ബാറ്ററി മാറ്റത്തെ കുറിച്ച് പേടി വേണ്ട, ചാര്‍ജ് ചെയ്ത് ഓടിയാല്‍ മാത്രം മതിയെന്ന് ഏഥര്‍! പുതിയ പരിപാടി കൊള്ളാം
ഇന്ന് കേരളത്തിലെ റോഡുകളില്‍ പച്ച നമ്പര്‍പ്ലേറ്റ് ഘടിപ്പിച്ച ഇലക്ട്രിക് സ്‌കൂട്ടറുകള്‍ സുലഭമായി കാണാന്‍ സാധിക്കും. ഇന്ധന ഇനത്തിലും മെയിന്റനന്‍സിന്റെ കാര്യത്തിലുമെല്ലാം വന്‍ ലാഭമായതിനാല്‍ പെട്രോള്‍ ടൂവീലറുകള്‍ ഉള്ളവര്‍ വരെ പരീക്ഷണാടിസ്ഥാനത്തില്‍ വൈദ്യുത വാഹനം വാങ്ങാന്‍ തയാറാകുന്നുണ്ട്. ബാറ്റി മാറ്റേണ്ട സാഹചര്യം വന്നാല്‍ വന്‍ തുക പൊടിയുമെന്ന പേടി നിമിത്തം ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ നിന്ന് അകലം പാലിക്കുന്നവര്‍ ഒത്തിരിയാണ്. എന്നാല്‍ നിങ്ങള്‍ ഒരു ഏഥര്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങിയാല്‍ 8 കൊല്ലത്തേക്ക് പേടിക്കേണ്ടെന്നാണ് സ്റ്റാര്‍ട്ടപ്പ് കമ്പനി പറയുന്നത്. അത് എങ്ങനെ ആണെന്നും ആര്‍ക്കെല്ലാം കിട്ടുമെന്നും എത്ര ചിലവ് വരുമെന്നും നമുക്ക് നോക്കാം.
ഇന്ത്യയിലെ യൂത്തിന്റെ ഇടയില്‍ തരംഗമായ ഇലക്ട്രിക് സ്‌കൂട്ടര്‍ ആണ് ഏഥര്‍ 450X. അടുത്ത കാലത്ത് റിസ്തയെന്ന ഫാമിലി ഇലക്ട്രിക് സ്‌കൂട്ടര്‍ കൂടി വന്നതോടെ ഏഥര്‍ കുടുംബങ്ങളുമായി അടുത്തു. റിസ്തയുടെ വരവ് ഏഥറിന്റെ വില്‍പ്പനയിലും പ്രതിഫലിച്ചിട്ടുണ്ട്. നിലവില്‍ ഓല, ടിവിഎസ്, ബജാജ് എന്നിവക്ക് പിന്നില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള നാലാമത്തെ ഇലക്ട്രിക് ടൂവീലര്‍ നിര്‍മാതാക്കളാണ് ഏഥര്‍ എനര്‍ജി.

ഇപ്പോള്‍ പ്രോ ഉപയോക്താക്കള്‍ക്കായി പുതിയ വാറണ്ടി പായ്ക്ക് അവതരിപ്പിച്ച് ബാറ്ററിയുടെ കാര്യത്തിലുള്ള ഉത്കണ്ഠ ദൂരീകരിക്കുകയാണ് ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് കമ്പനി. തങ്ങളുടെ ഏറ്റവും സമഗ്രമായ വാറണ്ടി പായ്ക്ക് എന്ന് കമ്പനി വിശേഷിപ്പിക്കുന്ന 'ഏഥര്‍ എയ്റ്റ്70' 4999 രൂപയ്ക്ക് പ്രോ ഉപയോക്താക്കള്‍ക്ക് ആഡ്-ഓണ്‍ പര്‍ച്ചേസ് ആയി നേടിയെടുക്കാം. എക്‌സ്‌ഷോറൂം വിലയേക്കാള്‍ അധികം പണം മുടക്കി പ്രോ പായ്ക്ക് തെരഞ്ഞെടുക്കാത്ത ഏഥര്‍ ഉടമകള്‍ക്ക് ഈ സൗകര്യം ലഭ്യമാകില്ല.
എയ്റ്റ്70 എന്ന് വിളിക്കപ്പെടുന്ന ഈ ബാറ്ററി വാറണ്ടി 8 വര്‍ഷം അല്ലെങ്കില്‍ 80,000 കിലോമീറ്റര്‍ വരെ കവര്‍ ചെയ്യുന്നു. ഇതോടൊപ്പം കമ്പനി 70% പെര്‍ഫോമന്‍സ് ഉറപ്പ് നല്‍കുന്നു. 8 വര്‍ഷത്തിന് ശേഷവും സ്‌കൂട്ടര്‍ മികച്ച റേഞ്ചും ഉയര്‍ന്ന വേഗതയും ആക്‌സിലറേഷനും ഗ്രേഡബിലിറ്റിയും തുടരുമെന്ന് ഏഥര്‍ സിഇഒ തരുണ്‍ മേത്ത വാറണ്ടി പായ്ക്കിനെ കുറിച്ചുള്ള സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ഉറപ്പ് നല്‍കുന്നു.

