ഓല ഇന്ത്യയില്‍ വിലസുമ്പോള്‍ ഏഥര്‍ ലോകം കീഴടക്കാനുള്ള പുറപ്പാടില്‍! കാലൂന്നുന്നത് രണ്ടാമത്തെ വിദേശ വിപണിയില്‍
ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഇലക്ട്രിക് ടൂവീലര്‍ നിര്‍മാതാക്കളില്‍ ഒന്നാണ് ഏഥര്‍ എനര്‍ജി. സ്‌പോര്‍ട്ടിയര്‍ ലീക്കിലുള്ള 450 സീരിസിലൂടെ കളംപിടിച്ച ഏഥര്‍ ഇപ്പോള്‍ റിസ്ത ഫാമിലി സ്‌കൂട്ടറിലൂടെ കുടുംബങ്ങള്‍ക്കും പ്രിയങ്കരമായി മാറിയിരിക്കുകയാണ്. എതിരാളികള്‍ ആയിരക്കണക്കിന് സ്‌കൂട്ടറുകള്‍ വിറ്റഴിച്ചിട്ടും സര്‍വീസിന്റെ കാര്യത്തില്‍ വിമര്‍ശനം നേരിടുമ്പോള്‍ ഏഥറിനെ കുറിച്ച് അത്തരം പരാതികള്‍ കേട്ടതായി അറിവില്ല. ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യക്കാരുടെ പ്രിയം നേടിയെടുത്ത ഏഥര്‍ ഇപ്പോള്‍ അതിര്‍ത്തികള്‍ ഭേദിച്ച് മുന്നോട്ട് കുതിക്കുകയാണ്. 2023 നവംബറില്‍ നേപ്പാള്‍ വിപണിയില്‍ വിജയകരമായി എന്‍ട്രി നടത്തിയ ശേഷം ഏഥര്‍ എനര്‍ജി അന്താരാഷ്ട്ര വിപണികളിലേക്ക് അതിന്റെ വ്യാപനം വര്‍ധിപ്പിക്കുകയാണ്.
നമ്മുടെ തൊട്ടടുത്ത ദ്വീപ് രാഷ്ട്രമായ ശ്രീലങ്കയാണ് അടുത്ത ലക്ഷ്യം. എവല്യൂഷന്‍ ഓട്ടോ പ്രൈവറ്റ് ലിമിറ്റഡുമായുള്ള പങ്കാളിത്തത്തിലൂടെ മരതകദ്വീപിലേക്ക് കടക്കാന്‍ പോകുന്നതായി ഏഥര്‍ എനര്‍ജി പ്രഖ്യാപിച്ചു. ഏഥര്‍ വരാനിരിക്കുന്ന പാദത്തില്‍ ശ്രീലങ്കയില്‍ തങ്ങളുടെ ആദ്യ എക്‌സ്പീരിയന്‍സ് സെന്റര്‍ സ്ഥാപിക്കും. പെട്രോള്‍ വാഹനങ്ങളുടെ വില വര്‍ധിക്കുന്നതും ഇലക്ട്രിക് വാഹനങ്ങളുടെ സാമ്പത്തികവും പാരിസ്ഥിതികവുമായ നേട്ടങ്ങളും കാരണം ശ്രീലങ്കയില്‍ ഇവികള്‍ക്കുള്ള മുന്‍ഗണന വര്‍ധിപ്പിക്കുന്നു.

പെര്‍ഫോമന്‍സിന്റെയും ഡിസൈനിന്റെയും വിശ്വാസ്യതയുടെയും കാര്യത്തില്‍ പേരുകേട്ട ഏഥറിന്റെ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഗുണനിലവാരവും ആധുനിക ഉല്‍പ്പന്നങ്ങളും വിലമതിക്കുന്ന പുതിയ കാലത്തെ ശ്രീലങ്കന്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കും. എവല്യൂഷന്‍ ഓട്ടോ പ്രൈവറ്റ് ലിമിറ്റഡ് ഏഥര്‍ എനര്‍ജിയുടെ ശ്രീലങ്കയിലെ വിതരണക്കാരായി പ്രവര്‍ത്തിക്കും. കമ്പനിയുടെ സെയില്‍സ് ആന്‍ഡ് സര്‍വീസ് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതും എവല്യൂഷന്‍ ഓട്ടോ ആയിരിക്കും.
