ലോക മോട്ടോര്‍സൈക്കിള്‍ ദിനം: റൈഡിംഗ് സമൂഹത്തെ ഒരുമിപ്പിച്ച് യെല്ലോഹാറ്റ് റെഡിഅസിസ്റ്റ് അവാര്‍ഡ്‌സ്
ലോകമെമ്പാടും ഇന്ന് യോഗ ദിനം ആചരിക്കുകയാണ്. മാത്രമല്ല ഇന്ന് സംഗീത ദിനവും ലോക ജിറാഫ് ദിനവും കൂടിയാണ്. വണ്ടി ഭ്രാന്തന്മാര്‍ക്കും വിസ്മരിക്കാന്‍ പറ്റാത്ത ഒരു ദിവസമാണിന്ന്. ഇന്നാണ് ലോക മോട്ടോര്‍സൈക്കിള്‍ ദിനം. പലരും വാഹനങ്ങളുടെ ലോകത്തേക്ക് പിച്ചവെച്ച് കടന്ന് വന്നത് തന്നെ സൈക്കിളിലൂടെയാകും.
പിന്നാലെ മോട്ടോര്‍സൈക്കിളുകള്‍ അവരുടെ സന്തതസഹചാരിയാകും. കാറുകള്‍ പോലെ തന്നെ മോട്ടോര്‍സൈക്കിളുകളും വിവിധ സെഗ്‌മെന്റുകളിലായി ഇന്ന് വാങ്ങാന്‍ കിട്ടും. സ്‌കൂട്ടറുകള്‍, കമ്യൂട്ടര്‍ ബൈക്കുകള്‍, പെര്‍ഫോമന്‍സ് ബൈക്കുകള്‍, സൂപ്പര്‍ ബൈക്കുകള്‍, അഡ്വെഞ്ചര്‍ ബൈക്കുകള്‍, ക്രൂയിസര്‍ ബൈക്കുകള്‍ എന്നിങ്ങനെ അതിന്റെ നിര നീളുന്നു. സാധാരണക്കാര്‍ മുതല്‍ കോടീശ്വരന്മാര്‍ വരെ തങ്ങളുടെ ബജറ്റിന് അനുസരിച്ചുള്ള മോട്ടോര്‍സൈക്കിളുകള്‍ വാങ്ങി ഉപയോഗിക്കുന്നു.

മനുഷ്യന്റെ ഗതാഗതം എളുപ്പമാക്കുന്നതില്‍ മോട്ടോര്‍സൈക്കിളുകള്‍ വഹിച്ച പങ്ക് വിവരിക്കാനാകില്ല. അതിനാല്‍ തന്നെ മോട്ടോര്‍സൈക്കിളുകള്‍ ലോകമെമ്പാടും നിരവധി ആരാധകരെ സൃഷ്ടിച്ചു. കാറുകളേക്കാള്‍ മോട്ടോര്‍സൈക്കിളുകളെ സ്നേഹിക്കുന്നവരും കുറവല്ല. ഈ ദിനം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മോട്ടോര്‍സൈക്കിള്‍ പ്രേമികള്‍ വിപുലമായി ആഘോഷിക്കുന്നു. ലോക മോട്ടോര്‍സൈക്കിള്‍ ദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി യെല്ലോഹാറ്റും റെഡി അസിസ്റ്റും ചേര്‍ന്ന് ബംഗളൂരുവില്‍ വിപുലമായ ഒരു അവാര്‍ഡ് ഇവന്റ് സംഘടിപ്പിച്ചു.
ഉത്തരവാദിത്തബോധമുള്ള റൈഡിംഗ് പ്രോത്സാഹിപ്പിക്കാനും റൈഡര്‍മാര്‍ക്കിടയില്‍ സൗഹൃദം വളര്‍ത്താനുമാണ് പരിപാടി കൊണ്ട് യെല്ലോഹാറ്റും റെഡി അസിസ്റ്റും ലക്ഷ്യമിടുന്നത്. പരിപാടിയുടെ ഭാഗമായി രാജ്യത്തെ ശ്രദ്ധേയരായ റൈഡര്‍മാരെ ആദരിക്കുകയും ചെയ്യുന്നുണ്ട്. ബോളിവുഡ് നടന്‍ വിവേക് ഒബ്റോയിയാണ് ഇവന്റിന്റെ മുഖ്യാതിഥി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായുള്ള 700-ലധികം ബൈക്കര്‍മാരാണ് അവാര്‍ഡ് പരിപാടിയില്‍ സംഗമിക്കുന്നത്.

