വമ്പന്‍മാര്‍ കണ്ടു പഠിക്ക്; ഒറ്റ മോഡല്‍ വെച്ച് ടിവിഎസ് ഇതുവരെ വിറ്റ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ എണ്ണം അറിയാമോ?
ഇന്ത്യയിലെ മുന്‍നിര ഇരുചക്രവാഹന നിര്‍മ്മാതാക്കളില്‍ ഒന്നാണ് ടിവിഎസ്. 2020 ജനുവരിയില്‍ ഐക്യൂബ് ഇലക്ട്രിക് സ്‌കൂട്ടറുമായി ഇലക്ട്രിക് ഇരുചക്ര വാഹന രംഗത്തേക്കും ടിവിഎസ് രംഗപ്രവേശനം ചെയ്തു. കഴിഞ്ഞ വര്‍ഷം ഇവിയെ അടിമുടി പരിഷ്‌കരിച്ചതോടെ പിന്നെ ടിവിഎസിന് തിരിഞ്ഞ്‌നോക്കേണ്ടി വന്നിട്ടില്ല. ഇപ്പോള്‍ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന വില്‍പ്പനയുള്ള രണ്ടാമത്തെ ഇലക്ട്രിക് ഇരുചക്ര വാഹനമാണിത്.
ടിവിഎസ് ഐക്യൂബിന്റെ വില്‍പ്പന ഇപ്പോള്‍ 1.50 ലക്ഷം യൂണിറ്റ് പിന്നിട്ടിരിക്കുകയാണ്. വിപണിയിലെത്തി വെറും 43 മാസത്തിനുള്ളിലാണ് ടിവിഎസ് ഐക്യൂബ് ഈ വമ്പന്‍ വില്‍പ്പന നേട്ടം കൈവരിച്ചത്. 2020 ജനുവരിയില്‍ പുറത്തിറക്കിയ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ആദ്യ 10000 യൂണിറ്റ് വിറ്റ് പോകാന്‍ രണ്ട് വര്‍ഷമെടുത്തു. എന്നാല്‍ അവസാനത്തെ 1.4 ലക്ഷം യൂണിറ്റ് വില്‍ക്കാന്‍ വെറും 18 മാസം മാത്രമാണ് വേണ്ടി വന്നത്.

അപ്‌ഡേഷനില്‍ മികച്ച റേഞ്ചും പുതിയ ഫീച്ചറുകളും മികച്ച രൂപകല്‍പ്പനയും ലഭിച്ചതോടെ ഉപഭോക്താക്കള്‍ ഇവിയോട് ഇഷ്ടം കൂടുകയായിരുന്നു. സ്‌റ്റൈലിംഗില്‍ നടപ്പാക്കിയ പരിഷ്‌കാരം വിവിധ പ്രായപരിധിയിലുള്ളവരെ ഐക്യൂബിലേക്ക് അടുപ്പിച്ചു. ടിവിഎസിന്റെ സര്‍വീസ് ശൃംഖലയുടെ പിന്തുണ കൂടി ആയപ്പോള്‍ നിരവധി പേര്‍ പെട്രോള്‍ സ്‌കൂട്ടര്‍ വിട്ട് ഇവിയിലേക്ക് ചേക്കേറി.
2023 ജൂലൈ 22 വരെ ടിവിഎസ് 154,263 യൂണിറ്റ് ഐക്യൂബ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വിറ്റു. ഓരോ മാസവും തുടര്‍ച്ചയായി വില്‍പ്പന കൂടുകയാണ് ചെയ്യുന്നത്. ഐക്യൂബിന് ഇപ്പോള്‍ ലഭിക്കുന്ന ഈ സൂപ്പര്‍ ഡിമാന്‍ഡിന്റെ ഒരു പ്രധാന കാരണം വാഹനത്തിന്റെ സവിശേഷത മാത്രമല്ല ഇന്ത്യക്കാര്‍ക്ക് ബ്രാന്‍ഡിനോടുള്ള വിശ്വാസം കൊണ്ട് കൂടിയാണ്. സ്റ്റാന്‍ഡേര്‍ഡ്, S എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ ടിവിഎസ് ഐക്യൂബ് നിലവില്‍ ലഭ്യമാണ്.

