ഹെല്‍മെറ്റിട്ടും പിറകിലെയാളുമായി തടസ്സമില്ലാത്ത സംസാരിക്കാം! കേട്ടുകേള്‍വിയില്ലാത്ത ഫീച്ചറുകളുമായി ഏഥര്‍ ഹാലോ
ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഇന്ത്യയിലെ മുന്‍നിര ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മാതാക്കളായ ഏഥര്‍ എനര്‍ജി തങ്ങളുടെ ഫാമിലി സ്‌കൂട്ടറായ റിസ്ത പുറത്തിറക്കിയിരിക്കുകയാണ്. കര്‍ണാടകയിലെ ബെംഗളൂരുവില്‍ വെച്ച് നടന്ന 2024 ഏഥര്‍ കമ്മ്യൂണിറ്റി ഡേയിലായിരുന്നു അവതരണം. റിസ്ത ഇവിക്കൊപ്പം സ്പീക്കറും ബ്ലൂടൂത്ത് കണക്റ്റിവിറ്റിയടക്കം നൂതന സവിശേഷതകളുമായി വരുന്ന ഹാലോ സ്മാര്‍ട്ട് ഹെല്‍മെറ്റ് സീരീസും സ്റ്റാര്‍ട്ടപ്പ് കമ്പനി പുറത്തിറക്കി.
ഇന്നത്തെ കാലത്തെ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കുള്ള പ്രധാന ഫീച്ചറുകളില്‍ ഒന്നായിരുന്നു ഓണ്‍ബോര്‍ഡ് ഫീച്ചര്‍. ഇന്ത്യയിലെ നമ്പര്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മാതാക്കളായ ഓല ഇലക്ട്രിക്കിന്റെ ഉല്‍പ്പന്നങ്ങളിലെ ഒരു പ്രധാന ഫീച്ചര്‍ ആയിരുന്നു ഇത്. ഇത്തരത്തിലുള്ള ഓണ്‍ബോര്‍ഡ് ഫീച്ചറുകള്‍ കളിക്കളത്തില്‍ കമന്ററിക്കായും കല്ല്യാണ വീടുകളില്‍ ബാന്‍ഡ് സെറ്റുകള്‍ക്ക് ബദലായും ഉപയോഗപ്പെടുത്തിയ സംഭവങ്ങള്‍ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. എന്നാല്‍ ഏഥര്‍ എനര്‍ജി തങ്ങളുടെ റിസ്ത ഇലക്ട്രിക് സ്‌കൂട്ടറില്‍ ഓണ്‍ബോര്‍ഡ് സ്പീക്കറുകള്‍ ഉണ്ടാവില്ലെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

പകരം ഹാലോ സ്മാര്‍ട്ട് ഹെല്‍മെറ്റുകള്‍ ഈ ചുമതല നിര്‍വഹിക്കുമെന്നാണ് പറയപ്പെടുന്നത്. ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് ഇതുവരെ നല്‍കിയിരുന്നു ഓഡിയോ സപ്പോര്‍ട്ട് പുനര്‍നിര്‍വചിക്കാനുറച്ചാണ് ഈ സ്മാര്‍ട് ഹെല്‍മെറ്റ് പുറത്തിറക്കിയിരിക്കുന്നത്. ഹാഫ്-ഫേസ്, ഫുള്‍-ഫേസ് വേരിയന്റുകളില്‍ ഏഥര്‍ ഹാലോ സ്മാര്‍ട് ഹെല്‍മെറ്റ് ലഭ്യമാണ്. യഥാക്രമം 4999, 12999 രൂപയാണ് ഇവയുടെ വില. ഇന്റേണല്‍ പാഡിംഗ്, ഷെല്‍, മറ്റ് ഫീച്ചറുകള്‍ എന്നിവ ഉള്‍പ്പടെ അടിത്തറ തൊട്ട് രൂപപ്പെടുത്തിയാണ് ഈ ഉല്‍പ്പന്നം ഏഥര്‍ ഇന്ന് പുറത്തിറക്കിയിരിക്കുന്നത്.
സേഫ്റ്റി നോക്കുമ്പോള്‍ ഈ ഹെല്‍മെറ്റുകള്‍ ISI, DOT എന്നിവ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. സോഫ്റ്റ് സ്നഗ് ഇന്റീരിയര്‍ പാഡുമായിട്ടാണ് ഈ ഹെല്‍മെറ്റ് വരുന്നത്. ക്ലിയര്‍ വിസറിനൊപ്പം വായുസഞ്ചാരത്തിനായി ഷെല്ലില്‍ ഇന്റഗ്രേറ്റഡ് വെന്റുകളുമുണ്ട്. ഇന്റേണല്‍ ലൈനറുകള്‍ക്ക് പിന്നിലായി നല്‍കിയിരിക്കുന്ന ഹര്‍മന്‍ കാര്‍ഡോണില്‍ നിന്ന് രണ്ട് സ്പീക്കറുകറാണ് ഈ സ്മാര്‍ട് ഹെല്‍മെറ്റിന്റെ ഒരു പ്രത്യേകത. ഇത് ഏഥര്‍ ഉപഭോക്താക്കള്‍ക്ക് ഉയര്‍ന്ന നിലവാരമുള്ള ഓഡിയോ എക്സ്പീരിയന്‍സ് സാധ്യമാക്കുന്നു.

