ജാപ്പനീസ് ബ്രാന്‍ഡിനെ കടത്തിവെട്ടി ടിവിഎസിന്റെ പടയോട്ടം; ടൂവീലര്‍ വില്‍പ്പനയില്‍ രണ്ടാമത്
ഇന്ത്യന്‍ ഇരുചക്ര വാഹന വിപണിയില്‍ ഏറെ നാളായി വില്‍പ്പനയുടെ കാര്യത്തില്‍ രണ്ടാമന്‍മാരാണ് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ. സമീപകാലത്ത് ഒരു മാസം ഹീറോ മോട്ടോകോര്‍പ്പിനെ പിന്തള്ളി ഒന്നാം സ്ഥാനത്തും കയറി. എന്നാല്‍ 2023 ഫെബ്രുവരി മാസത്തെ വില്‍പ്പന കണക്കുകള്‍ പുറത്തുവരുമ്പോള്‍ ഹോണ്ടക്ക് നിരാശയാണ്.
2023 ഫെബ്രുവരിയിലെ മൊത്തത്തിലുള്ള വില്‍പ്പനയുടെ കാര്യത്തില്‍ ടിവിഎസ് മോട്ടോര്‍ കമ്പനി ഹോണ്ടയെ പിന്തള്ളി. പോയമാസം ആഭ്യന്തര വില്‍പ്പനയും കയറ്റുമതിയുമെല്ലാം ചേര്‍ത്ത് ടിവിഎസ് 2,67,026 ടൂവീലര്‍ യൂണിറ്റുകളാണ് വിറ്റഴിച്ചത്. അതേസമയം ഇക്കാലയളവില്‍ ഹോണ്ടക്ക് 2,47,175 ഇരുചക്രവാഹനങ്ങള്‍ മാത്രമാണ് വിറ്റഴിക്കാനായത്. ഇതോടെയാണ് ഹോണ്ടയെ മറികടക്കാന്‍ ടിവിഎസിന് സാധിച്ചത്. ഹോണ്ടയേക്കാള്‍ എട്ട് ശതമാനം കൂടുതല്‍ വില്‍പ്പന രേഖപ്പെടുത്തി ടിവിഎസ് രാജ്യത്തെ രണ്ടാമത്തെ വലിയ ഇരുചക്രവാഹന നിര്‍മ്മാതാക്കളായി.

കഴിഞ്ഞ മാസം 3,94,460 യൂണിറ്റുകള്‍ വിറ്റഴിച്ച ഹീറോ മോട്ടോകോര്‍പ്പാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. പോയമാസത്തെ ടിവിഎസിന്റെ ആഭ്യന്തര വില്‍പ്പന കണക്കുകള്‍ പരിശോധിക്കുമ്പോള്‍ കമ്പനിക്ക് 2,21,402 യൂണിറ്റുകള്‍ വിറ്റു 28 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. 2022-ല്‍ ഇതേ കാലയളവില്‍ 173,198 യൂണിറ്റുകളായിരുന്നു ടിവിഎസ് മോട്ടോറിന് വില്‍ക്കാന്‍ സാധിച്ചിരുന്നത്. അതേസമയം ഹോണ്ടയുടെ ആഭ്യന്തര വില്‍പ്പനയില്‍ ഇടിവ് രേഖപ്പെടുത്തി.
2022 ഫെബ്രുവരിയില്‍ 285,706 യൂണിറ്റ് വിറ്റിരുന്ന ഹോണ്ടക്ക് ഈ വര്‍ഷം ആഭ്യന്തര വിപണിയില്‍ 227,064 യൂണിറ്റ് ഇരുചക്ര വാഹനങ്ങള്‍ മാത്രമാണ് വില്‍ക്കാനായത്. 20.53 ശതമാനമാണ് വില്‍പ്പനയില്‍ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. ആഭ്യന്തര വില്‍പ്പനയുടെ കാര്യത്തില്‍ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഇരുചക്രവാഹന നിര്‍മാതാക്കളെന്ന സ്ഥാനം നിലനിര്‍ത്താന്‍ ഹോണ്ടയ്ക്ക് സാധിക്കുന്നു. എന്നാല്‍ കൂടുതല്‍ ടൂവീലറുകള്‍ കയറ്റുമതി ചെയ്ത് ഇന്ത്യന്‍ ബ്രാന്‍ഡായ ടിവിഎസ് ജാപ്പനീസ് ബ്രാന്‍ഡിനെ കടത്തിവെട്ടുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം ഇതേസമയം 94,427 യൂണിറ്റുകള്‍ കയറ്റുമതി ചെയ്ത ടിവിഎസിന് ഈ വര്‍ഷം ഫെബ്രുവരിയില്‍ 45,624 യൂണിറ്റുകള്‍ മാത്രമാണ് കപ്പല്‍ കയറ്റി അയക്കാന്‍ സാധിച്ചത്. 51.68 ശതമാനം ഇടിവ്. കയറ്റുമതിയുടെ കാര്യത്തില്‍ ഹോണ്ടക്കും ഇടിവാണ് കഴിഞ്ഞ മാസം നേരിട്ടത്. ഹോണ്ട ടൂ-വീലര്‍ ഇന്ത്യയുടെ കയറ്റുമതി കഴിഞ്ഞ മാസം 20,111 യൂണിറ്റായിരുന്നു.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ വിദേശത്തേക്ക് കയറ്റുമതി ചെയ്ത 26,944 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ 25.36 ശതമാനമാണ് ഇടിവ് കാണിച്ചത്.കഴിഞ്ഞ കുറച്ച് കാലങ്ങളായി നിരവധി പുതിയ വാഹനങ്ങള്‍ വിപണിക്ക് പരിചയപ്പെടുത്തിയിട്ടും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ വില്‍പ്പനയില്‍ പച്ചതൊടാന്‍ പെടാപ്പാട് പെടുകയാണ്. ഹോണ്ട CB350 കഫേ റേസറും ഒരു പുതിയ എന്‍ട്രി ലെവല്‍ കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിളും കമ്പനി ഈ മാസം വിപണിയില്‍ എത്തിക്കാന്‍ പദ്ധതിയിടുന്നുണ്ട്.