സ്റ്റാന്‍ഡേര്‍ഡിന് 1.23 ലക്ഷംവും S വേരിയന്റിന് 1.38 ലക്ഷം രൂപയുമാണ് ഡല്‍ഹിയിലെ ഓണ്‍റോഡ് വില. DRL ഉള്ള സ്മാര്‍ട്ട് എല്‍ഇഡി ഹെഡ്ലൈറ്റ്, ഫാസ്റ്റ് ചാര്‍ജിംഗ്, HMI കണ്‍ട്രോളര്‍, 32 ലിറ്റര്‍ സ്റ്റോറേജ് (ഒരേ സമയം രണ്ട് ഹെല്‍മെറ്റുകള്‍ സൂക്ഷിക്കാം), 7 ഇഞ്ച് മള്‍ട്ടി ഫങ്ഷണല്‍ ടച്ച് സ്‌ക്രീന്‍ തുടങ്ങി നിരവധി ഫീച്ചറുകളോടെയാണ് ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ വില്‍പ്പനയ്ക്കെത്തിയിരിക്കുന്നത്.
ഇതുകൂടാതെ, ഫുള്‍ ചാര്‍ജില്‍ 100 കിലോമീറ്റര്‍ റേഞ്ച് നല്‍കുന്ന ഒരു ഇലക്ട്രിക് സ്‌കൂട്ടര്‍ കൂടിയാണ് ഐക്യൂബ്. മണിക്കൂറില്‍ 78 കിലോമീറ്ററാണ് ഇതിന്റെ ഉയര്‍ന്ന വേഗത. ഈ സൂപ്പര്‍ സ്പീഡ് ശേഷിക്കായി 4.4 kW PLDC മോട്ടോര്‍ ഉപയോഗിക്കുന്നു.3.04 kWh ലിഥിയം അയണ്‍ ബാറ്ററി പായ്ക്ക് ആണ് ഇവിക്ക് കരുത്തേകുന്നത്.
ടെലിസ്‌കോപ്പിക്, അഡ്ജസ്റ്റബിള്‍ ഹൈഡ്രോളിക് ട്വിന്‍ ട്യൂബ് ഷോക്ക് അബ്‌സോര്‍ബറുകളും ഈ ഇലക്ട്രിക് സ്‌കൂട്ടറില്‍ സജ്ജീകരിച്ചിട്ടുണ്ട്. വലിയ ബാറ്ററി പായ്ക്കും കൂടുതല്‍ ഫീച്ചറുകളുമുള്ള ST വേരിയന്റും ഐക്യൂബില്‍ ഉണ്ട്. എന്നാല്‍ ഇവി സബ്‌സിഡി വെട്ടിക്കുറച്ച സാഹചര്യത്തില്‍ ഈ ടോപ് സ്‌പെക് വേരിയന്റ് പുറത്തിറക്കുന്നത് കൊണ്ട് പ്രയോജനമില്ലെന്നാണ് തോന്നുന്നത്. അതിനാല്‍ തന്നെ വേരിയന്റിന്റെ ലോഞ്ച് നീണ്ടുപോകുകയാണ്.
അതേസമയം ഐക്യൂബിന്റെ കൂടുതല്‍ താങ്ങാനാവുന്ന വിലയിലുള്ള വേരിയന്റിന്റെ പണിപ്പുരയിലാണ് ടിവിഎസ് എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഒപ്പം XL 100 മോപ്പഡിന്റെ ഇലക്ട്രിക് പതിപ്പിലും ടിവിഎസ് പ്രവര്‍ത്തിക്കുന്നുണ്ട്. ടിവിഎസ് മോട്ടോര്‍ കമ്പനി തങ്ങളുടെ ഇവി ലൈനപ്പ് വിപുലീകരിക്കാന്‍ ഒരുങ്ങുന്നതിന്റെ ഭാഗമായാണ് XL ഇലക്ട്രിക്ക് പിറവി കൊള്ളാന്‍ പോകുന്നത്.
ബ്രാന്‍ഡില്‍ നിന്നും അടുത്തതായി പുറത്തിറങ്ങാന്‍ പോകുന്ന ഇലക്ട്രിക് ഇരുചക്ര വാഹനം XL ഇലക്ട്രിക് മോപ്പഡായിരിക്കുമെന്നാണ് വിവരം. ഇതു സംബന്ധിച്ച പേറ്റന്റ് ഫയലുകളും ചിത്രങ്ങളും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. പെട്രോളില്‍ പ്രവര്‍ത്തിക്കുന്ന XL100 മോഡലുമായി അധിക വ്യത്യാസങ്ങളൊന്നും വരാനിരിക്കുന്ന വൈദ്യുത പതിപ്പിനുണ്ടാവില്ലെന്ന് പേറ്റന്റ് ചിത്രങ്ങള്‍ സൂചന നല്‍കുന്നത്. വരാനിരിക്കുന്ന ഇലക്ട്രിക് മോപ്പഡിന് ഒറ്റ ചാര്‍ജില്‍ ഏകദേശം 60 കി.മീ. വരെ റേഞ്ച് നല്‍കാനാവുമെന്നാണ് പ്രതീക്ഷ.
B2B, B2C മോഡലുകളുള്ള ലാസ്റ്റ്-മൈല്‍ ഡെലിവറി വേസനങ്ങള്‍ക്ക് ടിവിഎസ് XL ഇലക്ട്രിക് അനുയോജ്യമായിരിക്കും. ഇലക്ട്രിക് ലൂണയുടെ എതിരാളിയായിട്ടാകും ഇത് വരിക. ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ ആവശ്യം വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. ഈ ഒരു സാഹചര്യം മുതലെടുക്കാനാണ് ടിവിഎസ് കുറഞ്ഞ വിലയിലുള്ള ഇലക്ട്രിക് സ്‌കൂട്ടറും XL ഇവിയും പുറത്തിറക്കാന്‍ ശ്രമിക്കുന്നത്.


Click it and Unblock the Notifications