ശ്രീലങ്കയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ ജനകീയമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനായി ഫാസ്റ്റ് ചാര്‍ജിംഗ് സ്റ്റേഷനുകളുടെ ഒരു ശൃംഖല സ്ഥാപിക്കുന്നതിലും ഏഥര്‍ ശ്രദ്ധ കേന്ദ്രീകരിക്കും. നേപ്പാളില്‍ ഏഥര്‍ എനര്‍ജി ഇതിനോടകം മൂന്ന് എക്‌സ്പീരിയന്‍സ് സെന്ററുകളും ഏഴ് ഫാസ്റ്റ് ചാര്‍ജിംഗ് ഗ്രിഡുകളും സ്ഥാപിച്ചിട്ടുണ്ട്. ഇന്ത്യയില്‍ 2024 മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍ പ്രകാരം ഏഥര്‍ എനര്‍ജിക്ക് 208 എക്‌സ്പീരിയന്‍സ് സെന്ററുകളും 1973 ഫാസ്റ്റ് ചാര്‍ജറുകളും ഉള്ള വിപുലമായ റീട്ടെയില്‍ ശൃംഖലയാണുള്ളത്.

ഉയര്‍ന്ന പ്രവര്‍ത്തനക്ഷമതയുള്ള ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വാഗ്ദാനം ചെയ്യുന്നതിലൂടെയും വിശ്വസനീയമായ ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ കെട്ടിപ്പടുക്കുന്നതിലൂടെയും മറ്റ് വിപണികളില്‍ തങ്ങളുടെ വിജയം ആവര്‍ത്തിക്കാനാണ് ശീലങ്കയിലേക്കുള്ള തന്ത്രപരമായ നീക്കം വഴി ഏഥര്‍ ലക്ഷ്യമിടുന്നത്. രാജ്യത്തിനകത്ത് സുസ്ഥിര ഗതാഗത പരിഹാരങ്ങള്‍ പ്രോത്സാഹിപ്പിക്കുക എന്ന എവല്യൂഷന്‍ ഓട്ടോയുടെ ലക്ഷ്യവുമായി ഈ സംരംഭം യോജിക്കുന്നു.
എവല്യൂഷന്‍ ഓട്ടോ പ്രൈവറ്റ് ലിമിറ്റഡുമായുള്ള സഹകരണം വഴി ഏഥറിന്റെ ഉല്‍പ്പന്നങ്ങളും സര്‍വീസുകളും തടസങ്ങളില്ലാത്ത ശ്രീലങ്കയ്ക്ക് പരിചയപ്പെടുത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. ശ്രീലങ്കയിലേക്കുള്ള ഈ നീക്കം, സുസ്ഥിര ഗതാഗത പരിഹാരങ്ങള്‍ക്കായുള്ള വര്‍ദ്ധിച്ചുവരുന്ന ആവശ്യം മുതലാക്കി, അന്താരാഷ്ട്ര വിപണികളില്‍ തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കാനുള്ള ഏഥര്‍ എനര്‍ജിയുടെ തന്ത്രത്തെ പ്രതിഫലിപ്പിക്കുന്നു.
2018-ല്‍ ആണ് ഏഥര്‍ തങ്ങളുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടറായ ഏഥര്‍ 450 ഇന്ത്യയില്‍ അവതരിപ്പിച്ചത്. 2020-ല്‍ ഏഥര്‍ 450X, 2023-ല്‍ ഏഥര്‍ 450S എന്നീ മോഡലുകള്‍ വിപണിയില്‍ എത്തിച്ചു. അടുത്തിടെയാണ് കമ്പനി തങ്ങളുടെ ആദ്യത്തെ ഫാമിലി ഇലക്ട്രിക് സ്‌കൂട്ടറായ റിസ്ത അവതരിപ്പിച്ചത്. പരിമിതമായ അളവില്‍ ഉത്പാദിപ്പിക്കുന്ന ഏഥര്‍ 450 അപെക്‌സ് ആണ് റേഞ്ച് ടോപ്പിംഗ് മോഡല്‍.
ഇന്ത്യയില്‍ നില്‍വില്‍ വില്‍ക്കുന്ന നാല് ഇലക്ട്രിക് സ്‌കൂട്ടര്‍ മോഡലുകളില്‍ ഏതാണ് ശ്രീലങ്കന്‍ വിപണിയില്‍ ആദ്യം എത്തുകയെന്ന് ഏഥര്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ശ്രീലങ്കന്‍ എന്‍ട്രിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കമ്പനി വരും ദിവസങ്ങളില്‍ പുറത്തുവിടും. ഏതായാലും നേപ്പാളിന് സമാനമായ രീതിയില്‍ ശ്രീലങ്കയിലും വിജയം നേടാന്‍ ഏഥറിന് സാധിക്കട്ടെയെന്ന് ആശംസിക്കുന്നു.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








