ഹമ്മേ 300 കി.മീ റേഞ്ചോ? ടിവിഎസിന്റെ പുത്തന്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ ഇങ്ങെത്താറായി
ഇന്ത്യന്‍ ടൂവീലര്‍ വിപണിയിലെ തങ്ങളുടെ എതിരാളികളെ അപേക്ഷിച്ച് നോക്കിയാല്‍ വളരെ നേരത്തെ ഇലക്ട്രിക് വാഹന വിപണിയിലേക്ക് ചുവടുവെച്ചവരാണ് ടിവിഎസ്. ഐക്യൂബ് എന്ന തങ്ങളുടെ ഏക മോഡലിനാല്‍ തന്നെ മാന്യമായ വില്‍പ്പന നേടി മുന്‍പന്തിയില്‍ അവരുണ്ട്. ഇപ്പോള്‍ വരാന്‍ പോകുന്ന തങ്ങളുടെ അടുത്ത ഇലക്ട്രിക് സ്‌കൂട്ടറിന്റെ ടീസര്‍ പുറത്തു വിട്ടിരിക്കുകയാണ് ടിവിഎസ്.
ഇത് ഒരു സ്‌പോര്‍ടി ഇലക്ട്രിക് സ്‌കൂട്ടറായിരിക്കുമെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. 2023 ഓഗസ്റ്റ് 23-ന് പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ വാഹന നിര്‍മ്മാതാവ് അവതരിപ്പിച്ചേക്കും. ടിവിഎസ് മോട്ടോറിന്റെ ഈ പുതിയ ഇലക്ട്രിക് വാഹനത്തിന്റെ അവതരണം ദുബൈയില്‍ വെച്ച് അരങ്ങേറാനാണ് സാധ്യത. ടിവിഎസ് മോട്ടോര്‍ വരാനിരിക്കുന്ന ഇവിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും പുറത്ത് വിട്ടിട്ടില്ല.

എന്നിരുന്നാലും പുതിയ ഉല്‍പ്പന്നം വര്‍ഷങ്ങള്‍ക്ക് മുമ്പ് 2018 ഓട്ടോ എക്‌സ്‌പോയില്‍ വെളിപ്പെടുത്തിയ ടിവിഎസ് ക്രിയോണ്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ കണ്‍സെപ്റ്റിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ കണ്‍സെപ്റ്റ് ഇവി വെളിപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇത് അടിസ്ഥാനപ്പെടുത്തി ഒരു വാഹനം പോലും പുറത്തിറങ്ങിയിട്ടില്ല. നിര്‍മാണത്തില്‍ ഒരു വ്യത്യസ്ത സമീപനം സ്വീകരിച്ചതിനാല്‍ തന്നെ ടിവിഎസ് ക്രിയോണ്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ കണ്‍സെപ്റ്റ് വാഹന പ്രേമികളുടെ ശ്രദ്ധ അതിവേഗം കവര്‍ന്നെടുത്തിരുന്നു.
ക്രിയോണ്‍ ഇലക്ട്രിക് സ്‌കൂട്ടറിന് നല്‍കിയ സ്‌പോര്‍ട്ടി സ്‌റ്റൈലിംഗ് അതിനുള്ള പ്രധാന കാരണങ്ങളില്‍ ഒന്നായി. ടിവിഎസ് ക്രിയോണ്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ ഒരു സ്‌കൂട്ടറിന്റെയും മോട്ടോര്‍സൈക്കിളിന്റെയും ഡിസൈന്‍ ഘടകങ്ങളെ മനോഹരമായി സംയോജിപ്പിച്ചിരിക്കുന്നു. തല്‍ഫലമായി ഇലക്ട്രിക് സ്‌കൂട്ടര്‍ വളരെ സ്പോര്‍ട്ടിയായി കാണപ്പെടുന്നു. ടിവിഎസ് ക്രിയോണ്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ കണ്‍സെപ്റ്റിന്റെ ഡിസൈന്‍ വശങ്ങള്‍ പരിശോധിക്കുമ്പോള്‍ മുന്‍വശത്തെ ലംബമായി സ്ഥാപിച്ച എല്‍ഇഡി ലൈറ്റുകള്‍ ആരുടെയും ശ്രദ്ധയാകര്‍ഷിക്കും.

