ബജാജിന്റെ കൈപിടിച്ച് 2 ന്യൂജെന്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ പുറത്തിറക്കി യുലു
ഇലക്ട്രിക് ടൂവീലര്‍ രംഗത്തിന്റെ വളര്‍ച്ച നാം ഓരോ ദിവസവും കണ്ടുവരികയാണ്. ഓരോ ദിവസവും പുതിയ കമ്പനികളും പുതിയ ലോഞ്ചുകളും നാം കാണുന്നു. ഇലക്ട്രിക് മൊബിലിറ്റിയുടെ വളര്‍ച്ചക്കായി കമ്പനികള്‍ തമ്മില്‍ കൈകോര്‍ക്കുകയും ചെയ്യുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളില്‍ ഒന്നാണ് ബജാജ് ഓട്ടോ.
മൊബിലിറ്റി ടെക് കമ്പനിയായ യുലുവും ബജാജും തമ്മില്‍ കൈകോര്‍ത്തിരിക്കുകയാണ് ഇപ്പോൾ. ഇരുകമ്പനികളും പങ്കാളിത്തത്തിന് കീഴില്‍ മിറാക്കിള്‍ GR, DeX GR എന്നീ പേരുകളില്‍ രണ്ട് പുതിയ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ പുറത്തിറക്കി. ഈ സ്‌കൂട്ടറുകള്‍ ഇന്ത്യയില്‍ തന്നെ നിര്‍മിച്ചതാണ്. സുസ്ഥിരമായ ലാസ്റ്റ്-മൈല്‍ മൊബിലിറ്റിക്കും ഡെലിവറിക്കുമുള്ള പുതിയ പ്ലാറ്റ്ഫോമുകളായി ഇത് പ്രവര്‍ത്തിക്കും. സ്‌കൂട്ടറിന്റെ നിര്‍മാണത്തിനാവശ്യമായ ആര്‍ട്ടിഫഷ്യല്‍ ഇന്റലിജന്‍സ് സങ്കേതികതകള്‍ യുലു നല്‍കി.

അതേ സമയം ഇവികളുടെ നിര്‍മാണ പ്രക്രിയകള്‍ ബജാജ് ഓട്ടോ ഏറ്റെടുക്കുകയായിരുന്നു. ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്കും കാലാവസ്ഥയ്ക്കും റോഡ് സാഹചര്യങ്ങള്‍ക്കും അനുയോജ്യമായിട്ടാണ് ഈ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ നിര്‍മിച്ചിരിക്കുന്നത്. മിറക്കിള്‍ GR, DeX GR എന്നീ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് സ്മാര്‍ട്ട് ഡോക്ക്‌ലെസ് ഇവി സാങ്കേതികവിദ്യ ലഭിക്കുന്നു. മണിക്കൂറില്‍ 25 കിലോമീറ്റര്‍ ആണ് മിറാക്കിള്‍ GR-ന്റെ പരമാവധി വേഗത. അതേസമയം DeX GR-ന് 15 കിലോഗ്രാം വരെ ലോഡ് കപ്പാസിറ്റിയുണ്ട്.
ഈ മോട്ടോര്‍ ഇല്ലാത്ത പുതിയ യുലു ഇലക്ട്രിക് ബൈക്കുകള്‍ ഓടിക്കുന്നതിന് ലൈസന്‍സോ ഹെല്‍മെറ്റോ ആവശ്യമില്ല. അതിനായി യുലു ആപ്പ് ഡൗണ്‍ലോഡ് ചെയ്താല്‍ മാത്രം മതി. അതിലൂടെ യാത്രക്കാര്‍ക്ക് യുലു ഇലക്ട്രിക് ടുവീലര്‍ ബുക്ക് ചെയ്യാനും ബൈക്കുകളിലെ QR കോഡ് സ്‌കാന്‍ ചെയ്ത് രജിസ്റ്റര്‍ ചെയ്ത യുലു സ്റ്റേഷനുകളില്‍ നിന്ന് ബൈക്ക് തിരഞ്ഞെടുക്കാനും കഴിയും. ഉപയോഗത്തിന് ശേഷം, രജിസ്റ്റര്‍ ചെയ്ത യുലു സ്റ്റേഷനില്‍ ബൈക്ക് നല്‍കാം.

