എന്‍ഫീല്‍ഡ് അവിടെ നിക്കട്ടെ; ഹാര്‍ലി വേണോ അതോ ട്രയംഫ് നോക്കുന്നോ?
വാഹന വിപണിയില്‍ ഇപ്പോള്‍ കൂട്ടുകെട്ടുകളുടെ കാലമാണ്. വമ്പന്‍മാര്‍ തമ്മില്‍ ഏറ്റുമുട്ടുന്നതിന് പകരം കൈകോര്‍ക്കുന്നതാണ് നല്ലതെന്ന തിരിച്ചറിവിലാണ് ബ്രാന്‍ഡുകള്‍ പങ്കാളിത്തത്തിലേര്‍പ്പെടാന്‍ തുടങ്ങിയത്. സാങ്കേതികത്തികവുറ്റ വാഹനങ്ങള്‍ ലഭിക്കുമെന്നതിനാല്‍ ഉപഭോക്താക്കള്‍ക്ക് ഇത കാരണം മെച്ചം മാത്രമേ ഉള്ളൂ. ഹീറോ മോട്ടോകോര്‍പ്പ് വിഖ്യാത അമേരിക്കന്‍ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹാര്‍ലി-ഡേവിഡ്‌സണുമായി സഹകരിച്ച് കഴിഞ്ഞ ദിവസം ഒരു ഉല്‍പ്പന്നം വിപണിയിലിറക്കി.
ഞെട്ടിക്കുന്ന വിലയില്‍ അവതരിപ്പിക്കപ്പെട്ട ഹാര്‍ലി-ഡേവിഡ്സണ്‍ X440 (Harley Davidson X440) മോട്ടോര്‍സൈക്കിളിന്റെ ലോഞ്ചിന് പിന്നാലെ മറ്റൊരു വമ്പന്‍ ലോഞ്ചിനും കൂടിയാണ് ഇരുചക്ര വാഹന ലോകം ഇന്ന് സാക്ഷിയായത്. ബജാജ് ബ്രിട്ടീഷ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ട്രയംഫ് മോട്ടോര്‍സൈക്കിളുമായി സഹകരിച്ച് ട്രയംഫ് സ്പീഡ് 400 (Triumph Speed 400), ട്രയംഫ് സ്‌ക്രാബ്ലര്‍ 400 X മോട്ടോര്‍സൈക്കിളുകള്‍ പുറത്തിറക്കുകയായിരുന്നു. പുത്തന്‍ ട്രയംഫ് സ്പീഡ് 400 മോട്ടോര്‍സൈക്കിളും ഹാര്‍ലി-ഡേവിഡ്സണ്‍ X440 മോട്ടോര്‍സൈക്കിളും തമ്മില്‍ ഡിസൈന്‍, ഫീച്ചര്‍, എഞ്ചിന്‍, വില എന്നിവ വെച്ച് മാറ്റുരച്ച് നോക്കാം.

ഡിസൈന്‍: നിയോ റെട്രോ തീം അവതരിപ്പിക്കുന്നതിനായി ട്രയംഫ് സ്പീഡ് 400 'ടിയര്‍-ഡ്രോപ്പ്' ആകൃതിയിലുള്ള ഫ്യുവല്‍ ടാങ്കും LED ഹെഡ്‌ലാമ്പുകള്‍, LED ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, റിയര്‍-വ്യൂ മിററുകള്‍, LED ടെയില്‍ ലാമ്പുകള്‍ എന്നീ ഡിസൈന്‍ ഘടകങ്ങള്‍ ഉപയോഗപ്പെടുത്തുന്നു. ഒപ്പം ട്രയംഫിന്റെ വിഖ്യാതമായ നിരവധി ഡിസൈന്‍ ഘടകങ്ങളും കാണാം.
