ചേക്കേറാം ഇവിയിലേക്ക്! ഇന്ത്യൻ വിപണിയിലേക്ക് വരാനൊരുങ്ങുന്ന 5 ഇലക്ട്രിക് സ്കൂട്ടറുകൾ
അടുത്ത കാലത്തായി രാജ്യത്ത് ഇലക്ട്രിക് സ്കൂട്ടർ വിൽപ്പന കുതിച്ചുയർന്നു വരികയാണ്, ഈ ഒരു ഗ്രോത്തിന് പിന്നിൽ നിരവധി ഘടകങ്ങളുണ്ട്. പുതിയതും പരമ്പരാഗതവുമായ നിരവധി നിർമ്മാതാക്കൾ ഇതിനകം തന്നെ ഈ സെഗ്മെന്റിലേക്ക് കടന്നു വന്നിട്ടുണ്ടെങ്കിലും, കുറച്ചുപേർ അവരുടെ സമയത്തിനായി ഇപ്പോഴും കാത്തിരിക്കുകയാണ്. ഈ ലേഖനത്തിൽ, ഇന്ത്യൻ വിപണിയിൽ പല നിർമ്മാതാക്കളും ഉടനടി അവതരിപ്പിക്കാനിരിക്കുന്ന ഇലക്‌ട്രിക് സ്‌കൂട്ടറുകളെ കുറിച്ച് നമുക്ക് നോക്കാം.
1. ടിവിഎസ് ഐക്യൂബ് ST: 2023 ഓട്ടോ എക്‌സ്‌പോയിൽ നിരവധി പുതിയ ഫീച്ചറുകളോടെ ടിവിഎസ് മോട്ടോർ പുതിയ ഐക്യൂബ് ST പ്രദർശിപ്പിച്ചിരുന്നു. വരുന്ന ഏതാനും ആഴ്‌ചകൾക്കുള്ളിൽ ടു-വീലർ മോഡലിനെ നിർമ്മാതാക്കൾ പുറത്തിറക്കും. നിലവിലുള്ള ഐക്യൂബ് റേഞ്ചിന്റെ മുകളിൽ ഇത് സ്ഥാനം പിടിക്കും. പവർട്രെയിനിന്റെ കാര്യത്തിൽ, ലോവർ വേരിയന്റുകളിലെ 3.0 kWh യൂണിറ്റിനെ അപേക്ഷിച്ച് വലിയ 4.56 kWh ബാറ്ററി പാക്ക് ഇത് ഫീച്ചർ ചെയ്യും.

പുതിയ മോഡലിന്റെ റേഞ്ചും നിർമ്മാതാക്കൾ മെച്ചപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ 145 കിലോമീറ്റർ റൈഡിംഗ് റേഞ്ചും മണിക്കൂറിൽ 82 കിലോമീറ്റർ മാക്സ് സ്പീഡുമായിട്ടാണ് ഐക്യൂബ് ST വരുന്നത്. ഇതുകൂടാതെ, TPMS വോയിസ് അസിസ്റ്റ് പുതിയ പെയിന്റ് സ്കീമുകൾ തുടങ്ങിയവയും വാഹനം ഫീച്ചർ ചെയ്യുന്നു.
2. സുസുക്കി ഇ-ബർഗ്മാൻ: ഇ-ബർഗ്‌മാൻ 2023 മാർച്ചിൽ ആഗോളതലത്തിൽ സുസുക്കി വെളിപ്പെടുത്തി, ഇലക്ട്രിക് സ്‌കൂട്ടർ ഇതിനകം തന്നെ ഇന്ത്യയിൽ പരീക്ഷണയോട്ടം നടത്തുന്നതിനിടെ ഒന്നിലധികം തവണ ക്യാമറയിൽ പെട്ടിട്ടുണ്ട്. റിപ്പോർട്ടുകൾ അനുസരിച്ച്, അടുത്ത വർഷത്തോടെ ഇ-ബർഗ്മാൻ ഇന്ത്യൻ നിരത്തുകളിൽ നമുക്ക് കാണാൻ കഴിയും.

