10 ദിവസം 10 നഗരങ്ങൾ 1000 യൂണിറ്റുകൾ - ഐക്യൂബ് മെഗാ ഡെലിവറി മാരത്തണുമായി ടിവിഎസ്
ഇലക്ട്രിക് ടു വീലർ രംഗത്തുള്ള പ്രമുഖ ബ്രാൻഡ് എന്ന നിലയിൽ ടിവിഎസ് മോട്ടോറിന് സെഗ്മെന്റിൽ കാര്യമായ ഒരു ഷെയർ കൈക്കലാക്കാൻ കഴിഞ്ഞിട്ടുണ്ട്. ഐക്യൂബിന് ചുരുങ്ങിയ കാലയളവിൽ മികച്ച ഒരു ഫാൻ ബേസ് കരസ്ഥമാക്കാൻ കഴിഞ്ഞിട്ടുണ്ട്.
ഇപ്പോൾ ടിവിഎസ് മോട്ടോർ കമ്പനി 10 ദിവസത്തിനുള്ളിൽ 10 സിറ്റികളിൽ 1,000 യൂണിറ്റുകൾ എന്ന മാരത്തണിനൊപ്പം ഒരു മെഗാ ഡെലിവറി പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ പ്രോഗ്രാമിന് കീഴിൽ, കമ്പനി ന്യൂഡൽഹിയിലെ ഉപഭോക്താക്കൾക്ക് 100 ടിവിഎസ് ഐക്യൂബ് സ്‌കൂട്ടറുകളുടെ ഡെലിവറി നടത്തി, പദ്ധതി പ്രകാരം വരുന്ന 10 ദിവസത്തിനുള്ളിൽ അടുത്ത 9 നഗരങ്ങളിൽ 1,000 ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വിതരണം കമ്പനി നടത്തും.

2020 -ലാണ് ടിവിഎസ് ഐക്യൂബ് ആദ്യമായി പുറത്തിറക്കുന്നത്. വിപണിയിൽ എത്തി ചുരുങ്ങിയ കാലയളവിനുള്ളിൽ സ്‌കൂട്ടർ റേഞ്ചിൽ 1,00,000 യൂണിറ്റുകളുടെ വിൽപ്പന എന്ന നാഴികക്കല്ല് പിന്നിട്ടതായി കമ്പനി പറയുന്നു. ഈ വിൽപ്പന കണക്കുകൾ ഇലക്ട്രിക് സ്കൂട്ടറിന്റെ ജനപ്രീതി വ്യക്തമാക്കുന്നു.
ഐക്യൂബ് ഇലക്ട്രിക് സ്‌കൂട്ടറുകൾ അടുത്തിടെ AIS156 ഫേസ് 2 -ലേക്ക് അപ്പ്ഡേറ്റ് ചെയ്തിരുന്നു. ടിവിഎസ് ഐക്യൂബ്, ടിവിഎസ് ഐക്യൂബ് S വേരിയന്റുകൾ 3.4 kWh ബാറ്ററി പായ്ക്കാണ് വാഗ്ദാനം ചെയ്യുന്നത്, സിംഗിൾ ചാർജിൽ 100 കിലോമീറ്റർ ഓൺ-റോഡ് റേഞ്ച് നൽകുന്നു. 7.0 ഇഞ്ച് TFT ഡിസ്‌പ്ലേ, റിവേഴ്‌സ് പാർക്കിംഗ്, HMI കൺട്രോൾ തുടങ്ങിയവ ടിവിഎസ് ഐക്യൂബിന്റെ ചില പ്രധാന ഫീച്ചറുകളിൽ ഉൾപ്പെടുന്നു.

