കുറഞ്ഞ വിലയില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ വേണോ? വരാന്‍ പോകുന്ന കിടിലന്‍ മോഡലുകള്‍ ഇതാ...
രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ സബ്‌സിഡി നല്‍കി വരുന്നുണ്ട്. കൂടുതല്‍ പേര്‍ക്ക് സബ്‌സിഡി ലഭ്യമാക്കുന്നതിനായി ഈ വര്‍ഷം ജൂണ്‍ മുതല്‍ ഓരോ ഇവികള്‍ക്കും നല്‍കി വന്നിരുന്ന ഫെയിം II (FAME) സബ്‌സിഡി തുക കേന്ദ്രം വെട്ടിക്കുറച്ചിരുന്നു. ഇത് സ്വാഭാവികമായും ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വില ഉയര്‍ത്തി.
വില കൂടിയതോടെ ജനങ്ങള്‍ ഷോറൂമുകളിലേക്ക് എത്തിനോക്കാത്ത സ്ഥിതിവിശേഷം വന്നതോടെയാണ് കമ്പനികള്‍ പുത്തന്‍ ഉപായം കണ്ടെത്തിയത്. ചെറിയ ബാറ്ററി പായ്ക്കുകള്‍ ഘടിപ്പിച്ച് ഫീച്ചറുകള്‍ വെട്ടിക്കുറച്ച് താങ്ങാവുന്ന വിലയില്‍ ഇവികള്‍ ലഭ്യമാക്കുകയെന്നതായിരുന്നു ഐഡിയ. ഏഥര്‍ 450S, ഓല S1X എന്നിവ എത്തിയത് അതിന് ഉദാഹരണമാണ്. സ്റ്റാര്‍ട്ടപ്പുകള്‍ക്കൊപ്പം ചില പ്രമുഖ പരമ്പരാഗത ടൂവീലര്‍ നിര്‍മാതാക്കളും കുറഞ്ഞ വിലയില്‍ ഇവികള്‍ വിപണിയില്‍ എത്തിക്കാന്‍ ഒരുങ്ങുകയാണ്. അതിനെ കുറിച്ച് നമുക്ക് വിശദമായി നോക്കാം.

ഏഥര്‍: ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ഇവി സ്റ്റാര്‍ട്ടപ്പാണ് ഏഥര്‍. 450X, 450S എന്നിങ്ങനെ രണ്ട് മോഡലുകളാണ് നിലവില്‍ ഏഥര്‍ വിപണിയില്‍ എത്തിക്കുന്നത്. ഏഥറില്‍ നിന്ന് പുതുതായി ഒരു ഫാമിലി ഇ-സ്‌കൂട്ടര്‍ വരാന്‍ പോകുന്നുണ്ട്. ഇത് നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്നത് നിരവധി തവണ ക്യാമറക്കണ്ണുകളില്‍ പതിഞ്ഞിരുന്നു. 450 റേഞ്ചിനേക്കാള്‍ വലുതും കൂടുതല്‍ പ്രായോഗികവുമായ ഉല്‍പ്പന്നമായിരിക്കും ഇത്. 2024-ന്റെ ആദ്യ പകുതിയില്‍ ഇവി വിപണിയില്‍ എത്തിയേക്കും. ടിവിഎസ് ഐക്യൂബുമായിട്ടായിരിക്കും പ്രധാന മത്സരം.
സിമ്പിള്‍ ഡോട്ട് വണ്‍: നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടില്‍ വമ്പന്‍ ഫാക്ടറിയുള്ള ഒരു ഇവി നിര്‍മാതാക്കളാണ് സിമ്പിള്‍ എനര്‍ജി. 212 കിലോമീറ്റര്‍ റേഞ്ച് അവകാശപ്പെടുന്ന സിമ്പിളിന്റെ കന്നി ഉല്‍പ്പന്നമായ സിമ്പിള്‍ വണ്‍ ഇതിനോടകം പ്രശസ്തമാണ്. ഇപ്പോള്‍ കൂടുതല്‍ താങ്ങാനാകുന്ന വിലയില്‍ സിമ്പിള്‍ എനര്‍ജി തങ്ങളുടെ രണ്ടാമത്തെ ഉല്‍പ്പന്നമായ സിമ്പിള്‍ ഡോട്ട് വണ്‍ പുറത്തിറക്കാന്‍ പോകുകയാണ്. ഡിസംബര്‍ 15-ന് വില പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓല S1X-ന്റെ പ്രധാന എതിരാളിയായിരിക്കും ഇത്.