'2018 മുതല്‍ ഉടമകള്‍ ഏഥര്‍ ഓടിക്കുന്നു. അഞ്ച് വര്‍ഷത്തിന് ശേഷവും ഞങ്ങളുടെ ബാറ്ററികളുടെ ശരാശരി ബാറ്ററി ഹെല്‍ത്ത് ഇപ്പോഴും 90% ആയിരുന്നു. അതാണ് ഈ പ്രോഗ്രാം സമാരംഭിക്കാന്‍ ഞങ്ങള്‍ക്ക് ആത്മവിശ്വാസം പകര്‍ന്നത്. 8 വര്‍ഷം വരെ കുറഞ്ഞത് 70% ബാറ്ററി ഹെല്‍ത്ത് ഉറപ്പ് നല്‍കുന്നു. നിങ്ങളുടെ ബാറ്ററി എപ്പോഴെങ്കിലും ആ പരിധിക്ക് താഴെ താഴുകയാണെങ്കില്‍ ഞങ്ങള്‍ അത് മാറ്റി നല്‍കും' തരുണ്‍ മേത്ത പറഞ്ഞു.
എന്നാല്‍ ഈ പ്ലാനിന് കീഴില്‍ വാറണ്ടി ലഭ്യമല്ലാതെ ആകുന്ന ചില സാഹചര്യങ്ങളും കൂടിയുണ്ട്. ഉപഭോക്താവിന്റെ ഭാഗത്ത് നിന്നുള്ള അനാസ്ഥ, ബാറ്ററിയില്‍ മാറ്റങ്ങള്‍ വരുത്തല്‍, VIN, BIN എന്നിവ ഇല്ലാതാക്കുകയോ മാറ്റുകയോ ചെയ്യുക, മോഷണം, ദുരുപയോഗം, അപകടം, വെള്ളപ്പൊക്കം, തീപിടുത്തം തുടങ്ങിയവ ഈ പ്ലാനിന് കീഴില്‍ വരുന്നതല്ല. കൂടാതെ ബാറ്ററിയുടെ സ്വാഭാവിക തേയ്മാനവും പാര്‍ട്‌സുകളുടെ ഡാമേജും ഒഴിവാക്കിയിരിക്കുന്നു.

എയ്റ്റ്70 വാറണ്ടി പായ്ക്കിന്റെ ബില്ലിംഗ് ആരംഭിക്കുന്നത് വാഹന ഇന്‍വോയ്സ് തീയതി മുതലാണ്. അതായത് പ്രോ പായ്ക്കിനൊപ്പം 2018-ല്‍ വാങ്ങിയ ഒരു ഏഥര്‍ സ്‌കൂട്ടറിന് അതേ വര്‍ഷത്തെ ഇന്‍വോയ്സ് തീയതി മുതല്‍ 2026 വരെ വാറണ്ടിയുണ്ടാകും. സാധാരണയായി ഏഥര്‍ സ്‌കൂട്ടര്‍ വാങ്ങുമ്പോള്‍ അധിക ചെലവ് ഭയന്ന് ചിലര്‍ ഏഥര്‍ പ്രോ പായ്ക്ക് വാങ്ങാന്‍ മടിക്കും. എന്നാല്‍ പുത്തന്‍ വാറണ്ടി പായ്ക്കിന്റെ വരവ് പ്രോ പായ്ക്ക് തെരഞ്ഞെടുക്കാന്‍ കൂടുതല്‍ പേരെ പ്രേരിപ്പിക്കും.
എതിരാളികളില്‍ പലരും സര്‍വീസിന്റെ കാര്യത്തിലടക്കം വിമര്‍ശനങ്ങള്‍ നേരിടുമ്പോള്‍ ഉപഭോക്താക്കളുടെ സംതൃപ്തി ഉറപ്പാക്കുന്ന നിരവധി സംരംഭങ്ങളാണ് ഏഥര്‍ തുടങ്ങുന്നത്. ഇത് ബ്രാന്‍ഡിന്റെ വിശ്വാസ്യതയ്ക്കും വളര്‍ച്ചക്കും മുതല്‍ക്കൂട്ടാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇതിന്റെ കൂടെ തങ്ങളുടെ മോഡല്‍ നിര കൂടി ഏഥര്‍ വിപുലീകരിച്ചാല്‍ നന്നാകുമെന്ന അഭിപ്രായം കൂടി ചിലര്‍ക്കുണ്ട്.


Click it and Unblock the Notifications