സംഗീത നിശ, നൃത്തങ്ങള്‍, ഡ്രം ജാം, ഇന്‍ഫ്ലുവന്‍സര്‍ എന്‍ഗേജ്‌മെന്റുകള്‍, ഡിജെ നൈറ്റ് എന്ന് തുടങ്ങി നിരവധി കലാ സാംസ്‌കാരിക പരിപാടികളും ഇവന്റിനോട് അനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്. റൈഡര്‍മാര്‍ക്കിടയില്‍ സുരക്ഷ അവബോധം വളര്‍ത്തുന്നതിനായി വിവിധ നിര്‍മാതാക്കളുടെയും, റൈഡിംഗ് ഗിയര്‍ ബ്രാന്‍ഡുകളുടെയും നേതൃത്വത്തില്‍ ടൂ വീലര്‍ സ്റ്റണ്ട് ഷോയും സംഘടിപ്പിച്ചു. യെല്ലോഹാറ്റ് ആന്‍ഡ് റെഡിഅസിസ്റ്റ് അവാര്‍ഡ് 2023 വിതരണം വൈകീട്ട് അരങ്ങേറും.
മികച്ച റൈഡര്‍മാര്‍, മികച്ച ക്ലബ്ബുകള്‍, മികച്ച പെര്‍ഫോമിംഗ് മെക്കാനിക്സ്, മികച്ച സര്‍വീസ് പങ്കാളികള്‍ എന്നിവരെ അവാര്‍ഡ് നല്‍കി ആദരിക്കും. മെക്കാനിക്ക് സമൂഹത്തില്‍ നിന്നുള്ള 36 കുട്ടികളുടെ ഒരു വര്‍ഷത്തെ വിദ്യാഭ്യാസ ചെലവുകള്‍ ഏറ്റെടുക്കുന്ന സ്പോണ്‍സര്‍ഷിപ്പ് പരിപാടിയും യെല്ലോ ഹാറ്റും റെഡി അസിസ്റ്റും ചേര്‍ന്ന് പ്രഖ്യാപിക്കും. ബംഗളുരുവിലെ കനകപുര റോഡിലുള്ള BLR ബ്രൂയിംഗ് കമ്പനിയില്‍ വെച്ചാണ് യെല്ലോ ഹാറ്റ് റെഡി അസിസ്റ്റ് അവാര്‍ഡ്സ് 2023 പരിപാടികള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്.

രാവിലെ തുടങ്ങിയ ഇവന്റ് രാത്രിയാണ് അവസാനിക്കുക. നികുഞ്ച് പാട്ടീല്‍ (മുന്‍ പ്രസിഡന്റ്, FADA), രമാശങ്കര്‍ പാണ്ഡെ (സിഇഒ, ടാറ്റ ഗ്രീന്‍ ബാറ്ററീസ്), ദീപാങ്ഷു ദേവ് ശര്‍മ്മ (ചീഫ് എഡിറ്റര്‍, മൊബിലിറ്റി ഔട്ട്‌ലുക്ക്) ശ്രേഷ്ഠ് മിശ്ര (സഹസ്ഥാപകന്‍, സിമ്പിള്‍ എനര്‍ജി), സോഹീന്ദര്‍ സിംഗ് ഗില്‍ (സിഇഒ, ഹീറോ ഇലക്ട്രിക്) തുടങ്ങിയ പ്രമുഖ വ്യക്തികള്‍ പരിപാടിയില്‍ പങ്കെടുക്കും.
ഏറ്റവും മികച്ച രീതിയില്‍ ലോക മോട്ടോര്‍സൈക്കിള്‍ ദിനം ആചരിക്കാനാണ് യെല്ലോഹാറ്റും റെഡിഅസിസ്റ്റം ശ്രമിച്ചത്. ഇത്തരം പരിപാടികളിലൂടെ റൈഡര്‍മാര്‍ക്കിടയില്‍ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനും ബൈക്കിംഗ് മേഖലയിലെ വ്യാപാരം മെച്ചപ്പെടുത്തുന്നതിനും സഹായകമാകും. ലോകത്ത് മറ്റ് വാഹനങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടുതല്‍ അപകടം പിണയാന്‍ സാധ്യതയുള്ളതും മോട്ടോര്‍സൈക്കിളുകളില്‍ കൂടിയാണ്. അത്തരം സാഹചര്യത്തില്‍ മോട്ടോര്‍സൈക്കിള്‍ റൈഡര്‍മാര്‍ക്കിടയില്‍ സുരക്ഷ അവബോധം വളര്‍ത്തുക കൂടി ലക്ഷ്യമിട്ട് നടത്തുന്ന ഇത്തരം പരിപാടികള്‍ കൈയ്യടി അര്‍ഹിക്കുന്നു.


Click it and Unblock the Notifications