ഒന്നാം സ്ഥാനക്കാരായ ഹീറോയുടെ വില്‍പ്പനയിലെ നട്ടെല്ലായ സ്‌പ്ലെന്‍ഡറിനെ വിറപ്പിക്കാന്‍ പുതിയ കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിളിന് സാധിക്കുമെന്നാണ് ഹോണ്ടയുടെ വിശ്വാസം. സംഗതി ക്ലിക്കായാല്‍ ഹോണ്ടയുടെ ഇപ്പോഴുള്ള ഈ വില്‍പ്പനയിലെ കുറവ് നിഷ്പ്രയാസം മറികടക്കാം. ഈ മാസം അവസാനത്തോടെ ബിഎസ്6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമാക്കി ഹോണ്ട ഇരുചക്ര വാഹന നിര നവീകരിക്കുമെന്നും പ്രതീക്ഷിക്കുന്നു. ടു-വീലര്‍ സെഗ്മെന്റില്‍ ടിവിഎസിന്റെ ഏറ്റവും പോപ്പുലറായ വാഹനങ്ങള്‍ പുറത്തിറങ്ങുന്നത് അപ്പാച്ചെ സീരീസിലാണെന്ന് നമുക്കെല്ലാവര്‍ക്കുമറിയാം.
2005 -ലാണ് കമ്പനി ടിവിഎസ് അപ്പാച്ചെ സീരീസ് അവതരിപ്പിച്ചത്. ഇപ്പോള്‍ ആഗോള തലത്തില്‍ അപ്പാച്ചെ സീരീസ് വില്‍പ്പനയില്‍ ഒരു സുപ്രധാന നാഴികക്കല്ല് പിന്നിട്ടു. അപ്പാച്ചെ സീരീസിന്റെ വില്‍പ്പന അഞ്ച് ദശലക്ഷം പിന്നിട്ടതായി കഴിഞ്ഞ ദിവസമാണ് ടിവിഎസ് പ്രഖ്യാപിച്ചത്. അപ്പാച്ചെ സീരിസിന്റെ മികവിലാണ് ടിവിഎസ് പ്രീമിയം മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡ് എന്ന നിലയില്‍ പേരെടുത്തത്. ക്ലാസ്-ലീഡിംഗ് പെര്‍ഫോമെന്‍സിനും ഫീച്ചറുകള്‍ക്കും സാങ്കേതികവിദ്യയ്ക്കും ഊന്നല്‍ നല്‍കുന്ന ടിവിഎസ് അപ്പാച്ചെ സീരീസിന്റെ ട്രാക്ക്-ടു-റോഡ് ഫിലോസഫിയാണ് ഇവയുടെ വിജയത്തിന് കാരണമായത്.
2020 ഒക്ടോബറിലായിരുന്നു അപ്പാച്ചെ സീരീസ് നാല് ദശലക്ഷം യൂണിറ്റ് വില്‍പ്പന നാഴികക്കല്ല് പിന്നിട്ടത്. ആദ്യ 4 ദശലക്ഷം യൂണിറ്റ് പിന്നിടാന്‍ 15 വര്‍ഷമെടുത്തപ്പോള്‍ അവസാനത്തെ ഒരു ദശലക്ഷം വില്‍പ്പന വെറും 28 മാസത്തിനുള്ളില്‍ നടന്നു. സീരീസിന്റെ വര്‍ധിച്ചുവരുന്ന ജനപ്രീതിയുടെ തെളിവായി ഇത് ഉയര്‍ത്തിക്കാണിക്കുന്നു. ബൈക്കിംഗ് ഫെസ്റ്റിവലായ മോട്ടോ സോള്‍ അണിയിച്ചൊരുക്കുന്ന തിരക്കിലാണിപ്പോള്‍ ടിവിഎസ്. ഈ വാരാന്ത്യത്തില്‍ ഗോവയില്‍ വെച്ചാണ് പരിപാടി. ചടങ്ങില്‍ ടിവിഎസിന്റെ ചില സുപ്രധാന പ്രഖ്യാപനങ്ങള്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications








