ഏറ്റവും വേഗതയേറിയ ഏഥര്‍ ഇലക്ട്രിക് സ്‌കൂട്ടർ വിപണിയിൽ! യൂത്തൻമാർ ഇനി പെർഫോമൻസ് ബൈക്ക് തേടി പോകണ്ട
ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് വാഹന സ്റ്റാര്‍ട്ടപ്പായ ഏഥര്‍ എനര്‍ജി തങ്ങളുടെ ഏറ്റവും പുതിയ മോഡലായ ഏഥര്‍ 450 അപെക്‌സ് പുറത്തിറക്കി. പേര് സൂചിപ്പിക്കുന്ന പോലെ ഏഥറില്‍ നിന്നുള്ള ഏറ്റവും വേഗതയേറിയതും ചെലവേറിയതുമായ ഇലക്ട്രിക് സ്‌കൂട്ടറാണ് ഏഥര്‍ 450 അപെക്‌സ്. ഏഥറിന്റെ 10-ാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് ഈ സ്‌പെഷ്യല്‍ എഡിഷന്‍ ഇവി പുറത്തിറക്കിയിരിക്കുന്നത്.
1,89,000 രൂപ എക്‌സ്‌ഷോറൂം വിലയിലാണ് ഏഥര്‍ 450 അപെക്‌സ് വിപണിയില്‍ എത്തിയിരിക്കുന്നത്. ഇലക്ട്രിക് സ്‌കൂട്ടറിനുള്ള ബുക്കിംഗ് നേരത്തെ തന്നെ ആരംഭിച്ചിരുന്നു. വാഹനം വാങ്ങാന്‍ താത്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് 2,500 രൂപ ടോക്കണ്‍ തുക നല്‍കി ഔദ്യോഗിക വെബ്‌സൈറ്റോ ഷോറൂമോ സന്ദര്‍ശിച്ച് വാഹനം ബുക്ക് ചെയ്യാം. ഏഥര്‍ 450X, 450S എന്നിവ ഉള്‍ക്കൊള്ളുന്ന ഏഥറിന്റെ ഇലക്ട്രിക് സ്‌കൂട്ടര്‍ നിരയിലെ ഫ്‌ലാഗ്ഷിപ്പ് മോഡലായി 450 അപെക്‌സ് മാറി.

പെര്‍ഫോമന്‍സിന്റെ പരകോടിയെന്നാണ് കമ്പനി 450 അപെക്സ് ഇലക്ട്രിക് സ്‌കൂട്ടറിനെ വിശേഷിപ്പിക്കുന്നത്. ആവേശകരമായ ഒരു പുതിയ കളര്‍ സ്‌കീമിനും പുതിയ ഫീച്ചറുകള്‍ക്കുമൊപ്പം റൈഡര്‍ക്ക് മികച്ച സൗകര്യം പ്രദാനം ചെയ്യുന്ന ആദ്യത്തെ സിറ്റി റൈഡിംഗ് ഫീച്ചറായ 'മാജിക് ട്വിസ്റ്റ്' ഏഥര്‍ ഇവിയില്‍ അവതരിപ്പിച്ചു. 450S, 450X എന്നിവയ്ക്ക് സമാനമാണ് ഡിസൈന്‍ എങ്കിലും പെര്‍ഫോമന്‍സിലാവും പ്രധാന വ്യത്യാസം വരിക.
ഡിസൈനിന്റെ അടിസ്ഥാനത്തില്‍ മൊത്തത്തിലുള്ള ലുക്ക് ഒന്നുതന്നെയാണെങ്കിലും ഏര്‍ 450 അപെക്സിന് അതിന്റെ ബോഡി പാനലുകള്‍ക്ക് ഒരു പ്രത്യേക ഇന്‍ഡിയം ബ്ലൂ നിറം ലഭിക്കുന്നു. ഇ-സ്‌കൂട്ടറിന്റെ പിന്‍ഭാഗം ട്രാന്‍സ്പരന്റാണ്. ബ്രൈറ്റ് ഓറഞ്ച് നിറത്തിലുള്ള ഷാസി ഈ ട്രാന്‍സ്പരന്റ് ബോഡി പാനലിലൂടെ നമുക്ക് കാണാന്‍ സാധിക്കും. 2020-ല്‍ പുറത്തിറങ്ങിയ സീരീസ് 1 കളേഴ്‌സ് എഡിഷനില്‍ ഇത്തരത്തിലുള്ള ട്രാന്‍പരെന്റ് ബോഡി പാനല്‍ ഏഥര്‍ അവതരിപ്പിച്ചിരുന്നു.

ഏഥര്‍ 450X ഇവിക്ക് പവര്‍ നല്‍കുന്ന അതേ 3.7 kWh ബാറ്ററി പായ്ക്കാണ് പുതിയ മോഡലിലും ഏഥര്‍ സജ്ജീകരിച്ചിരിക്കുന്നത്. എന്നാല്‍ പുതിയ റീജനറേറ്റീവ് ബ്രേക്കിംഗ് സിസ്റ്റം കാരണം IDC റേഞ്ച് 157 കിലോമീറ്ററായി ഉയര്‍ന്നുവെന്ന് ഇവി നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. ഏഥര്‍ 450 അപെക്‌സിന്റെ എടുത്തു പറയേണ്ട ഒരു സവിശേഷതയാണ് മാജിക് ട്വിസ്റ്റ്.
450 അപെക്സില്‍ ബ്രേക്കില്‍ തൊടാതെ തന്നെ ഇലക്ട്രിക് സ്‌കൂട്ടറിന്റെ വേഗത കുറയ്ക്കാന്‍ ആക്സിലറേറ്റര്‍ 15 ഡിഗ്രി പിന്നിലേക്ക് ട്വിസ്റ്റ് ചെയ്യാനും സാധിക്കുന്ന ഈ ഫീച്ചറിന് 'മാജിക് ട്വിസ്റ്റ്' എന്നാണ് വിളിക്കുന്നത്. 7 kW പീക്ക് പവര്‍ നല്‍കുന്ന ഇലക്ട്രിക് മോട്ടോറാണ് ഇവിക്ക് തുടിപ്പേകുന്നത്. 450X പതിപ്പിലെ ക്വിക്ക് വാര്‍പ്പ് മോഡിനേക്കാള്‍ വേഗമേറിയ പുതിയ വാര്‍പ്പ് പ്ലസ് മോഡ് അപെക്‌സ് പതിപ്പില്‍ ഫീച്ചര്‍ ചെയ്യുന്നു.

ഏഥര്‍ ലൈനപ്പില്‍ വാര്‍പ്പ് പ്ലസ് മോഡ് ലഭിക്കുന്ന ആദ്യ ഇ-സ്‌കൂട്ടറാണ് 450 അപെക്‌സ്. വാര്‍പ്പ് പ്ലസ് മോഡില്‍ 450 അപെക്‌സ് വെറും 2.9 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 40 കിലാമീറ്റര്‍ വേഗത കൈവരിക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. പെര്‍ഫോമന്‍സിന്റെ കാര്യത്തില്‍ പുതിയ ഫ്‌ലാഗ്ഷിപ്പ് മോഡല്‍ 450X-നെ പിന്നിലാക്കുന്നു. വാര്‍പ്പ് പ്ലസ് മോഡില്‍ ക്ലെയിഡ് 100 kph വേഗത കൈവരിക്കാന്‍ കഴിയുന്ന ഒരേയൊരു ഏഥര്‍ ഇവിയാണ് 450 അപെക്‌സ്.
450 അപെക്സ് ഏഥറിന്റെ 450 പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതിനാല്‍ സീറ്റ് ഹൈറ്റ്, വീല്‍ബേസ്, ടയര്‍ സൈസ്, ഗ്രൗണ്ട് ക്ലിയറന്‍സ് എന്നിവയില്‍ മാറ്റങ്ങളൊന്നുമില്ല. അപെക്സ് പുതിയ എന്‍ക്ലോസ്ഡ് ബെല്‍റ്റ് ഡ്രൈവ് സിസ്റ്റം അവതരിപ്പിക്കുന്നു. എന്നാല്‍ സമീപഭാവിയില്‍ തന്നെ ഇത് എല്ലാ ഏഥര്‍ മോഡലുകളിലും ലഭ്യമാകും. എന്നാല്‍ നിലവിലുള്ള സ്‌കൂട്ടറുകളില്‍ ഇത് റെട്രോഫിറ്റ് ചെയ്യാന്‍ സാധിക്കില്ല. 3.7kWh ബാറ്ററിയും പ്രോ പാക്കും ഉള്ള ടോപ്പ്-സ്‌പെക്ക് 450X-നേക്കാള്‍ 21,000 രൂപ കൂടുതലാണ് ഏഥര്‍ 450 അപെക്‌സിന്.

ഇത് ഒരു വിലയേറിയ ഓപ്ഷനായതിനാല്‍ പെര്‍ഫോമന്‍സ് ആവശ്യപ്പെടുന്ന കസ്റ്റമേഴ്‌സാകും ആകര്‍ഷിക്കപ്പെടുക. ഈ സ്‌പെഷ്യല്‍ എഡിഷന്‍ ഇ-സ്്കൂട്ടര്‍ യഥാര്‍ത്ഥത്തില്‍ വാണിജ്യപരമായി ലക്ഷ്യം വച്ചുള്ളതല്ല, മറിച്ച് ഒരു പാഷന്‍ പ്രോജക്റ്റാണെന്നാണ് ഏഥര്‍ സഹ-സ്ഥാപകനും സിഇഒയുമായ തരുണ്‍ മേത്ത പറയുന്നത്. ഡിമന്‍ഡ് അനുസരിച്ച് മാത്രം നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന ഈ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഡെലിവറി 2024 മാര്‍ച്ചില്‍ ആരംഭിക്കും. 2024 ഒക്‌ടോബര്‍ വരെ മാത്രം ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മിച്ചാല്‍ മതിയെന്നാണ് കമ്പനിയുടെ തീരുമാനം.


Click it and Unblock the Notifications