ഫ്‌ലോട്ടിംഗ് ഡിജിറ്റല്‍ ഡിസ്‌പ്ലേയുള്ള ഹാന്‍ഡില്‍ബാര്‍, ഓഫ്-സെറ്റ് മോണോ സസ്‌പെന്‍ഷനോടുകൂടിയ ഉയര്‍ന്ന റിയര്‍ സെക്ഷന്‍ എന്നിവ കാണാം. ടിവിഎസ് ക്രിയോണിനെ കുറിച്ച് സംസാരിക്കുമ്പോള്‍ ഏറ്റവും രസകരമായ സംഗതികളില്‍ ഒന്ന് അതിന്റെ പെരിമീറ്റര്‍ ഫ്രെയിമാണ്. ഇവിടെ എഞ്ചിനിരിക്കേണ്ട സ്ഥാനത്ത് ബാറ്ററി പായ്ക്ക് സ്ഥാനം പിടിക്കുന്നു.
ഒരു വലിയ ബാറ്ററി പായ്ക്ക് ആയിരിക്കും വരാനിരിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടറിന് കരുത്തേകുക. ഇത് ടിവിഎസ് ഐക്യൂബ് ST ഇലക്ട്രിക് സ്‌കൂട്ടറില്‍ സജ്ജീകരിച്ച 5.1kWh ബാറ്ററി പായ്ക്കിനെക്കാള്‍ വലുതായിരിക്കും. ടിവിഎസ് ക്രിയോണ്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ കുറഞ്ഞത് 10kWh ബാറ്ററി പായ്ക്കുമായിട്ടായിരിക്കും എത്തുകയെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. 10 മുതല്‍ 12kW ശേഷിയുള്ള ഇലക്ട്രിക് മോട്ടോര്‍ ആയിരിക്കും തുടിപ്പേകുക.

ടിവിഎസ് ക്രിയോണ്‍ കണ്‍സെപ്റ്റ് അടിസ്ഥാനമാക്കി വരുന്ന ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ 300 കിലോമീറ്ററിലധികം റേഞ്ച് നല്‍കുമെന്നാണ് കരുതുന്നത്. ഇന്ന് ഇലക്ട്രിക് സ്‌കൂട്ടര്‍ ഐസിഇ വാഹനങ്ങളോട് നേരിട്ട് ഏറ്റുമുട്ടുന്ന സ്ഥിതിഗതിയാണ്. അങ്ങനെ വരുമ്പോള്‍ 150 സിസി ശേഷിയുള്ള മോട്ടോര്‍സൈക്കിളുകള്‍ ആയിരിക്കും പെര്‍ഫോമന്‍സിന്റെ കാര്യത്തില്‍ എതിരാളികള്‍.
ടീസര്‍ ചിത്രത്തില്‍ തമിഴ്‌നാട്ടിലെ ഹൊസൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വാഹന നിര്‍മാതാക്കള്‍ ഇവിയെ കുറിച്ച് കൂടുതല്‍ സൂചനകള്‍ നല്‍കുന്നില്ലെങ്കിലും ഇത് ക്രിയോണ്‍ സണ്‍സെപ്റ്റിനെ അടിസ്ഥാനമാക്കിയുള്ളതാകും. സംഗതി യാഥാര്‍ത്ഥ്യമായാല്‍ വരാനിരിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടര്‍ രാജ്യത്തെ ഏറ്റവും സ്‌പോര്‍ട്ടി ഇലക്ട്രിക് സ്‌കൂട്ടറായിരിക്കും. റേഞ്ചിന്റെ കാര്യത്തിലായാലും നിലവില്‍ വിപണിയിലുള്ള പല ഇവികളെയും ഇത് മറികടന്നേക്കും.
ക്രിയോണ്‍ ഇലക്ട്രിക് സ്‌കൂട്ടറിലൂടെ തങ്ങളുടെ ഇവി ലൈനപ്പ് വിപുലീകരിക്കുന്നതോടൊപ്പം ആഗോള വിപണി കൂടി ലക്ഷ്യമിടുന്നുണ്ട്. ഐക്യൂബ് ഫാമിലി കസ്റ്റമേഴ്‌സിനെ ലക്ഷ്യമിടുന്നതിനാല്‍ ടിവിഎസില്‍ നിന്ന് ഒരു പെര്‍ഫോമന്‍സ് ഇലക്ട്രിക് സ്‌കൂട്ടറിന് സാധ്യതയുണ്ട്. സിമ്പിള്‍ വണ്‍, ഏഥര്‍ 450X, ഓല S1 പ്രോ എന്നീ ഇവികള്‍ ആകും വിപണിയിലെ മുഖ്യ എതിരാളി.


Click it and Unblock the Notifications








