ചെറിയൊരു ട്വിസ്റ്റുണ്ടേ; യമഹ RX തിരിച്ചുവരുന്നത് RX100 ആയിട്ടല്ല! പിന്നെ?
ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ ലോകം ഒരു കാലത്ത് അടക്കി ഭരിച്ചിരുന്ന ഐക്കണിക് മോഡലുകളില്‍ പലതും മടങ്ങിവന്ന് കൊണ്ടിരിക്കുകയാണ്. ഇരുചക്ര വാഹനപ്രേമികള്‍ കണ്ണില്‍ എണ്ണയൊഴിച്ച് തിരിച്ച് വരവും കാത്തിരിക്കുന്ന ഒരു മോഡല്‍ യമഹ RX100 ആണ്. എന്നാല്‍ തിരിച്ചുവരവില്‍ ജനങ്ങള്‍ ഏറെ സ്‌നേഹിക്കുന്ന ആ പേരിനോട് നീതി പുലര്‍ത്താന്‍ ബ്രാന്‍ഡിന് സാധിക്കുമോ എന്നതാണ് ചോദ്യം.
എന്നാല്‍ കമ്പനിയുടെ മുതലാളിമാര്‍ക്ക് അതിന് കൃത്യമായ ഉത്തരമുണ്ട്. അതിനെ കുറിച്ച് നമുക്ക് വിശദമായി നോക്കാം. ഇന്ന് ഇന്ത്യന്‍ ഇരുചക്ര വാഹന വിപണിയെടുത്ത് നോക്കിയാല്‍ കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിള്‍ സെഗ്‌മെന്റില്‍ ഹീറോ, ഹോണ്ട എന്നീ കമ്പനികളുടെ തേരോട്ടമാണ്. യമഹയെന്ന ജാപ്പനീസ് ഭീമന്‍ ബോധപൂര്‍വമാണോ എന്നറിയില്ല ഈ സെഗ്‌മെന്റില്‍ നിന്ന് അകലം പാലിക്കുകയാണ്. അതുകൊണ്ട് തന്നെ ഒരു പ്രീമിയം ടൂവീലര്‍ ബ്രാന്‍ഡ് എന്ന പേരില്‍ അറിയപ്പെടാനാകും ഒരുപക്ഷേ അവരുടെ ആഗ്രഹം.

എന്നാല്‍ പണ്ട്കാലത്ത് സ്ഥിതി ഇങ്ങനെ ആയിരുന്നില്ല. RX100 എന്ന ഒറ്റ മോഡല്‍ കൊണ്ട് കമ്യൂട്ടര്‍ മോട്ടോര്‍സൈക്കിള്‍ വിപണിയെ വിറപ്പിച്ച് നിര്‍ത്തിയിരുന്നു യമഹ. 2 സ്‌ട്രോക്ക് എഞ്ചിനും വിഖ്യാതമായ എക്‌സ്‌ഹോസ്റ്റ് നോട്ടും വിസ്‌ഫോടനാത്മകമായ പെര്‍ഫോമന്‍സും കൊണ്ട് യമഹ RX100 എതിരാളികളെ ബഹുദൂരം പിന്നിലാക്കി. ഇന്നും തലമുറകളുടെ ഹരമായ RX100-ന്റെ തിരിച്ചുവരവ് സംബന്ധിച്ച് സുപ്രധാനമായ ചില വിവരങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.
രണ്ട് മൂന്ന് വര്‍ഷത്തിനുള്ളില്‍ യമഹ RX100 തിരിച്ചുവരുമെന്ന കാര്യം യമഹ ഇന്ത്യ ചെയര്‍മാന്‍ ഐഷിന്‍ ചിഹാന നേരത്തെ വ്യക്തമാക്കിയിരുന്നു. നിലവിലെ കര്‍ശനമായ ബിഎസ് VI ഘട്ടം II മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങളും ഭാവിയില്‍ ഉണ്ടായേക്കാവുന്ന നിയന്ത്രണങ്ങളും പരിഗണിക്കുമ്പോള്‍ ഒരു 2 സ്‌ട്രോക്ക് എഞ്ചിന് സ്‌കോപ്പില്ല. RX100-ന്റെ പെര്‍ഫോമന്‍സുമായി കിട്ടുമെന്ന് ഉറപ്പില്ലാത്തതിനാല്‍ 100 സിസിസി 4-സ്‌ട്രോക്ക് എഞ്ചിനും പരിഗണിച്ചേക്കില്ലെന്നാണ് സൂചന.
ഭാരക്കുറവും സ്‌റ്റൈലിംഗും പവറും പെര്‍ഫോമന്‍സുമാണ് RX100 എന്ന മോഡലിന്റെ ചാരുതയെന്ന പക്ഷക്കാരനാണ് യമഹ ഇന്ത്യ ചെയര്‍മാന്‍. മേല്‍പറഞ്ഞ നാലും കൂടി ചേരണമെങ്കില്‍ കുറഞ്ഞത് 200 സിസി എഞ്ചിനെങ്കിലും ആവശ്യമാണ്. വലിയ 200 സിസി എഞ്ചിന് പോലും RX100-ന്റെ ഐതിഹാസിക ശബ്ദം പുറപ്പെടുവിക്കാന്‍ കഴിയില്ലെന്നാണ് ചിഹാന പറയുന്നത്.
RX100 എന്ന ബ്രാന്‍ഡിനെ നശിപ്പിക്കാന്‍ ഒരിക്കലും കമ്പനി ഉദ്ദേശിക്കുന്നില്ലെന്നും ഐതിഹാസിക നാമത്തില്‍ പുതിയ മോട്ടോര്‍സൈക്കിള്‍ വരുമ്പോള്‍ അത് മികച്ച പെര്‍ഫോമന്‍സും സ്‌റ്റൈലിംഗുമായിട്ടായിരിക്കും എത്തുകയെന്നുമാണ് ചെയര്‍മാന്‍ ഇപ്പോള്‍ വ്യക്തമാക്കുന്നത്. ഈ ലക്ഷ്യങ്ങള്‍ നേടാന്‍ യമഹയുടെ 155 സിസി എഞ്ചിന്‍ നേടാന്‍ പര്യാപ്തമല്ലെന്നാണ് തോന്നുന്നത്.
പുതിയ യമഹ RX100 മോട്ടോര്‍സൈക്കിള്‍ എപ്പോള്‍ വിപണിയില്‍ എത്തുമെന്ന കാര്യം അറിയാന്‍ ആയിരിക്കും ഏവര്‍ക്കും താല്‍പര്യം. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു മറുപടി പറയുക വളരെ ബുദ്ധിമുട്ടാണ്. 2026 വരെ മുന്‍നിശ്ചയിച്ച പ്രകാരം ഒരുപിടി മോട്ടോര്‍സൈക്കിളുകള്‍ ലോഞ്ചിനായി കാത്ത് വരിവരിയായി നില്‍ക്കുന്നുണ്ട്. അതിനാല്‍ മൂന്ന് വര്‍ഷത്തിന് ശേഷം മാത്രം പുതിയ യമഹ RX100 പ്രതീക്ഷിച്ചാല്‍ മതിയെന്നായിരുന്നു ചിഹാന മുമ്പ് വെളിപ്പെടുത്തിയത്.
യമഹ RX100 പോലൊരു മോഡല്‍ തിരികെ കൊണ്ടുവരുമ്പോള്‍ പഴുതടച്ച, കുറ്റമറ്റ രീതിയിലുള്ള ഒന്നായിരിക്കണമെന്ന ബോധ്യം കമ്പനിക്കുള്ളതിനാല്‍ അവര്‍ അതിനായി ധാരാളം സമയമെടുക്കുന്നതില്‍ തെറ്റില്ല. യമഹ RX100 മോട്ടോർസൈക്കിൾ എഞ്ചിന്‍ ശേഷി കൂട്ടി എത്തിയാൽ റോയല്‍ എന്‍ഫീല്‍ഡ് അടക്കമുള്ള എതിരാളികളുടെ ആധിപത്യത്തിന് ഇളക്കം തട്ടിക്കാനും യമഹക്കാകും.
റോയല്‍ എന്‍ഫീല്‍ഡ്, ജാവ, യെസ്ഡി എന്നീ കമ്പനികള്‍ തങ്ങളുടെ റെട്രോ ക്ലാസിക് മോട്ടോര്‍സൈക്കിളുകള്‍ തിരികെ കൊണ്ടു വന്നതോടെ യമഹ RD നെയിംപ്ലേറ്റ് കൂടി തിരികെ എത്തിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. RX100-ന്റെ വരവിന് പിന്നാലെ RD350 പോലെ മറ്റൊരു ഐതിഹാസിക മോഡല്‍ കൂടി തിരിച്ചുവരുമെന്ന് തന്നെയാണ് വണ്ടിഭ്രാന്തന്‍മാരുടെ പ്രതീക്ഷ.


Click it and Unblock the Notifications








