ട്രയംഫ് സ്പീഡിനെ 'തീറ്റിപ്പോറ്റാന്‍' എന്‍ഫീല്‍ഡിന്റത്ര ചെലവില്ല! സര്‍വീസ് കോസ്റ്റ് ഓര്‍ത്ത് വാങ്ങാതിരിക്കണ്ട
ബ്രിട്ടീഷ് വാഹന നിര്‍മാതാക്കളായ ട്രയംഫും ഇന്ത്യന്‍ കമ്പനിയായ ബജാജ് ഓട്ടോയും തമ്മില്‍ കൈകോര്‍ത്തപ്പോള്‍ പ്രതീക്ഷകള്‍ ഏറെയായിരുന്നു. സഖ്യം പുറത്തിറക്കിയ ആദ്യ മോട്ടോര്‍സൈക്കിളായ ട്രയംഫ് 400 ഇന്ത്യന്‍ വിപണിയില്‍ ഇപ്പോള്‍ ട്രെന്‍ഡിംഗാണ്. 2.33 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയില്‍ അവതരിപ്പിക്കപ്പെട്ട ബൈക്ക് ബുക്കിംഗ് ചാര്‍ട്ടുകള്‍ വിറപ്പിക്കുകയാണ്.
രാജ്യത്തെ മിഡില്‍വെയ്റ്റ് മോട്ടോര്‍സൈക്കിള്‍ സെഗ്‌മെന്റ് ഭരിക്കുന്ന റോയല്‍ എന്‍ഫീല്‍ഡിന്റെ ജെ-സീരീസ് 350 സിസി ലൈനപ്പിനേക്കാള്‍ ഇരട്ടി പവറാണ് സ്പീഡ് 400 വാഗ്ദാനം ചെയ്യുന്നത്. ഒപ്പം തന്നെ നിരവധി നൂതന സവിശേഷതകളുമുണ്ട്. വിലയുടെ കാര്യം നോക്കിയാലും ഈ 400 സിസി ബൈക്ക് സ്വന്തമാക്കാന്‍ ഏറ്റവും വില കൂടിയ റോയല്‍ എന്‍ഫീല്‍ഡിന്റെ 350 സിസി ബൈക്കിനേക്കാള്‍ വെറും 8000 രൂപ മാത്രം അധികം മുടക്കിയാല്‍ മതി.

അതൊക്കെ പോട്ടെ ഇനിയും ട്രയംഫ് ബൈക്ക് വാങ്ങാന്‍ ചിലരെങ്കിലും മടിച്ച് നില്‍ക്കാന്‍ കാരണം സര്‍വീസ് അല്ലെങ്കില്‍ മെയിന്റനന്‍സ് കോസ്റ്റിനെ കുറിച്ച് ചിന്തിച്ചിട്ടാകും. പ്രീമിയം മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളായ ട്രയംഫിന്റെ സര്‍വീസ് സെന്റററില്‍ കയറി ഇറങ്ങിയാല്‍ പോക്കറ്റ് കീറുമെന്ന ചിന്തയാകും പലര്‍ക്കുമുണ്ടാകുക. എന്നാല്‍ അത്തരമൊരു പേടിയും വേണ്ടെന്ന് പറയുകയാണ് ബജാജ്.
സര്‍വീസ് / സ്‌പെയര്‍പാര്‍ട്‌സ് ചെലവുകളുടെ കാര്യത്തിലും ട്രയംഫ് ഉപഭോക്താക്കളെ നിരാശപ്പെടുത്തില്ലെന്നാണ് ബജാജ് അവകാശപ്പെടുന്നത്. 10,000 മൈല്‍ സര്‍വീസ് ഇന്റര്‍വെല്‍ ആണ് മോട്ടോര്‍സൈക്കിളിന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. അതായത് 16,093 കിലോമീറ്റര്‍ ഓടിക്കഴിഞ്ഞാല്‍ എഞ്ചിന്‍ ഓയില്‍ മാറ്റിയാല്‍ മതി. നിങ്ങള്‍ പ്രതിവര്‍ഷം 16,000 കിലോമീറ്റര്‍ ഓടുന്ന ആളല്ലെങ്കില്‍ വര്‍ഷത്തില്‍ ഒരിക്കല്‍ ഓയില്‍ മാറ്റണം. ഇതില്‍ ഏതാണോ നേരത്തെ വരുന്നത് അതിന് അനുസരിച്ച് ഓയില്‍ മാറാം.