ബജാജും യുലുവും തമ്മിലുള്ള കൂട്ടുകെട്ട് ഇത്തരത്തില്‍ ആദ്യത്തേതാണെന്നാണ് കരുതുന്നത്. ഒരു മൊബിലിറ്റി ടെക് കമ്പനിയും ഇരുചക്രവാഹന നിര്‍മാതാക്കളും തമ്മിലുള്ള പങ്കാളിത്തം ആഗോളതലത്തില്‍ തന്നെ ആദ്യത്തേതാണെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. സുസ്ഥിരവും സുരക്ഷിതവുമായ ഇലക്ട്രിക് വാഹനങ്ങളിലൂടെ മൊബിലിറ്റി മേഖലയെ പരിവര്‍ത്തനം ചെയ്യുന്നതിനുള്ള പൊതു കാഴ്ചപ്പാടിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ പങ്കാളിത്തമെന്നാണ് അവര്‍ പറയുന്നത്.
'മൊബിലിറ്റി ആവശ്യങ്ങളും ഉപഭോക്തൃ പ്രതീക്ഷകളും അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. പരമ്പരാഗത ഉടമസ്ഥാവകാശ മോഡലുകള്‍ തടസപ്പെടുകയും ചെയ്യുന്നു. ദീര്‍ഘകാല മൂല്യം ഉദ്ദേശ്യശിച്ച് നിര്‍മിച്ച വാഹനങ്ങളും ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങളും ക്യൂറേറ്റ് ചെയ്യുന്നത് പ്രധാനമാണ്' യുല സഹസ്ഥാപകനും സിഇഒയുമായ അമിത് ഗുപ്ത പറഞ്ഞു. രാജ്യത്തെ പ്രധാന നഗരങ്ങളിലുടനീളം ഇത്തരത്തിലുള്ള 1,00,000 വാഹനങ്ങള്‍ നിരത്തിലിറക്കുക എന്നതാണ് യുലു മുന്നോട്ട് വെച്ചിരിക്കുന്ന ലക്ഷ്യം.
വര്‍ഷാവസാനത്തോടെ വരുമാനത്തില്‍ 10 മടങ്ങ് വര്‍ധനവ് കമ്പനി ലക്ഷ്യമിടുന്നു. ഇവികള്‍ സ്വാപ്പ് ചെയ്യാവുന്ന ബാറ്ററികളില്‍ പ്രവര്‍ത്തിക്കുന്നു. സ്വപ്പബിള്‍ ബാറ്ററി നെറ്റ്‌വര്‍ക്കിനായി യുലു മാഗ്‌നയുമായി കൈകോര്‍ത്തു. ഇരു കമ്പനികളുടെയും സംയുക്ത സംരംഭമാണ് യുമ എനര്‍ജി. നിലവില്‍ ബെംഗളൂരു, മുംബൈ, ഡല്‍ഹി എന്നീ മഹാനഗരങ്ങളില്‍ നൂറിലധികം യുമ സ്റ്റേഷനുകളുണ്ട്. ഒരു വര്‍ഷം കൊണ്ട് ഇവയുടെ എണ്ണം 500 ആയി ഉയര്‍ത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. മൂന്ന് മാസത്തിനുള്ളില്‍ കമ്പനി അതിന്റെ വാഹനങ്ങളുടെ എണ്ണം ഇരട്ടിയാക്കി മാറ്റിയിരുന്നു.
ഈ പുതിയ വാഹനങ്ങള്‍ അവതരിപ്പിക്കുന്നതോടെ, പ്രവര്‍ത്തനത്തിലും മൊത്തത്തിലുള്ള സാമ്പത്തിക കാര്യങ്ങളിലും ഗണ്യമായ ചിലവ് കുറയ്ക്കാനാകുമെന്ന് യുലു പ്രതീക്ഷിക്കുന്നു. പ്രാദേശിക ലഭിക്കുന്ന പാര്‍ട്‌സുകള്‍ക്കും അസംബ്ലിക്കുമാണ് ഇക്കാര്യത്തില്‍ നന്ദി പറയേണ്ടത്. ഇന്ത്യയില്‍ നിര്‍മിച്ച ഈ അടുത്ത തലമുറ വാഹനങ്ങളുടെ ഇന്റലിജന്‍സും, ശക്തമായ എഞ്ചിനീയറിംഗും, ഡിസൈന്‍ സൗന്ദര്യശാസ്ത്രവും തങ്ങള്‍ക്ക് മാത്രമല്ല, മുഴുവന്‍ ഇലക്ട്രിക് മൊബിലിറ്റിക്കും ഒരു നാഴികക്കല്ലാണെന്ന് ബജാജ് ഓട്ടോ ചീഫ് ബിസിനസ് ഡെവലപ്മെന്റ് ഓഫീസറായ എസ് രവികുമാര്‍ പറഞ്ഞു.


Click it and Unblock the Notifications








