യമഹയുടെ തന്ത്രം പയറ്റാന്‍ ബജാജ്! ഇനി പള്‍സറിന്റെ വില്‍പ്പന പിടിച്ചാല്‍ കിട്ടൂല!
സ്‌കൂട്ടര്‍ സെഗ്‌മെന്റ് അടക്കി ഭരിച്ചിരുന്ന ബജാജ് ഓട്ടോയുടെ മോട്ടോര്‍സൈക്കിള്‍ വിഭാഗത്തിലെ തലവര മാറ്റിയ മോഡലാണ് പള്‍സര്‍. കള്‍ട്ട് ക്ലാസിക് മോഡലായി പേരെടുത്ത പള്‍സര്‍ റേഞ്ച് ആണ് ബജാജ് ഓട്ടോയുടെ ടൂവീലര്‍ വില്‍പ്പനയുടെ പകുതിയിലധികവും സംഭാവന ചെയ്യുന്നത്. അന്തരാഷ്ട്ര മാര്‍ക്കറ്റില്‍ ബോക്‌സറിന് ശേഷം ബജാജിന്റെ രണ്ടാമത്തെ ബെസ്റ്റ് സെല്ലറാണ് പള്‍സര്‍.
മാര്‍ക്കറ്റ് ഡൈനാമിക്‌സും ഉപഭോക്തൃ ആവശ്യങ്ങളും കണ്ടറിഞ്ഞുകൊണ്ട് ലൈനപ്പ് നവീകരിക്കുന്നതിനാല്‍ തന്നെ ഈ മോഡല്‍ കാലാതീതമായി നിലകൊള്ളുന്നു. കമ്മ്യൂട്ടര്‍ ബൈക്കുകളേക്കാള്‍ പെര്‍ഫോമന്‍സ് ഓറിയന്റഡ് ബൈക്കുകള്‍ക്ക് ആവശ്യക്കാരേറുന്ന കാലമാണിപ്പോള്‍. അതുകൊണ്ട് തന്നെ 150 സിസിക്കും 200 സിസിക്കും ഇടയിലുള്ള മോട്ടോര്‍സൈക്കിളുകള്‍ക്ക് ശക്തമായ വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്. ഈ വിഭാഗത്തില്‍ 28.37 ശതമാനം വിപണി വിഹിതം ബജാജാണ് കൈയ്യടക്കി വെച്ചിരിക്കുന്നത്.

ഇപ്പോള്‍ സെഗ്‌മെന്റില്‍ വില്‍പ്പന നിലനിര്‍ത്താന്‍ ബജാജ് തങ്ങളുടെ N150, N160 മോഡലുകള്‍ അപ്‌ഡേറ്റ് ചെയ്ത് പുറത്തിറക്കാന്‍ പോകുകയാണ്. ബജാജ് തങ്ങളുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ അപ്‌ഡേറ്റഡ് പള്‍സര്‍ N150 മോട്ടോര്‍സൈക്കിളിന്റെ ടീസര്‍ പങ്കുവെച്ചു. പുതിയ മോഡല്‍ ലോഞ്ച് ചെയ്തതിന് ശേഷം ഇത് ആദ്യമായാണ് അപ്‌ഡേറ്റിന് വിധേയമാകുന്നത്. മൊത്തത്തിലുള്ള റൈഡിംഗ് എക്‌സ്പീരിയന്‍സ് മെച്ചപ്പെടുത്താന്‍ ബൈക്കില്‍ പുതിയ ഉപകരണങ്ങള്‍ കൊണ്ടുവരും.
ബജാജിന്റെ ജനപ്രിയ പള്‍സര്‍ ലൈനപ്പിലെ P150 മോഡലിന്റെ പകരക്കാരനായാണ് N150 അരങ്ങേറിയത്. പള്‍സര്‍ P150 ബൈക്കിന്റെ അണ്ടര്‍പിന്നിങ്ങുകള്‍ ലഭിക്കുന്ന ഈ ബൈക്ക് പക്ഷേ കൂടുതല്‍ അഗ്രസീവായ N160 മോഡലില്‍ നിന്നാണ് സ്‌റ്റൈലിംഗ് സൂചകങ്ങള്‍ കടംകൊണ്ടിരിക്കുന്നത്. ടീസറില്‍ കാര്യമായൊന്നും കാണുന്നില്ലെങ്കിലും ഇത് അപ്‌ഡേറ്റഡ് പള്‍സര്‍ N150 ആണെന്ന കാര്യത്തില്‍ സംശയമില്ല. ബൈക്കിന്റെ ബാഡ്ജിംഗ് വ്യക്തമായി കാണാനാകുന്നതിനാലും സിംഗിള്‍ സീറ്റ് ലഭിക്കുന്നതുകൊണ്ടുമാണ് ഇങ്ങനെ പറയുന്നത്.

