ഇനി യൂത്തന്‍മാര്‍ പറന്നെത്തും; എന്‍ടോര്‍ഖില്‍ വിജയിച്ച തന്ത്രം റൈഡറിലും പയറ്റി ടിവിഎസ്
ഹീറോയും ഹോണ്ടയും അരങ്ങ് വാണിരുന്ന കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിള്‍ വിഭാഗത്തിലെ ടിവിഎസിന്റെ ഹിറ്റ് മോഡലാണ് റൈഡര്‍ 125. സ്‌പോര്‍ട്ടിയര്‍ ലുക്കില്‍ എത്തിയ ബൈക്ക് അതിവേഗം യുവാക്കളുടെ ഹരമായി മാറി. എന്‍ടോര്‍ഖ് സ്‌കൂട്ടര്‍ പരീക്ഷിച്ച് വിജയിച്ച മാര്‍വര്‍ സൂപ്പര്‍ സ്‌ക്വാഡ് എഡിഷന്‍ ഇപ്പോള്‍ റൈഡര്‍ 125-ല്‍ അവതരിപ്പിച്ചിരിക്കുകയാണ് ടിവിഎസ്.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ബൈക്കിന്റെ ടീസര്‍ പുറത്ത് വിട്ട് ടിവിഎസ് മാര്‍വല്‍ ഫാന്‍സിനിടെയില്‍ ആവേശം വര്‍ധിപ്പിച്ചിരുന്നു. മാര്‍വല്‍ സൂപ്പര്‍ഹീറോസില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട രണ്ട് പ്രത്യേക പതിപ്പുകളാണ് കമ്പനി ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. ആദ്യത്തേത് അയണ്‍ മാനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടപ്പോള്‍ രണ്ടാമത്തേത് ബ്ലാക്ക് പാന്തറുമായി ബന്ധപ്പെട്ട ഗ്രാഫിക്‌സുകളുമായാണ് വരുന്നത്.

98,919 രൂപയാണ് പുതിയ ടിവിഎസ് റൈഡര്‍ സൂപ്പര്‍ സ്‌ക്വാഡ് എഡിഷന് എക്‌സ്‌ഷോറൂം വില വരുന്നത്. രാജ്യത്തുടനീളമുള്ള എല്ലാ ടിവിഎസ് മോട്ടോര്‍ ടച്ച് പോയിന്റുകളിലും ടിവിഎസ് റൈഡര്‍ SSE (സൂപ്പര്‍ സ്‌ക്വാഡ് എഡിഷന്‍) വില്‍പ്പനക്കെത്തും. പ്രതീക്ഷിച്ച പോലെ അയണ്‍ മാന്‍ ഗ്രാഫിക്സ് ലഭിക്കുന്ന സൂപ്പര്‍ സ്‌ക്വാഡ് എഡിഷന്‍ ചുവപ്പും കറുപ്പും നിറങ്ങളോടെയാണ് വരുന്നത്. അതുപോലെ ബ്ലാക്ക് പാന്തര്‍ തീമില്‍ വരുന്ന ബൈക്ക് ബ്ലാക്ക് ആന്‍ഡ് പര്‍പ്പിള്‍ നിറങ്ങളുമാണിഞ്ഞാണ് എത്തുക.
ഇതാദ്യമായല്ല തങ്ങളുടെ ടൂവീലറുകളുടെ സ്‌പെഷ്യല്‍ എഡിഷന്‍ പുറത്തിറക്കാനായി ടിവിഎസ് മാര്‍വലുമായി സഹകരിക്കുന്നതെന്ന് മുകളില്‍ പറഞ്ഞെല്ലോ. തോര്‍, അയണ്‍ മാന്‍, ബ്ലാക്ക് പാന്തര്‍, സ്‌പൈഡര്‍മാന്‍ എന്നീ മാര്‍വല്‍ സൂപ്പര്‍ ഹീറോസിന്റെ തീമിലാണ് എന്‍ടോര്‍ഖ് 125 സ്‌കൂട്ടറുകള്‍ ബ്രാന്‍ഡ് വിപണിയില്‍ എത്തിക്കുന്നത്.കോസ്‌മെറ്റിക് മാറ്റങ്ങള്‍ അല്ലാതെ ടിവിഎസ് റൈഡര്‍ 125-ല്‍ മെക്കാനിക്കലായ മാറ്റങ്ങള്‍ ഒന്നും കാണാനാകില്ല.
മികച്ച ഹീറ്റ് മാനേജ്മെന്റിനായി ഒരു ഇന്റേണല്‍ ഓയില്‍ കൂളര്‍ ലഭിക്കുന്ന 124.8 സിസി എയര്‍-കൂള്‍ഡ് എഞ്ചിനുമായാണ് ബൈക്ക് വരുന്നത്. ഈ എഞ്ചിന്‍ പരമാവധി 11.22 bhp കരുത്തും 11.2 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. 5 സ്പീഡ് ഗിയര്‍ബോക്‌സുമായാണ് എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നത്.
എഞ്ചിന്‍ സ്റ്റാര്‍ട്ട്-സ്റ്റോപ്പ്, ഇക്കോത്രസ്റ്റ് ഫ്യുവല്‍ ഇഞ്ചക്ഷന്‍ തുടങ്ങിയ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ബൈക്കിന്റെ ഇന്ധനക്ഷമതയും മെച്ചപ്പെടുത്തുന്നതിനൊപ്പം പെര്‍ഫോമന്‍സിലും മോഡല്‍ കാര്യമായ വിട്ടുവീഴ്ച്ചകളൊന്നും വരുത്തിയിട്ടില്ല.
