ലോകത്ത് തന്നെ ഇതാദ്യം; ചാര്‍ജിംഗ് ഇനി ഒരു പ്രശ്‌നമേയാകില്ല, കൈകോര്‍ത്ത് ഹീറോയും ഏഥറും
ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങളില്‍ ഏറ്റവും ഹിറ്റായത് ഇ-സ്‌കൂട്ടറുകളാണ്. സ്റ്റാര്‍ട്ടപ്പ് കമ്പനികളും പരമ്പരാഗത നിര്‍മാതാക്കളുമെല്ലാം കളംപിടിക്കാന്‍ ഇറങ്ങിയതോടെ ഇന്ന് ഇല്കട്രിക് സ്‌കൂട്ടര്‍ വാങ്ങാന്‍ ഒരുങ്ങുന്നവര്‍ക്ക് മുന്നില്‍ ഓപ്ഷനുകള്‍ നിരവധിയാണ്. എന്നാല്‍ റേഞ്ച് ഉത്കണ്ഠ ഇന്നും പലരിലും നിലനില്‍ക്കുന്നു. രാജ്യത്തെ ഇവി ചാര്‍ജിംഗ് ഇക്കോസിസ്റ്റം വേണ്ടത്ര വികസിച്ചിട്ടില്ലെന്നതാണ് അതിന് കാരണം.
എന്നാല്‍ രാജ്യത്തെ ഇലക്ട്രിക് വാഹന ചാര്‍ജിംഗ് ഇക്കോസിസ്റ്റത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാനായി പരസ്പര സഹകരണത്തിലെത്തിയതായി ഹീറോ മോട്ടോകോര്‍പ്പും ഏഥര്‍ എനര്‍ജിയും പ്രഖ്യാപിച്ചു. ഈ സഹകരണത്തിലൂടെ ഇവി ഉപയോക്താക്കള്‍ക്ക് രാജ്യത്തുടനീളമുള്ള വിഡ, ഏഥര്‍ ഗ്രിഡുകള്‍ തടസമില്ലാതെ ഉപയോഗിക്കാന്‍ കഴിയും. ഇരുകമ്പനികള്‍ക്കും ചേര്‍ന്ന് രാജ്യത്തെ 100 നഗരങ്ങളിലായി 1900-ത്തിലധികം ഫാസ്റ്റ് ചാര്‍ജിംഗ് പോയിന്റുകളുണ്ട്.

ഇരുചക്രവാഹനങ്ങള്‍ക്കായി ലോകത്ത് സമാരംഭിക്കുന്ന ആദ്യത്തെ ഇന്റര്‍ഓപറബിള്‍ ഫാസ്റ്റ് ചാര്‍ജിംഗ് നെറ്റ്‌വര്‍ക്കാണ്. അടുത്തിടെ തദ്ദേശീയമായ വികസിപ്പിച്ച ചാര്‍ജിംഗ് കണക്ടറിന് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സില്‍ (BIS) നിന്ന് ഏഥര്‍ എനര്‍ജി അംഗീകാരം നേടിയിരുന്നു. ലൈറ്റ് ഇലക്ട്രിക് കമ്പൈന്‍ഡ് ചാര്‍ജിംഗ് സിസ്റ്റം (LECCS) എന്ന് വിളിക്കപ്പെടുന്ന ഇത് ടൂവീലര്‍, ത്രീവീലര്‍, ഫോര്‍വീലര്‍ വാഹനങ്ങള്‍ക്ക് ഉപയോഗിക്കാം.
ലൈറ്റ് ഇലക്ട്രിക് വാഹനങ്ങള്‍ക്കായി സ്റ്റാന്‍ഡേര്‍ഡായി തദ്ദേശീയമായി വികസിപ്പിച്ച ആദ്യത്തെ AC, DC കംബൈന്‍ഡ് ചാര്‍ജിംഗ് കണക്ടര്‍ ആണിത്. മൊത്തത്തില്‍ ഇലക്ട്രിക് വാഹന വിഭാഗത്തെ ശക്തിപ്പെടുത്തുന്നതിനും ഇവികളിലേക്കുള്ള മാറ്റം ത്വരിതപ്പെടുത്തുന്നതിനും പുതിയ കൂട്ടുകെട്ടും സംവിധാനവും സഹായകമായിരിക്കും. മൈവിഡ, ഏഥര്‍ ആപ്പ് എന്നിവയിലൂടെ ഉപഭോക്താക്കള്‍ക്ക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ കണ്ടെത്താനും നാവിഗേറ്റ് ചെയ്യാനും കഴിയും.

