ്പ്, എല്‍സിഡി ഉള്ള അനലോഗ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം എന്നിവയും അതിലേറെയും ഈ റെട്രോ റോഡ്‌സ്റ്ററിന് ലഭിക്കുന്നു.
ഈ പ്രൈസ് റേഞ്ചില്‍ സ്പീഡ് 400, പുതുതായി പുറത്തിറക്കിയ ഹാര്‍ലി-ഡേവിഡ്സണ്‍ X440 (വില 2.29 ലക്ഷം മുതല്‍ 2.69 ലക്ഷം രൂപ), അതുപോലെ KTM 390 ഡ്യൂക്ക് (2.97 ലക്ഷം), ബിഎംഡബ്ല്യു G 310R (2.85 ലക്ഷം രൂപ) റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650 (3.03 ലക്ഷം - 3.31 ലക്ഷം രൂപ) എന്നിവയുമായി നേരിട്ട് ഏറ്റുമുട്ടുന്നു.
ട്രയംഫ് ഇപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും താങ്ങാനാവുന്ന രണ്ടാമത്തെ മോട്ടോര്‍സൈക്കിളായ സ്‌ക്രാംബ്ലര്‍ 400 X അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. സ്പീഡ് 400-ന്റെ അതേ എഞ്ചിന്‍ പ്ലാറ്റ്ഫോമാണ് ഇതില്‍ ഉപയോഗിക്കുന്നത്. ഈ വര്‍ഷം ഒക്ടോബറിലാണ് ഈ മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ട്രയംഫിന്റെ രണ്ട് പുതിയ മോട്ടോര്‍സൈക്കിളുകളും ഓണ്‍ലൈനായും രാജ്യത്തെ ഡീലര്‍ഷിപ്പുകള്‍ മുഖേനയും ബുക്ക് ചെയ്യാവുന്നതാണ്. ഇക്കഴിഞ്ഞ ദിവസം സ്പീഡിനൊപ്പം തന്നെ ഇന്ത്യയില്‍ അവതരിച്ച X440 മോട്ടോര്‍സൈക്കിളിന്റെ വില ഹാര്‍ലി കൂട്ടിയിരുന്നു.
2.29 ലക്ഷം മുതല്‍ 2.69 ലക്ഷം രൂപ വരെയായിരുന്നു അവതരണ വേളയില്‍ ബൈക്കിന്റെ വില പ്രഖ്യാപിച്ചിരുന്നത്. ആദ്യത്തെ കുറച്ച് കസ്റ്റമേഴ്‌സിന് മാത്രമേ ഈ വിലയില്‍ ബൈക്ക് ലഭ്യമാകൂ എന്നും അമേരിക്കന്‍ കമ്പനി പ്രഖ്യാപിച്ചിരുന്നു. ആഗസ്റ്റ് നാല് മുതല്‍ 2,39,500 രൂപയാണ് ഹാര്‍ലി ഡേവിഡ്‌സണ്‍ X440-യുടെ പ്രാരംഭ വിലയായി മുടക്കേണ്ടത്. ഹാര്‍ലി വില ഉയര്‍ത്തിയത് എതിരാളികളാായ ട്രയംഫിനും റോയല്‍ എന്‍ഫീല്‍ഡിനും മറ്റുമായിരിക്കും ഗുണകരമാകുക.


Click it and Unblock the Notifications








