ബൈക്ക് യാത്രയില്‍ സേഫ്റ്റി ഡബിള്‍ സ്‌ട്രോംഗാകും; ടൂവീലര്‍ എയര്‍ബാഗിന്റെ പണിപ്പുരയില്‍ ഹോണ്ട
വാഹനം ഓടിക്കുമ്പോള്‍ അത് കാറായാലും ബൈക്കായാലും നാം സുരക്ഷക്ക് വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. പണ്ട് ഹെല്‍മെറ്റ് വെക്കാതെ കുതിച്ചിരുന്ന ആളുകളില്‍ പലരും ഇന്ന് പിന്‍സീറ്റിലിരിക്കുമ്പോള്‍ കൂടി ഹെല്‍മെറ്റ് വെച്ചാണ് സഞ്ചരിക്കുന്നത്. ഇരുചക്ര വാഹനങ്ങളിലുള്ള യാത്രയില്‍ യാത്രക്കാരുടെ തലയുടെ സുരക്ഷക്കായിട്ടാണ് ഹെല്‍മെറ്റ് ധരിക്കുന്നത്. എന്നാല്‍ അത് മാത്രം മതിയോ?.
കാറുകളിലുള്ള പോലെ ഇരുചക്ര വാഹനങ്ങളില്‍ എയര്‍ ബാഗുകള്‍ കൂടിയുണ്ടെങ്കില്‍ സേഫ്റ്റി ഡബിള്‍ സ്‌ട്രോംഗ് ആകില്ലേ?. എന്നാല്‍ അത്തരമൊരു എയര്‍ബാഗ് വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ജാപ്പനീസ് മോട്ടോര്‍സൈക്കിള്‍ ഭീമന്‍മാരായ ഹോണ്ട. അപകടസമയത്ത് റൈഡറെ 'ചുറ്റിപ്പിടിച്ച്' സംരക്ഷണം നല്‍കുന്ന വേര്‍പെടുത്താവുന്ന മോട്ടോര്‍സൈക്കിള്‍ എയര്‍ബാഗുകള്‍ വികസിപ്പിക്കുന്ന ഹോണ്ട പേറ്റന്റിനായി അപേക്ഷിച്ചിട്ടുണ്ട്. ഇരുചക്രവാഹനങ്ങളില്‍ എയര്‍ബാഗ് സാങ്കേതികവിദ്യ ആദ്യമായി കൊണ്ടു വന്നവരായ ഹോണ്ട തന്നെയാണ് ഇതിനും മുന്‍കൈ എടുക്കുന്നത്.

2006-ലാണ് ഗോള്‍ഡ് വിംഗ് ടൂററില്‍ ഫ്രണ്ടല്‍ എയര്‍ബാഗ് ഹോണ്ട വാഗ്ദാനം ചെയ്തത്. ഇത് കഴിഞ്ഞ് ഒന്നര പതിറ്റാണ്ട് പിന്നിട്ടെങ്കിലും ഈ സാങ്കേതികവിദ്യ മുഖ്യധാരയില്‍ എത്തിയിട്ടില്ല. ടൂവീലര്‍ എയര്‍ബാഗ് വാഗ്ദാനം ചെയ്യുന്ന ഏക ബൈക്കും ഹോണ്ട ഗോള്‍ഡ് വിംഗാണ്. കാര്യങ്ങള്‍ അവിടെ തന്നെ നിര്‍ത്താന്‍ ഒരുക്കമല്ലെന്ന സൂചനകളാണ് ഹോണ്ട അവരുടെ ഏറ്റവും പുതിയ പേറ്റന്റ് ഫയലിംഗുകളിലൂടെ സൂചിപ്പിക്കുന്നത്.
കാര്യങ്ങള്‍ വേറെ ലെവലിലേക്ക് കൊണ്ടെത്തിക്കുകയാണ് അവരുടെ ലക്ഷ്യം. സ്‌കൂട്ടറുകളില്‍ ഫ്രണ്ടല്‍ എയര്‍ബാഗിനായി ഹോണ്ട ഇന്ത്യയില്‍ നേരത്തെ തന്നെ പേറ്റന്റ് ഫയല്‍ ചെയ്തിരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിനിടെയാണ് വേര്‍പെടുത്താവുന്ന എയര്‍ബാഗിന്റെ പണിപ്പുരയിലാണ് ഹോണ്ടയെന്ന വാര്‍ത്തകള്‍ പരക്കുന്നത്. മിക്ക എയര്‍ബാഗ് സംവിധാനങ്ങളെയും പോലെ അത്യാഹിത സാഹചര്യങ്ങളില്‍ എയര്‍ബാഗ് വേഗത്തില്‍ നിറയ്ക്കാന്‍ ഇത് ഒരു പ്രഷറൈസ്ഡ് ഗ്യാസിന്റെ ഒരു ക്യാനിസ്റ്റര്‍ ഉപയോഗിച്ചായിരിക്കും ഇതിന്റെയും പ്രവര്‍ത്തനം.