പുതിയ ഹാര്‍ലി ഡേവിഡ്സണ്‍ X440 മോട്ടോര്‍സൈക്കിളും സമാനമായ ഒരു തീം പിന്തുടരുന്നുണ്ടെങ്കിലും വ്യത്യസ്ത മാര്‍ഗമാണ് സ്വീകരിച്ചിരിക്കുന്നത്. വലിയ മസ്‌കുലര്‍ ഫ്യുവല്‍ ടാങ്കും സ്ലീക്ക് ടെയില്‍ സെക്ഷനുമാണ് ഇതിന് ലഭിക്കുന്നത്. ഈ മോട്ടോര്‍സൈക്കിളിലും നിയോ-റെട്രോ ലുക്ക് കിട്ടാന്‍ സര്‍ക്കുലാര്‍ ഡിസൈന്‍ ഘടകങ്ങള്‍ ചേര്‍ത്തിട്ടുണ്ട്.

ഫീച്ചറുകള്‍: ഫീച്ചര്‍ സമ്പന്നമാണ് പുതിയ ട്രയംഫ് സ്പീഡ് 400 മോട്ടോര്‍സൈക്കിള്‍. ഓള്‍ എല്‍ഇഡി ലൈറ്റിംഗ്, റൈഡ് ബൈ വയര്‍ ടെക്, ഡ്യുവല്‍ ചാനല്‍ എബിഎസ്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍, ഇമോബിലൈസര്‍, പാര്‍ട്ട് അനലോഗ് പാര്‍ട്ട് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയാണ് ശ്രദ്ധേയ സവിശേഷതകളില്‍ ചിലത്.
മറുവശത്ത് ഹാര്‍ലി ഡേവിഡ്‌സണ്‍ X440 മോട്ടോര്‍സൈക്കിളില്‍ ഓള്‍ എല്‍ഇഡി ലൈറ്റിംഗ്, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ടേണ്‍ ബൈ ടേണ്‍ നാവിഗേഷന്‍, കോള്‍ ആന്‍സര്‍, മ്യൂസിക് കണ്‍ട്രോള്‍ തുടങ്ങിയ സവിശേഷതകള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. എങ്കിലും റൈഡ് ബൈ വയര്‍ ടെക്, ട്രാക്ഷന്‍ കണ്‍ട്രോള്‍ തുടങ്ങിയ 'പ്രീമിയം' ഫീച്ചറുകള്‍ മോട്ടോര്‍സൈക്കിളില്‍ കാണാന്‍ സാധിക്കില്ല.

എഞ്ചിന്‍: 398.15 സിസി, ലിക്വിഡ് കൂള്‍ഡ്, 4-വാല്‍വ്, DOHC എഞ്ചിനാണ് ട്രയംഫ് സ്പീഡ് 400 മോട്ടോര്‍സൈക്കിളിന് തുടിപ്പേകുന്നത്. ഈ എഞ്ചിന്‍ 8,000 rpm-ല്‍ 39.5 bhp പവറും 6,500 rpm-ല്‍ 37.5 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. സ്ലിപ്പര്‍ അസിസ്റ്റ് ക്ലച്ചുള്ള 6 സ്പീഡ് ഗിയര്‍ബോക്സാണ് എഞ്ചിനുമായി ജോടിയാക്കിയിരിക്കുന്നത്.
താരതമ്യപ്പെടുത്തുമ്പോള്‍ ഹാര്‍ലി ബൈക്കില്‍ വലിയ 440 സിസി സിംഗിള്‍ സിലിണ്ടര്‍, ഓയില്‍ കൂള്‍ഡ് എഞ്ചിനാണ് ഉപയോഗിക്കുന്നത്. ഈ എഞ്ചിന്‍ 6,000 rpm-ല്‍ 27 bhp പവറും 4,000 rpm-ല്‍ 38 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. പുതിയ ഹാര്‍ലി ഡേവിഡ്‌സണ്‍ X440 മോട്ടോര്‍സൈക്കിളില്‍ 6 സ്പീഡ് ഗിയര്‍ബോക്‌സുമായിട്ടാണ് വരുന്നത്.