എന്നാല്‍ റൈഡിംഗിനിടെ ആംബുലന്‍സിന്റെയും മറ്റ് വാഹനങ്ങളുടെയും ഹോണ്‍ മുഴക്കം കേള്‍ക്കാതെ പോകില്ലെന്ന് ഉറപ്പുവരുത്തുന്ന തരത്തിലാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത് എന്ന കാര്യവും എടുത്ത് പറയണം. ഈ സ്മാര്‍ട് ഹെല്‍മെറ്റുകള്‍ സ്മാര്‍ട്ട്‌ഫോണിലേക്ക് കണക്റ്റ് ചെയ്യുന്നത് വഴി കോളുകള്‍ സ്വീകരിക്കാനും റൈഡര്‍മാര്‍ക്ക് സാധിക്കുന്നു. ബ്ലൂടൂത്ത് വഴി ഹാലോ ഏഥര്‍ സ്‌കൂട്ടറുകളുമായി കണക്റ്റ് ചെയ്യാം. സ്വിച്ച് ഗിയറിലൂടെ മ്യൂസിക് കണ്‍ട്രോള്‍ ചെയ്യാനും കോളുകള്‍ സ്വീകരിക്കാനും റൈഡര്‍ക്ക് പറ്റും.
ഈ ഹെല്‍മെറ്റും നിങ്ങളുടെ സ്മാര്‍ട്‌ഫോണുമായി ഒരു വട്ടം കണക്റ്റ് ചെയ്തുവെന്ന് വെക്കുക. പിന്നീട് ഹെല്‍മെറ്റ് ധരിക്കുമ്പോള്‍ അതിനുള്ളിലുള്ള ഒന്നിലധികം സെന്‍സറുകളുടെ സഹായത്തോടെ സ്മാര്‍ട്ട്‌ഫോണുമായി ഓട്ടോമാറ്റിക്കായി കണക്റ്റാവുന്നു. ഹെല്‍മെറ്റ് ധരിച്ച് കഴിഞ്ഞാല്‍ മുന്നിലുള്ളയാള്‍ പറയുന്നത് പില്യണ്‍ റൈഡര്‍ കേള്‍ക്കുന്നില്ലെന്ന പരാതി പലരും ഉന്നയിച്ച് കണ്ടിട്ടുണ്ട്. എന്നാല്‍ ആ പ്രശ്നത്തിന് പരിഹാരവുമായാണ് ഏഥര്‍ ഹാലോ സ്മാര്‍ട് ഹെല്‍മെറ്റുകള്‍ വരുന്നത്.

ഈ ഹെല്‍മെറ്റുകളില്‍ സജ്ജീകരിച്ചിരിക്കുന്ന 'ഏഥര്‍ ചിറ്റ്ചാറ്റ്' എന്ന പുതിയ ഫീച്ചറാണ് ഇത് സാധ്യമാക്കുന്നത്. സ്‌കൂട്ടറിലെ യാത്രക്കാര്‍ രണ്ടുപേരും ഹാലോയുടെ ഏതെങ്കിലും വേരിയന്റുകള്‍ ധരിച്ചിട്ടുണ്ടെങ്കില്‍ ഹെല്‍മെറ്റിന്റെ ഇന്‍ബില്‍റ്റ് സ്പീക്കറും മൈക്രോഫോണും വഴി പരസ്പരം ആശയവിനിമയം നടത്താന്‍ സാധിക്കും. മാത്രമല്ല റൈഡര്‍ക്കും പിന്‍സീറ്റില്‍ യാത്ര ചെയ്യുന്നവര്‍ക്കും ഒരുമിച്ച് ഒരേ മ്യൂസിക് ആസ്വദിക്കാനും പറ്റും.
സ്മാര്‍ട്ട് ഹെല്‍മെറ്റിന് ഒരാഴ്ച ബാറ്ററി ബായ്ക്കപ്പ് ലഭിക്കുമെന്നാണ് അവകാശവാദം. എന്നാല്‍ മണിക്കൂര്‍ തിരിച്ചുള്ള ബാക്കപ്പ് കണക്കുകള്‍ വെളിപ്പെടുത്തിയിട്ടില്ല. ഹെല്‍മെറ്റ് വയര്‍ലെസ് ചാര്‍ജിംഗിനെയും പിന്തുണയ്ക്കുന്നു. വയര്‍ലെസ് ചാര്‍ജര്‍ വഴി ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബൂട്ടിനുള്ളില്‍ ഹെല്‍മെറ്റ് ചാര്‍ജ് ചെയ്യാനും പറ്റും. വാഹനം പാര്‍ക്ക് ചെയ്യുമ്പോള്‍ ഹെല്‍മെറ്റ് ബൂട്ടിനുള്ളില്‍ വെച്ചാല്‍ അത് യാന്ത്രികമായി ചാര്‍ജ് ചെയ്യാന്‍ തുടങ്ങും. ഏഥറിന്റെ പുതിയ സ്മാര്‍ട് ഹെല്‍മെറ്റിനെ കുറിച്ച് നിങ്ങള്‍ക്ക് എന്ത് തോന്നുന്നു. അഭിപ്രായങ്ങള്‍ കമന്റ് ബോക്‌സിലൂടെ രേഖപ്പെടുത്തൂ.


Click it and Unblock the Notifications