ആന്റി-തെഫ്റ്റ് അലാറം, ജിയോഫെൻസിംഗ്, നാവിഗേഷൻ സിസ്റ്റം തുടങ്ങിയ ഫീച്ചറുകളുള്ള അപ്‌ഡേറ്റ് ചെയ്ത SmartXonnect കണക്റ്റഡ് ടെക്‌നോളജിയും ഇലക്ട്രിക് സ്‌കൂട്ടറിൽ നിർമ്മാതാക്കൾ നൽകുന്നുണ്ട്. കൂടാതെ, ടിവിഎസ് ഐക്യൂബ്, ഐക്യൂബ് S ഇലക്ട്രിക് സ്കൂട്ടറുകൾ മാന്യമായ 17 ലിറ്റർ അണ്ടർ സീറ്റ് സ്റ്റോറേജുമായാണ് വരുന്നത്.
ടിവിഎസ് ഐക്യൂബ്, ഐക്യൂബ് S എന്നീ മോഡലുകൾക്ക് 6.0 bhp മാക്സ് പവറും 140 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്ന BLDC ഇലക്ട്രിക് മോട്ടോറാണ് ബ്രാൻഡ് സജ്ജമാക്കിയിരിക്കുന്നത്. രണ്ട് ഇലക്ട്രിക് സ്കൂട്ടറുകൾക്കും മണിക്കൂറിൽ 78 കിലോമീറ്റർ പരമാവധി വേഗതയാണുള്ളത്. 650 വാട്ട് ചാർജറാണ് ടിവിഎസ് ഐക്യൂബ്, ഐക്യൂബ് S ഇലക്ട്രിക് സ്കൂട്ടറുകൾക്ക് സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുന്നത്.

ഈ 650 -വാട്ട് ചാർജർ ഉപയോഗിച്ച് 4.5 മണിക്കൂറിനുള്ളിൽ ബാറ്ററി പായ്ക്ക് പൂജ്യത്തിൽ നിന്ന് 80 ശതമാനം ചാർജ് ചെയ്യാനാവും. നിലവിൽ രാജ്യത്തെ 140 നഗരങ്ങളിൽ ടിവിഎസ് ഐക്യൂബ് സ്കൂട്ടർ ലഭ്യമാണ്. നിലവിൽ ഐക്യൂബിന് സെഗ്മെന്റിൽ ഏഥർ, ഓല എന്നീ ബ്രാൻഡുകൾ നൽകുന്ന കോംപറ്റീഷൻ വളരെ കൂടുതലാണ്. പുതിയ അപ്പ്ഡേറ്റുകളും, എക്സ്റ്റെന്റഡ് റൈഡിംഗ് റേഞ്ചുമായി ഉപഭോക്താക്കളുടെ ശ്രദ്ധ പിടിച്ചു പറ്റാൻ ഈ ഇവി സ്റ്റാർട്ടപ്പുകൾക്ക് കഴുയുന്നു.
എന്നാൽ ഇവയെ നേരിടാൻ പരമ്പരാഗത ടു വീലർ നിർമ്മാതാക്കളും പുതിയ ഇവി മോഡലുകളുമായി രംഗപ്രവേശം ചെയ്യാനുള്ള ഒരുക്കത്തിലാണ്. ഹോണ്ടയും യമഹയും താമസിയാതെ തങ്ങളുടെ ഇലക്ട്രിക് മോഡലുകൾ ഇന്ത്യയിൽ അവതരിപ്പിക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജൂപ്പിറ്ററിനെ അടിസ്ഥാനമാക്കി പുതിയൊരു ഇലക്ട്രിക് മോഡൽ ടിവിഎസിന്റെ അണിയറയിൽ ഒരുങ്ങുന്നുണ്ട് എന്നൊരു വാർത്തയും പരക്കുന്നുണ്ട്. എന്നാൽ ഔദ്യോഗിക സ്ഥിരീകരണം ഒന്നുമില്ല. മറ്റ് അനുബന്ധ വാർത്തകളിൽ, ടിവിഎസ് മോട്ടോർ തങ്ങളുടെ എതിരാളിയായ റോയൽ എൻഫീൽഡിന് കടുത്ത മത്സരം നൽകുന്നതിനായി പുതിയ 600-750 സിസി മോട്ടോർസൈക്കിൾ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ്.


Click it and Unblock the Notifications