സസ്പെന്‍ഷനും ബ്രേക്കുകളും: ട്രയംഫ് സ്പീഡ് 400-ന്റെ ഫ്രണ്ടില്‍ 43 mm അപ്സൈഡ് ഡൗണ്‍ ഫോര്‍ക്കുകളും പിന്നില്‍ ഗ്യാസ് ചാര്‍ജ്ഡ് മോണോഷോക്കും സജ്ജീകരിച്ചിരിക്കുന്നു. ബ്രേക്കിംഗിന്റെ കാര്യത്തില്‍, മോട്ടോര്‍സൈക്കിളിന് മുന്നില്‍ 300 mm ഡിസ്‌ക്കും പിന്നില്‍ 230 mm ഡിസ്‌ക്കും ഉപയോഗിക്കുന്നു. ഡ്യുവല്‍ ചാനല്‍ എബിഎസ് സിസ്റ്റവും ലഭിക്കുന്നു.
ഹാര്‍ലി-ഡേവിഡ്സണ്‍ X440 മോട്ടോര്‍സൈക്കിളിന്റെ മുന്‍വശത്ത് 43 mm അപ്സൈഡ് ഡൗണ്‍ (USD) ഫോര്‍ക്കുകളും പിന്നില്‍ ട്വിന്‍ ഗ്യാസ് ഫില്‍ഡ് ഷോക്ക് അബ്‌സോര്‍ബറുകളും സജ്ജീകരിച്ചിരിക്കുന്നു. ഫ്രണ്ടില്‍ 320 mm ഡിസ്‌ക് ബ്രേക്കുകളാണുള്ളത്. എന്നാല്‍ പിന്നിലെ ഡിസ്‌കിന്റെ അളവുകള്‍ വെളിപ്പെടുത്തിയിട്ടില്ല. ഡ്യുവല്‍ ചാനല്‍ എബിഎസും പുതിയ ഹാര്‍ലി മോട്ടോര്‍സൈക്കിളിന്റെ ഹൈലൈറ്റുകളില്‍ ഒന്നാണ്.
വില: 2.29 ലക്ഷം രൂപ മുതലാണ് ഹാര്‍ലി ഡേവിഡ്സണ്‍ X440 മോട്ടോര്‍സൈക്കിളിന്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്. ഇത് 2.69 ലക്ഷം രൂപ വരെ പോകുന്നു. മറുവശത്ത് 2.23 ലക്ഷം രൂപ എക്സ്ഷോറൂം വിലയിലാണ് ട്രയംഫ് സ്പീഡ് 400 മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കിയിരിക്കുന്നത്. ആദ്യം ബുക്ക് ചെയ്യുന്ന 10,000 പേര്‍ക്ക് മാത്രമാണ് ആമുഖ വിലയില്‍ ബൈക്ക് വാങ്ങാന്‍ സാധിക്കുക. അതിന് ശേഷം 2.33 ലക്ഷം രൂപയായിരിക്കും ട്രയംഫ് സ്പീഡ് 400-ന്റെ എക്സ്ഷോറൂം വില.
ഏതായാലും ആഗോള വാഹന ഭീമന്‍മാരുടെ രണ്ട് മോഡലുകളുടെയുമ വരവ് ക്ഷീണം വരുത്താന്‍ പോകുന്നത് നിലവില്‍ ഇന്ത്യയില്‍ മിഡില്‍വെയിറ്റ് മോട്ടോര്‍സൈക്കിള്‍ സെഗ്മെന്റ് ഭരിക്കുന്ന റോയല്‍ എന്‍ഫീല്‍ഡിനാകും. വിലയുടെ കാര്യത്തില്‍ ഇരുമോഡലുകളും ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. ഹാര്‍ലിയുടെയും ട്രയംഫിന്റെയും ബൈക്ക് സ്വന്തമാക്കുന്നത് വാഹനപ്രേമികള്‍ക്ക് ഒരു വിദൂര സ്വപ്നമല്ലാതായി മാറിയെന്ന് കരുതാം. എന്നാല്‍ ആഭ്യന്തര പങ്കാളികളുടെ ഡീലര്‍ഷിപ്പ്, സര്‍വീസ് ശൃംഖലകള്‍ എങ്ങനെ ഉപയോഗപ്പെടുത്തുന്നുവെന്നത് കൂടി അടിസ്ഥാനപ്പെടുത്തിയാകും ഈ മോഡലുകളുടെ വിജയം.


Click it and Unblock the Notifications