അനുയോജ്യമായ ലൊക്കേഷനുകള്‍ മാത്രം കണ്ടെത്താനും അവരുടെ അടുത്തുള്ള ചാര്‍ജിംഗ് സ്റ്റേഷന്‍ അറിയാനും നാവിഗേറ്റ് ചെയ്യാനും ഇന്റര്‍ഓപറബിലിറ്റി ഉപഭോക്താക്കളെ പ്രാപ്തരാക്കും. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ഏഥറിന് നിലവില്‍ 100 നഗരങ്ങളിലായി 1,400-ലധികം ഫാസ്റ്റ് ചാര്‍ജറുകള്‍ ഉണ്ട്. ഈ വര്‍ഷാവസാനത്തോടെ ഇന്ത്യയിലുടനീളമുള്ള ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡിന്റെ (BPCL) സ്ഥലങ്ങളില്‍ 100-ലധികം ഫാസ്റ്റ് ചാര്‍ജറുകള്‍ സ്ഥാപിക്കാന്‍ ഏഥര്‍ പദ്ധതിയിടുന്നു.
അടുത്തിടെ ഇത്തരത്തില്‍ രാജ്യതലസ്ഥാന മേഖലയായ ഡല്‍ഹിയിലെ നാലിടങ്ങളില്‍ ഏഥര്‍ ഗ്രിഡ് സ്ഥാപിച്ചിരുന്നു. ഏഥര്‍ ആപ്പ് വഴി ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ കണ്ടെത്താന്‍ കഴിയുന്ന ഉപഭോക്താക്കള്‍ക്ക് ചാര്‍ജര്‍ ലഭ്യതയെക്കുറിച്ചുള്ള തത്സമയ വിവരങ്ങളും അറിയാന്‍ സാധിക്കും. ഈ പങ്കാളിത്തം ഉപഭോക്താക്കള്‍ക്ക് രാജ്യത്തുടനീളമുള്ള ചാര്‍ജിംഗ് സ്റ്റേഷനുകളുടെ വിപുലമായ ശൃംഖല ആക്‌സസ് ചെയ്യാന്‍ വഴിയൊരുക്കുന്നതിനാല്‍ റേഞ്ച് ഉത്കണ്ഠ ലഘൂകരിക്കും.

LECCS-ന്റെ സാങ്കേതിക മികവും ഇത് ഇന്ത്യയ്ക്ക് വേണ്ടി നിര്‍മ്മിച്ചതാണ് എന്ന വസ്തുതയും കണക്കിലെടുക്കുമ്പോള്‍ കൂടുതല്‍ വാഹന നിര്‍മാതാക്കള്‍ ഇത് സ്വീകരിക്കുന്നത് ലാഭകരമാണെന്ന് തങ്ങള്‍ വിശ്വസിക്കുന്നതായി ഏഥര്‍ പറഞ്ഞു. 450 ഇലക്ട്രിക് സ്‌കൂട്ടര്‍ റേഞ്ച് വിപുലീകരിക്കാന്‍ പോകുകയാണെന്നതാണ് ഏഥറുമായി ബന്ധപ്പെട്ട മറ്റൊരു പ്രധാനപ്പെട്ട വാര്‍ത്ത.
ഏഥര്‍ 450 അപെക്സ് എന്ന് പേരിട്ടിരിക്കുന്ന ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ 450 സ്‌കൂട്ടറിന്റെ ടീസര്‍ കഴിഞ്ഞ ആഴ്ച ഏഥര്‍ സഹസ്ഥാപകനും സിഇഒയുമായ തരുണ്‍ മേത്ത പുറത്തുവിട്ടിരുന്നു. കമ്പനിയുടെ മോഡല്‍ നിരയിലെ ഫ്ലാഗ്ഷിപ്പ് ഓഫറിംഗായി ഇത് മാറും. ഏഥറിന്റെ ഇതുവരെയുള്ള ഏറ്റവും വേഗതയേറിയ ഇലക്ട്രിക് സ്‌കൂട്ടറായിരിക്കും ഇത്.
പേരിലെ 'അപെക്‌സ്' എന്ന വാക്ക് ഈ സ്‌കൂട്ടറിന് ഞൊടിയിടയില്‍ ഉയര്‍ന്ന വേഗതയില്‍ എത്താന്‍ കഴിയുമെന്ന സൂചനയാണ് നല്‍കുന്നത്. 450 അപെക്‌സ് പരീക്ഷിച്ചറിയാനായി കമ്പനി ചില കമ്മ്യൂണിറ്റി അംഗങ്ങളെ ക്ഷണിച്ചിട്ടുണ്ടായിരുന്നു. വരാനിരിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടര്‍ 'മികച്ച ഇന്‍-ക്ലാസ് ഫീച്ചറുകള്‍' ലോഡുചെയ്യുമെന്നും അധിക പെര്‍ഫോമന്‍സും ഫീച്ചറുകളും വരുന്നതിനാല്‍ വില അല്‍പ്പം കൂടുമെങ്കിലും അതിനൊത്ത മൂല്യമുണ്ടാകുമെന്നാണ് കമ്പനി ഉറപ്പുനല്‍കുന്നു.
ഏഥര്‍ 450 അപെക്സിന്റെ പെര്‍ഫോമന്‍സ്, ഡിസൈന്‍, ഫീച്ചര്‍ വശങ്ങള്‍ എന്നിവയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല. ഈ ഇലക്ട്രിക് സ്‌കൂട്ടറിന്റെ കൃത്യമായ ലോഞ്ച് ടൈംലൈന്‍ അറിവായിട്ടില്ലെങ്കിലും അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഇവി വിപണിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിന് മുന്നോടിയായി കൂടുതല്‍ അപ്‌ഡേറ്റുകള്‍ വരുന്നതിനായി കാത്തിരിക്കാം.


Click it and Unblock the Notifications