ട്രയംഫ് ഇന്ത്യ 2 വര്‍ഷത്തെ അല്ലെങ്കില്‍ അണ്‍ലിമിറ്റഡ് കിലോമീറ്റര്‍ മൈലേജ് വാറണ്ടിയും വാഗ്ദാനം ചെയ്യുന്നു. പ്രീമിയം ബ്രാന്‍ഡുകള്‍ക്ക് സാധാരണയായി ഉയര്‍ന്ന സര്‍വീസ് ചെലവുകള്‍ വരുന്ന കാര്യം എല്ലാവര്‍ക്കുമറിയാം. എന്നാല്‍ സ്പീഡ് 400 മോട്ടോര്‍സൈക്കിളിന്റെ മെയിന്റനന്‍സ് കോസ്റ്റ് റോയല്‍ എന്‍ഫീല്‍ഡിനേക്കാള്‍ കുറവായിരിക്കുമെന്ന് ട്രയംഫ് പ്രഖ്യാപിച്ചതോടെ ത്രില്ലടിച്ചിരിക്കുകയാണ് വാഹനം ബുക്ക് ചെയ്തവര്‍. ട്രയംഫ് ബ്രാന്‍ഡ് അനുസരിച്ചല്ല സെഗ്‌മെന്റ് അനുസരിച്ചാണ് നിരക്ക് നിശ്ചയിക്കുന്നത് എന്നതാകാം ഇതിന് കാരണം.
എന്‍ഫീല്‍ഡിലേക്ക് വന്നാല്‍ 350 സിസി ലൈനപ്പില്‍ ഓരോ 10000 കിലോമീറ്ററിലും ഓയില്‍ മാറാനാണ് കമ്പനി ശുപാര്‍ശ ചെയ്യുന്നത്. 5,000 കിലോമീറ്ററില്‍ ലൂബ്രിക്കേഷനും ജനറല്‍ ചെക്കപ്പുകളും നടത്തണം. അലെങ്കില്‍ വര്‍ഷത്തിലൊരിക്കല്‍ എന്നതാണ് കണക്ക്. ഇതില്‍ ഏതാണോ നേരത്തെ ആകുന്നത്, അതിന് അനുസരിച്ചായിരിക്കണം തീരുമാനം. 2.5 ലിറ്റര്‍ ഓയിലാണ് എന്‍ഫീല്‍ഡ് ബൈക്കിന് ആവശ്യമായി വരുന്നത്. മോട്ടോര്‍സൈക്കിളിന് അനുസരിച്ച് 10,000 കിലോമീറ്ററിലൊരിക്കല്‍ സര്‍വീസ് ചെയ്യാന്‍ 2000 രൂപ മുതല്‍ 2700 രൂപ വരെ ചെലവാകും.

ട്രയംഫിലേക്ക് മടങ്ങി വരുമ്പോള്‍ സ്വന്തം തട്ടകമായ യൂറോപ്പിലെ കാലാവസ്ഥക്കും സാഹചര്യങ്ങള്‍ക്കും അനുസൃതമായിട്ടാണ് വാഹന നിരയില്‍ 10,000 മൈല്‍ സര്‍വീസ് ഇന്റര്‍വെല്‍ നിശ്ചയിച്ചിട്ടുള്ളത്. പൊതുവെ ചൂടും പൊടിയും കൂടുതലുള്ള ഇന്ത്യയില്‍ ഇത്രയും ഉയര്‍ന്ന സര്‍വീസ് ഇന്റര്‍വെല്‍ കൊടുത്തത് എന്തുകൊണ്ടായിരിക്കുമെന്ന സംശയം പലര്‍ക്കുമുണ്ടാകാം. ഈ ഉയര്‍ന്ന സര്‍വീസ് ഇന്റര്‍വെലിനായി ചില ഓയില്‍ നിര്‍മാതാക്കളുമായി തങ്ങള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് ബജാജ്-ട്രയംഫ് സഖ്യം വെളിപ്പെടുത്തുന്നു.
ട്രയംഫ് സ്പീഡ് 400-ല്‍ എത്ര ഓയില്‍ വേണ്ടി വരുമെന്നോ അതിന്റെ കോണ്‍ഫിഗറേഷനെ കുറിച്ചോ ഒന്നും കമ്പനി വ്യക്തമാക്കിയിട്ടില്ല. ഇത്രയും ഉയര്‍ന്ന സര്‍വീസ് ഇന്റര്‍വെലിനായി സെഗ്മെന്റിലെ മറ്റ് മോട്ടോര്‍സൈക്കിളുകളേക്കാള്‍ കൂടുതല്‍ ഓയില്‍ സ്പീഡ് 400 ഉപയോഗിക്കുന്നുണ്ടാകാം. എന്നിരുന്നാലും മൂന്ന് വര്‍ഷത്തേക്ക് നോക്കുമ്പോള്‍ എന്‍ഫീല്‍ഡ് മോഡലുകളേക്കാള്‍ കുറഞ്ഞ സര്‍വീസ് കോസ്റ്റ് മാത്രം മതി സ്പീഡിന്. ട്രയംഫിന് ചെക്ക് വെക്കാന്‍ പുതിയ തലമുറ ബുള്ളറ്റ് 350 വിപണിയിലെത്തിക്കാന്‍ പോകുകയാണ് എന്‍ഫീല്‍ഡ്. ആഗസ്റ്റ് 30-നായിരിക്കും അരങ്ങേറ്റം.


Click it and Unblock the Notifications