ടീസറില്‍ കാണുന്ന ബൈക്ക് നിലവിലെ മോഡലുമായി മെക്കാനിക്കലി സമാനമായിരിക്കുമെന്ന് തോന്നുന്നു. അതേസമയം സെഗ്‌മെന്റിലെ മറ്റ് ബൈക്കുകളുമായിട്ടുള്ള കണക്റ്റിവിറ്റി ഫീച്ചറുകളുടെ കാര്യത്തിലുള്ള വിടവുകള്‍ നികത്താനാകും ബജാജ് പ്രധാനമായും ശ്രമിക്കുക. പള്‍സര്‍ N150 മോഡലിന്റെ യമഹ, ടിവിഎസ് കമ്പനികളില്‍ നിന്നുള്ള എതിരാളികള്‍ കണക്റ്റിവിറ്റി ഫീച്ചറുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. പുതിയ അപ്‌ഡേറ്റില്‍ ബജാജ് കണക്റ്റിവിറ്റി ഫീച്ചറുകള്‍ കൊണ്ടുവരാന്‍ സാധ്യത കാണുന്നു.
നിലവിലെ മോഡലിന് 260 mm ഫ്രണ്ട് ഡിസ്‌കും 130 mm റിയര്‍ഡ്രം ബ്രേക്കുമാണുള്ളത്. സിംഗിള്‍-ചാനല്‍ എബിഎസ് സ്റ്റാന്‍ഡേര്‍ഡായി വാഗ്ദാനം ചെയ്യുന്നു. പുതിയ അപ്‌ഡേറ്റില്‍ പിന്നില്‍ ഡിസ്‌ക് ബ്രേക്ക് കൂട്ടിച്ചേര്‍ക്കാന്‍ സാധ്യതയുണ്ട്. ഇരട്ട ഡിസ്‌ക് ബ്രേക്കുകള്‍ ലഭിക്കുന്നതോടെ കൂടുതല്‍ ആത്മവിശ്വാസത്തോടെ ആക്‌സിലറേറ്റര്‍ കൊടുക്കാന്‍ ഇനി റൈഡര്‍മാര്‍ക്ക് സാധിക്കും. നിലവില്‍ പള്‍സര്‍ മോഡല്‍ സിംഗിള്‍ പീസ് സാഡില്‍ ആണ് വാഗ്ദാനം ചെയ്യുന്നത്.

അതേസമയം പരിഷ്‌കരിച്ചെത്തുന്ന മോഡലില്‍ സ്പ്ലിറ്റ് സീറ്റുകള്‍ സ്ഥാനം പിടിച്ചേക്കാം. സിംഗിള്‍ പീസ് സീറ്റ് യാത്രകള്‍ സുഖകരമാക്കുന്നതിനൊപ്പം ബൈക്കിന്റെ ഡിസൈനുമായി സുഖകരമായ രീതിയില്‍ സമന്വയിക്കുന്നു. എന്നാല്‍ കൂടുതല്‍ സ്‌പോര്‍ട്ടിയറായ സീറ്റ് ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ നിരാശരാക്കാതിരിക്കാനാണ് സ്പ്ലിറ്റ് സീറ്റ് സജ്ജീകരണം കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നത്. പള്‍സര്‍ N160 ബൈക്കിന് സ്പ്ലിറ്റ് സീറ്റുകള്‍ ലഭിക്കുന്നുണ്ട്. ഇത് പള്‍സര്‍ N150-യിലേക്ക് കൊണ്ടുവന്നേക്കാം.
മാത്രല്ല തങ്ങളുടെ ജനപ്രിയ മോഡലുകളില്‍ യമഹ പയറ്റുന്ന ഒരു അടവും ബജാജ് പയറ്റാന്‍ സാധ്യതയുണ്ട്. മിക്ക ജനപ്രിയ ബൈക്കുകള്‍ക്കും പുതിയ കളര്‍ ഓപ്ഷനുകളും ഗ്രാഫിക്സും നല്‍കിയാണ് യമഹ അപ്‌ഡേറ്റ് ചെയ്യാറുള്ളത്. സമാനമായ രീതിയില്‍ പള്‍സര്‍ N150 മോട്ടോര്‍സൈക്കിളില്‍ ബജാജ് പുത്തന്‍ നിറങ്ങളും ഗ്രാഫിക്‌സും അവതരിപ്പിക്കാന്‍ സാധ്യതയുണ്ട്.
14.5 bhp പവറും 13.5 Nm ടോര്‍ക്ക് നല്‍കുന്ന 150 സിസി, എയര്‍കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് പള്‍സര്‍ N150-ക്ക് കരുത്ത് പകരുന്നത്. കാര്യക്ഷമമാണെന്ന് പേര് സ്വന്തമാക്കിയ ഈ എഞ്ചിന്‍ അപ്‌ഡേറ്റഡ് പതിപ്പിലും തുടര്‍ന്നേക്കും. 5 സ്പീഡ് ഗിയര്‍ബോക്‌സുമായിട്ടാണ് എഞ്ചിന്‍ ജോടിയാക്കുന്നത്.
വീലുകളും ടയറുകളുമടക്കം മറ്റ് ഹാര്‍ഡ്‌വെയറുകള്‍ നിലവിലെ മോഡലിന് സമാനമാകുമെന്ന് പ്രതീക്ഷിക്കുന്നു. പേള്‍ മെറ്റാലിക് വൈറ്റ്, എബോണി ബ്ലാക്ക് എന്നിങ്ങനെ രണ്ട് കളര്‍ ഓപ്ഷനുകളിലാണ് നിലവില്‍ പള്‍സര്‍ N150 വില്‍പ്പനക്കെത്തുന്നത്. 1.18 ലക്ഷം രൂപ മുതലാണ് പള്‍സര്‍ N150-യുടെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്. അപ്‌ഡേറ്റുകള്‍ക്കനുസരിച്ച് ബൈക്കിന്റെ വിലയിലും മാറ്റങ്ങള്‍ പ്രകടമാകും.


Click it and Unblock the Notifications