ഹോണ്ട ആക്ടിവ ഇലക്ട്രിക്: പരമ്പരാഗത ടൂവീലര്‍ നിര്‍മാതാക്കളില്‍ ഇവി രംഗത്തേക്ക് ഇനിയും ചുവടുവെക്കാന്‍ ബാക്കിയുള്ള കമ്പനികളില്‍ ഒന്നാണ് ഹോണ്ട. ടിവിഎസും ഹീറോയും പോലുള്ള മുഖ്യധാരാ നിര്‍മ്മാതാക്കള്‍ ഇവി രംഗത്ത് ഇതിനകം പ്രവേശിച്ചെങ്കിലും ഹോണ്ട വൈകിയാണെങ്കിലും മാസ്സ് എന്‍ട്രി നടത്താന്‍ പ്ലാന്‍ ഇട്ടിരിക്കുകയാണ്. രാജ്യത്തെ സ്‌കൂട്ടര്‍ സെഗ്‌മെന്റിലെ കിരീടം വെക്കാത്ത രാജാവായ ആക്ടീവയെ ഹോണ്ട ഇലക്ട്രിക് കുപ്പായം അണിയിക്കാന്‍ പോകുകയാണ്.
പെട്രോള്‍ സ്‌കൂട്ടറുകള്‍ക്കിടയില്‍ കാണിച്ച മാജിക് ഹോണ്ട ആക്ടിവ ഇവികള്‍ക്കികയിലും കാണിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. സ്‌കൂട്ടറിന്റെ മെക്കാനിക്കല്‍ വശങ്ങളെ കുറിച്ച് വിവരങ്ങള്‍ ഒന്നും ലഭ്യമല്ല. അടുത്ത വര്‍ഷം ആരംഭത്തില്‍ ഹോണ്ട ആക്ടിവ് ഇലക്ട്രിക് പുറത്തിറങ്ങുമെന്നാണ് അഭ്യൂഹം. നിരവധി സ്റ്റാര്‍ട്ടപ്പ് കമ്പനികളും ഹീറോയും ടിവിഎസുമടക്കമുള്ള എതിരാളികളും ഈ വിഭാഗത്തില്‍ ഇരിപ്പുറപ്പിച്ചതിനാല്‍ മത്സരാധിഷ്ഠിത വില നിര്‍ണയമായിരിക്കും ആക്ടിവ ഇലക്ട്രിക്കിന്റെ കാര്യത്തില്‍ ഹോണ്ട നടപ്പാക്കുകയെന്നാണ് പ്രതീക്ഷിക്കുന്നത്.

സുസുക്കി ബര്‍ഗ്മാന്‍ ഇലക്ട്രിക്: ഹോണ്ടയെ പോലെ തന്നെ ഇലക്ട്രിക് സെഗ്‌മെന്റിലേക്ക് പ്രവേശിക്കാനൊരുങ്ങുന്ന മറ്റൊരു പ്രമുഖ ടൂവീലര്‍ നിര്‍മാതാക്കളാണ് സുസുക്കി. ഒക്‌ടോബറില്‍ നടന്ന 2023 ജപ്പാന്‍ മൊബിലിറ്റി ഷോയില്‍ സുസുക്കി ബര്‍ഗ്മാന്‍ ഇലക്ട്രിക് പ്രദര്‍ശിപ്പിച്ചിരുന്നു. ഇ-ബര്‍ഗ്മാന്‍ എന്നാണ് ഇതിന് കമ്പനി പേരിട്ടിരിക്കുന്നത്. ഇ-ബര്‍ഗ്മാന്‍ ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ സ്‌പൈ ചിത്രങ്ങള്‍ ഇതിനകം ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
മികച്ച ഡ്രൈവിംഗ് അനുഭവം നല്‍കുന്നതിന് സിംക്രണസ് ഇലക്ട്രിക് മോട്ടോറും റീമൂവബിള്‍ ലിഥിയം അയണ്‍ ബാറ്ററി പായ്ക്കും ഇവിയില്‍ സജ്ജീകരിക്കുന്നു. വെറും 44 കിലോമീറ്റര്‍ റേഞ്ച് മാത്രമായിരിക്കും ഈ ബാറ്ററി പായ്ക്ക് നല്‍കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. 2024 ന്റെ ആദ്യ പകുതിയില്‍ ലോഞ്ച് നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഒരു ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയാണ് ഇ-ബാര്‍ഗ്മാന് പ്രതീക്ഷിക്കുന്നത്. നിങ്ങള്‍ കുറഞ്ഞ വിലയില്‍ ഒരു ഇ-സ്‌കൂട്ടര്‍ അന്വേഷിക്കുന്ന വ്യക്തിയാണെങ്കില്‍ മുകളില്‍ പറഞ്ഞവയില്‍ ഒന്ന് വരാനായി കാത്തിരിക്കാം.


Click it and Unblock the Notifications