എന്നിരുന്നാലും, ഇപ്പോഴും ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും നിർമ്മാതാക്കളുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. ഇ-സ്കൂട്ടറിന്റെ പൂർണ്ണമായ സ്പെസിഫിക്കേഷനുകൾ പുറത്തുവന്നിട്ടില്ലെങ്കിലും, 60 കിലോമീറ്റർ വേഗതയിൽ ഓടിക്കുമ്പോൾ സിംഗിൾ ചാർജിൽ 144 കിലോമീറ്റർ റേഞ്ച് അവകാശപ്പെടുന്ന 4kW മോട്ടോറാണ് ഇലക്ട്രിക് സ്കൂട്ടറിന് കരുത്തേകുന്നത്.
3. ഹോണ്ട രണ്ട് പുതിയ ഇലക്ട്രിക് സ്കൂട്ടറുകൾ: 2024 സാമ്പത്തിക വർഷത്തിൽ ലോഞ്ച് ചെയ്യാൻ തീരുമാനിച്ചിരിക്കുന്ന രണ്ട് പുതിയ ഇലക്ട്രിക് സ്‌കൂട്ടറുകൾ ഇവി സെഗ്മെന്റിലേക്കുള്ള ഹോണ്ടയുടെ ചുവടുവെയ്പ്പിനെ അടയാളപ്പെടുത്തും. രണ്ട് മോഡലുകളും ഇന്ത്യയിൽ നിർമ്മിക്കപ്പെടും. ഇവയിൽ ആദ്യ പ്രൊഡക്ട് ആക്ടിവ ഇലക്ട്രിക് എന്ന് വിളിക്കപ്പെടും. പ്ലാറ്റ്‌ഫോം 'E' എന്ന കോഡ് നെയിമിൽ അറിയപ്പെടുന്ന പുതിയ ഇവി-നിർദ്ദിഷ്ട പ്ലാറ്റ്ഫോമിലാണ് ഒരുങ്ങുന്നത്.

ഭാവിയിൽ ഇതേ പ്ലാറ്റ്‌ഫോം ഉപയോഗപ്പെടുത്തുന്ന വൈവിധ്യമാർന്ന പുതിയ മോഡലുകൾക്ക് വഴിയൊരുക്കും. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ആദ്യം അരങ്ങേറ്റം കുറിക്കുന്ന സ്കൂട്ടറിന് ഒരു ഫിക്സഡ് ബാറ്ററി ടൈപ്പ് ഉണ്ടായിരിക്കും, രണ്ടാമത്തെ സ്കൂട്ടറിന് സ്വാപ്പ് ചെയ്യാവുന്ന ബാറ്ററിയായിരിക്കും.
4. യമഹ ഇലക്ട്രിക് സ്കൂട്ടർ- നിയോ & E01: അടുത്തിടെ ഇന്ത്യയിൽ ഒരു ഡീലർ ഇവന്റിൽ പ്രദർശിപ്പിച്ച യമഹ നിയോ, E01 മോഡലുകൾ ഇന്ത്യൻ വിപണിയിൽ ജാപ്പനീസ് നിർമ്മാതാക്കൾ അവതരിപ്പിക്കാൻ സാധ്യതയുണ്ട്. കൃത്യമായ ലോഞ്ച് ടൈംലൈനും വിശദാംശങ്ങളും ഇപ്പോഴും വ്യക്തമാക്കിയിട്ടില്ലെങ്കിലും, യമഹ അടുത്ത വർഷം അല്ലെങ്കിൽ 2025 -ൽ ഇന്ത്യയിലെ ഇവി സെഗ്മെന്റിലേക്ക് പ്രവേശിക്കുമെന്ന് ഉറപ്പാണ്.

ആഗോളതലത്തിൽ, ഈ രണ്ട് മോഡലുകളും ഇതിനകം തന്നെ പ്രൊഡക്ഷനിലാണ്. വിദേശ വിപണികളിൽ ഉടൻ ലോഞ്ച് ചെയ്യും. ആഭ്യന്തര വിപണിയിൽ ലോഞ്ച് ചെയ്യുന്നതിന് ഉയർന്ന സാധ്യതയുള്ള മോഡൽ നിയോയാണ്, സിംഗിൾ ചാർജിൽ 60-70 കിലോമീറ്റർ റേഞ്ചാവും ഇത് വാഗ്ദാനം ചെയ്യുന്നത്.
5. റിവർ ഇൻഡി: ബെംഗളൂരു ആസ്ഥാനമായുള്ള സ്റ്റാർട്ട്-അപ്പ് ഉടൻ തന്നെ ഇന്ത്യൻ വിപണിയിൽ തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് സ്‌കൂട്ടർ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ്. ഇ-സ്കൂട്ടർ 2023 മധ്യത്തോടെ വിൽപ്പനയ്‌ക്കെത്തും. ഈ വർഷം ആദ്യ പാദത്തിൽ നിർമ്മാതാക്കൾ വാഹനം വെളിപ്പെടുത്തിയിരുന്നു. സാധാരണയേക്കാൾ വലിയ 14 ഇഞ്ച് വീലുകൾ, വലിയ എൽഇഡി ലൈറ്റുകൾ എന്നിവ ആളുകളുടെ ശ്രദ്ധ പിടിച്ചെടുക്കുന്ന ഘടകങ്ങളാണ്. 43 ലിറ്റർ എന്ന സെഗ്മെന്റ് ബെസ്റ്റ് അണ്ടർസീറ്റ് സ്റ്റോറേജുമായിട്ടാണ് വാഹനം വരുന്നത്.


Click it and Unblock the Notifications