വെറും 5.9 സെക്കന്‍ഡില്‍ 0-60 kmph വേഗത കൈവരിക്കുന്ന മികച്ച ഇന്‍-ക്ലാസ് ആക്‌സിലറേഷനാണ് ടിവിഎസ് റൈഡര്‍ വാഗ്ദാനം ചെയ്യുന്നത്. മുന്‍വശത്ത് ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ 5 സ്റ്റെപ്പ് അഡ്ജസ്റ്റബിള്‍ മോണോഷോക്കുമാണ് സസ്‌പെന്‍ഷന്‍ ചുമതലകള്‍ നിര്‍വഹിക്കുന്നത്. വേരിയന്റിനെ ആശ്രയിച്ച് മുന്‍വശത്ത് 240 mm ഡിസ്‌ക് ബ്രേക്കോ 130 mm ഡ്രമ്മോ തെരഞ്ഞെടുക്കാനുള്ള ഓപ്ഷന്‍ കമ്പനി നല്‍കുന്നു.
പിന്നില്‍ 130 mm ഡ്രം ആണ് സജ്ജീകരിച്ചിരിക്കുന്നത്. സിക്രണൈസ്ഡ് ബ്രേക്കിംഗ് സാങ്കേതികവിദ്യ (SBT) ടിവിഎസ് റൈഡറിന്റെ എല്ലാ വേരിയന്റുകളിലും സ്റ്റാന്‍ഡേര്‍ഡ് ആണ്. മുന്‍വശത്ത് 80/100 ട്യൂബ്‌ലെസ് ടയറില്‍ പൊതിഞ്ഞ 17 ഇഞ്ച് അലോയ് വീലുകളും പിന്നില്‍ 100/90 ടയറുമായാണ് മോട്ടോര്‍സൈക്കിള്‍ വരുന്നത്.
രണ്ട് ഐക്കണിക് മാര്‍വല്‍ കഥാപാത്രങ്ങളുള്ള ടിവിഎസ് റൈഡര്‍ സൂപ്പര്‍ സ്‌ക്വാഡ് എഡിഷന്റെ ലോഞ്ച് മാര്‍വലുമായുള്ള ഞങ്ങളുടെ വിജയകരമായ സഹകരണത്തിലെ യാത്രയുടെ മറ്റൊരു ചുവടുവെപ്പാണെന്ന് ടിവിഎസ് കമ്യൂട്ടേഴ്സ് ആന്‍ഡ് കോര്‍പ്പറേറ്റ് ബ്രാന്‍ഡ് ആന്‍ഡ് ഡീലര്‍ ട്രാന്‍സ്ഫോര്‍മേഷന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് (മാര്‍ക്കറ്റിംഗ്) അനിരുദ്ധ് ഹല്‍ദാര്‍ അഭിപ്രായപ്പെട്ടു.
റൈഡര്‍ 125 മോട്ടോര്‍സൈക്കിളിന്റെ സിംഗിള്‍ സീറ്റ്, സ്പ്ലിറ്റ് സീറ്റ് വേരിയന്റുകള്‍ക്ക് റിവേഴ്സ് എല്‍സിഡി സ്‌ക്രീന്‍ ഉണ്ടെങ്കിലും ടോപ്പ് സ്മാര്‍ട്ട് X കണക്ട് പതിപ്പിന് സെഗ്മെന്റ് ഫസ്റ്റ് 5-ഇഞ്ച് TFT സ്‌ക്രീനാണ് നല്‍കുന്നത്. കോള്‍ മാനേജ്‌മെന്റ്, വോയ്സ് അസിസ്റ്റ്, ക്ലൈമറ്റ് അപ്ഡേറ്റുകള്‍, നാവിഗേഷന്‍, അവസാനം പാര്‍ക്ക് ചെയ്ത സ്ഥലം, റൈഡ് റിപ്പോര്‍ട്ട്, സര്‍വീസ് ബുക്കിംഗ് മുതലായ സവിശേഷതകളും ഈ വേരിയന്റില്‍ ലഭ്യമാവും.
ടിവിഎസ് റൈഡര്‍ 125 ബേസ് ഡ്രം വേരിയന്റിന് 93700 രൂപയാണ് ഇപ്പോള്‍ എക്‌സ്‌ഷോറൂം വില വരുന്നത്. ടോപ് സ്‌പെക് ബ്ലൂടൂത്ത് വേരിയന്റ് സ്വന്തമാക്കാന്‍ 1,07,400 രൂപയാണ് എക്‌സ്‌ഷോറൂം വിലയായി മുടക്കേണ്ടത്. ഇന്ത്യയിലെ 125 സിസി കമ്മ്യൂട്ടര്‍ ബൈക്ക് സെഗ്മെന്റില്‍ ഹോണ്ട SP125, ഹീറോ ഗ്ലാമര്‍ എക്സ്‌ടെക്, ബജാജ് പള്‍സര്‍ 125 തുടങ്ങിയവയാണ് ടിവിഎസ് റൈഡറിന്റെ എതിരാളികള്‍.


Click it and Unblock the Notifications