വീര്‍ക്കുന്നതിന് അനുസരിച്ച് എയര്‍ബാഗ് റൈഡറുടെ ശരീരത്തിന് ചുറ്റും പൊതിഞ്ഞ്, അവരുടെ നെഞ്ചിനും പുറകിനും സംരക്ഷണം നല്‍കുന്നു. ചൂട് കാരണം സീല്‍ ചെയ്യുന്ന എയര്‍ബാഗ് പിന്നീട് വാഹനത്തില്‍ നിന്ന് വേര്‍പെടുന്നു. എയര്‍ബാഗ് നിയന്ത്രിത നിരക്കില്‍ ഡീഫ്‌ലേറ്റ് ചെയ്യുന്നുവെന്ന് ഉറപ്പാക്കാന്‍ ഒരു ചെക്ക് വാല്‍വും ഒരുക്കുന്നുണ്ട്. പുതിയ ടൂവീലര്‍ എയര്‍ ബാഗിന്റെ രണ്ട് ഡിസൈനുകള്‍ ആണ് പണിപ്പുരയിലുള്ളത്.
അതില്‍ ഒന്ന് സീറ്റിന്റെ മുന്‍വശത്ത് റൈഡറുടെ കാലുകള്‍ക്കിടയിലായിരിക്കും സ്ഥാനം പിടിക്കുക. അവിടെ നിന്ന് എയര്‍ബാഗ് വീര്‍ത്ത് റൈഡറെ ചുറ്റി പൊതിയും. രണ്ടാമത്തെ എയര്‍ബാഗ് ഡിസൈന്‍ ആണ് കൂടുതല്‍ ആശ്വാസകരമെന്നാണ് തോന്നുന്നത്. ഈ ഡിസൈന്‍ പ്രകാരം എയര്‍ബാഗ് റൈഡര്‍ക്കും പില്യണ്‍ റൈഡര്‍ക്കും ഇടയിലായിട്ടാണ് സ്ഥാപിക്കുക. മുകളില്‍ പറഞ്ഞ പോലെ ഈ സാങ്കേതികവിദ്യ ഇപ്പോള്‍ ശൈശവദശയിലാണ്. അതിനാല്‍ തന്നെ എയര്‍ബാഗ് സുരക്ഷ വളരെ പെട്ടെന്നൊന്നും ടൂവീലറുകളില്‍ എത്തിയേക്കില്ല.
ഇത് വായിക്കുമ്പോള്‍ തന്നെ നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകും വ്യത്യസ്ത വലിപ്പവും ആകൃതിയുമുള്ള ആളുകള്‍ വാഹനം ഓടിക്കില്ലേ അപ്പോള്‍ എന്ത് ചെയ്യുമെന്ന്. അതെ അതിന് പരിഹാരമായി ഹോണ്ട എന്തായിരിക്കും ചെയ്യുകയെന്നറിയാന്‍ ഞങ്ങള്‍ക്കും കൗതുകമുണ്ട്. വാഹനങ്ങളില്‍ കൂട്ടിയിടി ഉണ്ടാകുന്ന സമയത്ത് യാത്രക്കാരെ സംരക്ഷിക്കാന്‍ രൂപകല്‍പ്പന ചെയ്ത വായുസഞ്ചാരമുള്ള സുരക്ഷാ ഉപകരണമാണ് എയര്‍ബാഗുകള്‍ എന്ന് വളരെ സിമ്പിളായി നമുക്ക് പറയാം.
വാഹനത്തിലെ ഏറ്റവും പ്രാധാന്യമുള്ള സുരക്ഷ ഉപകരണങ്ങളില്‍ ഒന്നാണ് എയര്‍ ബാഗ്. കാറുകളടക്കം മറ്റ് വാഹനങ്ങളുടെ കാര്യത്തില്‍ സീറ്റ്‌ബെല്‍റ്റിനൊപ്പം തന്നെ എയര്‍ബാഗ് കൂടി ചേരുമ്പോള്‍ ആണ് അപകടത്തിന്റെ തീവ്രത വ്യത്യാസപ്പെടുന്നത്. ഓടുന്ന വാഹനത്തിന്റെ അതേ വേഗമായിരിക്കും യാത്രക്കാരുടെ ശരീരത്തിനും. വാഹനം പെട്ടെന്ന് നിന്നാലും ശരീരത്തിന്റെ വേഗം കുറയില്ല. അതിനാലാണ് അപകടങ്ങളില്‍ ശരീരത്തിന് കനത്ത ആഘാതമേല്‍ക്കുന്നത്. സമയബന്ധിതമായി എയര്‍ബാഗ് വിന്യസിക്കുന്നത് അപകടം മൂലമുണ്ടാകുന്ന ഗുരുതര പരിക്കുകളും മരണമടക്കമുള്ള അത്യാഹിതങ്ങളും ഒഴിവാക്കാന്‍ ഉപകരിക്കും.

വാഹനം അപകടത്തില്‍പ്പെട്ടാല്‍ സെക്കന്‍ഡുകള്‍ക്കുള്ളിലാണ് എയര്‍ബാഗ് വിന്യസിക്കപ്പെടുന്നത്. വന്‍ ശക്തിയോടെയായിരിക്കും എയര്‍ബാഗുകള്‍ വിന്യസിക്കപ്പെടുന്നത്. അധികാരികള്‍ നിയമം കര്‍ശനമാക്കിയിട്ടും ഓരോ ദിവസവും റോഡുകളില്‍ നിരവധി ജീവനുകളാണ് പൊലിയുന്നത്. തലക്ക് പരിക്കേല്‍ക്കും പോലെ തന്നെ വീഴ്ചയുടെ ആഘാതത്തില്‍ ആന്തരികാവയവങ്ങള്‍ക്ക് ക്ഷതം സംഭവിക്കുന്ന സംഭവങ്ങളും ഉണ്ടാകാറുണ്ട്. അതിനാല്‍ തന്നെ മരണകാരണമായേക്കാവുന്നതും വലിയ പരിക്കേല്‍ക്കാവുന്നതുമായ ആഘാതങ്ങളില്‍ യാത്രക്കാരെ രക്ഷിക്കാനുള്ള എയര്‍ബാഗുകള്‍ ഇരുചക്ര വാഹനങ്ങളില്‍ കൂടി എത്തിയാല്‍ അത് വലിയ വഴിത്തിരിവാകും.


Click it and Unblock the Notifications








